'ഓണത്തിന് ചാനലുകളിലെല്ലാം ആ പാട്ടിന്റെ ഫ്‌ളൂട്ട് ബിറ്റ് കേൾക്കാം'

മൃദുല വാര്യർ | Instagram
മൃദുല വാര്യർ | Instagram

'പൂവിളി പൂവിളി പൊന്നോണമായി...'ഓണക്കാലമായി. അതിരാവിലെ പൂവിറുത്തും പൂക്കളമൊരുക്കിയും അത്തം മുതലുള്ള ഓരോ ദിവസത്തെയും വരവേൽക്കുന്നവർ. അതിനൊപ്പം തന്നെ ഓണക്കാലത്തിന്റെ ഓർമ പകരുന്ന, ഗൃഹാതുരതയേകുന്ന കുറേ പാട്ടുകളുമുണ്ട് മലയാളികൾക്ക്. ഇപ്പോഴും ഓണറീലുകളിൽ തിളങ്ങിനിൽക്കുന്ന ചില പാട്ടുകൾ. ഏറ്റവും പ്രിയപ്പെട്ട ഓണപ്പാട്ടുകളും അതിനുപിന്നിലെ ഓർമകളും പങ്കുവെക്കുകയാണ് ഗായിക മൃദുല വാര്യർ.

''പണ്ടൊക്കെ ഓണക്കാലങ്ങളിൽ ഒരുപാട് കാസറ്റുകൾ പുറത്തിറങ്ങും, ഹിറ്റാവുകയും ചെയ്യും. അതിൽ സിനിമാപ്പാട്ടുകളും അല്ലാത്തതുമെല്ലാം ഉൾപ്പെടും. അങ്ങനെയുള്ള രണ്ടുപാട്ടുകളുണ്ട് 1983-ൽ പുറത്തിറങ്ങിയ 'ഉത്സവഗാനങ്ങൾ 1' എന്ന ആൽബത്തിൽ. ദാസേട്ടനാണ് പാട്ടുകൾ പാടിയത്. രവീന്ദ്രൻ മാസ്റ്ററാണ് പാട്ടുകൾക്ക് ഈണം നൽകിയത്. വരികളെഴുതിയത് ശ്രീകുമാരൻ തമ്പി സാറും. അതിലെ 'ഉത്രാടപ്പൂനിലാവേ വാ' എന്ന പാട്ട് കേൾക്കുമ്പോൾ, എനിക്കെപ്പോഴും ഓണത്തിന്റെ ആ സുഗന്ധവും ഓർമകളുമെല്ലാം തരും.
 

ആരോട് ചോദിച്ചാലും ആദ്യം പറയുന്ന പാട്ടായിരിക്കുമിത്. എന്റെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ട പാട്ടുകളിലൊന്ന് കൂടിയാണിത്. ഒരു ഓണക്കാലത്താണെന്ന് തോന്നുന്നു ആൽബം റിലീസായത്. എപ്പോഴും ഓണമെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നതും ഈ പാട്ട് തന്നെ.

മറ്റൊരു പാട്ടാണ് 'കാലം ഒരു പുലർകാലം'. 1984-ൽ പുറത്തിറങ്ങിയ 'വസന്തഗീതങ്ങൾ' എന്ന ആൽബത്തിലേതാണ്. അതിനും സംഗീതം നൽകിയത് രവീന്ദ്രൻ മാസ്റ്റർ തന്നെ. ബിച്ചു തിരുമലയാണ് വരികളെഴുതിയത്. ദാസേട്ടനും ചിത്രച്ചേച്ചിയും കൂടിയാണ് ആ പാട്ട് പാടിയത്:

'കാലം ഒരു പുലർകാലം
കുളിരല തേടും കിളികുല ജാലം
മങ്കമാരും മല്ലാക്ഷിമാരും
ഇടംവലം തിരിഞ്ഞൊരു നടനത്തിൻ
ചുവടുവെച്ചു പൂന്തിരളു നുള്ളുന്ന കാലം...'

എനിക്ക് തോന്നുന്നു 'മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിൻ ചുവടുവെച്ച്...' എന്ന വരികൾ തിരുവാതിരക്കളിയെയാണ് വർണ്ണിക്കുന്നത്. എനിക്കങ്ങനെയാണ് മനസ്സിലാക്കാൻ സാധിച്ചത്. അത് ഓണപ്പാട്ടാണോ എന്നു ചോദിച്ചാൽ അല്ല. എന്നാലും ഓണത്തിന്റെ ഓർമ്മകൾ കൊണ്ടുവരുന്നുണ്ട്.

മറ്റൊരു പാട്ടാണ് 'തിരുവോണക്കൈനീട്ടം' എന്ന ആൽബത്തിലെ 'പറനിറയെ പൊന്നളക്കും പൗർണ്ണമി രാവായി'. ദാസേട്ടനും സുജാത ചേച്ചിയുമാണ് പാടിയത്. ആ പാട്ടിനിടയിൽ ഒരു ഫ്‌ളൂട്ട് ബിറ്റുണ്ട്. എല്ലാ ചാനലുകളിലും ഓണപ്പരിപാടികൾക്കിടയിൽ ഈ ഫ്‌ളൂട്ട് ബിറ്റ് ഇടാറുണ്ട്. ചാനലുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഫ്‌ളൂട്ട് ബിറ്റും ഇതുതന്നെയായിരിക്കും. ആളുകൾക്ക് സുപരിചിതമാണത്. ഞാനാദ്യം കേൾക്കുന്നതും ഈ ഫ്‌ളൂട്ട് ബിറ്റ് തന്നെയാണ്. അതിനുശേഷമാണ് പാട്ടുകേട്ടത്.
 

ഇതിന്റെയൊരു പ്രത്യേകത വിദ്യാസാഗർ സാറിന്റെ സംഗീതമാണ്. അദ്ദേഹം മലയാളിയല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിട്ടുപോലും മലയാളത്തനിമ അത്രയും തുളുമ്പുന്ന രീതിയിലാണ് ഈ പാട്ട് അദ്ദേഹം ഒരുക്കിയത്. മലയാളിയല്ല സംഗീതം നൽകിയതെന്ന് ഒരിക്കലും തോന്നില്ല. അത്രയും മനോഹരമാണത്.

ഈ പാട്ട് പിന്നീടെനിക്ക് ഒരു സ്റ്റേജ് ഷോയിൽ പാടാനുള്ള അവസരം ലഭിച്ചിരുന്നു. വിജയ് യേശുദാസിന്റെ കൂടെയാണന്ന് പാടിയത്. അതും എപ്പോഴും മനസ്സിൽകൊണ്ടുനടക്കുന്നൊരു ഓർമയാണ്.

ഓണപ്പാട്ടുകൾ ഞാൻ അങ്ങനെ ഒരുപാട് പാടിയിട്ടില്ല. പക്ഷെ പാടിയതിൽ എനിക്ക് വളരെ ഇഷ്ടമുള്ളതാണ് 'കാക്കപ്പൂവിന് കാതിലിടാനൊരു കുണുക്ക് തീർക്ക്ണ് വെയില്...' എന്ന ഗാനം. മോഹൻ സിത്താര സാറാണ് സംഗീതം നൽകിയത്. പ്രവാസിമലയാളിയായ സേതുമാധവൻ ചേട്ടനാണ് വരികളെഴുതിയത്. നല്ല രസമുള്ള വരികളാണ്. കാതിനിമ്പമുള്ള ഒരു ഒരു പെപ്പി നമ്പറാണത്''.

തയ്യാറാക്കിയത്: റീഷ്മ ദാമോദർ

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Singer Mridula Warrier shares her favorite classic Onam songs and childhood memories. Highlights iconic tracks like 'Uthradappoonilave Va' and 'Kalam Oru Pularkalam' composed by Raveendran Master