മുടികൊഴിച്ചില്‍ വഴിത്തിരിവായി; അടിമകളായ അച്ഛനമ്മമാരുടെ മകള്‍ അമേരിക്കയിലെ മില്യണയറായ കഥ

വനിതാ സംരംഭകര്‍ ശക്തരായി ഉയര്‍ന്നുവരുന്ന കാലമാണിത്. ജനിക്കുന്ന ചുറ്റുപാടും വളരുന്ന സാഹചര്യവുമൊന്നും സ്വന്തം സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാന്‍ ഒരാള്‍ക്കും തടസ്സമാവില്ലെന്നതിന് നേര്‍ക്കാഴ്ചയാണ് പലരും കൈവരിച്ച നേട്ടങ്ങള്‍. ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ച്, പ്രതിസന്ധികള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി നേരിട്ട് ജയിച്ചുവന്ന, അമേരിക്കയിലെ ആദ്യത്തെ വനിതാ മില്യണയര്‍മാരില്‍ ഒരാളായ മാഡം സി.ജെ. വാക്കറിന്റെ കഥ പ്രചോദിപ്പിക്കുന്നതാണ്. അവരുടെ വ്യവസായജീവിതത്തില്‍ വഴിത്തിരിവായതോ, സ്വന്തം മുടി കൊഴിഞ്ഞതും. അമേരിക്കയില്‍ സ്വന്തംനിലയില്‍ ഉയര്‍ന്നുവന്ന ആദ്യത്തെ വനിതാ മില്യണയര്‍ എന്ന പദവിയും മാഡം വാക്കറിന് സ്വന്തം.
'തെക്കുള്ള പരുത്തിപ്പാടങ്ങളില്‍ നിന്ന് വന്ന സ്ത്രീയാണ് ഞാന്‍. അവിടെ നിന്ന് എനിക്ക് വാഷ് ടബ്ബിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് അടുക്കളയിലേക്കും. അവിടെനിന്ന് മുടിയുല്‍പ്പന്നങ്ങളുടെയും മുടിയൊരുക്കുന്നതിന്റെയും വ്യവസായത്തിലേക്ക് ഞാന്‍ എന്നെത്തന്നെ കെല്‍പ്പുള്ളവളാക്കി. എന്റെ മണ്ണില്‍ ഞാന്‍ എന്റെ സ്വന്തം ഫാക്ടറി പണിതു.'-മാഡം സി.ജെ. വാക്കറിന്റെ വാക്കുകളാണിത്.
സാറാ ബ്രീഡ്‌ലവ് എന്നായിരുന്നു സി.ജെ. വാക്കറിന്റെ യഥാര്‍ഥപേര്. ഒരിക്കല്‍ അടിമകളായിരുന്ന ഓവന്‍, മിനെര്‍വ ആന്‍ഡേഴ്‌സണ്‍ ബ്രീഡ്‌ലവ് എന്നിവരുടെ ആറു മക്കളില്‍ ഒരുവളായി 1867-ല്‍ അവര്‍ ജനിച്ചു. ചണപ്പാടങ്ങളിലാണ് ജോലിചെയ്തിരുന്നത്. ആറാം വയസ്സില്‍ തന്നെ സാറ അനാഥയാക്കപ്പെട്ടിരുന്നു. മേഖലയില്‍ മഞ്ഞപ്പനി പടര്‍ന്നുപിടിക്കുകയും ചണക്കൃഷി നശിക്കുകയും ചെയ്തതോടെ സാറ ദൂരെയുള്ള സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന സഹോദരി തനിക്കാശ്രയമാവുമെന്ന് കുരുന്നുപ്രായത്തില്‍ സാറ പ്രതീക്ഷിച്ചിരിക്കാം. ദാരിദ്ര്യത്തില്‍ മുങ്ങിയ കാലം, ആറാം വയസ്സുതൊട്ട് വീട്ടുവേലകള്‍ ചെയ്ത് കഠിനാധ്വാനം തുടങ്ങി. പഠിക്കാനുള്ള ആഗ്രഹം അതിയായി ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം വിരളമായിരുന്നു.
14-ാം വയസ്സില്‍ വിവാഹം
സഹോദരീഭര്‍ത്താവിൽ നിന്ന് ക്രൂരതകളാണ് സാറയ്ക്ക് കുഞ്ഞുപ്രായത്തിൽ ഏൽക്കേണ്ടിവന്നത്. അയാളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാന്‍ സാറ കണ്ടുപിടിച്ച വഴിയായിരുന്നു വിവാഹം. 14-ാം വയസ്സില്‍ മോസസ് മക് വില്യംസ് എന്നയാളെ വിവാഹം ചെയ്തു. 18-ാം വയസ്സില്‍ കുഞ്ഞുപിറന്നു. 1887-ല്‍ ഭര്‍ത്താവ് മരിച്ചതോടെ രണ്ടുവയസ്സുകാരി മകളുടെ സംരക്ഷണം അവളുടെ മാത്രം ഉത്തരവാദിത്തമായി. ദാരിദ്ര്യത്തില്‍ നിന്ന് ഏതുവിധേനയും പുറത്തുകടക്കണമെന്നുള്ളതിനാല്‍ പുതിയ ജോലിയന്വേഷിച്ച് മിസ്സൗറിയിലേക്ക് പുറപ്പെട്ടു. അവിടെ നാലു സഹോദരന്‍മാര്‍ ബാര്‍ബര്‍മാരായി ജോലിചെയ്യുന്നുണ്ടായിരുന്നു. അലക്കുകാരിയായും പാചകക്കാരിയായും നീണ്ട 18 വര്‍ഷത്തോളം അവള്‍ ജോലി ചെയ്തു.
ആയിടെ, ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ചേര്‍ന്നന്നത് സാറയ്ക്ക് പുതുമയുള്ള അനുഭവമായിരുന്നു. കറുത്തവര്‍ഗ്ഗക്കാരായ പല പ്രമുഖരെയും അവിടെവെച്ച് അവര്‍ പരിചയപ്പെട്ടു, അവരുടെ വിദ്യാഭ്യാസവും വിജയവുമെല്ലാം സാറ പ്രതീക്ഷയോടെ നോക്കിനിന്നിട്ടുണ്ട്. മകളുടെ പഠനത്തിന് പ്രത്യേകശ്രദ്ധ നല്‍കി, തനിക്കു കിട്ടാതെ പോയ വിദ്യാഭ്യാസം മകള്‍ക്ക് ഉറപ്പാക്കിയതില്‍ അഭിമാനമായിരുന്നു സാറയ്ക്ക്. 1894-ല്‍ അവള്‍ ജോണ്‍ ഡേവിസ് എന്നയാളെ വിവാഹം കഴിച്ചെങ്കിലും വൈകാതെ വിവാഹമോചനം നേടി.
വീടുകള്‍ തോറും കയറിയിറങ്ങി മരുന്നുവിറ്റു
സാറ 30-കളിൽ എത്തിനില്‍ക്കുന്ന സമയം. സാമ്പത്തികപ്രശ്‌നങ്ങളും വര്‍ഷങ്ങളോളമുള്ള ശാരീരിക അധ്വാനവും സമ്മര്‍ദ്ദവും കാരണമാവാം, അവര്‍ക്ക് കലശലായ മുടികൊഴിച്ചിലുണ്ടായി. പല വഴികള്‍ പരീക്ഷിച്ച് മുടികൊഴിച്ചില്‍ മാറാനുള്ള ഒരു ഫോർമുല സാറ തന്നെ കണ്ടുപിടിച്ചുവത്രേ. സുഹൃത്തുക്കളും കുടുംബക്കാരും സാറയുടെ മുടി പഴയപടിയായതിന്റെ രഹസ്യം ചോദിച്ചു, അതുപോലെ കുറച്ചു മരുന്ന് തങ്ങള്‍ക്കും ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടില്‍ മരുന്നുണ്ടാക്കി സാറ പരിചയമുള്ളവര്‍ക്കിടയില്‍ വില്‍പന നടത്തി. പിന്നീട് അടുത്ത പടിയിലേക്ക്. കറുത്ത വര്‍ഗ്ഗക്കാരികളായ സ്ത്രീകളുടെ വീടുകള്‍ തോറും കയറിയിറങ്ങി കേശസംരക്ഷണ ഉത്പന്നങ്ങളുടെ വില്‍പന തുടങ്ങി. അവര്‍ ഒരു സെയില്‍സ് ഏജന്റ് ഗ്രൂപ്പിന്റെ ഭാഗവുമായിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം സാറയും മകളും കൊളറാഡോയിലെ ഡെന്‍വറിലേക്ക് താമസം മാറ്റി, ന്യൂസ്‌പേപ്പര്‍ ബോയും പരസ്യക്കാരനുമായ ചാള്‍സ് ജോസഫ് വാക്കറിനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും അവിടെവെച്ചാണ്. ആ വിവാഹം സാറയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. വിവാഹശേഷം 'മാഡം സി.ജെ. വാക്കര്‍' എന്ന പേര് സാറ സ്വയം സ്വീകരിച്ചു. മരിക്കുംവരെ ആ പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞെങ്കിലും.
സെയില്‍സ് ഏജന്റ് ശൃംഖല
'മാഡം സി.ജെ. വാക്കേഴ്‌സ് വണ്ടര്‍ഫുള്‍ ഹെയര്‍ ഗ്രോവെര്‍' എന്ന പേരിലാണ് ആദ്യത്തെ ഉത്പന്നം അവര്‍ വിപണിയിലിറക്കിയത്. തുടക്കത്തില്‍ ചാള്‍സ് ജോസഫ് വാക്കര്‍, ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതിന് മാഡം വാക്കറിനെ സഹായിച്ചിരുന്നു. ചെറുസംരംഭം വിജയിക്കുകയും ദിവസേന പത്തുഡോളറെങ്കിലും അവര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എങ്കില്‍ ബിസിനസ് വളര്‍ത്തിനോക്കിയാലോ എന്നായി മാഡം വാക്കറിന്. പക്ഷേ ഭര്‍ത്താവിന് അതില്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. അവര്‍ വലിയ ബിസിനസ് സ്വപ്‌നങ്ങള്‍ കാണുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ് ഭര്‍ത്താവ് ചെയ്തത്. എന്നാല്‍ സ്വപ്നത്തെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
ഇതോടെ 1910-ല്‍ ദമ്പതികള്‍ വിവാഹമോചിതരായി. ശേഷം മാഡം വാക്കര്‍ ഇന്ത്യാനപൊളിസിലേക്ക് താമസം മാറ്റുകയും അവിടെ വാക്കര്‍ മാനുഫാക്ചറിങ് കമ്പനിക്ക് വേണ്ടി ഒരു ഫാക്ടറി നിര്‍മ്മിക്കുകയും ചെയ്തു. ആഫ്രിക്കന്‍ വംശജരായ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വക്താവുകൂടിയായിരുന്നു അവര്‍. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു സംഘത്തിന് പരിശീലനം നല്‍കി സെയില്‍സ് ഏജന്റ് ശൃംഖലയ്ക്ക് വൈകാതെ അവര്‍ രൂപംനല്‍കി.
സ്ത്രീകളുടെ പ്രീതി പിടിച്ചുപറ്റിയ സ്‌ട്രെയ്റ്റ്‌നര്‍
ചുരുണ്ട മുടി നിവര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചുള്ള, സ്റ്റൗവില്‍ ചൂടാക്കി ഉപയോഗിക്കുന്ന ഒരു ലോഹ ചീപ്പിനൊപ്പമാണ് മാഡം വാക്കറുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത് എന്ന് പറയപ്പെടുന്നു. മുഖത്തുതേക്കുന്ന ക്രീമും അവര്‍ നിര്‍മ്മിച്ചിരുന്നു. പലപ്പോഴും ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി, കാരണം ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ തങ്ങളുടെ മുടി നിവര്‍ത്തുന്നതിനുപകരം സ്വാഭാവികരീതിയില്‍ അവയെ പരിപാലിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ വാക്കറുടെ ഉത്പന്നങ്ങളുടെ ജനപ്രീതി കെടുത്താന്‍ ഇതിനൊന്നുമായില്ല. തങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ ആഫ്രിക്കന്‍ സ്ത്രീകള്‍ ആസ്വദിച്ചു. മാഡം വാക്കറുടെ ബിസിനസ് വലുതായി. ഏജന്റുമാര്‍ വീടുതോറും ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്തുകൊണ്ടിരുന്നു (മാഡം വാക്കർ സ്ട്രെയ്റ്റ്നർ വില്പന നടത്തിയിരുന്നില്ലെന്ന് പിൽക്കാലത്ത് അവരുടെ പിൻമുറക്കാർ അവകാശപ്പെട്ടിരുന്നു).
കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രൊഫഷണലുകളെ അവര്‍ തന്റെ കമ്പനിയിലേക്ക് ക്ഷണിച്ചു, അവരുടെകൂടി ആശയങ്ങള്‍ ഉള്‍പ്പെടുത്തി വ്യവസായം വിപുലീകരിച്ചു. യുഎസ്, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളില്‍ പലയിടത്തും സഞ്ചരിച്ച് തന്റെ ഉത്പന്നങ്ങള്‍ക്ക് അവര്‍ പ്രചാരം വര്‍ധിപ്പിക്കുകയും കമ്പനിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയുമുണ്ടായി. കമ്പനിക്ക് 3000-ത്തോളം ഏജന്റുമാരുണ്ടായിരുന്നെന്നാണ് ഏകദേശകണക്ക്. 1917-ല്‍ നാഷണല്‍ നീഗ്രോ കോസ്മെറ്റിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷനും സ്ഥാപിച്ചു. ആഫ്രിക്കന്‍ വംശജരുടെ ഉന്നമനത്തിനായി വലിയ തുകയാണ് മാഡം വാക്കർ മാറ്റിവെച്ചത്.
മില്യണയര്‍
ബിസിനസ് സാമ്രാജ്യം വളര്‍ന്നതോടെ അമേരിക്കയിലെ സ്വയം ഉയര്‍ന്നുവന്ന ആദ്യത്തെ വനിതാമില്യണയറായി മാഡം വാക്കര്‍ മാറി. ചുരുക്കം വനിതകള്‍ മാത്രമേ അന്ന് അമേരിക്കയില്‍ മില്യണയര്‍ പദവി അലങ്കരിച്ചിരുന്നുള്ളൂ. ന്യൂയോര്‍ക്കിലെ ഇര്‍വിങ്ടണില്‍ 'വില്ല ലെവാരോ' എന്നുപേരുള്ള മാളികയും ഹാര്‍ലെം, ചിക്കാഗോ, പിറ്റ്‌സ്ബര്‍ഗ്, സെന്റ് ലൂയിസ് എന്നിവിടങ്ങളിലെ ആഡംബര വസതികളുമടക്കം അവർ സ്വന്തമാക്കി. മാഡം വാക്കറും മകളും ധാരാളിത്തത്തോടെ തന്നെ ജീവിച്ചു. സമ്പത്ത് വര്‍ധിച്ചപ്പോള്‍, ജീവകാരുണ്യ, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ കൂടുതല്‍ പണം ചെലവിടാനും മറന്നില്ല. ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ പഠനം, ആഫ്രിക്കന്‍ വംശജരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കിരയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു.
51-ാം വയസ്സില്‍ മരണം
ഹൈപ്പര്‍ ടെന്‍ഷനും വൃക്കസംബന്ധമായ രോഗവും മൂലം മാഡം വാക്കര്‍ 51-ാം വയസ്സില്‍ മരിച്ചു. വിശ്രമമില്ലാത്ത ഓട്ടം നിര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അവരത്ര കാര്യമാക്കിയിരുന്നില്ലത്രേ. ഒടുവില്‍ 1919-ല്‍ മാഡം വാക്കർ വിടവാങ്ങി. മകള്‍ അലീലിയ വാക്കര്‍ പിന്നീട് സ്ഥാപനങ്ങളുടെ ചുമതലയേറ്റെടുത്തു.
കടപ്പാട്: madamcjwalker.com, www.womenshistory.org
Content Highlights: madam cj walker first female self-made millionaire in america entrepreneur and philanthropist