'സീരിയൽ താരങ്ങൾക്ക് സ്വകാര്യജീവിതമുണ്ടോ എന്ന് സംശയമാണ്; സീരിയൽ നിർത്താൻ കാരണമുണ്ട്'

മോന സിങ് / PTI, AFP
മോന സിങ് / PTI, AFP

'ജെസ്സി ജൈസാ കോയി നഹീ' എന്ന സീരിയലിലെ പ്രധാനകഥാപാത്രമായിട്ടാണ് മോന സിങ് അഭിനയരംഗത്തെത്തുന്നത്. അഭിനയരംഗത്തെ തുടക്കം മോശമായില്ല. സീരിയൽ സൂപ്പർഹിറ്റായി, അതിനൊപ്പം മോനയുടെ കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുത്തു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്ത സീരിയലുകളിലൊന്നാണിത്. 550 എപ്പിസോഡുകളായി മൂന്നുവർഷമാണ് സീരിയൽ പ്രദർശിപ്പിച്ചത്.

മാസം ഒന്നര ലക്ഷമായിരുന്നു മോനയ്ക്ക് ആദ്യം ലഭിച്ച പ്രതിഫലം. സീരിയൽ ഹിറ്റായതോടെ പ്രതിമാസത്തെ മോനയുടെ പ്രതിഫലം രണ്ടുലക്ഷമായി. ടിവി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മോണ സിങ്. അതിനുശേഷവും കുറേ സീരിയലുകളിൽ അവർ അഭിനയിച്ചു. രണ്ട് തവണ ഇന്ത്യൻ ടെലിവിഷൻ അക്കാദമി പുരസ്‌കാരം നേടിയിട്ടുമുണ്ട് അവർ.

'ത്രീ ഇഡിയറ്റ്‌സി'ലൂടെ സിനിമാഭിനയത്തിലേക്കും കടന്നു മോന. 'ലാൽ സിങ് ഛദ്ദ'യിൽ ആമിർ ഖാന്റെ അമ്മയായും അഭിനയിച്ചു. 'യേ മേരി ഫാമിലി', 'ബ്ലാക്ക് വിഡോസ്', 'മെയ്ഡ് ഇൻ ഹെവൻ' തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചു. 'ദ ബാ***ഡ്‌സ് ഓഫ് ബോളിവുഡ്', 'ഥോടെ ദൂർ ഥോടെ പാസ്' എന്നീ വെബ് സീരീസുകളിലും ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തു മോന. ഇപ്പോൾ സിനിമകളിലും വെബ് സീരീസുകളിലും സജീവമാണ് മോന. കുറച്ചുനാളായി സീരിയലുകളിൽ അഭിനയിച്ചിട്ട്. സീരിയൽ തനിക്ക് മടുത്തുവെന്ന് പറയുകയാണ് മോന. 10 വർഷത്തിലേറെയായി അവരൊരു സീരിയലിൽ അഭിനയിച്ചിട്ട്.

''സീരിയലിൽ ചെയ്യാവുന്നതിന്റെ പരമാവധി കഴിഞ്ഞു. ഇനി അതിലേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നില്ല'', അവർ പറയുന്നു.

ഒടിടി സീരീസുകളും സീരിയലുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മോന പറയുന്നതിങ്ങനെ, ''ഒരു വെബ് സീരീസിൽ മൂന്നുമാസം ജോലി ചെയ്താൽ മതി. പിന്നെ നിങ്ങൾക്ക് കുറച്ചുകാലം ഇടവേളയുണ്ടാവും. വീണ്ടും മനസ്സെല്ലാം പുതിയതാക്കി അടുത്ത സീരീസിലേക്ക് പോകാം. ഒടിടിയാണ് എനിക്ക് ഏറ്റവും യോജിച്ചതെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ടിവിയുടെ കാര്യത്തിൽ അങ്ങനെയല്ല. സമയപരിമിതികളുണ്ടാവും. നിങ്ങൾ മുഖ്യകഥാപാത്രമാണെങ്കിൽ പ്രത്യേകിച്ചും. ഞാൻ സീരിയലിൽ അഭിനയിച്ചിരുന്ന സമയത്ത് തിങ്കൾ മുതൽ വ്യാഴം വരെയായിരുന്നു സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. ഇന്നത് ആഴ്ച മുഴുവൻ നീളുന്നു. ഇതിൽ അഭിനയിക്കുന്നവർക്കെല്ലാം സ്വകാര്യജീവിതമെന്നൊന്ന് ഉണ്ടോ എന്നാണ് ഞാൻ അദ്ഭുതപ്പെടുന്നത്'', മോന വിശദീകരിക്കുന്നു.

''എല്ലാ ആദരവോടെയുമാണ് ടിവിയോട് വിടപറഞ്ഞത്. ടിവിയിൽ ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് അറിഞ്ഞപ്പോൾ എടുത്ത തീരുമാനം. മുന്നോട്ടുപോകാനുള്ള ബോധപൂർവമായ ഒരു ചുവടുവയ്പ്പ്. മാറ്റം എളുപ്പമായിരുന്നില്ല. എനിക്കാവശ്യമായ തരത്തിലുള്ള വേഷങ്ങൾക്കായി ഞാൻ ക്ഷമയോടെ കാത്തിരുന്നു. സമയമെടുത്തു, എങ്കിലും ആഗ്രഹിച്ചതുപോലുള്ള കഥാപാത്രങ്ങൾ തേടിയെത്തി'', മോന പറയുന്നു. ബോർഡർ 2, ഹാപ്പി പട്ടേൽ ഖതർനാക്ക് ജാസൂസ് തുടങ്ങിയവയാണ് അവരുടെ റിലീസാവാനിരിക്കുന്ന സിനിമകൾ. രണ്ട് വെബ് സീരീസുകളും പുറത്തിറങ്ങാനിരിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Mona Singh, known for `Jassi Jaissi Koi Nahin`, reveals why she quit TV serials after a decade for the freedom and flexibility of web series and films