പട്ടാളത്തില്‍ ചേരാനുള്ള പരീക്ഷയിലെ തോല്‍വിയാണ് ജി.ആര്‍. അനിലിനെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ജി.ആര്‍. അനിലിന് പട്ടാളത്തില്‍ ചേരാനൊരു അവസരം വന്നു. അധികം തയ്യാറെടുപ്പുകളൊന്നും നടത്തിയില്ലെങ്കിലും അനില്‍ കായികക്ഷമത പരീക്ഷയ്ക്ക് മാനസികമായി സജ്ജനായി. പരീക്ഷയുടെ ദിവസം രാവിലേ സൈനികമൈതാനത്തെത്തി. ഫിസിക്കല്‍ ടെസ്റ്റുകള്‍ ഓരോന്നായി കടന്നുകയറി. പക്ഷേ, വടത്തില്‍ പിടിച്ച് തൂങ്ങിക്കയറുന്ന പരീക്ഷയില്‍ താഴെവീണു. അങ്ങനെ രാജ്യസേവനമെന്ന അനിലിന്റെ മോഹം വീണുടഞ്ഞു. പക്ഷേ, ജനങ്ങളെ സേവിക്കാന്‍ അനില്‍ മറ്റൊരു വഴി തിരഞ്ഞെടുത്തു, പൊതുപ്രവര്‍ത്തനം. ആദ്യം എഐഎസ്എഫ് എന്ന വിദ്യാര്‍ഥിപ്രസ്ഥാനം, പിന്നീട് യുവജനസംഘടനയായ എഐവൈഎഫ്, അതുവഴി സിപിഐയുടെ നേതൃനിരയിലേക്കും. ജനങ്ങള്‍ക്കിടയിലൂടെ നടന്നപ്പോള്‍ അനിലിനെത്തേടി അംഗീകാരങ്ങള്‍ ഓരോന്നായി വന്നു. ഒടുവില്‍ 2021ല്‍ നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍നിന്ന് ജനപ്രതിനിധി. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുന്‍പേ അനിലിനെത്തേടി പുതിയ ചുമതലയെത്തി. കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മന്ത്രിയെന്ന പദവി.
തലസ്ഥാനനഗരിയിലെ രാജ്ഭവന് എതിര്‍വശത്തെ 'അജന്ത'യാണ് അനിലിന്റെ ഔദ്യോഗികവസതി. രാവിലേതന്നെ സന്ദര്‍ശകരുടെ നീണ്ടനിര മന്ത്രിയെ കാത്തിരിക്കുന്നു. അവരോടെല്ലാം സംസാരിച്ച്, പ്രശ്‌നങ്ങളെല്ലാം കേട്ട് മന്ത്രി പുറത്തേക്കിറങ്ങി. കൂടെ ഭാര്യ ആര്‍. ലതാദേവിയും. 24 വര്‍ഷം മുന്‍പ് ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എകൂടിയായിരുന്നു ലതാദേവി. വര്‍ത്തമാനത്തിനിടെ അവരൊന്നിച്ച് ഫോട്ടോയ്ക്കായി പോസ് ചെയ്തു.
''വിവാഹത്തിനുശേഷം ഞങ്ങള്‍ ഇതുപോലെ ഒരുമിച്ച് ഫോട്ടോയ്ക്ക് നിന്നിട്ടില്ല. ഞങ്ങള്‍ക്ക് അതിനൊന്നും താത്പര്യമുണ്ടായില്ല എന്നതാണ് സത്യം...'' കാമറയുടെ ഫ്‌ളാഷിനൊപ്പം മന്ത്രിയുടെ കമന്റ്. ഫോട്ടോയ്ക്കുശേഷം ഇരുവരും മന്ത്രിമന്ദിരത്തിലേക്കു കയറി. വിശേഷങ്ങളോരോന്നായി പങ്കുവെച്ചു.
തലസ്ഥാനനഗരിയിലെ ചെറുപ്പകാലത്തുനിന്ന് തുടങ്ങാം. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബമായിരുന്നോ ?
നേമത്തെ നടുക്കാടാണ് സ്ഥലം. വീടിനു തൊട്ടുമുന്‍പിലായി സാല്‍വേഷന്‍ ആര്‍മിയുടെ പ്രൈമറി സ്‌കൂളുണ്ട്. അവിടെയായിരുന്നു എല്‍പി വിദ്യാഭ്യാസം. അതിനുശേഷം കൃഷ്ണപുരം യുപിഎസ്സിലും എസ്എംവി ഹൈസ്‌കൂളിലും പഠിച്ചു. ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു. അച്ഛന്‍ വി. രാമന്‍കുട്ടിപ്പിള്ള. അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനായിരുന്നു. അമ്മ സരോജിനിയമ്മ, ടീച്ചറും. അച്ഛന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം വരെയായി. അച്ഛന്റെ ജീവിതം എന്നെസ്വാധീനിച്ചു. സ്‌കൂള്‍കാലത്തുതന്നെ എഐഎസ്എഫില്‍ സജീവമായി.
പ്രീഡിഗ്രിക്ക് എംജി കോളേജില്‍ ചേര്‍ന്നു. ഡിഗ്രി യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു. അതുകഴിഞ്ഞ് ലോ അക്കാദമിയില്‍ എല്‍എല്‍ബിയും ചെയ്തു. ഈ മൂന്ന് കലാലയജീവിതങ്ങളും എന്നെ കരുത്തനാക്കി. വിദ്യാര്‍ഥിരാഷ്ട്രീയത്തിലും കൂടുതല്‍ സജീവമായി. ഈ കാലയളവില്‍ എഐഎസ്എഫിന്റെ യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വരെയായി. പല അംഗീകാരങ്ങളും ലഭിച്ചു. ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസ് ലീഡായിരുന്നു. ഡിഗ്രിസമയത്ത് കോളേജ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയുമായി.
രാഷ്ട്രീയമല്ലാതെ മറ്റ് ആലോചനകളൊന്നും വന്നിരുന്നില്ലേ?
കോളേജ് പഠനകാലത്തുതന്നെ രാഷ്ട്രീയമാണ് വഴിയെന്ന് ഉറപ്പിച്ചു. അക്കാലത്ത് മുഴുവന്‍സമയ പ്രവര്‍ത്തകനുമായി. ചെറുപ്പത്തില്‍ പട്ടാളത്തിന്റെ ടെസ്റ്റിന് പോയി എന്നല്ലാതെ മറ്റൊരുജോലിക്കും ശ്രമിച്ചിട്ടില്ല. പിഎസ്‌സിയില്‍ രജിസ്റ്റര്‍ചെയ്യുകപോലും ചെയ്തില്ല.
ഓരോ കാലഘട്ടത്തിലും ഓരോതലത്തിലുള്ള ചുമതലകള്‍ വന്നുചേര്‍ന്നു. അതൊക്കെ ആസ്വദിച്ചു ചെയ്തു.. ലോ അക്കാദമിയില്‍ പഠിക്കുമ്പോള്‍ ആറുമാസം ഇന്റര്‍നാഷണല്‍ പാര്‍ട്ടി സ്‌കൂളിന് ചെക്കോസ്ലോവാക്യയില്‍ പോകാന്‍ അവസരം കിട്ടി. തുടര്‍ന്ന് ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള വ്യത്യസ്തമായ ചുമതലകള്‍ ഏറ്റെടുത്തു. 45 ദിവസം നീണ്ടുനില്‍ക്കുന്ന വോളന്റിയര്‍ പരിശീലനങ്ങള്‍ക്കും പോയിട്ടുണ്ട്.
1984ല്‍ സിപിഐയുടെ ജില്ലാ കൗണ്‍സില്‍ അംഗമായി. അതിനുശേഷം മറ്റൊരു മേഖലയിലേക്ക് തിരിയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇടയ്ക്ക് ചില പ്രയാസങ്ങളൊക്കെ കേറിവരും. പക്ഷേ, അപ്പോഴൊന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പിന്‍മാറുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല.
രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മൂന്നുതവണ ജയിലിലും കിടന്നു. ഒരു സമരകാലത്ത് എന്നെ പിടികിട്ടാപ്പുള്ളി എന്ന ലേബലില്‍പ്പെടുത്തി വീട്ടില്‍ പോസ്റ്ററുകള്‍വരെ പതിപ്പിച്ചു. പക്ഷേ, രാഷ്ട്രീയകുടുംബമായതിനാല്‍ അച്ഛനും അമ്മയ്ക്കുമെല്ലാം അതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.
അപ്രതീക്ഷിതമായിട്ടാണല്ലോ മന്ത്രിസ്ഥാനത്തേക്കുള്ള വരവ് ?
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി ലഭിച്ചതാണ് ഈ എംഎല്‍എ സ്ഥാനവും മന്ത്രിപദവും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറായും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായുമുള്ള പരിചയസമ്പത്തുണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ ഞാന്‍ പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. നെടുമങ്ങാട്ടുനിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു.
കോവിഡ് സമയമാണ്. മീറ്റിങ്ങുകളെല്ലാം ഓണ്‍ലൈനിലും. അങ്ങനെയൊരു ഓണ്‍ലൈന്‍ മീറ്റിങ്ങില്‍വെച്ചാണ് മന്ത്രിസ്ഥാനത്തെപ്പറ്റി അറിയുന്നത്.
വകുപ്പ് ഏതാണെന്നൊന്നും അറിയില്ലായിരുന്നു. മന്ത്രിയാക്കാന്‍ തീരുമാനിച്ചു എന്നുമാത്രം അറിയാം. അങ്ങനെയിരിക്കേ സെക്രട്ടറി കാനം രാജേന്ദ്രനോട് ഞാന്‍ പറഞ്ഞു: ''നാട്ടിന്‍പുറത്തുനിന്ന് വരുന്ന ആളായതുകൊണ്ട് കൃഷി, മൃഗസംരക്ഷണവകുപ്പ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തന്നാല്‍ മതി.'' പക്ഷേ പ്രഖ്യാപിച്ചപ്പോള്‍ സിവില്‍ സപ്ലൈസ് ആയിരുന്നു. ഏറെ പ്രയാസവും ഉത്തരവാദിത്വവുമുള്ള വകുപ്പ്.
''എപ്പോഴും ടെന്‍ഷനുള്ള വകുപ്പാണ്. നീതന്നെ അത് കൈകാര്യംചെയ്യണം. എന്നാലേ നമുക്ക് വിജയിപ്പിക്കാന്‍ പറ്റൂ,'' പ്രഖ്യാപനത്തിനുശേഷം കാനം എന്നോടു പറഞ്ഞു. പാര്‍ട്ടിയുടെ ബുദ്ധിമുട്ടേറിയ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തതിന്റെ അനുഭവം എനിക്കുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങെന പറഞ്ഞത്.
മന്ത്രിയായതിനുശേഷമുള്ള അനുഭവങ്ങള്‍ ?
പലരെയും സഹായിക്കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. മന്ത്രിയായ ഉടനേയുള്ള ഒരു സംഭവം പറയാം. എന്റെ വീട്ടിലൊരു ജോലിക്കാരിയുണ്ടായിരുന്നു, പേര് ശാന്ത. നാലഞ്ച് വീടുകളില്‍ ഒന്നുരണ്ട് മണിക്കൂര്‍ വീതം ജോലിചെയ്യും. മൂന്ന് പെണ്‍മക്കളാണവര്‍ക്ക്. വിധവയുമാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. പക്ഷേ, അവരുടെ കൈയില്‍ അന്ന് എപിഎല്‍ കാര്‍ഡാണ്. മുന്‍പ് പലതവണ ശ്രമിച്ചിട്ടും അതെനിക്ക് മാറ്റിയെടുക്കാന്‍ സാധിച്ചിരുന്നില്ല. അതൊരു വെല്ലുവിളിയായി ഞാനെടുത്തു. മന്ത്രിയായതിനുശേഷം അഞ്ചരലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കാന്‍ സാധിച്ചു. ശാന്തയാണ് ആ കൃത്യത്തിന് പ്രേരകശക്തിയായത്.
വീട്ടില്‍നിന്ന് ആദ്യം നിയമസഭയിലെത്തിയത് ഭാര്യയാണ്. എങ്ങനെയാണ് രണ്ട് രാഷ്ട്രീയക്കാര്‍ ഒരുമിച്ചത്?
അനില്‍: യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. പ്രായംകൊണ്ട് ഞാനാണ് രണ്ടുമാസം മൂത്തതെങ്കിലും കോളേജില്‍ ലത എന്റെ സീനിയറായിരുന്നു. അവള്‍ ഹിസ്റ്ററിയിലും ഞാന്‍ പൊളിറ്റിക്കല്‍ സയന്‍സിലും. സംഘടനാപ്രവര്‍ത്തനത്തിനിടെ ഞങ്ങള്‍ ഇടയ്ക്കിടെ കണ്ടുമുട്ടി. ഓരോ കൂടിക്കാഴ്ചയിലും അടുപ്പം കൂടിവന്നു. അത് വിവാഹത്തിലെത്തി. വീട്ടുകാരെ അറിയിച്ച് കല്യാണം നടത്താമെന്ന് ഞങ്ങള്‍തന്നെ തീരുമാനിച്ചു. വിവാഹംകഴിക്കുന്ന സമയത്ത് ഞാന്‍ എഐവൈഎഫിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു, ലത സംസ്ഥാന ജോയിന്റ് സെക്രട്ടറിയും.
ലത: വിവാഹസമയത്തും അതിനുശേഷവും ഞങ്ങള്‍ പാര്‍ട്ടിയില്‍ സജീവമായി തുടര്‍ന്നു. പരസ്പരം മനസ്സിലാകുന്നതുകൊണ്ട് രണ്ടുപേര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനം എളുപ്പമായി.
എഐവൈഎഫിന്റെ വനിതാ വിങ്ങിന്റെ ചുമതലയും എനിക്കുണ്ടായിരുന്നു. അന്നുഞങ്ങള്‍ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ വനിതാ മാര്‍ച്ച് നടത്തി. അക്കാലത്ത് ഏറെ ചര്‍ച്ചയായ മാര്‍ച്ചായിരുന്നു അത്. അങ്ങനെ ഇടപെടാന്‍ പറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ചു. അതിന് അംഗീകാരമെന്നപോലെ 1996ല്‍ എന്നെ നിയമസഭയിലേക്ക് മത്സരിപ്പിച്ചു. ചടയമംഗലത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തി.
അനില്‍: അക്കാലത്ത് സംഘടനയിലുള്ളവരെല്ലാം പഠനത്തിലും മുന്നിലായിരുന്നു. ലത ഡിഗ്രിക്കും പിജിക്കും ഒന്നാംറാങ്ക് നേടി. അന്ന് സംഘടനയുടെ തലപ്പത്തുള്ള ആറോ ഏഴോ പേര്‍ക്ക് റാങ്കുണ്ടായിരുന്നു. ഞാന്‍ മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ലത കോളേജില്‍ അധ്യാപികയായി പ്രവേശിച്ചു.
ലത: തൃശ്ശൂര്‍ കേരളവര്‍മ കോളേജിലായിരുന്നു ആദ്യം. അതിനുശേഷം വര്‍ക്കല എസ്എന്‍ കോളേജിലും പഠിപ്പിച്ചു. അവിടെ വകുപ്പ് മേധാവിയുമായിരുന്നു. ഇപ്പോള്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. വായിക്കാനൊക്കെ സമയം കണ്ടെത്തുന്നു.
മന്ത്രിയുടെ മറ്റ് ഇഷ്ടങ്ങള്‍ എന്തെല്ലാമാണ്?
പണ്ടൊക്കെ ഒരുപാട് വായിക്കാറുണ്ടായിരുന്നു. മന്ത്രിയായതിനുശേഷം വായിക്കാനുള്ള സമയം കിട്ടാറില്ല. എങ്കിലും ഇടയ്ക്ക് സിനിമകളൊക്കെ കാണും. പക്ഷേ, അതും കുറവാണ്. 'ആടുജീവിത'മാണ് തിയേറ്ററിലിരുന്ന് അവസാനമായി കണ്ട സിനിമ.
കലാരംഗത്തൊക്കെ സജീവമായിരുന്നല്ലേ?
ചെറുപ്പത്തിലേ വീടിനടുത്തുള്ള വായനശാലയിലും ക്ലബ്ബിലും സജീവമായിരുന്നു. ബാലജനസഖ്യം പോലുള്ളവയിലും അംഗമായി. പല സ്‌കൂളുകളില്‍ പഠിക്കുന്നവരാണെങ്കിലും അവധിക്കാലം വരുമ്പോള്‍ എല്ലാവരും ഒത്തുകൂടും. അന്നെനിക്ക് നാടകത്തോടായിരുന്നു കൂടുതല്‍ താത്പര്യം. കുറെ നാടകങ്ങളില്‍ അഭിനയിച്ചു.
എന്റെ വ്യക്തിത്വം വികസിക്കുന്നതിന് ഈ അവധിക്കാല ക്യാമ്പുകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ കൂട്ടായ്മകളൊക്കെ നഷ്ടമായതാണ് പുതിയകാലത്ത് ലഹരിയുടെയും അക്രമത്തിന്റെയും വഴിയിലേക്ക് കുട്ടികള്‍ പോകാനുള്ള കാരണങ്ങളിലൊന്ന്.
വിഷു ഓര്‍മ്മകള്‍?
ചെറുപ്പത്തില്‍ വിഷുദിവസങ്ങളില്‍ കടകളില്‍നിന്ന് വെളിച്ചെണ്ണ സൗജന്യമായി തരും. അത് തലയില്‍തേച്ച് കുളിക്കും. അതാണ് വിഷുവിനെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്കു വരിക. പിന്നെ വിഷുക്കൈനീട്ടവും വിഷുക്കോടിയുമെല്ലാം കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകളാണ്. അന്ന് വിഷുവിനും ഓണത്തിനും മാത്രമാണ് പുതിയ വസ്ത്രം കിട്ടുക. ആ രണ്ട് ജോഡി വസ്ത്രമാവും ആ വര്‍ഷം മുഴുവന്‍ പരിപാടികളിലും മറ്റും ഉപയോഗിക്കുക.
കുടുംബത്തെപ്പറ്റി?
മകള്‍ ദേവിക ഡല്‍ഹിയില്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസാരംഭിച്ചു. മരുമകന്‍ മേജര്‍ വിഷ്ണു ഇപ്പോള്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷനില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. പേരക്കുട്ടി അനുഗ്രഹ.
Content Highlights: kerala food and civil supplies minister gr anil interview