രാഷ്ട്രപതിയുടെ എഡിസി മുതൽ നാഷണൽ ക്രഷ് വരെ'; അകാലത്തിൽ വിരമിച്ച് മേജർ ഋഷഭ്, പിന്നിൽ അജ്ഞാതമായ കാരണം

കുറച്ചുനാൾ മുമ്പ് നാഷണൽ ക്രഷ് എന്നാണ് മേജർ ഋഷഭ് സിങ് സംബ്യാലിനെ (Major Rishabh Singh Sambyal) സോഷ്യൽമീഡിയ സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസിയായിയിരുന്നു (എയ്ഡ്-ദി-ക്യാമ്പ്) അദ്ദേഹം. ഇപ്പോഴിതാ മേജർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 12 വർഷത്തെ സേവനത്തിനുശേഷം ആർമിയിൽനിന്ന് റിട്ടയർമെന്റ് എടുത്തിരിക്കുകയാണ് അദ്ദേഹം. അതിനുശേഷം രാഷ്ട്രപതിയെ മേജർ സന്ദർശിക്കുന്ന ചിത്രങ്ങൾ രാഷ്ട്രപതി ഭവൻ പുറത്തുവിടുകയും ചെയ്തു. അതിൽ മേജർ ഋഷഭ് സിങ് സംബ്യാൽ (റിട്ട) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഔദ്യോഗികപദവിയിൽനിന്ന് ഒഴിഞ്ഞശേഷം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. ''രാഷ്ട്രപതി ഭവനിൽ വെച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജിയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അനുഗ്രഹങ്ങളും ഉപദേശങ്ങളും ജീവിതത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ വളരാൻ എന്നെ സഹായിച്ചിട്ടുണ്ട്. കൂടാതെ, കുടുംബാംഗങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതും സന്തോഷം നൽകി''.
എന്നാൽ അദ്ദേഹത്തിന്റെ ഈ അകാല റിട്ടയർമെന്റിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. കുടുംബപരമായ കാരണങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിന് തെളിവായി പറയുന്നത് മേജറിന്റെ ഒരു ഇൻസ്റ്റഗ്രാം ലൈവാണ്. ''ഓരോരുത്തരുടെയും ജീവിതത്തിൽ, ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന സാഹചര്യങ്ങളും സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്'', എന്നാണ് അതിൽ അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ ശാന്തമായ സാന്നിധ്യവും ഒപ്പം അദ്ദേഹത്തിന്റെ പ്രവർത്തനരീതിയുടെ ചെറിയ വീഡിയോകളുമാണ് മേജറിനെ ആളുകൾക്കിടയിൽ ഇത്രയും പ്രിയങ്കരനാക്കിയത്. പല ഔദ്യോഗികപരിപാടികളിലും വിദേശപര്യടനങ്ങളിലുമെല്ലാം മേജർ ഋഷഭ്, രാഷ്ടപതിയെ അനുഗമിച്ചു.
ലിങ്ക്ഡ് ഇൻ പ്രകാരം 2013-ൽ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വിജയിച്ചശേഷമാണ് അദ്ദേഹം സൈന്യത്തിൽ ചേരുന്നത്. 2021-ലെ റിപ്പബ്ലിക് ദിനപരേഡിൽ ജാട്ട് റജിമെന്റിനെ നയിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന ഋഷഭ് ആയിരുന്നു. അത്തവണ ബെസ്റ്റ് മാർച്ചിങ് ട്രോഫിയും ജാട്ട് റജിമെന്റ് കരസ്ഥമാക്കി. അദ്ദേഹത്തിന് തൊഴിൽപരമായ അംഗീകാരം നേടിക്കൊടുത്തു ഇത്. തുടർന്ന് അദ്ദേഹം എലൈറ്റ് 4 പാരാ സ്പെഷൽ ഫോഴ്സസിൽ സേവനമനുഷ്ഠിച്ചു. റിപ്പോർട്ടുകൾ പ്രകാരം അവിടുത്തെ സേവനത്തിനിടയിൽ അദ്ദേഹത്തിന് ബലിദാൻ ബാഡ്ജും കരസ്ഥമാക്കാൻ കഴിഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ കരിയർ മറ്റൊരു രീതിയിലേക്ക് വഴിമാറുന്നത് രാഷ്ട്രപതിയുടെ എഡിസി ആയതോടുകൂടിയാണ്. മാർച്ച് 2023-ലാണ് അദ്ദേഹം ആ പദവിയിലെത്തുന്നത്. വൈകാതെ മേജറുടെ പേരിൽ ഒട്ടേറെ ഫാൻ പേജുകളുമുണ്ടായി. രാഷ്ട്രപതി-എഡിസി എന്നതിലുമപ്പുറം അമ്മ-മകൻ ബന്ധമാണ് അവർക്കിടയിലുള്ളതെന്നുവരെ നെറ്റിസൺസ് നിരീക്ഷിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Major Rishabh Singh Sambyal retires from the Indian Army after 12 years of service. He previously served as the Aide-de-Camp (ADC) to President Droupadi Murmu from March 2023. Reports and social media hints suggest family reasons behind his early retirement.