എന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നതില്‍ പലര്‍ക്കും ഈഗോ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്-അനുമോള്‍

ഉയരക്കുറവെന്ന പരിഹാസം ഏറെക്കേട്ട പെണ്‍കുട്ടി. കഠിനാധ്വാനത്തിലൂടെ കലാകാരിയെന്ന മേല്‍വിലാസം അവള്‍ സ്വന്തമാക്കി. 'സ്റ്റാര്‍ മാജിക്കി'ലൂടെ മലയാളിയെ ചിരിപ്പിക്കുന്ന സുന്ദരി. 'ഷോ'യില്‍ തങ്കച്ചന്റെ 'പ്രേമഭാജനം.' ചിരിയില്‍ കണ്ണീരിന്റെ നനവ് ഒളിപ്പിക്കുന്നുണ്ട് നടി അനുമോള്‍.
''കരിയറിന്റെ തുടക്കകാലത്ത് മിക്ക സീരിയലുകളിലും നായകന്റെ അനിയത്തിവേഷമായിരുന്നു എനിക്ക്. നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഉയരക്കുറവിന്റെ പേരില്‍ തഴയപ്പെട്ടു. കഴിവായിരുന്നില്ല ഒരിടത്തും മാനദണ്ഡം. വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ, 'സ്റ്റാര്‍ മാജിക്കി'ലെത്തിയതോടെ തലവര തെളിഞ്ഞു. പല ചാനലില്‍നിന്നും സീരിയലുകളിലേക്ക് വിളിവന്നു. പക്ഷേ, സീരിയലിനേക്കാളും ലൈവായിട്ട് അഭിനയിക്കാനും കോമഡി പറയാനുമാണ് എനിക്കിഷ്ടം.'' വിഷമകാലം മറികടന്നതിന്റെ സന്തോഷം അനുവിന്റെ മുഖത്ത് തെളിഞ്ഞു.
ആറുവര്‍ഷമായി സ്റ്റാര്‍ മാജിക്കിലുണ്ട്. ആ ഷോയാണ് ജീവിതം മാറ്റിമറിച്ചതെന്നും പറഞ്ഞു. അതിനുമുന്നേയുള്ള ജീവിതമോ?
അതിനുമുന്നേ അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. മധ്യവര്‍ഗ കുടുംബമാണ് എന്റേത്. തിരുവനന്തപുരം ആര്യനാടാണ് സ്വദേശം. അച്ഛനും അമ്മയ്ക്കും ഞാന്‍ നന്നായി പഠിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അന്നേ ഞാനൊരു തൊട്ടാവാടിയാണ്. ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍. സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ എന്ന് ഒരുദിവസം അദ്ദേഹം ചേട്ടനോട് ചോദിച്ചു. അപ്പോള്‍ ചേച്ചിയാണ് എന്റെ കാര്യം പറയുന്നത്. കുടുംബത്തിന് എതിര്‍പ്പായിരുന്നു. കൈയില്‍ കാശ് വന്നാല്‍ പെണ്‍കുട്ടികള്‍ അപ്പനെയും അമ്മയെയും തള്ളിപ്പറയും എന്നായിരുന്നു പലരുടെയും കമന്റ്. പക്ഷേ, അമ്മയ്ക്കും അച്ഛനും ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. അച്ഛന്‍ പണ്ട് നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
അങ്ങനെ 'അനിയത്തി' എന്ന സീരിയലില്‍ ചെറിയൊരു വേഷം ചെയ്തു. ഒറ്റ ദിവസത്തെ ഷൂട്ട്. പിന്നെ സൂര്യാ ടി.വിയില്‍ 'സംഗമം' സീരിയലില്‍ ബോബന്‍ ആലുമ്മൂടന്‍ ചേട്ടന്റെ അനിയത്തിയുടെ വേഷം കിട്ടി. ചില സീന്‍ ശരിയാവാന്‍ എനിക്ക് 26 ടേക്ക് ഒക്കെ വേണ്ടിവന്നു. അവസാനം അവര്‍ ആ കഥാപാത്രത്തെ കൊന്നുകളഞ്ഞു. ഞാന്‍ കരച്ചിലായി. നിരാശയായി. പിന്നെ മൂന്നുമണി, അമ്മുവിന്റെ അമ്മ, പാടാത്ത പൈങ്കിളി... തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ച് ഞാന്‍ എല്ലാം പഠിച്ചെടുത്തു.
നാട്ടിലുള്ളവര്‍ പറഞ്ഞപോലെ പണം കൈയില്‍ വന്നപ്പോള്‍ ആളാകെ മാറിയോ?
പ്ലസ്ടു കഴിഞ്ഞയുടനെയാണ് ഞാന്‍ അഭിനയമേഖലയിലേക്ക് വരുന്നത്. ആദ്യം കിട്ടിയത് ആയിരം രൂപയാണ്. അത് എല്ലാവര്‍ക്കും വീതിച്ചുകൊടുത്തു. രണ്ടാമത്തെ വര്‍ക്കില്‍ 1500 രൂപ കിട്ടി. പിന്നെ മൂവായിരം, നാലായിരം... അങ്ങനെ കൂടിവന്നു. പണം അമ്മയ്ക്ക് കൊടുക്കാന്‍ തുടങ്ങി. അമ്മ അത് ബാങ്ക് അക്കൗണ്ടിലിടും. അമ്മയാണ് എന്റെ കരുത്ത്.
സീരിയലില്‍ കളര്‍ഫുള്‍ ഡ്രസ് വേണമെന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, അതൊന്നും വാങ്ങാനുള്ള കാശൊന്നും എന്റെ കൈയിലില്ല. യൂട്യൂബ് നോക്കി സ്റ്റിച്ചിങ് പഠിച്ചു. തുണി വാങ്ങി വീട്ടിലിരുന്ന് തുന്നി. അത് സീരിയലിലും 'സ്റ്റാര്‍മാജിക്കി'ലും അണിഞ്ഞു. പിന്നെ മേക്കപ്പും സ്വന്തമായി ചെയ്തുപഠിച്ചു. കരിയറില്‍ നില്‍ക്കുന്ന സമയത്ത് പണം സമ്പാദിക്കണം. അതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ വീടുണ്ട്. സ്ഥലവും കാറും വാങ്ങി. കുടുംബത്തിനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.
സീരിയല്‍ മേഖലയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോവുക എളുപ്പമാണോ?
'സുരഭി സുഹാസിനി' സീരിയല്‍ ചെയ്യുമ്പോള്‍ എനിക്ക് പല ഉദ്ഘാടനപരിപാടികളും വരുമായിരുന്നു. ഞാനതെല്ലാം ഏറ്റെടുക്കും. കാരണം കുടുംബം നോക്കണം. അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ നോക്കണം. എന്ത് പരിപാടി വന്നാലും പോകും. ചിലപ്പോഴൊക്കെ കഷ്ടപ്പാടാവും. സംവിധായകന്റെ ചീത്ത കേള്‍ക്കണം, അതുകഴിഞ്ഞ് അവര്‍ സോറി പറയുമെങ്കിലും.
ഇതിനൊപ്പം കൂടെ ജോലി ചെയ്യുന്നവരുടെ ഈഗോ പ്രശ്‌നങ്ങളും. ഇങ്ങനെയൊക്കെയാകുമ്പോള്‍ സീരിയലുകള്‍ ചെയ്യാന്‍ മടിക്കും. പെണ്‍കുട്ടി ആയതുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ അധികകാലം നില്‍ക്കാനുള്ള സാധ്യത കുറവാണ്. ഇതിനിടയിലാണ് 'സ്റ്റാര്‍ മാജിക്' വരുന്നത്.
പിന്നെ ആരുവിളിച്ചാലും ഞാനാദ്യം പറയുന്നത് 'സ്റ്റാര്‍ മാജിക്' വിട്ട് വരില്ല എന്നാണ്. കാരണം സീരിയല്‍ ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പോകാന്‍ കഴിയില്ല. 'സ്റ്റാര്‍ മാജിക്' ഉള്ളതുകൊണ്ടാണ് എനിക്ക് വര്‍ക്കുകളും ഉദ്ഘാടനങ്ങളും കിട്ടുന്നത്. അതും ഉപേക്ഷിക്കാന്‍ വയ്യ. മുതിര്‍ന്ന അഭിനേതാക്കളെ വിളിക്കാതെ എന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നതില്‍ പലര്‍ക്കും ഈഗോ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.
ഉദ്ഘാടനത്തിന് വിളിക്കാനായി ആരെങ്കിലും എന്റെ നമ്പര്‍ ചോദിച്ചാല്‍ ചില സഹപ്രവര്‍ത്തകര്‍ അത് മുടക്കാറുമുണ്ട്. ഇതിനിടയിലൂടെയാണ് ജീവിതം മുന്നോട്ടുപോവുന്നത്.
ഇതെല്ലാം എങ്ങനെ മറികടന്നു?
എനിക്ക് കിട്ടിയ ആദ്യ വേദിയാണ് സ്റ്റാര്‍ മാജിക്. ഷോ ഡയറക്ടര്‍ അനൂപേട്ടനും അവതാരക ലക്ഷ്മിച്ചേച്ചിയും കൂടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുമാരുമൊക്കെ എന്നെ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ആ പിന്തുണ എന്റെ ആത്മവിശ്വാസം കൂട്ടി.
ഷോയിലെ തങ്കച്ചന്‍ ചേട്ടന്‍ എനിക്ക് ചേട്ടനെപ്പോലെയാണ്. ഞങ്ങളുടെ പ്രേമനാടകം യഥാര്‍ഥമാണെന്ന് കരുതുന്നവരുണ്ട്. എന്നാണ് നിങ്ങളുടെ കല്യാണം എന്നൊക്കെ ചോദിക്കും പലരും. ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന കുറച്ചുപേര്‍ ചുറ്റിലുമുണ്ട്. അതുമതി. സഹായങ്ങള്‍ക്കും പണത്തിനും വേണ്ടി കൂട്ടുകൂടാന്‍ വരുന്നവരെ എനിക്ക് പെട്ടെന്ന് മനസ്സിലാവും.
പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് എന്റെ ജോലി. അതിനിടയില്‍ എനിക്കെന്റെ കണ്ണീര് മറന്നുകളയാന്‍ പറ്റാറുണ്ട്.
സ്പെഷ്യലായ ഒരാളുണ്ടോ?
2019 മുതല്‍ ഒരു സ്പെഷ്യല്‍ സൗഹൃദം എനിക്കുണ്ട്. ജീവന്‍. 'അഭി വെഡ്‌സ് മഹി'യിലാണ് ഞാനും ജീവനും ഒന്നിച്ച് അഭിനയിക്കുന്നത്. ഒരുവര്‍ഷം ഒന്നിച്ച് അഭിനയിച്ചിട്ടും ഞങ്ങള്‍ കൂട്ടായില്ല. മൂന്നാംവര്‍ഷം ഞാന്‍ അങ്ങോട്ട് കേറി മിണ്ടി. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ എനിക്കേറ്റവും അടുപ്പം ജീവനോടാണ്.
അഭിനയത്തിനിടയില്‍ കുടുംബജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും കാണുന്നില്ലേ?
സര്‍ക്കാര്‍ജോലിയുള്ള ആളെ വിവാഹം കഴിക്കണം എന്നൊക്കെ ചേച്ചിയും അമ്മയും പറയുമായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഒരുപാട് പ്രൊപ്പോസല്‍ വന്നിട്ടുണ്ട്. ഡിഗ്രി സംസ്‌കൃതമാണ് പഠിച്ചത്. ഡിഗ്രി അവസാനവര്‍ഷമായപ്പോള്‍ എനിക്ക് ഒരു ഇഷ്ടമുണ്ടായി. പക്ഷേ, അഞ്ചുവര്‍ഷത്തിനുശേഷം ആ ബന്ധം പിരിഞ്ഞു.
ചേച്ചിയാണ് അന്ന് എന്റെ കാര്യങ്ങളൊക്കെ നോക്കിയത്. വഴിതെറ്റിപ്പോവുമോ എന്ന് പേടിച്ചിട്ട് ഒരു ഫോണുപോലും വാങ്ങിത്തന്നില്ല. അച്ഛനുംഅമ്മയും ചേച്ചിയുമാണ് എന്റെ കരുത്ത്. എന്ത് നെഗറ്റീവ് കമന്റുകള്‍ വന്നാലും ഞാന്‍ തളര്‍ന്നുപോവാതെ, അവര്‍ ചേര്‍ത്തുപിടിക്കും. ഇപ്പോഴും പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. പക്ഷേ, അതൊക്കെ ആരാധനകൊണ്ടുമാത്രം വരുന്നതാണ്.
കുടുംബിനിയാവണം, ഭര്‍ത്താവ് വേണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, ജീവിതകാലം മുഴുവന്‍ എന്നെ സ്‌നേഹത്തോടെ കൊണ്ടുപോകുമെന്ന് ഉറപ്പുള്ളയാളെ മാത്രമേ കെട്ടൂ. എന്നെ നന്നായി അറിയുന്ന ആളാവണം. എനിക്ക് വേണ്ട പിന്തുണ തരണം. അങ്ങനെയൊരാളെ ഞാനിപ്പോള്‍ സ്വപ്‌നംകണ്ടുതുടങ്ങിയിരിക്കുന്നു.
സിനിമാ സ്വപ്‌നമുണ്ടോ?
സിനിമയില്‍നിന്ന് ഓഫര്‍ വന്നിരുന്നു. സീരിയലിന്റെ തിരക്കുകള്‍ക്കിടയില്‍ പോവാന്‍ കഴിഞ്ഞില്ല. പിന്നെയാണ് എനിക്കതിന്റെ വില മനസ്സിലാവുന്നത്. സിനിമയിലെത്തിയ പരിചയക്കാരോട് അവസരം ചോദിച്ചിട്ടുണ്ട്. നിന്നെയൊന്നും സിനിമയിലെടുക്കില്ല, ഉയരം കുറവാണ് എന്നൊക്കെ പരിഹസിക്കുകയാണ് അവര്‍ ചെയ്തത്. ഈ പറയുന്നവര്‍തന്നെ എന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടുമുണ്ട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് വിളിക്കുമ്പോള്‍ പറയാറുണ്ട്, ''അനൂ, നിനക്ക് മൊത്തം ശത്രുക്കളാണല്ലോ. അനുവിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പലരും വിളിക്കേണ്ട, ഡേറ്റ് പ്രശ്‌നം വരും, പ്രശ്‌നക്കാരിയാണ് എന്നൊക്കെ പറഞ്ഞ് മുടക്കുന്നല്ലോ''എന്ന്.
ഇതിനിടയിലും കല്യാണം, തിങ്കള്‍മുതല്‍ വെള്ളിവരെ, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാനായി. മണിയന്‍പിള്ള രാജുസാറാണ് 'മഹേഷും മാരുതിയും' എന്ന സിനിമയിലേക്ക് എന്നെ നിര്‍ദേശിച്ചത്.
സീരിയലില്‍ അഭിനയിക്കുന്നവരെ സിനിമയില്‍ എടുക്കില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ട് തത്കാലം സീരിയല്‍ നിര്‍ത്തിവെച്ച് നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ആളുകള്‍ തിരിച്ചറിയുന്ന നല്ലൊരു കഥാപാത്രം ചെയ്യണം. തള്ളിപ്പറഞ്ഞവരെക്കൊണ്ട് എല്ലാം മാറ്റിപ്പറയിക്കണം.
Content Highlights: miniscreen actress anumol interview