കുളിക്കുന്ന രംഗത്തിൽ അശ്ലീലതയില്ലെന്ന് മന്ദാകിനി; ദാവൂദിനൊപ്പമുള്ള ഫോട്ടോ തന്റെ കരിയർ നശിപ്പിച്ചു

'റാം തേരി ഗംഗ മൈലി' എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ താരമാണ് മന്ദാകിനി. 1985-ൽ റിലീസായ ചിത്രം സംവിധാനം ചെയ്തത് രാജ് കപൂറാണ്. അദ്ദേഹം തന്നെയാണ് അതിൽ നായകനായതും. സിനിമയിലെ മന്ദാകിനിയുടെ പല സീനുകളും വിവാദമായി.

കുഞ്ഞിനെ മുലയൂട്ടുന്ന രംഗവും നേർത്ത വെള്ളവസ്ത്രം ധരിച്ച് കുളിക്കുന്ന രംഗവുമാണ് കൂടുതൽ ചർച്ചയായത്. ഈ രംഗങ്ങൾ അശ്ലീലമാണെന്ന് പലരും അന്ന് വാദിച്ചു. എന്നാൽ, ആ രംഗങ്ങൾ മാന്യമായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി രാജ് കപൂർ അവയെ ന്യായീകരിച്ചു.

ആ സിനിമയിൽ അഭിനയിക്കുമ്പോൾ മന്ദാകിനിക്ക് വെറം 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പുതുമുഖമായിട്ടും ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. മാത്രമല്ല ആ കാലഘട്ടത്തിലെ പ്രമുഖ നടിമാരിലൊരാളെന്ന നിലയിലേക്ക് അവർ ഉയരുകയും ചെയ്തു. ആ സിനിമയോടെ അവർക്ക് ബോളിവുഡിൽ ഒരു ഗ്ലാമർ പരിവേഷം ലഭിക്കുകയും ചെയ്തു.

ആ സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് മന്ദാകിനി ഇപ്പോൾ. ഏറെ ചർച്ച ചെയ്യപ്പെട്ട വെള്ളച്ചാട്ടത്തിലെ രംഗത്തെക്കുറിച്ച് മന്ദാകിനി മനസ്സ് തുറന്നു. ഒപ്പം, വിവാദമായ മുലയൂട്ടുന്ന രംഗത്തെക്കുറിച്ചും അവർ സംസാരിച്ചു; പിൽക്കാലത്ത് ആ രംഗങ്ങൾ വ്യാഖ്യാനിക്കപ്പെട്ട രീതിയിലല്ല, മറിച്ച് സിനിമയുടെ കാതലായ നിഷ്‌കളങ്കതയും പരിശുദ്ധിയും എന്ന സന്ദേശത്തിൽ അധിഷ്ഠിതമായാണ് അവ ചിത്രീകരിച്ചതെന്ന് അവർ വ്യക്തമാക്കി. ANI-യുമായുള്ള അഭിമുഖത്തിലാണ് മന്ദാകിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

എന്നാൽ അന്ന് തനിക്ക് വെറും 16 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും ആ രംഗങ്ങൾ പിന്നീട് എങ്ങനെയാകും വിലയിരുത്തപ്പെടുക എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ അന്ന് സാധിച്ചിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ചിത്രത്തിലെ വെള്ളച്ചാട്ട രംഗത്തെക്കുറിച്ച് സംസാരിക്കവേ, രാജ് കപൂർ ആ രംഗത്തെക്കുറിച്ച് തനിക്ക് വിശദീകരിച്ചു തന്നിരുന്നുവെന്നും, അതൊരു അശ്ലീല രംഗമായി ചിത്രീകരിക്കാനല്ല ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു. ആ രംഗം അശ്ലീലമാണെന്ന ധാരണയെ അവർ തള്ളിക്കളഞ്ഞു. പരിശുദ്ധിയും 'ഗംഗ' എന്ന കഥാപാത്രവുമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നും അവർ കൂട്ടിച്ചേർത്തു.

രാജ് കപൂറിന് ഓരോ കാര്യങ്ങൾ ചെയ്യുന്നതിനും ഒരു ശൈലിയുണ്ടായിരുന്നു. ഒരു കുടുംബാംഗം നമ്മളെ നയിക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് അദ്ദേഹത്തോട് എതിർചോദ്യങ്ങൾ ചോദിക്കാൻ പോലും തോന്നിയിരുന്നില്ല. ഒരിടത്തുനിന്നും എനിക്ക് അശ്ലീലതയൊന്നും അനുഭവപ്പെട്ടില്ല; അറപ്പുളവാക്കുന്ന ഒരു തോന്നലും ഉണ്ടായില്ലെന്നും മന്ദാകിനി പറയുന്നു.

''എനിക്ക് അല്പം അസ്വസ്ഥത തോന്നിയതുകൊണ്ട് ഞാൻ സാരി മടക്കിയാണ് ഉടുത്തത്. അത്രയേ ഉണ്ടായിരുന്നുള്ളൂ, ആ ഷോട്ട് പൂർത്തിയായി. അതെന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരുന്നു; കാരണം, വളരെ ചെറിയൊരു സ്ഥലത്തുനിന്നാണ് ഞാൻ വരുന്നത്''.

മുലയൂട്ടുന്ന രംഗവും ക്യാമറ ആംഗിൾ കാരണമാണ് അശ്ലീലമായി തോന്നിയതെന്നും താരം പറയുന്നു.

'റാം തേരി ഗംഗാ മൈലി'യുടെ വിജയത്തിന് ശേഷം പല അവസരങ്ങളും കിട്ടി. എന്നാൽ അതിലേറെ പേരും വെള്ളച്ചാട്ടത്തിനടിയിൽനിന്ന് കുളിക്കുന്ന രംഗം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കേവലം ഒരു രംഗത്തേക്കാളുപരി നല്ലൊരു കഥയാണ് ആവശ്യമെന്ന് പറഞ്ഞ് താൻ അത് നിരസിച്ചതായും നടി വെളിപ്പെടുത്തി.

അക്കാലത്ത് ഒരു ഫോട്ടോയുടെ പേരിലാണ് മന്ദാകിനിക്ക് സിനിമയിൽ അവസരങ്ങൾ കുറയാൻ തുടങ്ങിയത്. ദുബായിൽനിന്ന് ഒരു ക്രിക്കറ്റ് മാച്ചിനിടെ അധോലോകതലവൻ ദാവൂദ് ഇബ്രാഹിമും മന്ദാകിനിയും ഒരുമിച്ചിരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അതോടെ ദാവൂദുമായി മന്ദാകിനി പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നു. അതിനെക്കുറിച്ചും അഭിമുഖത്തിൽ താരം സംസാരിച്ചു. താൻ ദാവൂദിനെ കാണാൻ ദുബായിലേക്ക് പോയിരുന്നില്ലെന്നും ഒരു ഷോയിൽ പങ്കെടുക്കാനായി അവിടെയുണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ക്രിക്കറ്റ് മാച്ചിന് പോയതെന്നും അവർ പറയുന്നു. ദാവൂദല്ല തന്നെ ക്ഷണിച്ചതെന്നും അവർ വെളിപ്പെടുത്തി. ''ആ വിവാദം ഒരുപാട് നാശനഷ്ടങ്ങൾ വരുത്തിവച്ചു. പിന്നീട്, ഇതെല്ലാം നോക്കാൻ ഒരു ടീം വേണമെന്ന് എനിക്ക് മനസ്സിലായി'', അവർ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mandakini addressed the controversial waterfall and breastfeeding scenes from Ram Teri Ganga Maili. She stated that she was only 16 years old at the time and found no obscenity in the direction