ആരാധകര്‍ മോഷ്ടിച്ച മൃതദേഹം ഭരണകൂടം രഹസ്യമായി സൂക്ഷിച്ചത് 11 വര്‍ഷം, കുടുംബത്തിനോടും പറഞ്ഞില്ല

ഇറ്റലിയിലെ ഏകാധിപതിയായ ബെനിറ്റോ മുസ്സോളിനിക്ക് ഫാസിസത്തിന്റെ പിതാവ് എന്നൊരു വിളിപ്പേരുണ്ട് ചരിത്രത്തില്‍. മുസ്സോളിനിയുടെ മരണശേഷം നടന്ന ജനരോഷപ്രകടനം കണ്ട ഹിറ്റ്‌ലര്‍ ഭയന്നു. ആത്മഹത്യ ചെയ്യാനും സ്വന്തം മൃതദേഹം കത്തിക്കാനും ഹിറ്റ്ലറെ പ്രേരിപ്പിക്കാന്‍ മാത്രം ഭീകരമായിരുന്നു ജനങ്ങള്‍ മുസ്സോളിനിയുടെ മൃതദേഹത്തോട് കാട്ടിയ അപമാനം.
1945 ഏപ്രില്‍ 27ന് രണ്ടാം ലോകമഹായുദ്ധത്തില്‍ തോല്‍വി ഭയന്ന് ഇറ്റലി വിടുകയായിരുന്നു മുസ്സോളിനി. കൂടെ കാമുകി ക്ലാര പെറ്റാച്ചിയും. തൊട്ടടുത്ത ദിവസം അന്‍പതിലേറെ ഫാസിസ്റ്റ് നേതാക്കള്‍ക്കൊപ്പം ഇരുവരെയും വെടിവെച്ചു കൊന്നു. ആരാണ് വധശിക്ഷ വിധിച്ചതെന്നോ ആരാണ് നടപ്പിലാക്കിയതെന്നോ ഇന്നും വ്യക്തമല്ല. അന്ന് രാത്രിയോടെ മൃതദേഹങ്ങള്‍ കുത്തിനിറച്ച വാന്‍ മിലാനിലേക്ക് തിരിച്ചു.
/Wikipedia
റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ചത്വരത്തില്‍ ആ മൃതദേഹങ്ങള്‍ ജനങ്ങള്‍ക്കിട്ടുകൊടുത്തു. ദുര്‍ഭരണത്തിന്റെ നഷ്ടങ്ങള്‍ മുഴുവന്‍ സഹിച്ച് കലിപൂണ്ട ജനക്കൂട്ടം മൃഗീയമായ പകപോക്കലിലേക്കാണ് നീങ്ങിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മുസ്സോളിനിയുടെ മൃതദേഹം തിരിച്ചറിയാന്‍പോലും പ്രയാസമായി. ജനം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു. മൃതദേഹത്തെ മര്‍ദിക്കുകയും തുപ്പുകയും വെടിയുതിര്‍ക്കുകയും ചെയ്തു. മൂത്രവിസര്‍ജനം നടത്തിയെന്നും പറയപ്പെടുന്നു. ഒടുവില്‍ മൃതദേഹങ്ങളെ തല കീഴായി കെട്ടിത്തൂക്കി.
പിന്നീട് സ്ഥലത്തെത്തിയ അമേരിക്കന്‍ പട്ടാളം കെട്ടിയിട്ട മൃതദേഹങ്ങള്‍ അഴിച്ചെടുത്തു. മുസ്സോളിനിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ചില ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. മുസ്സോളിനിയും കാമുകി പെറ്റാച്ചിയും കൈകോര്‍ത്തു കിടക്കും വിധമുള്ള ഫോട്ടോ അക്കൂട്ടത്തില്‍ പെടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മിലനില്‍ തന്നെ ലളിതമായ ഒരു കുഴിമാടത്തില്‍ മുസ്സോളിനിയെ അടക്കി.
മുസ്സോളിനിയുടെ മരണം അന്നേദിവസം തന്നെ ഹിറ്റ്ലര്‍ അറിഞ്ഞിരുന്നു. മുസ്സോളിനിയെ മാതൃകയായിക്കണ്ട ഹിറ്റ്‌ലര്‍ക്ക് അദ്ദേഹത്തിന് സംഭവിച്ച ഭയാനകമായ മരണം താങ്ങാനായില്ല. ജര്‍മനിയും വൈകാതെ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. ജനങ്ങളുടെ കയ്യില്‍കിട്ടിയാല്‍ തന്റെ ഗതിയും സമാനമാകുമെന്ന് മനസ്സിലാക്കിയ ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ചു. തന്റെ മൃതദേഹം കത്തിച്ചുകളയണമെന്ന് അനുയായികളോട് ചട്ടം കെട്ടി. തൊട്ടടുത്ത ദിവസം ഏപ്രില്‍ 30-ന് ഹിറ്റ്ലറെ പിടികൂടാനെത്തിയ റഷ്യന്‍ പട്ടാളത്തിന് ചാരം മാത്രമാണ് കാണാന്‍ കിട്ടിയത്.
ഒരു വര്‍ഷത്തിന് ശേഷം മുസ്സോളിനിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഒരു ആരാധകന്‍ മോഷ്ടിച്ചു. അധികാരികള്‍ നാടുമുഴുവന്‍ തിരയുന്നതിനിടെ മുസ്സോളിനിയുടെ അവശിഷ്ടങ്ങള്‍ മിലാനിന് സമീപത്തുള്ള ഒരു വികാരി മഠത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.
നാലാം മാസം കണ്ടെടുത്ത അവശിഷ്ടങ്ങള്‍ അധികാരികള്‍ ഒളിപ്പിച്ചുവെച്ചു. വിട്ടുകൊടുത്താല്‍ മോഷണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയമായിരുന്നു കാരണം. നവ ഫാസിസ്റ്റുകള്‍ അദ്ദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പവിത്രമായി കണ്ട് തീര്‍ത്ഥാടനകേന്ദ്രം പോലും നിര്‍മ്മിച്ചേക്കാം എന്നായിരുന്നു ആശങ്ക.
അദ്ദേഹത്തിന്റെ കുടുംബത്തോട് പോലും പറയാതെ 11 വര്‍ഷത്തോളം ആ ഭൗതികാവശിഷ്ടങ്ങള്‍ ഒരു കപ്പൂച്ചിന്‍ മഠത്തില്‍ സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബകല്ലറയിലേക്ക് മാറ്റി. ഇപ്പോഴവിടം ചരിത്രകുതുകികളുടെയും നവ ഫാസിസ്റ്റുകളുടെയും ഇഷ്ട സന്ദര്‍ശന ഇടമായി മാറിയിരിക്കുന്നു.
Content Highlights: the remains of mussolini was stolen and the retrieved body was hidden