നായകളുടെ കുര കേട്ടാണ് അവർ മരിച്ചത് പുറംലോകമറിഞ്ഞത്; ബോളിവുഡ് താരത്തിന്റെ ദയനീയ അന്ത്യം

നളിനി ജയ്‌വന്ത്
നളിനി ജയ്‌വന്ത്

ഒരഭിമുഖത്തിൽ വിഖ്യാതനടനോട് ഇഷ്ടപ്പെട്ട സഹതാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയിങ്ങനെ, 'നളിനി ജയ്‌വന്ത്. ഒരു മികച്ച സഹതാരമായിരുന്നു അവർ. അവസാനടേക്കിൽ എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിരുന്ന ഒരേയൊരു നടി''. 1940-കളിലും 50-കളിലും ബോളിവുഡിൽ തിളങ്ങിനിന്ന താരമാണ് നളിനി ജയ്‌വന്ത്.

ആറാം വയസ്സിൽ ഓൾ ഇന്ത്യ റേഡിയോയിൽ ബാലസഭാ പരിപാടിയിൽ പാട്ടുകൾ അവതരിപ്പിച്ച പെൺകുട്ടി, വളർന്നപ്പോൾ ബോളിവുഡ് കീഴടക്കുന്നതാണ് കണ്ടത്. മെഹ്ബൂബ് ഖാന്റെ 'ബഹൻ' ആണ് ആദ്യസിനിമ. അന്ന് നളിനിക്ക് 15 വയസ്സേയുള്ളൂ. പിന്നീട് ദിലീപ് കുമാറിന്റെ നായികയായുള്ള 'അനോഖാ പ്യാർ' ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ 'സമാധി', 'സംഗ്രം' എന്നിവ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അശോക് കുമാറിന്റെ നായികയായി. 1950-കളുടെ പകുതി വരെ ബോളിവുഡിലെ പ്രധാന മുൻനിര താരങ്ങളിലൊരാളായി നളിനി തുടർന്നു. 1965-ൽ അഭിനയിച്ച 'ബോംബെ റേസ് കോഴ്‌സി'നുശേഷം അവർ സിനിമാഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. 18 വർഷങ്ങൾക്കുശേഷം അവർ വീണ്ടും തിരിച്ചുവന്നു, 'നാസ്തിക്' എന്ന സിനിമയിലാണ് അന്ന് അഭിനയിച്ചത്.

സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും സ്വകാര്യജീവിതത്തിൽ അവരെ എതിരേറ്റത്, ദുഃഖങ്ങളും ഒറ്റപ്പെടലും മാത്രമാണ്. 1945-ൽ സംവിധായകൻ വീരേന്ദ്ര ദേശായിയെ വിവാഹം കഴിക്കുമ്പോൾ, കൗമാരക്കാരിയായിരുന്നു നളിനി. തന്നേക്കാൾ ഒരുപാട് വയസ്സ് കൂടുതലുള്ള വീരേന്ദ്രയുമായുള്ള വിവാഹം പലരെയും ഞെട്ടിച്ചു. വീരേന്ദ്ര വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായിരുന്നു എന്നത് എതിർപ്പിന് മറ്റൊരു കാരണമായി. നളിനി സിനിമയിൽ അഭിനയിക്കുന്നതിനോട് അവരുടെ അച്ഛനും സഹോദരങ്ങൾക്കും താത്പര്യമില്ലായിരുന്നു. അതിനൊപ്പം ഈ വിവാഹവും കൂടിയായതോടെ, കുടുംബം പൂർണമായും അകന്നു.

വിവാഹശേഷം നളിനി കുറച്ചുകാലത്തേക്ക് സിനിമയിൽനിന്ന് അകന്നുനിന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. അപ്പോഴേക്കും ആ വിവാഹബന്ധം തകർന്നിരുന്നു. കരിയറിലെ സുവർണകാലത്ത് നടൻ അശോക് കുമാറുമായി നളിനി പ്രണയത്തിലാണെന്ന വാർത്തകളുണ്ടായിരുന്നു. ഇരുവരും നേപ്പാളിലേക്ക് ഒളിച്ചോടാൻ തീരുമാനിച്ചിരുന്നുവത്രെ. എന്നാൽ, അശോക് കുമാറിന്റെ ഒരു ബന്ധു ഇടപെട്ടതിനാൽ അത് നടന്നില്ല. പിന്നീട് വിവാഹം കഴിക്കുന്നത് അവർക്കൊപ്പം അഭിനയിച്ച പ്രഭു ദയാലിനെയാണ്. അതിനുശേഷം 2001-ൽ അദ്ദേഹം മരിക്കുന്നതുവരെ 41 വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. പക്ഷേ ആ കുടുംബജീവിതവും അത്ര സന്തോഷകരമായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തി.

പ്രഭു ദയാൽ മരിച്ചതോടെ അവർ പുറംലോകത്തുനിന്ന് പൂർണമായും അകന്നു. ആരെയും കാണാൻ പോലും വിസമ്മതിച്ചു. ബന്ധുക്കളുമായും ബന്ധമുണ്ടായിരുന്നില്ല. ആകെ കൂട്ടുണ്ടായിരുന്നത് വളർത്തുനായകളായ ബച്ചനും പപ്പുവുമാണ്.

പിന്നീട് അവരെക്കുറിച്ച് കേൾക്കുന്നത് 2010-ലാണ്. ഡിസംബർ 25-ന് ചെമ്പൂരിലുള്ള അവരുടെ ബംഗ്ലാവിൽനിന്ന് വളർത്തുനായകളുടെ നിർത്താതെയുള്ള കുര കേട്ടാണ് അയൽവാസികൾ ശ്രദ്ധിക്കുന്നത്. നളിനിയെ പുറത്തേക്ക് കാണാതിരിക്കുകയും കൂടി ചെയ്തതോടെ, പോലീസിലറിയിച്ചു. പോലീസ് വന്നുനോക്കുമ്പോഴാണ് മരിച്ച കാര്യമറിയുന്നത്. അപ്പോഴേക്കും മരിച്ചിട്ട് മൂന്നുദിവസമായിരുന്നു. ആംബുലൻസ് വന്ന് മൃതദേഹം കൊണ്ടുപോകുന്നതുവരെ പുറംലോകം ആ മരണവിവരം അറിഞ്ഞില്ലെന്നതാണ് ദുഃഖകരമായ സത്യം. ഒരുകാലത്ത് ബോളിവുഡിലെ മുൻതാരങ്ങൾക്കൊപ്പം അഭിനയിച്ച താരത്തിന്റെ, ദയനീയമായ മരണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: The life and tragic death of Nalini Jaywant, a prominent Bollywood actress in the 1940s and 50s, known for her roles alongside Ashok Kumar and Dilip Kumar