പൊക്കത്തില്‍ നിന്ന് വീണു മരിച്ച പൊക്കമേറിയൊരാള്‍

#വി.പ്രവീണ
ജോണ്‍ എബ്രഹാം
ജോണ്‍ എബ്രഹാം

വര്‍ക്കി ഒരുദിവസം കണ്ണാടിയില്‍ നോക്കിയപ്പോഴാണ്, വര്‍ക്കി ഒരു സ്‌കോളറാണെന്ന് ആരോ പറഞ്ഞതിന്റെ ഒരു അശരീരി കേട്ടത്. വര്‍ക്കി കണ്ണാടിയിലേക്കുതന്നെ കുറേനേരം ഉറ്റുനോക്കി. കണ്ണുകഴച്ചപ്പോള്‍ മഹാത്മാക്കളെഴുതിയ പുസ്തകങ്ങളിലേക്ക് നോക്കി. കണ്ണാടിച്ചില്ലിട്ട വലിയ ഈ അലമാരികളില്‍ നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങളുടെ അടുക്കുംചിട്ടയും അടിമുടി നോക്കി... 

ജോണ്‍ എബ്രഹാം തന്റെ 'സ്‌കോളറായ വര്‍ക്കി' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. സാധാരണക്കാരനായി ജീവിച്ചുവന്ന വര്‍ക്കി ജീവിതാശങ്കകളില്‍ നിന്ന് അവധിയെടുത്ത് കാശുകൊടുത്തു വാങ്ങുന്ന അബോധാവസ്ഥകളില്‍ അഭയം തേടിയിരുന്നു. ഉണരുമ്പോഴും ഉറങ്ങുമ്പോഴും താന്‍ സ്‌കോളറാണെന്ന ബോധ്യം മനസ്സിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചിരുന്നതുകൊണ്ടു മാത്രമാണ് വര്‍ക്കി സ്‌കോളറായത്. പറമ്പില്‍ വീഴുന്ന തേങ്ങയ്ക്കുപോലും വെല്ലുവിളിക്കാവുന്ന തരത്തില്‍ ദുര്‍ബലമാണല്ലോ തന്റെ ബുദ്ധിജീവിതമെന്ന സ്വകാര്യ ആശങ്ക വിടാതെ പിടികൂടിയ സ്‌കോളര്‍ കൂടിയായിരുന്നു വര്‍ക്കി. തന്റെ മാന്യതയും മല്ലതയും സ്‌കോളറതയും കാത്തുരക്ഷിക്കാന്‍ സ്‌കോളറായ വര്‍ക്കി സുപ്രധാനമായ പലതീരുമാനങ്ങളും ജീവിതത്തില്‍ കൈക്കൊള്ളുകയും ചെയ്യുന്നു.

ഇങ്ങനെയിങ്ങനെ പുറംപൂച്ചുകളുടെയും കപട ജല്പനങ്ങളുടെയും അമ്ലസത്ത പുരണ്ട മലയാളികളുടെ ശരാശരി ബുദ്ധിജീവിതത്തെ ഉരുക്കോളം കരുത്തുള്ള നര്‍മം കൊണ്ട് ആവോളം പ്രഹരിക്കുന്നു ജോണ്‍. അന്തസാരശൂന്യമായ വീമ്പിളക്കലുകളുടെ ലോകത്തേക്ക് വാക്ശിലകളെറിഞ്ഞ് അലകളുണ്ടാക്കി ജോണ്‍. പ്രകടനപരതയുടെ വെറുംലോകത്തേക്ക് ജോണ്‍ തുറന്നുവിട്ട അനേകം കഥാപാത്രങ്ങളില്‍ ഒന്നുമാത്രമാണ് വര്‍ക്കി. 

അമ്പട ഞാനേ... എന്ന അഹന്തയെ പുച്ഛം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ട് നേരിടാനെന്ന ചോദ്യമായിരുന്നു കഥാസത്ത. വ്യവസ്ഥിതിയുടെ ചട്ടക്കൂടുകളില്‍ തിങ്ങി ഞെരുങ്ങി മുക്കിയും മൂളിയും നിരന്തര പരുവപ്പെടലിന് ഇരയായി ജീവിക്കുന്നവര്‍ക്ക് തിരുത്തലിന്റെ പാഠശാലയായിരുന്നു ജോണ്‍ എബ്രഹാം. സക്കറിയയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ജോണ്‍ നമ്മുടെയെല്ലാം ഉള്ളിനുള്ളില്‍ എപ്പോഴും സ്ഥിതിചെയ്യുന്ന സമ്പൂര്‍ണ ജീവിതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സ്വപ്‌നത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു. 

മുന്‍പ്രവാസിയും പള്ളി സെക്രട്ടറിയുമായ മത്തായി അടിമാലി കോട്ടയത്തെ മത്തായിമാരുടെ എണ്ണമെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയ കഥ പറഞ്ഞ് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതേ ജോണ്‍. വിഗ്രഹങ്ങളെ സൃഷ്ടിച്ചാരാധിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമൂഹത്തില്‍ വിഗ്രഹഭഞ്ജകനായ പ്രതിഭ. നാലേ നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറി. കഥകളില്‍ കാലത്തെ അതിജീവിക്കാന്‍ ശേഷിയുള്ള കാമ്പ് നിറച്ച തൂലികയ്ക്ക് ഉടമയുമായി.

ജനകീയ ചലച്ചിത്ര പ്രസ്ഥാനമായ ഒഡേസയുടെ പ്രധാന പ്രവര്‍ത്തകനായും കാലം ജോണ്‍ എബ്രഹാമിനെ ഓര്‍ത്തുവെക്കുന്നു.  37 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മെയ്മാസത്തിലെ അവസാനത്തെ പകലില്‍ കോഴിക്കോട്ടെ പണിതീരാത്തൊരു കെട്ടിടത്തിന്റെ പൊക്കത്തില്‍ നിന്ന് വീണുമരിച്ച, മലയാളിയുടെ കലാലോകത്തെ ഏറ്റവും തലപ്പൊക്കമുള്ളൊരാള്‍. വടിവൊത്തതായിരുന്നില്ല ജീവിതം. വെളുത്ത കടലാസില്‍ മഷിതീരാറായൊരു പേനകൊണ്ടെഴുതിയ നരച്ച ചരിഞ്ഞ ദുര്‍ബലമായൊരക്ഷരം പോലെ കാഴ്ചയില്‍. പക്ഷേ, അക്ഷരങ്ങളിലും ദൃശ്യങ്ങളിലും അയാള്‍ തീര്‍ത്ത അത്ഭുതങ്ങളെ കാലം അതിന്റെ നിശ്ശബ്ദതയുടെ വീഞ്ഞുഭരണിയില്‍ അടച്ചുസൂക്ഷിച്ച് പതിന്മടങ്ങ് ലഹരിയോടെ ആസ്വാദകസമൂഹത്തിന് നല്‍കി. തലതിരിഞ്ഞവനെന്ന് ഇകഴ്ത്തിയ സമൂഹത്തെക്കൊണ്ട് കാലം പ്രതിഭയെന്ന് മാറ്റിവിളിപ്പിച്ചു. ജീവിതത്തെയും കലയെയും സിനിമയേയും മറ്റാരും കാണാത്ത കണ്ണുകൊണ്ട് ജോണ്‍ കണ്ടു...

വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടിവന്നു
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍...

'എവിടെ ജോണ്‍' എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. മേല്‍വിലാസം ആഗ്രഹിക്കാത്ത, നിഴല്‍പോലും പതിപ്പിക്കാത്ത, പ്രശസ്തിയുടെ വിശപ്പ് തീരെയും ബാധിക്കാത്തൊരാള്‍. 


 

Content Highlights: life and works of john abraham