മുപ്പത്തിമൂന്ന് വെടിയുണ്ടകളാണ് ഇന്ദിരയ്ക്കു നേരെ ചീറിയത്... അതില്‍ ഇരുപത്തിമൂന്നെണ്ണം ശരീരം തുളച്ചു

''നാളെ ഞാന്‍ ഇല്ലാതായേക്കാം. ദേശീയ താല്‍പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയിലെ ഓരോ പൗരന്റെയും ചുമലിലാണ് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. എന്നെ വെടിവയ്ക്കാന്‍ എത്രയോ ശ്രമങ്ങള്‍ നടന്നു. എനിക്കു നേരെ ലാത്തി വീശി. ഭുവനേശ്വറില്‍ വച്ചുതന്നെ ഒരു ഇഷ്ടിക എന്റെ നേരെ വന്നു. സാധ്യമായ എല്ലാ രീതിയിലും ഞാന്‍ ആക്രമിക്കപ്പെട്ടു. ഞാന്‍ ജീവിച്ചാലും മരിച്ചാലും എനിക്ക് പ്രശ്‌നമില്ല. ഞാന്‍ വളരെക്കാലം ജീവിച്ചു. ജീവിതം മുഴുവന്‍ എന്റെ ജനങ്ങളുടെ സേവനത്തിനായി ചെലവഴിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ അവസാന ശ്വാസം വരെ ഞാന്‍ സേവനം തുടരും. എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും...''
ഭുവനേശ്വറില്‍ വച്ചുനടന്ന ഇന്ദിരാ ഗാന്ധിയുടെ ഈ അവസാന പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ അറം പറ്റി. ദിനരാത്രങ്ങള്‍ മാറിയപ്പോള്‍ ദിഗന്തങ്ങള്‍ നടുങ്ങി. ഇന്ത്യയുടെ ഉരുക്കുവനിതയെ വെടിയുണ്ടകള്‍ കീറിമുറിച്ചു. ഇന്ദിരയുടെ മരണം നടുക്കുന്നതായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായിരുന്നില്ല. കാറ്റും കോളും നിറഞ്ഞ സംഘര്‍ഷങ്ങളുടെ പതിനഞ്ചുവര്‍ഷങ്ങള്‍ ഇന്ത്യയുടെ ഭരണചക്രം തിരിച്ച പെണ്‍കരം. കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തയായ സ്ത്രീ എന്ന് ലോകം വാഴ്ത്തിയ നേതാവ്. കടുത്ത രാഷ്ട്രീയ എതിരാളി ആയിരുന്ന വാജ്പേയി ദുര്‍ഗ്ഗയുടെ അവതാരമെന്ന് പ്രകീര്‍ത്തിച്ച വ്യക്തിത്വം. മുന്‍കൂട്ടിയറിഞ്ഞ സ്വന്തം മരണം പോലും ഇന്ദിരാ പ്രിയദര്‍ശിനിയെ ഭയപ്പെടുത്തിയില്ല.
സുവര്‍ണ ക്ഷേത്രത്തില്‍ അഭയം തേടിയ സിഖ് തീവ്രവാദികളെ വധിക്കാന്‍ 1984 ജൂണില്‍ ഇന്ദിരാ ഗാന്ധി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ഉത്തരവിട്ടിരുന്നു. പവിത്രമായ ആരാധനാലയത്തില്‍ രക്തക്കറ വീഴ്ത്തിയ സൈനിക നീക്കാം സിഖ് സമൂഹത്തെ പ്രകോപിപ്പിച്ചു. ഇന്ദിര തങ്ങളുടെ മതവികാരത്തെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന അമര്‍ഷം തീവ്രവാദികള്‍ മുതലെടുത്തു. ഇന്ദിരയ്‌ക്കെതിരെ സാമൂഹിക സ്പര്‍ദ്ധ വളര്‍ന്നു. ഇന്ദിരയുടെ പ്രാണനെടുക്കാന്‍ അവര്‍ തോക്കുകളില്‍ തിര നിറച്ചു, വാളറ്റങ്ങള്‍ മൂര്‍ച്ചകൂട്ടി.
31. ഒക്ടോബര്‍. 1984
ആള്‍ക്കൂട്ടത്തെ കണ്ടുകൊണ്ടാണ് ഇന്ദിരയുടെ ദിവസം ആരംഭിക്കാറുണ്ടായിരുന്നത്. പക്ഷേ, ഭുവനേശ്വറില്‍ നിന്നുള്ള മടക്കയാത്ര അവരെ വല്ലാതെ തളര്‍ത്തിയിരുന്നതുകൊണ്ട് അന്നേ ദിവസത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. ഐറിഷ് ടെലിവിഷനു വേണ്ടി ബ്രിട്ടീഷ് താരം പീറ്റര്‍ ഉസ്റ്റിനോവ് ഇന്ദിരയെ അഭിമുഖം ചെയ്യാന്‍ അനുവാദം തേടിയിരുന്നു. സമയം പാലിക്കുന്നതില്‍ കണിശക്കാരിയായിരുന്ന ഇന്ദിര രാവിലെ കൃത്യം 9 മണിക്ക് സഫ്ദര്‍ജംഗ് റോഡിലെ വീട്ടില്‍ നിന്ന് പ്രധാനമന്ത്രി ഓഫിസിലേക്ക് പുറപ്പെട്ടു. കോണ്‍സ്റ്റബിള്‍ നാരായണ്‍ സിങ്, പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ രാമേശ്വര്‍ ദയാല്‍, പേഴ്സണല്‍ സെക്രട്ടറി ആര്‍.കെ ധവാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അക്ബര്‍ റോഡിലേക്കുള്ള ഗെയ്റ്റിനരികിലേക്ക് അവര്‍ നടന്നടുത്തു.
വെടിയൊച്ചകള്‍ കേട്ട് ഓടിയെത്തിയ സോണിയയും ഇന്‍ഫര്‍മേഷന്‍ അഡ്വൈസര്‍ ശാരദാപ്രസാദും പോലീസ് ഓഫീസര്‍ ദിനേഷ് ഭട്ടും ഇന്ദിരയുമായി എയിംസിലേക്ക് തിരിച്ചു. എയിംസിലെ ഡോക്ടര്‍മാര്‍ വിധിയോട് മല്ലിട്ടു. മുപ്പത്തിമൂന്ന് വെടിയുണ്ടകളാണ് ഇന്ദിരയ്ക്കു നേരെ ചീറിയത.് അതില്‍ ഇരുപത്തിമൂന്നെണ്ണം ശരീരത്തെ തുളച്ചു കടന്നുപോയി. ഏഴ് വെടിയുണ്ടകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രക്തം വാര്‍ന്നൊലിച്ചു തരിശായിത്തീര്‍ന്ന ഇന്ദിരയുടെ ശരീരത്തില്‍ ജീവന്റെ മുളകള്‍ കെട്ടുപോകാതിരിക്കാന്‍ അവര്‍ ശാസ്ത്രത്തിന്റെ പരിധികള്‍ കടന്നു. പക്ഷേ, മരണത്തിന് മരുന്നില്ലല്ലോ. ഉച്ചയ്ക്ക് 2.30-യോടെ ഇന്ദിരയുടെ മരണം രേഖപ്പെടുത്തി.
സിഖ് സമൂഹം തന്നെ എതിര്‍ക്കുന്നുവെന്നും സിഖ് തീവ്രവാദികള്‍ വധശ്രമം നടത്തുമെന്നും ഇന്ദിര മനസ്സിലാക്കിയിരുന്നു. പല ശ്രമങ്ങളും ഇന്റലിജന്‍സ് വകുപ്പിന്റെ സമര്‍ത്ഥമായ ഇടപെടലുകളാല്‍ മുടങ്ങിപ്പോകുകയും ചെയ്തു. തന്നെക്കുറിച്ചായിരുന്നില്ല ഇന്ദിരയുടെ ഭീതി. പേരക്കുട്ടികളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് അവര്‍ വല്ലാതെ ആശങ്കപ്പെട്ടു. ഇന്ദിരയ്ക്ക് ചുറ്റും സുരക്ഷാമതിലുകള്‍ ഉയര്‍ന്നു. സിഖ് ഉദ്യോഗസ്ഥരെയും സൈനികരെയും ഒഴിവാക്കണമെന്ന് ഇന്ദിരയോട് പലയാവര്‍ത്തി ഇന്റലിജന്‍സ് വകുപ്പ് നിര്‍ദേശിച്ചു. അംഗരക്ഷക സംഘത്തിലെങ്കിലും സിഖു്കാരെ മാറ്റിനിര്‍ത്തിയെ പറ്റൂ എന്ന് അപേക്ഷിച്ചു. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പിന്‍ഗാമി കുലുങ്ങിയില്ല. വര്‍ഗീയമായ മാറ്റിനിര്‍ത്തലുകള്‍ അംഗീകരിക്കില്ല എന്ന് ഇന്ദിര കട്ടായം പറഞ്ഞു. മരണം അവര്‍ക്ക് കൂടുതല്‍ അനുയോജ്യമെന്ന് തോന്നി.
സുരക്ഷാസംഘത്തില്‍ നിന്ന് ബിയന്ത് സിങിനെ മാറ്റാന്‍ ഇന്ദിര വഴങ്ങിയില്ല. സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്നായി അവര്‍.
എട്ടു വര്‍ഷമായി ഇന്ദിരയുടെ സുരക്ഷാസംഘത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിയന്ത് സിങ്. അയാളുടെ ആത്മാര്‍ത്ഥതയെ സംശയക്കണ്ണുകള്‍ കൊണ്ട് നോക്കാന്‍ പോലും ഇന്ദിര വിസമ്മതിച്ചു. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് സത്‌വന്ത് പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് ബിയന്ത് മാറ്റിയിരുന്നു. അതില്‍ നിന്ന് തന്നെ ഈ കൊലപാതകം വൈകാരികമായ എടുത്തുചാട്ടമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതാണെന്നും വ്യക്തമായി.
ഇന്ദിരയുടെ ചിത ആകാശത്തോളം പുകഞ്ഞുകത്തിയപ്പോള്‍ അനുയായികളിലാരോ ഉരുവിട്ടു- ഖൂന്‍ കെ ബദ്‌ലെ ഖൂന്‍ (ചോരയ്ക്ക് പകരം ചോര) ചിതയില്‍ നിന്ന് പകയുടെ തീ പകര്‍ത്തിയെടുത്ത് ചിലര്‍ തെരുവുകളിലേക്ക് ചോര തിരഞ്ഞുപാഞ്ഞു. വിഭജനകാലത്തിന്റെ വറ്റിപ്പോയ ഉറവകള്‍ ഉണര്‍ന്നു ചോരചുരത്തി. എണ്ണായിരത്തോളം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. അവരുടെ വീടുകള്‍ തീക്കൂനകളായി. തിന്മയ്ക്ക് തിന്മ പകരമാവില്ലെന്ന പാഠം കൂടിയായി ഇന്ദിര ഓര്‍ക്കപ്പെടുന്നു.
Content Highlights: last day of former prime minister indira gandhi