തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ഹോം, ഹാപ്പി ഹോം സ്‌റ്റേ; മിണ്ടാപ്രാണികള്‍ക്ക് അഭയമായി പ്രീതിയും പോസും

#സൂരജ് സുകുമാരന്‍
പ്രീതി ശ്രീവത്സന്‍ ഷെല്‍ട്ടര്‍ഹോമില്‍ നായകള്‍ക്കൊപ്പം
പ്രീതി ശ്രീവത്സന്‍ ഷെല്‍ട്ടര്‍ഹോമില്‍ നായകള്‍ക്കൊപ്പം

തൃശ്ശൂര്‍ നഗരത്തില്‍ മിണ്ടാപ്രാണികള്‍ എന്തെങ്കിലും ആപത്തില്‍ പെട്ടാല്‍ ആദ്യ വിളിയെത്തുക പ്രീതി ശ്രീവത്സന്റെ ഫോണിലേക്കാണ്. തൃശ്ശൂരിന്റെ തെരുവുകളില്‍ ഒറ്റയ്ക്കായതും ഉപേക്ഷിക്കപ്പെട്ടതും അപകടത്തില്‍പ്പെട്ടതുമായ നായ്ക്കള്‍ക്ക് പ്രതീക്ഷയുടെ തണലാവുകയാണ് പോസ് ( പിപ്പീള്‍ ഫോര്‍ ആനിമല്‍ വെല്‍ഫയര്‍ സര്‍വീസസ് ) എന്ന സംഘടനയും സ്ഥാപകയായ പ്രീതി ശ്രീവത്സനും. പതിനൊന്നുവര്‍ഷമായി സ്നേഹത്തിന്റെ പുതുഭാഷപറഞ്ഞാണ് പ്രീതി ശ്രീവത്സന്‍ അനാഥരായ ഒരുകൂട്ടം മിണ്ടാപ്രാണികളെ ജീവിതത്തിലേക്ക് തിരികെനടത്തിയത്. കൊളങ്ങാട്ടുക്കരയിലെ പോസ് ഷെല്‍ട്ടര്‍ ഹോമില്‍ സംരക്ഷിക്കപ്പെടുന്നത് 120 ഓളം തെരുവുനായ്ക്കളും ഒപ്പം മറ്റ് മൃഗങ്ങളുമാണ്. ചെറുപ്പം മുതല്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുടെ കൂട്ടുകാരിയായ പ്രീതി തൃശ്ശൂരിലെ ഡോക്ടറായ ശ്രീവത്സന്റെയും ഉഷ ശ്രീവത്സന്റെയും മകളാണ്. കേരളത്തില്‍ വീണ്ടും തെരുവുനായ പ്രശ്‌നം ചര്‍ച്ചയാകുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും തെരുവുനായ പ്രശ്‌നത്തെ കുറിച്ചുമെല്ലാം പ്രീതി തുറന്നു സംസാരിക്കുന്നു. 

മൃഗ സ്‌നേഹിയാകുന്നത് സാധാരണയാണ്, എന്നാല്‍ അവയ്ക്കായി ജീവിതം മാറ്റിവയ്ക്കുക വ്യത്യസ്തമായ തീരുമാനമാണ്, എങ്ങനെ ഇങ്ങനെയൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നത്...? 

വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണയില്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരികെ വരുമ്പോഴുണ്ടായ ഹൃദയഭേദകമായ അനുഭവമാണ് എന്നില്‍ മൃഗങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.  ക്ഷേത്രത്തില്‍ നിന്ന് കാറില്‍ തിരികെ വരുന്ന വഴിയില്‍ ഒരു വണ്ടി ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തു. അതില്‍ നിറയെ അറവിന് കൊണ്ടുപോകുന്ന പന്നികളെ കുത്തിനിറച്ചിരിക്കുകയായിരുന്നു. അതിവേഗം ആ വണ്ടി ഞങ്ങളുടെ കാഴ്ചയില്‍ നിന്നകന്നുപോയി. കുറച്ച് ദൂരം ഞങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ റോഡില്‍ ഒരു പന്നിക്കുട്ടി രക്തത്തില്‍ കുളിച്ചുകിടക്കുകയാണ്.  വണ്ടിയില്‍ നിന്ന്‌ ഡ്രൈവര്‍ അറിയാതെ തെറിച്ചുവീണതാണ്. ഏത് നിമിഷവും മരിക്കാം എന്നതായിരുന്നു അവസ്ഥ. കുറച്ച് ആള്‍ക്കാര്‍ ചുറ്റുംകൂടിയിട്ടുണ്ട്. വീട്ടില്‍ കൊണ്ടുപോയി ഭക്ഷണമാക്കാം എന്ന  ഉദ്ദേശ്യത്തോടെ പലരും താന്‍ കൊണ്ടുപോയ്ക്കൊള്ളാം എന്ന് പറഞ്ഞു. നിമിഷങ്ങള്‍ക്കകം വീണുപോയതിനെ തിരിച്ചെടുക്കാന്‍ പന്നികളുമായി പോയ വണ്ടി തിരികെ വന്നു. പന്നികളുടെ മുരളലും രക്തത്തില്‍ കുളിച്ചുകിടന്ന പന്നിയും. നിസ്സഹായായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

ആയൊരു നിമിഷത്തിന്റെ ഓര്‍മ എന്നെ പിന്നീടുള്ള ദിവസങ്ങളില്‍ അലട്ടികൊണ്ടിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു. പിന്നീട് സമാനമായ പല അനുഭവങ്ങളുണ്ടായി. പല സ്ഥലത്തുനിന്നും ഞാന്‍ മൃഗങ്ങളെ ആശുപത്രിയിലെത്തിച്ചു. എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട അമ്മ ഒരുദിവസം പറഞ്ഞു 'മോളേ, ഇതേ ചിന്താഗതിയുള്ള കുറേപേര്‍ ഈ നഗരത്തിലുണ്ട്. അവരെ കൂടെ ചേര്‍ത്ത് ഒരു സംഘടന ഉണ്ടാക്കൂ. അങ്ങനെ 2012 ജൂണില്‍ പോസ് എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു. പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. മൂന്നുവര്‍ഷത്തിന് ശേഷം ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു.  

തെരുവുനായ്ക്കളുടെ സംരക്ഷണമാണ്, പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലേ...? 

തെരുവുനായ്ക്കളുടെ സംരക്ഷണമായത് കൊണ്ട് തന്നെ ഒരുപാട് കടമ്പകള്‍ കടന്നുവന്ന വഴികളില്‍ പോസിന് മറികടക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനം കേരളത്തില്‍ തെരുവുനായ്ക്കള്‍ക്കെതിരെ ഒരുഘട്ടത്തിലും ഉണ്ടാകുന്ന വന്‍ പ്രതിഷേധങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ പലയിടത്തും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ വന്‍തോതില്‍ നായ്ക്കളെ കൊല്ലുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ നിയമവിരുദ്ധമായി ക്രൂരമായ രീതിയിലാണ് ഭൂരിഭാഗം ഇടങ്ങളിലും നായ്ക്കളെ കൊന്നൊടുക്കുന്നത്.

ഇതിനെതിരെ ഞങ്ങള്‍ പ്രതികരിച്ചപ്പോള്‍ പലരും എതിര്‍ത്തു. ചിലര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചു. കൊച്ചമ്മമാര്‍ എ.സി കാറില്‍ നിന്ന് പുറത്തിറങ്ങി നടക്കൂ എന്നിട്ട് നായ സംരക്ഷണത്തെ കുറിച്ച് പറയൂ എന്നൊക്കെയാണ് പറഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പേപ്പട്ടിയുടെ കടി ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് അവര്‍ മനസിലാക്കുന്നില്ല. മനുഷ്യരെ പോലെ തന്നെ മൃഗങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന തിരിച്ചറിവുള്ളത് കൊണ്ടാണ് ഞങ്ങള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്. എല്ലാവരും മൃഗങ്ങളെ സ്നേഹിക്കണമെന്ന് പറയുന്നില്ല എന്നാല്‍ അവരെ ഉപദ്രവിക്കാതിരിക്കുക.  

ഷെല്‍ട്ടര്‍ഹോം, ഫോസ്റ്റര്‍ ഹോം, ഹോസ്റ്റല്‍ അങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളുണ്ട്, ഇതെല്ലാം എങ്ങനെയാണ് രൂപപ്പെടുത്തിയത്..? 

തൃശ്ശൂരിന്റെ തെരുവുകളിലെ മിണ്ടാപ്രാണികള്‍ക്ക് കരുണയുടെ കൈകളായി പോസ് മാറിയത് അതിവേഗമാണ്. കാലു നഷ്ടപ്പെട്ടതും കാഴ്ച നഷ്ടപ്പെട്ടതും തുടങ്ങി വൈകല്യങ്ങള്‍ പറ്റിയ മൃഗങ്ങളെ സംഘടന ഏറ്റെടുത്തു.  രക്ഷിച്ചെടുക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ ഒരു ഇടം വേണം എന്ന ചിന്തയാണ് കൊളങ്ങാട്ടുക്കരയില്‍ ഷെല്‍ട്ടര്‍ ഹോമായി മാറിയത്. ഷെല്‍ട്ടര്‍ ഹോമില്‍ മൃഗങ്ങള്‍ക്ക് വേണ്ട അവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രളയമുണ്ടായാല്‍ പോലും സുരക്ഷിതമായി താമസിക്കാനുള്ള സംവിധാനമുണ്ട്.  ഷെല്‍ട്ടര്‍ ഹോമില്‍ ഇന്ന് 120 നായ്ക്കള്‍, 22 പശുക്കള്‍, കുറച്ച് പൂച്ചകള്‍ എന്നിവയാണുള്ളത്.  ഷെല്‍ട്ടറില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായി കുറേയേറെ സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ഓപ്പറേഷന്‍ തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. തെരുവുകളില്‍ നിന്ന് റെസ്‌ക്യൂ ചെയ്യുന്ന നായ്ക്കള്‍ക്ക് വന്ധീകരണം അടക്കമുള്ള കാര്യങ്ങള്‍ ഈ ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ചാണ് ചെയ്യുന്നത്. സുമനസ്സരായ കുറച്ച് മനുഷ്യരുടെ സഹായത്താലാണ് ഷെല്‍ട്ടറില്‍ അത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചത്.


കൂടാതെ ഫോസ്റ്റര്‍ ഹോംസ് എന്നൊരു പദ്ധതി നടപ്പിലാക്കിയിരുന്നു.  വീട്ടിലേക്ക് താല്‍ക്കാലിക സംരക്ഷണത്തിന് മൃഗങ്ങളെ കൈമാറുന്ന രീതിയാണിത്. ഈ കാലയളവിലെ മൃഗങ്ങളുടെ ചികിത്സാചെലവും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തവും പോസ് ഏറ്റെടുത്തു. ചിത്ര ചേച്ചി, മഞ്ജുവാര്യര്‍, ഭാവന, ഉണ്ണിമുകുന്ദന്‍ തുടങ്ങി ഒരുപാട് സെലിബ്രിറ്റികള്‍ 'ഒരല്‍പം ദയ ഒരുജീവന് അഭയം' എന്ന ആ ഓണ്‍ലൈന്‍ ക്യാമ്പയിന് പിന്തുണ അറിയിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്ക്ക് സാമ്പത്തികം ആവശ്യമായി. അതിനുവേണ്ടി ഇപ്പോള്‍ ഞങ്ങളൊരു ഹോസ്റ്റല്‍ സംവിധാനം പോലെ ബോര്‍ഡിങ് ഫെസിലിറ്റി ആരംഭിച്ചിട്ടുണ്ട്.

വീട്ടില്‍ നിന്ന് കുറച്ച് ദിവസങ്ങളിലേക്കും ആഴ്ചകളിലേക്കുമൊക്കെ മാറിനില്‍ക്കുന്നവര്‍ക്ക് വളര്‍ത്തുനായയെ ഏല്‍പ്പിക്കാന്‍ സുരക്ഷിതമായൊരിടമാണ് ഞങ്ങള്‍ നല്‍കുന്നത്. പോസ് ഹാപ്പി ഹോം സ്റ്റേ എന്നാണ് ആ സംവിധാനത്തിന്റെ പേര്. ഇതിനോടകം ഒരുപാട് പേര്‍ ആ സൗകര്യം ഉപയോഗപ്പെടുത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആറുമാസം, മൂന്നുമാസം, ഒരുമാസം എന്നിങ്ങനെ ഓരോ ആള്‍ക്കാര്‍ക്കും ഓരോ കാലയളവിലേക്കാണ് ഹോം സ്റ്റേയില്‍ വളര്‍ത്തുനായകള്‍ക്കായി അഡ്മിഷനെടുക്കുന്നത്. ഉടമസ്ഥര്‍ക്ക് ഞങ്ങളുടെ ബോര്‍ഡിങ് കേന്ദ്രം കണ്ട് വിലയിരുത്താനുള്ള അവസരം ആദ്യം നല്‍കും. ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം അഡ്മിഷനെടുത്താല്‍ മതി.

നായയെ ഏല്‍പിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ ഓരോ ദിവസവും ഫോട്ടോയും വീഡിയോയുമടക്കം കൃത്യമായ അപ്ഡേറ്റ് അവര്‍ക്ക് കൈമാറും. മികച്ച ഭക്ഷണവും പരിപാലനവുമടക്കമുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ ഹോം സ്റ്റേയില്‍ നല്‍കുന്നത്. 120 ലധികം വളര്‍ത്തുനായകള്‍ ചുരുങ്ങിയ കാലയളവില്‍ അഡ്മിഷനെടുത്ത് താമസിച്ച് തിരിച്ചുപോയി.
ഒപ്പം കുട്ടികള്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, വാക്സിനേഷന്‍ ക്യാമ്പുകള്‍, ദത്തെടുക്കല്‍ ക്യാമ്പുകള്‍ എന്നിവയ്ക്കും സംഘടന നേതൃത്വ നല്‍കുന്നു. 45 ലധികം വാളന്റിയേഴ്സ് ഇന്ന് സംഘടനയ്ക്കുണ്ട്. അവരെല്ലാം മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയ പരിശീലനം നേടിയവരാണ്. അവരാണ് ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം നട്ടെല്ല്. '

വളര്‍ത്തുനായ്ക്കളെ പലരും രോഗം വരുമ്പോള്‍ തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളയാറുണ്ട്, നായ്ക്കളെ മേടിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം...? 

നായയെ വീട്ടില്‍ വളര്‍ത്താന്‍ ആലോചിക്കുന്നവര്‍ അതിനെ കുറിച്ച് കൃത്യമായി പഠിക്കണം. അതിന്റെ പരിപാലനം, ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ സാമ്പത്തിക ചെലവ് വരും. അതിനാവശ്യമായ സാമ്പത്തികം നമ്മുടെ കൈയിലുണ്ടോ എന്ന് ആലോചിക്കണം. വെറുതെ ഒരുകൗതുകത്തിന് ഒരിക്കലും ഒരുവളര്‍ത്തുമൃഗത്തെ വാങ്ങരുത്. അത്തരം ഒരുപാട് കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലരും കുട്ടികള്‍ നായക്കുട്ടിയെ വാങ്ങണം എന്ന്‌ പറയുമ്പോള്‍ അവര്‍ പറയുന്ന ബ്രീഡിനെ മേടിച്ചുകൊടുക്കും. എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് എല്ലാത്തരം ബ്രീഡുകള്‍ക്കും നമ്മുടെ കാലാവസ്ഥയില്‍ ജീവിക്കാനാകില്ല. ഓരോന്നിനും അതിന്റേതായ സ്വഭാവവും പരിപാലന രീതിയും സൗകര്യങ്ങളുമൊക്കെ ആവശ്യമുണ്ട്. പലരും ഇതൊന്നും മുന്‍കുട്ടി മനസ്സിലാക്കുന്നില്ല. ഇതൊന്നും മനസ്സിലാക്കാതെ നായ്ക്കളെ മേടിച്ച് അവയ്ക്ക് അസുഖം വരുമ്പോള്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന കുറേയേരെ വിരുതന്മാര്‍ കേരളത്തിലുണ്ട്. അത്തരം ക്രൂരതകള്‍ നമ്മള്‍ വിചാരിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കും.

സര്‍ക്കാര്‍ വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വളര്‍ത്തുന്നതിനുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ കുറേ ക്രൂരതകള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും അത്തരം കാര്യങ്ങളില്‍ നല്‍കാന്‍ തയ്യാറാണ്.
ഒരുപാട് മൃഗങ്ങളെ ഓരോ മാസവും ഞങ്ങള്‍ റെസ്‌ക്യൂ ചെയ്യുന്നുണ്ട്. ഒരുമാസം നൂറുകേസുകള്‍ എന്തായാലും ഉണ്ടാകും. റെസ്‌ക്യൂ ഒരിക്കലും സ്വകാര്യ എന്‍.ജി.ഒ ചെയ്യേണ്ട കാര്യമല്ല, അതിന് സര്‍ക്കാര്‍ സംവിധാനമുണ്ട്. അത് വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഞങ്ങളുടെ മുന്നിലേക്ക് ഇത്രയും കേസുകള്‍ വരുന്നത്.

തെരുവുനായ പ്രശ്‌നം വീണ്ടും ചര്‍ച്ചയാവുകയാണ്, ഇതിനൊരു ശാശ്വത പരിഹാരമുണ്ടോ...? 

എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇടയ്ക്കിടെ ഇത്രയേറെ തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാടിന്റെ കാര്യമെടുക്കുക. അവിടെ ഇത്തരമൊരു പ്രശ്നമില്ല. കര്‍ണാടകയില്ല.  അതിന് കാരണം അവിടെയെല്ലാം മനുഷ്യരും സര്‍ക്കാര്‍ സംവിധാനങ്ങളും സൗഹൃദപരമായാണ് നായയോട് ഇടപെടുന്നത്. അവര്‍ ഒരിക്കലും നായകളെ കണ്ടാല്‍ കല്ലെറിഞ്ഞോ വടിയെടുത്തോ ഓടിക്കാറില്ല. മറിച്ച് അവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കുന്നു. അതിനാല്‍ അവിടത്തെ നായ്ക്കള്‍ ആള്‍ക്കാരെ ഉപദ്രവിക്കുന്നില്ല. എളുപ്പത്തില്‍ വന്ധീകരണയഞ്ജമടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്ക് നടത്താനാകുന്നു.

എന്നാല്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ തെരുവുനായ്ക്കള്‍ക്ക് ഭൂരിഭാഗത്തിന് മനുഷ്യരെ പേടിയാണ്. എവിടെയെങ്കിലും ഒരുതെരുവുനായ ആക്രമണമുണ്ടായാല്‍ അതിനെ പര്‍വതീകരിച്ച് എല്ലാ നായ്ക്കളും പ്രശ്നക്കാരാണ് എന്നൊരു പൊതുബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തെരുവുനായകള്‍ക്ക് ആരും ഭക്ഷണം കൊടുക്കാന്‍ തയ്യാറാകുന്നില്ല. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് പലപ്പോഴും അവ ഉപദ്രവകാരിയാകുന്നത്. അതുപോലെ നായ്ക്കള്‍ക്ക് നിങ്ങളെ സെന്‍സ് ചെയ്യാനുള്ള കഴിവുണ്ട്. നിങ്ങള്‍ വീക്കാണോ സ്ട്രോങ്ങാണോ എന്ന് അതിന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. വീക്കാണെന്ന് തോന്നുന്നവരെ അവര്‍ ഭയപ്പെടുത്താന്‍ നോക്കും.

സ്‌കൂളുകളില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ നമുക്ക് നാളെയെങ്കിലും ഈയൊരു പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. നായ്ക്കളോട് പെരുമാറുന്നതെങ്ങനെയെന്നും, എങ്ങനെ അവറ്റകളെ കൈകാര്യം ചെയ്യണമെന്നും കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണം. അങ്ങനെ പരിശീലനം കിട്ടിയ ഒരാളെ നായ്ക്കള്‍ ഉപദ്രവിക്കാനുള്ള സാധ്യത തുലോം കുറവാണ്.
പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികളുണ്ടാക്കി തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ ഈ വലിയൊരു പ്രശ്നത്തെ ഒരുപരിധി വരെ മറികടക്കാന്‍ നമുക്ക് സാധിക്കും. അതോടെ  വന്ധീകരണ പ്രക്രിയയും കുറച്ചുകൂടി വേഗത്തില്‍ നടത്താനാകും. എ.ബി.സി പ്രോഗ്രാം നടത്തുമ്പോള്‍ അതിനൊരു മോണിറ്ററിങ് കമ്മിറ്റി വേണമെന്ന് നിയമം പറയുന്നുണ്ട്. അത്തരമൊരു കമ്മിറ്റി മോണിറ്റര്‍ ചെയ്യുന്നില്ല എന്നതാണ് കേരളത്തിലെ വന്ധീകരണം ഇത്ര ഫലപ്രഥമാക്കാതെ പോകാനുള്ള കാരണം. അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ വന്ധീകരണം നടക്കുന്നത്.

തെരുവുനായ്ക്കള്‍വേണ്ടി സംസാരിക്കുന്നവരെ ശത്രുവായാണ് പലരും കാണുന്നത്, ഇത്തരം രീതികള്‍ മാറേണ്ടതല്ലേ...? 

തെരുവുനായ്ക്കള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമൊക്കെ വേണ്ടി സംസാരിക്കുന്നവരെ സൈബര്‍ ആക്രമണമടക്കമുള്ളവ നടത്തി ഇല്ലാതാക്കാനാണ് ഇപ്പോള്‍ പലരും ശ്രമിക്കുന്നത്. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതിന് ഭീഷണി നേരിടേണ്ടി വന്നിട്ടുള്ള നിരവധി കേസുകള്‍ എന്റെ അറിവിലുണ്ട്. മൃഗങ്ങള്‍ക്ക്  വേണ്ടി ശബ്ദിക്കുന്നവരെ പോലീസ് അടക്കമുള്ള സംവിധാനത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. അതിനാല്‍ മൃഗ സ്നേഹികളായ പലരും ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ്. പല സ്ഥലത്തും പരസ്യമായി വിഷംകൊടുത്തും അടിച്ചുമൊക്കെ തെരുവുനായ്ക്കളെ കൊല്ലുകയാണ്. ആരും അതിനെതിരെ ശബ്ദിക്കുന്നില്ല.  നായ്ക്കള്‍ക്ക് വോട്ട് ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയക്കാരും അവരെ ശത്രുപക്ഷമായി നിര്‍ത്തിയിരിക്കുകയാണ്. ഒരുപക്ഷേ തെരുവുനായ്ക്കള്‍ക്ക് വോട്ട് ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നേനെ.


പലയിടത്തുനിന്നും കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌.  'ഈ തെരുവുപട്ടികളെ സഹായിക്കുന്നതിന് പകരം പാവപ്പെട്ട മനുഷ്യരെ സഹായിച്ചുകൂടെ' എന്ന് ചോദിച്ചവരുണ്ട്. പക്ഷേ അങ്ങനെ ചോദിക്കുന്നവര്‍ മനുഷ്യരെയും മൃഗങ്ങളെയും ഒന്നും സഹായിക്കാറില്ലെന്നതാണ് സത്യം. ഞാന്‍ ജീവിക്കുന്നത് എന്റെ ജീവിതമാണ്. അങ്ങനെ എല്ലാവരും ഏതെങ്കിലും രീതിയിലുള്ള സോഷ്യല്‍ സര്‍വീസ് ചെയ്യാനായി മുന്നോട്ട് വന്നാല്‍ ഈ ലോകം എത്രമാത്രം സുന്ദരമായേനേ...
  
ബയോടെക്നോളിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രീതി തനിക്ക് കിട്ടാമായിരുന്ന ഒരുപാട് സൗഭാഗ്യങ്ങളെ ഉപേക്ഷിച്ചാണ് അനാഥരായ മൃഗങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചത്. പ്രീതി അതില്‍ സന്തോഷവതിയാണ് മറ്റാരെക്കാളും. ആ നല്ല മനസ്സിനോട് യാത്ര പറഞ്ഞ് ഷെല്‍ട്ടര്‍ ഹോമിന്റെ മതിലുകള്‍ കടന്നു. അപ്പോഴാണ് ഷെല്‍ട്ടര്‍ ഹോമിന്റെ ഗേറ്റിന് അരികിലെ ബോര്‍ഡിലെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത്, ''നായ്ക്കളുണ്ട് സ്നേഹിക്കുക''..

Content Highlights: Lifestory Of Dog lover preethi sreevalsan who is founder of Paws an Animal lovers Forum