ശ്രീലങ്കന്‍ അരക്ഷിതാവസ്ഥയില്‍ പാലായനം; ഒടുവില്‍ ജയില്‍വാസം

അനവധി ജീവിതങ്ങള്‍ക്കു നടുവില്‍ കുറച്ചു ശ്രീലങ്കന്‍ കുടിയേറ്റക്കാരുണ്ടെന്ന് കേട്ടിട്ടാണ് ഗാന്ധിഭവന്റെ മണ്ണിലേക്ക് എത്തുന്നത്. എന്നാല്‍ നൊമ്പപ്പെടുത്തുന്ന കുറേ അനുഭവങ്ങളാണ് അവര്‍ എനിക്കു മുന്നില്‍ തുറന്നുവെച്ചത്. ചുറ്റും കാണുന്ന ലോകം താന്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കാള്‍ നല്ലതാണെന്ന ചിന്ത ഏതൊരു മനുഷ്യനുമുണ്ടാവാറുണ്ട്. അത്തരം പ്രതീക്ഷയുടെ തുരുത്തുതേടിയിറങ്ങിയ ഒരുപിടി മനുഷ്യര്‍. പാലായനങ്ങളും കുടിയേറ്റവും പുതുലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നു കിട്ടുമെന്ന പ്രത്യാശയില്‍ ഉള്ളതെല്ലാം വിറ്റുപറക്കി പുതുജീവിതം സ്വപ്‌നം കണ്ടു. ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയിലും സാമ്പത്തിക പ്രതിസന്ധിലും മനംമടുത്ത് നല്ല ജീവിതം സ്വപ്‌നം കണ്ടിറങ്ങി ചതിക്കപ്പെട്ട കുടുംബങ്ങളെയാണ് അവിടെ കണ്ടുമുട്ടിയത്. ട്രാവല്‍ ഏജന്റിന്റെ ചതിക്കുഴിയില്‍പ്പെട്ട് അറിയാത്ത നാട്ടില്‍ വന്ന് അവിടുത്തെ നിയമത്തിന്റെ അലിവിനായി കാത്തിരിക്കുകയാണവര്‍.
കിടപ്പാടം വിറ്റുകിട്ടിയ പണമാണ് ഏജന്‍സി തട്ടിയെടുത്തത്
മൂന്നുകുട്ടികള്‍ അടക്കം 32 പേരുള്‍പ്പെടെന്നു സംഘമായാണ് ഇവര്‍ യാത്ര തുടങ്ങിയത്. യാത്രയ്ക്കിടെ അധികൃതരുടെ പിടിയിലകപ്പെട്ട സംഘത്തിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ഗാന്ധിഭവന്‍ അഭയസ്ഥാനമായി. അക്കൂട്ടത്തില്‍ ശാരണ്യയുടെ
ഭര്‍ത്താവ് ജസീന്തന്റെ സഹോദരന്‍ ഡിലക്ഷനും അയാളുടെ കുടുംബവും ഉണ്ട്. സത്യപ്രിയയും ജയശീലനും അവരുടെ മക്കളും . കാനഡയിലേക്ക് കൊണ്ടുപോകാം എന്നതായിരുന്നു ട്രാവല്‍ ഏജന്‍സി ഇവര്‍ക്ക് നല്‍കിയ വാഗ്ദാനം. കിടപ്പാടം വിറ്റുകിട്ടിയ പണമാണ് ഏജന്‍സി ഇവരില്‍നിന്ന് തട്ടിയെടുത്തത്. ഏകദേശം 33 ലക്ഷം രൂപ. സെപ്റ്റംബറില്‍ കേരളത്തിലെത്തി അവിടെനിന്ന് കടല്‍ മാര്‍ഗം കാനഡയിലേക്കെത്തിക്കാം എന്ന ഏജന്‍സിയുടെ വാക്ക് വിശ്വസിച്ചാണവര്‍ ചെന്നൈയിലെത്തിയത്. ചെന്നൈയില്‍നിന്ന് തീവണ്ടി കയറി കൊല്ലത്തെത്തി. അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെട്ടെന്ന സത്യം അവര്‍ തിരിച്ചറിയുന്നത്.
ഗര്‍ഭകാലത്ത് രണ്ടുമാസത്തോളം ജയിലില്‍
''നാട്ടിലെ സ്ഥിതി മോശമായിരുന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍. രാഷ്ട്രീയ അസ്ഥിരത. ഭക്ഷണം പോലും കിട്ടാതെയായതോടെയാണ് പലായനത്തെപ്പറ്റി ചിന്തിച്ചത്. കാനഡയില്‍ എത്തിക്കാമെന്നു പറഞ്ഞ ഏജന്‍സിക്കാരെ വിശ്വസിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കി അവര്‍ക്ക് കൊടുത്തു. യാത്രയ്ക്കിടെ കൊല്ലത്തുവച്ച് പോലീസിന്റെ പിടിയിലായി. യാത്ര അനധികൃതമാണെന്നും ഏജന്‍സിക്കാര്‍ ചതിച്ചതാണെന്നും അപ്പോഴാണ് മനസ്സിലായത്. ഗര്‍ഭകാലത്ത് രണ്ടുമാസത്തോളം ജയിലില്‍ കിടന്നു. പിന്നെ കോടതിവിധി പ്രകാരം ഗാന്ധിഭവനിലെത്തി. ഇനിയെങ്ങോട്ടെന്നോ എന്താണെന്നോ ഒന്നും അറിയില്ല...'' ശാരണ്യ വിതുമ്പി. അരികില്‍ വന്നിരുന്ന ജസീന്തന്റെ കണ്ണിലുമുണ്ട് ഏതു ദേശത്തെ പൗരനാണ് ഞാനെന്ന ചോദ്യം. വികാശിനിയുടെ അച്ഛനമ്മമാരെപ്പോലെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിറങ്ങലിച്ചുപോയ ഒരുകൂട്ടം ശ്രീലങ്കക്കാരുടെ അഭയസ്ഥാനമാണ് പത്തനാപുരത്തെ ഗാന്ധിഭവന്‍. പുതുലോകത്തേക്ക് വാതിലുകള്‍ തുറന്നുകിട്ടുമെന്ന പ്രത്യാശയില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വപ്‌നം കണ്ടവര്‍. കൈവശമുള്ളതെല്ലാം നഷ്ടപ്പെട്ട് അറിയാത്ത നാട്ടില്‍ അവിടുത്തെ നിയമത്തിന്റെ അലിവിനായി കാത്തിരിക്കുകയാണവര്‍... പത്തനാപുരം ഗാന്ധിഭവനിലെ തണല്‍മരച്ചോട്ടിലിരുന്ന് അവര്‍ പങ്കുവച്ച കഥകള്‍ക്ക് കലാപത്തിന്റെയും പലായനത്തിന്റെയും ചൂരുണ്ട്.
കടല്‍ വഴി അനധികൃതമായി കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ആയുധക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അഞ്ച് കുറ്റങ്ങളാണ് ചുമത്തിയത്. രണ്ടുമാസം ജയിലില്‍. പിന്നീട് മാനുഷിക പരിഗണന നല്‍കി തുടര്‍നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പോലീസ് സംരക്ഷണയില്‍ ഗാന്ധിഭവനിലേക്ക് മാറ്റി.
അഞ്ചുമാസം ഗര്‍ഭിണിയായ തന്റെ ഭാര്യ ശാരണ്യയെയും കൊണ്ട് കാനഡയുടെ മണ്ണിലേക്ക് എത്താനിരുന്ന ജെസീന്തന് പിഴച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ മാതൃത്വത്തിന്റെ നാളുകളില്‍ രണ്ടുമാസം ജയിലറയ്ക്കുളളില്‍. ഒടുവില്‍ കോടതി വിധിപ്രകാരം ഗാന്ധിഭവന്റെ മണ്ണിലേക്ക്. ഗാന്ധിഭവന്റെ തണലില്‍ ശാരണ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. അവളുടെ പേര് വികാശിനി. പ്രത്യാശയുടെ പ്രതീകമായി നാല്പത്തിയേഴു ദിനങ്ങളായി അവരോടൊപ്പം ഇപ്പോള്‍ വികാശിനിയും കാത്തിരിക്കുകയാണ്. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള അച്ഛനമ്മമാരുടെ കാത്തിരിപ്പില്‍ ആ കൈക്കുഞ്ഞും പങ്കാളിയായി. ''എങ്ങനെയെങ്കിലും നാട്ടിലെത്തണം. എന്ത് ജോലി എടുത്തും ജീവിക്കും. മറ്റ് സ്വപ്‌നങ്ങളൊന്നും ഇപ്പോളില്ല...''മലയാളം വശമുള്ള ജെസീന്തന്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞവസാനിപ്പിച്ചു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് കുടുംബങ്ങളെല്ലാം പല അഭയസ്ഥാനങ്ങളിലാണിപ്പോള്‍.
ഓട്ടിസം ബാധിച്ച അഞ്ചുവയസ്സുകാരന്‍ മകന്‍ റോയ്സനെയും കൊണ്ടാണ് ഡിലക്ഷനും കോന്‍സീലയും പുറപ്പെട്ടത്. ഹൈപ്പര്‍ ആക്ടീവായ റോയ്സന്‍ കോന്‍സീലയുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല. കൈകാലിട്ടടിച്ച് അവന്‍ ബഹളംവെച്ചുകൊണ്ടേയിരുന്നു. ആറുവയസ്സിനുള്ളില്‍ തുടര്‍ ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം മൂര്‍ധന്യാവസ്ഥയിലെത്തും. ഒരു വൈദ്യസഹായവും ലഭിക്കാതെ ദിനംപ്രതി കുഞ്ഞിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. തൊഴുകൈയുമായി ആ മാതാപിതാക്കള്‍ സഹായത്തിനായി കേണു. പുറംലോകവുമായി ബന്ധമില്ലാത്ത ജീവിതം കുഞ്ഞിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നുവെന്ന് ഡിലക്ഷന്‍ പറഞ്ഞു.
മക്കളുടെ തുടര്‍പഠനം മുടങ്ങിയ വിഷമത്തിലാണ് ജയശീലനും സത്യപ്രിയയും. മകള്‍ വോജിക ഒന്‍പതാംക്ലാസ് പൂര്‍ത്തിയാക്കി. ഇനിയെങ്ങനെ പഠിക്കും എന്ന ആശങ്ക അവള്‍ പങ്കുവച്ചു. പ്ലസ് വണ്‍ കഴിഞ്ഞ് നില്‍ക്കുന്ന സഹോദരന്‍ തേനുജയപ്രിയനും അതേ വിഷമത്തിലാണ്. വിദ്യാഭ്യാസം തുടരാന്‍ അനുമതി ലഭിച്ചെങ്കിലും തമിഴ് മാത്രമറിയാവുന്ന ഇവര്‍ക്ക് കേരളത്തിലെ സ്‌കൂളില്‍ പഠിക്കാനാവില്ല. ''എത്രയും പെട്ടെന്ന് നാട്ടിലെത്തണം. മക്കളെ തുടര്‍ന്ന് പഠിപ്പിക്കണം. അതാണ് ഏറ്റവും വലിയ ആഗ്രഹം. മക്കളുടെ വിലപ്പെട്ട സമയം ഇരുട്ടറയ്ക്കുള്ളില്‍ പാഴായിപ്പോകുമോ എന്നോര്‍ത്താണ് വിഷമം.'' സത്യപ്രിയയ്ക്ക് കണ്ണീര് തോരുന്നില്ല. തിരികെച്ചെല്ലുമ്പോള്‍ ജന്മദേശത്ത് എന്തെല്ലാം ബാക്കിയുണ്ടാകുമെന്ന് ഇവര്‍ക്കറിയില്ല. എങ്കിലും കാത്തിരിപ്പ് തുടരുന്നു. ജനിച്ച നാട്ടില്‍ വീണ്ടുമൊരു ജീവിതത്തിനായി....
Content Highlights: life story of srilankan refugees in gandhibhavan