വിജയ്‌യുടെ സുരക്ഷയ്ക്കുപിന്നിലെ ആ മലയാളിസാന്നിധ്യം; ഷാരൂഖ് ഖാന്റെയും ബോഡിഗാർഡ്

തിരഞ്ഞെടുപ്പ് പ്രചരണവേളയിലും മറ്റും തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. താരത്തിന്റെ പേഴ്‌സണൽ ബോഡിഗാർഡായ നയീം മൂസ. വിജയ്‌യുടെ പ്രചരണവാഹനത്തിൽ അദ്ദേഹത്തിനൊപ്പം തന്നെ നിഴൽ പോലെ നിന്നു നയീം. ആരാധകർ വിജയ്ക്കുനേരെ ആരാധനയോടെ വലിച്ചെറിയുന്ന പൂമാലകൾ പിടിച്ചെടുത്ത് മാറ്റിവെച്ചും, താരത്തിനെ വണ്ടിയിലേക്ക് കയറാൻ സഹായിച്ചും അദ്ദേഹം ശ്രദ്ധപിടിച്ചുപറ്റി.
കന്യാകുമാരിയിലെ പ്രചരണറാലിക്കിടെ വിജയ് സൈക്കിളുമായി കറങ്ങിയപ്പോൾ, താരത്തിന് സുരക്ഷയൊരുക്കുന്നതിലും നയീം മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പര്യടനങ്ങളിൽ മാത്രമല്ല, ഈ ബോഡിഗാർഡ് വിജയ്‌ക്കൊപ്പമുണ്ടാവുന്നത്. പൊതുപരിപാടികളിലും ഷൂട്ടിങ് സെറ്റുകളിലുമെല്ലാം അദ്ദേഹം താരത്തിനൊപ്പം തന്നെയുണ്ടാവാറുണ്ട്. കീർത്തി സുരേഷിന്റെ വിവാഹത്തിനായി വിജയ് എത്തിയപ്പോഴും കൂടെയുണ്ടായിരുന്നത് നയീം തന്നെ.
മാഹി സ്വദേശിയാണ് നയീം. എന്നാൽ ജോലിയുടെ ആവശ്യത്തിനായി വർഷങ്ങൾക്കുമുമ്പ് തന്നെ ദുബായിലേക്ക് മാറി. അവിടെയുള്ളപ്പോഴാണ് ബോഡി ബിൽഡിങ്ങിനോട് താത്പര്യം തോന്നുന്നത്. അതാണ് പിന്നീട് സെക്യൂരിറ്റി വിങ് തുടങ്ങാനുള്ള ആഗ്രഹം തോന്നിയതും. ഈ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ നയീം, ദുബായ് ആസ്ഥാനമായുള്ളൊരു സുരക്ഷാ ഏജൻസി സ്ഥാപിച്ചു. ജെൻഡർ സെക്യൂരിറ്റി എന്നാണതിന് പേര് നൽകിയത്.
ഗൾഫിലെത്തുന്ന പല സെലിബ്രിറ്റികളുടെയും സുരക്ഷാചുമതല ഇപ്പോൾ ജെൻഡർ സെക്യൂരിറ്റിയാണ് നോക്കുന്നത്. ജസ്റ്റിൻ ബീബർ, ടോം ക്രൂസ്, ഫോർമുല വൺ മുൻചാമ്പ്യൻ മൈക്കേൽ ഷൂമാക്കർ, ഷാരൂഖ് ഖാൻ, ശിവകാർത്തികേയൻ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളുടെ സുരക്ഷയ്ക്ക് നയീമും സംഘവും മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഏജൻസിയുടെ പ്രവർത്തനങ്ങൾ അധികം വൈകാതെ ദുബായിൽനിന്ന് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു അദ്ദേഹം. ദുബായിൽ തന്നെയാണ് നയീം സ്ഥിരതാമസമെങ്കിലും, വിജയ്‌യുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ അദ്ദേഹം ചെന്നൈയിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Naeem Moosa is the dedicated personal bodyguard for TVK leader Thalapathy Vijay. He founded the Dubai-based security agency 'Gender Security'