ആ യാത്രയില്‍ അക്ഷയ്കുമാറാണ് അസിനെയും രാഹുലിനെയും പരിചയപ്പെടുത്തുന്നത്; അധികം വൈകാതെ പ്രണയവും

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അസിന്‍. പതിനഞ്ചാം വയസ്സില്‍ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുഗുവിലും തമിഴിലുമെല്ലാം തിളങ്ങിയ താരം, വിവാഹത്തോടെ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍നിന്നും പാപ്പരാസികളില്‍നിന്നുപോലും അസിന്‍ വിട്ടുനില്‍ക്കുകയാണ്. അനന്ദ് അംബാനിയുടെ വിവാഹസമയത്ത് അസിന്റേതെന്ന പേരില്‍ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. എന്നാലതും ഫോട്ടോഷോപ്പ് ആണെന്ന് വൈകാതെ തിരിച്ചറിഞ്ഞു.
'എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി'യിലൂടെയാണ് അസിന്‍ തമിഴിലെത്തുന്നത്. എന്നാല്‍ താരമാവുന്നത് 'ഗജിനി' എന്ന കഥാപാത്രത്തിലൂടെയും. പിന്നീട് പോക്കിരി, വേല്‍, കാവലന്‍...എത്രയോ സിനിമകള്‍. കമല്‍ഹാസന്‍, സൂര്യ, വിക്രം, പ്രഭാസ്, അജിത്, ജയം രവി എന്നിവരുടെയെല്ലാം നായികയായി. പിന്നീട് 'ഗജിനി'യുടെ ഹിന്ദിപ്പതിപ്പില്‍ ആമിര്‍ ഖാനൊപ്പവും പുറകെ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു.
2012-ലാണ് 'ഹൗസ്ഫുള്‍ 2' എന്ന സിനിമ റിലീസാവുന്നത്. അതിന്റെ പ്രൊമോഷണല്‍ പരിപാടികള്‍ക്കായും ഏഷ്യാ കപ്പ് മാച്ച് കാണാനുമായി ധാക്കയിലേക്ക് പോവുകയായിരുന്നു സിനിമയിലെ നായികാ-നായകന്‍മാരായ അക്ഷയ് കുമാറും അസിനും. ഒരു സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ആ യാത്രയ്ക്കിടയിലാണ് ഒരു യുവാവിനെ അക്ഷയ് കുമാര്‍ അസിന് പരിചയപ്പെടുത്തുന്നത്. പേര് രാഹുല്‍ ശര്‍മ. തന്റെ അടുത്ത സുഹൃത്താണെന്നാണ് അക്ഷയ് രാഹുലിനെക്കുറിച്ച് പറഞ്ഞത്. കുറച്ചുനേരത്തെ സംസാരത്തിനുശേഷം അസിനും രാഹുലും സീറ്റിലേക്ക് മടങ്ങി. അതിനിടയില്‍ അക്ഷയ് കുമാര്‍ ഒരു കാര്യം പറയുകയും ചെയ്തു, ''നിങ്ങള്‍ രണ്ടുപേരും നല്ല മാച്ചാണ്''. അക്ഷയ് കുമാറിന്റെ തമാശയെന്ന് അസിന്‍ അതിനെ തള്ളിക്കളഞ്ഞു. എങ്കിലും രാഹുലിന്റെ വിനയവും ലാളിത്യവും ഏറെയിഷ്ടപ്പെടുകയും ചെയ്തു.
അത്തവണ മൈക്രോമാക്‌സ് ആയിരുന്നു ഏഷ്യ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍. മൈക്രോമാക്‌സിന്റെ ഉടമസ്ഥരിലൊരാളും താന്‍ സഞ്ചരിക്കുന്ന സ്വകാര്യ ജെറ്റിന്റെ ഉടമസ്ഥനുമാണ് രാഹുല്‍ എന്ന് അപ്പോഴും അസിന് മനസ്സിലായില്ല. പിന്നീടാണ് ഇതൊക്കെ അറിയുന്നത്. ചടങ്ങിനുശേഷം ഇരുവരും ഫോണ്‍നമ്പര്‍ കൈമാറി.
അടുപ്പമായപ്പോഴും പരസ്പരം മനസ്സിലാക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നായിരുന്നു അസിന്. പിന്നീട് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയെങ്കിലും, 2015 വരെ അതാരും അറിയാതിരിക്കാനും ഇരുവരും ശ്രദ്ധിച്ചു. 'ഓള്‍ ഈസ് വെല്‍' എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള അഭിമുഖങ്ങളിലാണ് രാഹുലുമായുള്ള വിവാഹത്തെക്കുറിച്ച് അസിന്‍ തുറന്നുപറഞ്ഞത്. തന്റെ പ്രണയം ഏകദേശം 'ഗജിനി' പോലെ തന്നെയാണെന്നും അസിന്‍ അന്ന് പറഞ്ഞു. വിവാഹശേഷം അഭിനയിക്കുമോ എന്ന കാര്യത്തിലും അതേ അഭിമുഖത്തില്‍ അസിന്‍ മറുപടി പറഞ്ഞു, '' 2001 മുതല്‍ ഞാന്‍ സിനിമയിലുണ്ട്. ഇത്രയും വര്‍ഷങ്ങളായി. ഇനിയെനിക്ക് സ്വസ്ഥമായും സമാധാനമായും കുടുംബജീവിതം ആസ്വദിക്കണം. വെള്ളിവെളിച്ചത്തില്‍നിന്നും ജോലിയില്‍നിന്നുമെല്ലാം അകന്നുനില്‍ക്കണം''.
ഒരു ട്രഷര്‍ ഹണ്ടിലൂടെയാണ് രാഹുല്‍ അസിനെ പ്രൊപോസ് ചെയ്തത്. ഡല്‍ഹിയിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വെച്ചായിരുന്നുവത്. ട്രഷര്‍ ഹണ്ടിനവസാനം വിവാഹാഭ്യര്‍ത്ഥനയുമായി മുട്ടുകുത്തി നില്‍ക്കുന്ന രാഹുലിനെയാണ് അസിന്‍ കണ്ടത്. മലയാളത്തിലാണ് രാഹുല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എത്രയോ ദിവസങ്ങള്‍ക്കുമുമ്പേ അതിനായി മലയാളം പഠിക്കുകയായിരുന്നു രാഹുല്‍. AR എന്ന് ആലേഖനം ചെയ്ത ആറുകോടിയുടെ ഒരു മോതിരവും അന്ന് രാഹുല്‍ അണിയിച്ചു.
2016 ജനുവരി 19-നാണ് ഇവര്‍ വിവാഹിതരാവുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരെയും ആദ്യമായി പരിചയപ്പെടുത്തിയ അക്ഷയ് കുമാര്‍ വിവാഹച്ചടങ്ങുകളിലും നിറഞ്ഞുനിന്നു. ഒരു വര്‍ഷത്തിനുശേഷം അവര്‍ക്ക് കുഞ്ഞ് ജനിച്ചു, അരിന്‍. ജാതിയും മതവും ജെന്‍ഡറുമൊന്നും നോക്കാതെയാണ് കുഞ്ഞിന് പേരിട്ടതെന്ന് അസിന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലൂടെ അവരുടെ കുഞ്ഞിന്റെ ആദ്യചിത്രം പുറത്തുവിടുന്നതും അക്ഷയ് കുമാര്‍ തന്നെ. ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് അക്ഷയ് പോസ്റ്റിട്ടപ്പോഴാണ്, അസിന്‍ അമ്മയായ വിവരം എല്ലാവരുമറിയുന്നത്.
അക്ഷയ് കുമാറിന്റെ ഒരഭിമുഖത്തില്‍, രാഹുല്‍ വീഡിയോ സന്ദേശവുമായി എത്തിയിരുന്നു. അതില്‍ രാഹുല്‍ ഇങ്ങനെ പറയുന്നു, ''അരിന്‍ കൊച്ചിയിലാണ് ജനിച്ചത്. എന്റെ കുടുംബാംഗങ്ങള്‍ എത്തുന്നതിനുമുമ്പ് അക്ഷയ് കുമാറാണ് കുഞ്ഞിനെ കാണാനായെത്തിയത്. അത് ഞാനൊരിക്കലും മറക്കില്ല''.
ആ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ അസിനെക്കുറിച്ചും സംസാരിച്ചു. ഒടുവിലിങ്ങനെ പറഞ്ഞു, ''രാഹുല്‍ തന്റെ ഭാര്യയോടും മകളോടും ഭ്രാന്തമായ സ്‌നേഹത്തിലാണ്''. മുംബൈയില്‍ സ്ഥിരതാമസമാണെങ്കിലും, തികച്ചും സ്വകാര്യമായ ജീവിതം ആസ്വദിക്കുകയാണ് അസിന്‍. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടെങ്കിലും അതില്‍ മകളുടെ ചിത്രങ്ങളും പഴയ ഫോട്ടോകളും മാത്രമാണ് അസിന്‍ പോസ്റ്റ് ചെയ്യുന്നത്. അസിന്റെ ഒരു പുതിയ ഫോട്ടോ ഇടാമോയെന്ന് ആരാധകര്‍ നിരന്തരം ചോദിക്കുമ്പോഴും, അതിനും മറുപടിയൊന്നുമില്ല.
Content Highlights: life story of asin, pan indian actress