'കുമാർ സാനു ആത്മഹത്യ ചെയ്യാനൊരുങ്ങി, പിന്നീട് ഞങ്ങൾ പ്രണയത്തിലായി'; ആരാണ് കനിക സദാനന്ദ്?

കനിക സദാനന്ദ് / UNI
കനിക സദാനന്ദ് / UNI

ഹിന്ദി ബിഗ് ബോസിന്റെ 19-ാം സീസണിന് തുടക്കമായത് ഇക്കഴിഞ്ഞദിവസമാണ്. പഴയകാലനടിയും സാമൂഹികപ്രവർത്തകയും ഗായികയുമായ കനിക സദാനന്ദും ഒരു മത്സരാർഥിയാണ്.

സീരിയലുകളിലൂടെയാണ് കനികയുടെ തുടക്കം. പിന്നീട് സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി മുംബൈയിലെത്തി. സിനിമകളിൽ കോമഡി, വില്ലൻ റോളുകളിലാണ് കനിക തിളങ്ങിയത്. അതിനൊപ്പം അക്കാലത്തെ നടിമാർ ചെയ്യാൻ മടിച്ച പല വേഷങ്ങളും കനിക മനോഹരമാക്കി. അക്ഷയ് കുമാറിന്റെ 'ഖിലാഡി', ഗുമ്ര, ബേട്ട തുടങ്ങിയ സിനിമകളിൽ വില്ലൻ കഥാപാത്രമാണ് അവതരിപ്പിച്ചത്. പ്യാർ കിയാ തോ ഡർനാ ക്യാ, കൊയ്‌ല, പേജ് 3, അന്ദാസ് തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു. 1990-കളുടെ അവസാനമായപ്പോഴേക്കും അവർ സീരിയലുകളിലേക്ക് തിരിച്ചുപോയി. ലാഖോം മേ ഏക്, കനികാ, ജൂംബിഷ് എന്നീ പേരുകളിൽ മൂന്ന് പോപ്പ് ആൽബങ്ങളും അവർ പുറത്തിറക്കി.

സാമൂഹ്യപ്രവർത്തനങ്ങളിലും ഏറെ സജീവമാണ് അവർ. 2005-ൽ താര എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി. നിരാലംബരായ ആളുകളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും സഹായിക്കുക, വിദ്യാഭ്യാസം നൽകുക തുടങ്ങിയവയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ. എയ്ഡ്‌സ് അവബോധത്തിനുവേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.

വിവാഹജീവിതത്തിലേക്ക്
പതിനാറാം വയസ്സിലായിരുന്നു കനികയുടെ ആദ്യവിവാഹം. അവരേക്കാൾ 11 വയസ്സിന് മുതിർന്ന, ഡൽഹി സ്വദേശി അഭയിനെയാണ് ആദ്യമായി വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. അതിലൊരു മകനുണ്ടായി. ആ ബന്ധം മൂന്നുവർഷത്തിനുള്ളിൽ അവസാനിച്ചു. പിന്നാലെ കുട്ടിക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിലേർപ്പെട്ടു കനികയും അഭയും. എട്ടുവർഷം നീണ്ട പോരാട്ടത്തിനുശേഷം, മകൻ അച്ഛനൊപ്പം പോവാൻ തീരുമാനിച്ചു. സിനിമയിലെത്തിയശേഷം ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലായിരുന്നു കനിക.

അതിനെക്കുറിച്ച് ഈയടുത്ത് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയും ചെയ്തു അവർ. ''അഞ്ചുവർഷത്തോളം രഹസ്യമായി പ്രണയത്തിലായിരുന്നു ഞങ്ങൾ. ഭാര്യാഭർത്താക്കൻമാരെ പോലെയായിരുന്നു അന്ന് ജീവിച്ചത്''. കുമാർ സാനുവിന്റെ ആദ്യഭാര്യയുമായുള്ള വൈവാഹികജീവിതം പ്രശ്‌നങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കനികയുമായി പ്രണയത്തിലാവുന്നത്. ''അദ്ദേഹവും ഭാര്യയുമായി ഒട്ടും സ്വരച്ചേർച്ചയില്ലായിരുന്നു. ഒരിക്കൽ ഒരു ഷൂട്ടിങ്ങിനായി ഞാൻ ഊട്ടിയിലെത്തി. കുമാർ സാനുവും ആ സമയത്ത് അവിടെയുണ്ടായിരുന്നു. വൈകീട്ട് ഡിന്നറിനിടയിൽ അദ്ദേഹം കുറേ മദ്യപിച്ചു. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു. ഒടുവിൽ ചാടിയെഴുന്നേറ്റ് ഹോട്ടലിന്റെ മുകൾനിലയിൽനിന്ന് ചാടാനൊരുങ്ങി. എല്ലാവരും ചേർന്ന് അദ്ദേഹത്തെ പിടിച്ചുവെച്ചു. അവിടുന്നാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. അത് പ്രണയത്തിലുമെത്തി''. അഞ്ചുവർഷത്തിനുശേഷം കനികയും കുമാർ സാനുവും പിരിഞ്ഞു. കുമാർ സാനു വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു.

35-ാം വയസ്സിൽ രണ്ടാമത്തെ വിവാഹം. ഒരു പോഡ്കാസ്റ്റിൽ പിന്നീട് ഇതിനെക്കുറിച്ച് കനിക സംസാരിച്ചു, ''രണ്ടാമത്തെ വിവാഹത്തിനുമുമ്പ് ഗർഭിണിയായിരുന്നു. ഇതറിഞ്ഞതോടെ വീട്ടുകാരുമായുള്ള ബന്ധം മോശമായി''. ഈ തുറന്നുപറച്ചിലിന്റെ പേരിൽ ഏറെ വിമർശിക്കപ്പെടുകയും ചെയ്തു കനിക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress and singer Kanika Sadanand joins Bigg Boss 19. Learn about her past relationship with Kumar Sanu, social work, and more