ഒടുവിൽ ചാനു പൂർത്തിയാക്കി, ഏഷ്യൻ മെഡൽ എന്ന സ്വപ്നം

ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്... ഭാരോദ്വഹനത്തിൽ അങ്ങനെ പല മെഡലുകളും മീരാബായ് ചാനുവിനുണ്ടായിരുന്നു. എന്നാൽ, ഏഷ്യൻ ഗെയിംസ് മെഡൽ എന്നത് അവരുടെ സ്വപ്നമായിരുന്നു. നയോഗ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയശേഷം അവർ ഇങ്ങനെ പ്രതികരിച്ചു: ''ഇതെന്റെ സ്വപ്നമായിരുന്നു. ഇപ്പോൾ എന്റെ ജീവിതം പൂർണമായിരിക്കുന്നു''.
ബുധനാഴ്ച 49 കിലോവിഭാഗത്തിലാണ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടം. 198 കിലോഗ്രാം ഭാരമാണ് 32-കാരിയായ ചാനു ഉയർത്തിയത്.
28 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിൽ ഭാരോദ്വഹനത്തിൽ മെഡൽ വരുന്നത്. 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരിയാണ് അവസാനമായി ഇന്ത്യയ്ക്കായി മെഡൽ നേടിയത്.
സ്‌റ്റൈലിഷ് ചാനു
അടിമുടി സ്‌റ്റൈലിഷായാണ് ചാനു ഓരോ മത്സരത്തിനും കളത്തിലിറങ്ങുക. ഒളിമ്പിക് വളയങ്ങളോട് കൂടിയ കമ്മലാണ് ചാനു കാതിൽ അണിയുക. ഇന്ത്യൻ ദേശീയ പതാകയുടെ മാതൃകയിലാണ് താരത്തിന്റെ നെയിൽ ആർട്ട്. ത്രിവർണനിറമുള്ള റിബണാണ് മുടി കെട്ടാനും ഉപയോഗിക്കുക.
ചാനുവിന്റെ കാതിലുള്ള കമ്മൽ അമ്മ സമ്മാനിച്ചതാണ്. 2016 റിയോ ഒളിമ്പിക്സിന് മുന്നോടിയായിരുന്നു അമ്മയുടെ സമ്മാനം. എന്നാൽ, റിയോയിൽ ചാനുവിന് തിളങ്ങാനായില്ല. 48 കിലോ കാറ്റഗറിയിൽ മത്സരിച്ച ചാനുവിന്റെ മൂന്ന് ശ്രമങ്ങളും വിഫലമായി. കോവിഡ് കാലത്ത് നടന്ന ടോക്യോ ഒളിമ്പിക്സിൽ ചാനു പോഡിയത്തിൽ കയറി. 49 കിലോവിഭാഗത്തിൽ 202 കിലോ ഭാരം ഉയർത്തിയായിരുന്നു മെഡൽനേട്ടം.
തിരിച്ചുവരവ്
2022-ൽ ചൈനയിലെ ഹാങ്ചൗവിലായിരുന്നു ഏഷ്യൻ ഗെയിംസ്. ടോക്യോ ഒളിമ്പിക്സിലെ മെഡൽജേതാവ് എന്ന നിലയിലായിരുന്നു ചാനുവിന്റെ വരവ്. എന്നാൽ. ഹാങ്ചൗവിൽ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതോടെ നാലാം സ്ഥാനത്തായി. അന്ന് നഷ്ടമായ മെഡലാണ് ചാനു നാല് വർഷത്തിന് ശേഷം സ്വന്തമാക്കുന്നത്.
കുടുംബം
മണിപ്പുർ ഇംഫാലിലെ നോങ്പോക് കാക്ചിങ്ങാണ് ചാനുവിന്റെ ജൻമദേശം. ടോമ്പി ലെയ്മ- കൃതി മെയ്ത്തി എന്നീ ദമ്പതികളുടെ ഇളയവളാണ് ചാനു. വിജയ് ശർമയുടെ കീഴിൽ പരിശീലിക്കുന്ന ചാനുവിന് രാജ്യം ഖേൽരത്ന, പത്മശ്രീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mirabai Chanu won the silver medal in the 49kg category, fulfilling her long-time dream of an Asian Games medal. This victory ended India's 28-year drought for an Asian Games weightlifting medal, last won by Karnam Malleshwari in 1998.