ആനക്കുട്ടിയെന്നും ശീമപ്പന്നിയെന്നും വിളിച്ചു, ഇപ്പോഴും തടിയുടെ പേരില്‍ കളിയാക്കുന്നവരുണ്ട്‌..

#അക്ഷര അര്‍ജുന്‍
ഇന്ദുജ പ്രകാശന്‍
ഇന്ദുജ പ്രകാശന്‍

കേരളത്തിലെ ആദ്യ പ്ലസ് സൈസ് മോഡലായ ഇന്ദു പ്രകാശന്‍ കടന്നുവന്നത് കളിയാക്കലുകളുടെയും അവഗണയുടെയും വഴികളിലൂടെയാണ്. ആനയുടെ കുട്ടിയാണോ, ശീമപ്പന്നിയാണോ? അണ്ടാവാണല്ലോ ആ വരുന്നത്, തുടങ്ങിയ കളിയാക്കലുകള്‍ക്ക് മുന്നില്‍ പതറാതെ തന്റെ സ്വപ്‌നനേട്ടത്തിലേക്കവള്‍ നടന്നടുത്തു. സൗന്ദര്യസങ്കല്പങ്ങള്‍ പൊളിച്ചെഴുതണമെന്ന ആഗ്രഹത്തോടെ പ്ലസ് സൈസ് മോഡലിങിലേക്കിറങ്ങി. പ്ലസ് സൈസ് മോഡലുകളെ ബോഡിഷെയിമിങ് ചെയ്യുന്ന ആളുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ഇന്ദുജയുടെ ജീവിതം. ഇന്നവള്‍ കേരളത്തിലെ ആദ്യ പ്ലസ് സൈസ് ഫാഷന്‍ ഷോയിലെ വിജയി ആണ്. മോഡലും നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. അമിതവണ്ണം മൂലം വീട്ടില്‍ നിന്ന് ഇറങ്ങാനോ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനോ കഴിയാത്തവര്‍ക്കൊരു പ്രചോദനമാണ് ഈ പെണ്‍കുട്ടി.


സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ കഴിഞ്ഞ് വര്‍ക്ക്‌ ചെയ്യുന്ന സമയത്താണ്  തൊട്ടപ്പന്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അജയ് ഘോഷ് ആണ് നല്ലൊരു ക്യാരക്ടര്‍ ഉണ്ടെന്ന് പറഞ്ഞ് എന്നെ  വിളിച്ചത്. അങ്ങനെ 2018-ല്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തി. അതിനുശേഷം വികൃതി എന്ന സിനിമയിലും അഭിനയിച്ചു. പാഷനിലൂടെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. വണ്ണം ഉള്ളതുകൊണ്ട് ഞാന്‍  കഥാപാത്രങ്ങള്‍ക്ക്
ആപ്റ്റ് അല്ലെന്നതോന്നല്‍ പലര്‍ക്കുമുണ്ട്. ഇപ്പോഴും വണ്ണത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടുന്നുണ്ട്‌.

ചില കളിയാക്കലുകള്‍  വല്ലാതെ വേദനിപ്പിക്കും

സിനിമയിലേക്കെത്താനുള്ള ചവിട്ടുപടിയായി മാത്രമേ ഞാന്‍ മോഡലിങ്ങിനെ കണ്ടിരുന്നുള്ളൂ. മോഡലിങ് എന്ന ആശയവുമായി ഫോട്ടോഗ്രാഫര്‍മാരെ സമീപിച്ചപ്പോള്‍.  ഈ വണ്ണം വെച്ച് മോഡലിങ് ചെയ്യാന്‍ കഴിയില്ല എന്നു പറഞ്ഞ് പലരും നിരാശപ്പെടുത്തി.
നോര്‍ത്ത് ഇന്ത്യയിലാണ് കൂടുതലായും പ്ലസ് സൈസ് മോഡല്‍സ് ഉള്ളത്. കേരളത്തില്‍ പൊതുവെ മെലിഞ്ഞ് സുന്ദരികളായവര്‍ മാത്രമാണ് മോഡലിങ് ചെയ്യാന്‍ അനുയോജ്യര്‍ എന്ന കാഴ്ചപ്പാടാണ്. ആളുകളുടെ ചിന്താഗതിയ്ക്ക്‌ ഒരു മാറ്റം വേണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. വണ്ണമുള്ളവര്‍ക്കും എല്ലാം ചെയ്യാന്‍ പറ്റും. അത്തരമൊരു ചിന്തയിലാണ് പ്ലസ് സൈസ് മോഡലാകുന്നത്. ആഗ്രഹം പലരോടും പങ്കുവെച്ചെങ്കിലും തുടക്കത്തില്‍ റിജക്ഷനായിരുന്നു. ജെസീന കടവില്‍ എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സമീപിച്ചു. ജെസീനയുടെ പ്രതികരണം പോസിറ്റീവായിരുന്നു. ജെസീനയുമായി ചേര്‍ന്നു നടത്തിയ ഷൂട്ട് വൈറലായി. തുടര്‍ന്ന് പ്രശാന്ത് ബാലചന്ദ്രനുമായി ചേര്‍ന്ന് എന്റെ തീം വെച്ച്  ഫോട്ടോഷൂട്ട് നടത്തി. അതും വൈറലായി. തുടക്കം അങ്ങനെയായിരുന്നു.

പ്ലസ് സൈസ് മോഡല്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടിവന്ന വെല്ലുവിളി  സൈസിനുള്ള വസ്ത്രം ലഭിക്കുന്നില്ല എന്നുള്ളതാണ്. വസ്ത്രത്തിന്റെ അളവ് കേരളത്തില്‍ പരിമിതമാണ്. ഒരു മൂപ്പത്തിആറ് മൂപ്പത്തിഏഴ് അതാണ് വസ്ത്രങ്ങളുടെ പരമാവധി അളവെന്ന കാഴ്ചപ്പാടാണ് എല്ലാവര്‍ക്കും. പല ഷോപ്പുകളിലും പോകുമ്പോള്‍ വസ്ത്രം കിട്ടാറില്ല. പറ്റിയ ഡ്രെസ്സുണ്ടോ എന്ന് ചോദിക്കുമ്പോള്‍, ഇല്ലെന്ന മറുപടിയാണ് ലഭിക്കാറ്. മോഡലിങ് രംഗത്തിറങ്ങിയപ്പോഴും ഏതാണിവള്‍, ഏതാണീ ശീമപ്പന്നി എന്ന പേരിലുളള കളിയാക്കലുകളും അപമാനങ്ങളും മാത്രം. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന്അ റിയാമായിരുന്നു.  എങ്കിലും ചില വാക്കുകള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കും.

ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് മറ്റെന്തിനേക്കാളും സന്തോഷം


ഫിനാഷ്യല്‍ ബാക്ക് അപ്പ് ഇല്ലാതെ വളര്‍ന്നു വരുന്നവര്‍ക്ക് തുടക്കം വളരെ ബുദ്ധിമുട്ടാണ്. അത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. വേറെ വല്ലാ പണിക്കും പൊയ്ക്കൂടെ എന്തിനാണ് ഇതിന്റെ പുറകെ പോകുന്നത് എന്ന് ചോദിക്കും. നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് മറ്റെന്തിനേക്കാളും നമുക്ക് സന്തോഷം ലഭിക്കുന്നത്. പാഷന്‍ കൈവിടാന്‍ ഞാന്‍ തയ്യാറല്ല. ബോഡിഷെയിമിങ് ചെയ്യുന്നവര്‍ക്ക് മരുന്നില്ല. ആളുകളുടെ വായടപ്പിക്കാന്‍ നിയമത്തിനും സാധിക്കുന്നില്ല. ആയിരം കുടത്തിന്റെ വാ മൂടാം പക്ഷേ  ഒരു മനുഷ്യന്റെ വാ മൂടാന്‍ കഴിയില്ല എന്നാണല്ലോ. 
 
പ്രതിസന്ധികളിലും തളരാതെ ചേര്‍ത്തു നിര്‍ത്തിയത് എന്റെ സുഹൃത്തുക്കളായിരുന്നു. ജീവിതത്തില്‍ എപ്പോഴും നീ നിനക്ക് ഇഷ്ടമുള്ളത് ചെയ്യ് എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കും. മോഡലിങിലേക്കിറങ്ങിയപ്പോഴും ആദ്യം കൂടെ നിന്നത് സുഹൃത്തുക്കളായിരുന്നു. വ്‌ളോഗര്‍ കാര്‍ത്തിക് സൂര്യ  എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ജീവിതം നിരാശയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കാലത്ത് കാര്‍ത്തിക്കിന്റെ വ്‌ളോഗിങിലെ ചില അനുഭവങ്ങള്‍ എനിക്ക്  ഊര്‍ജ്ജം തന്നിട്ടുണ്ട്. സുഹൃത്തുക്കളേക്കാള്‍ ഇപ്പോള്‍ എന്നെ കൂടുതലും പ്രോത്സാഹിപ്പിക്കുന്നത്‌ എന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്ന രഞ്ജുവാണ്. ഭാരം ഉളളതുകൊണ്ട് ഒരു വിവാഹജീവിതം ഉണ്ടാവില്ല എന്ന് പറഞ്ഞ് കളിയാക്കിയവരുണ്ട്. വണ്ണമുള്ളതുകൊണ്ട് സ്ത്രീധനം കൂടുതല്‍ വേണം എന്ന് പറഞ്ഞു വന്നവരുമുണ്ട്. പുറമേ കാണുന്ന ഭംഗിയല്ല മനസ്സിനൊരു നന്മയുണ്ടെന്ന് മനസ്സിലാക്കി എന്നെ സ്വീകരിച്ച ആളാണ് രഞ്ജു. 

ചായക്കട നടത്തിയാണ് ഞങ്ങളെ വളര്‍ത്തിയതും പഠിപ്പിച്ചതും

ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ് ഞാന്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയി. അമ്മ ഗീത, ഒരു ചായക്കട നടത്തിയാണ് ഞങ്ങളെ വളര്‍ത്തിയതും പഠിപ്പിച്ചതും. അമ്മയും ചേച്ചിയും എല്ലാത്തിനും സപ്പോര്‍ട്ടാണ്. ചേച്ചിയുടെ ഭര്‍ത്താവ് മരിച്ചുപോയി. ചേച്ചിയും മക്കളും ഞങ്ങളോടൊപ്പമാണ്. കുഞ്ഞുന്നാളു മുതല്‍ സിനിമയിലെത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. ചെറുപ്പം മുതല്‍ നല്ല  വണ്ണമുളള കുട്ടിയായിരുന്നു ഞാന്‍. അന്നു മുതല്‍ നേരിടേണ്ടിവന്ന കളിയാക്കലുകള്‍ ഒരുപാടാണ്. എന്നെ പറഞ്ഞ് കളിയാക്കിയവര്‍ക്കൊരു വാശിയെന്നോണം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന പ്ലസ് സൈസ് മോഡല്‍ എന്ന രീതിയില്‍ എനിക്ക അറിയപ്പെടാന്‍ കഴിഞ്ഞു. വണ്ണമുള്ളവര്‍ മാത്രമല്ല, മെലിഞ്ഞവരും നിറം കുറഞ്ഞവരും അങ്ങനെ പലതരത്തിലുള്ള ആളുകളും ബോഡി ഷെയിമിങിന് വിധേയമാകാറുണ്ട്. ആ കളിയാക്കലുകളാണ് ഇന്ന് പ്ലസ് സൈസ് മോഡല്‍ എന്ന പട്ടത്തിലേക്കെത്താനായി എന്റെ മുന്നോട്ടുനയിച്ചത്. വണ്ണം ഉള്ളതുകൊണ്ടാണ് എനിക്കീ അംഗീകാരങ്ങള്‍ കിട്ടിയതെന്ന് കളിയാക്കുന്നവരോട് ഞാന്‍ അഭിമാനത്തോടെ പറയും.


ആത്മവിശ്വാസം സാഹചര്യങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണ്. നമ്മളെക്കൊണ്ട് ഒന്നും സാധിക്കില്ല എന്ന്  പറയുന്നിടത്തുനിന്ന് സാധിക്കും എന്ന് കാണിച്ചുകൊടുക്കുന്നതാണ് ധൈര്യം. ആ ധൈര്യം ഒരിക്കല്‍ കിട്ടിയാല്‍ പിന്നെ നമ്മള്‍ ഒന്നിലും പതറില്ല. എടുക്കുന്ന തീരുമാനങ്ങളിലെല്ലാം ഉറപ്പുണ്ടാകും. വിജയത്തിന്റെ ആദ്യ ചവിട്ടുപടി ആത്മവിശ്വാസം തന്നെയാണ്. നമ്മള്‍ എന്താകണം എങ്ങനെയാകണം എന്നുള്ളത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്, നമ്മുടെ സ്വപ്‌നങ്ങള്‍ക്കായി നാം തന്നെ പ്രയത്‌നിക്കുക. അതിന്റെ മൂല്യം എത്രത്തോളമാണെന്ന് മറ്റൊരാള്‍ക്ക് ഒരിക്കലും മനസ്സിലാകില്ല. 

കേരളത്തിലെ ആദ്യ പ്ലസ് സൈസ് ഫാഷന്‍ ഷോയുടെ റ്റെറ്റില്‍ വിന്നറായപ്പോള്‍ ഒരുപാട് അഭിമാനം തോന്നി. എസ്. ആര്‍ ഫാഷന്‍ ഇവന്റ്‌സ് സംഘടിപ്പിച്ച ഷോ ആയിരുന്നു അത്.  കരിയറിലെ അഭിമാന നേട്ടങ്ങളിലൊന്നായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജിന്‍സി ബോബു ആണ് എന്നെ ആ പ്രോഗ്രാമിലേക്ക്  ക്ഷണിക്കുന്നത്. ഡിസൈനര്‍ അസ്മിയുടെ സഹായവും എന്റെ വിജയത്തിന് കാരണമായി.

ഇന്ത്യയെ പ്രതിനിധീകരിച്ച് പ്ലസ് സൈസ് ഷോകളില്‍ പങ്കെടുക്കണം എന്നാണ് ആഗ്രഹം. പല ഷോകളും നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം പലതിനും പങ്കെടുക്കാറില്ല. സ്‌പോണ്‍സര്‍മാരുടെ അഭാവം നല്ല രീതിയില്‍ ഉണ്ട്. കേരളത്തിലെ എഴുപത്തഞ്ച് ശതമാനം ആളുകളും  ഇപ്പോഴും പ്ലസ് സൈസ് മേഖലയെ അംഗീരിച്ചിട്ടില്ല. വരുംകാലങ്ങളില്‍ അതിനൊരു മാറ്റം പ്രതീക്ഷിക്കുന്നു.

Content Highlights: life story of first plus size model of kerala Induja prakasan