ആ മരത്തിനു വേണ്ടി മണ്ണില്‍ ചവിട്ടാതെ അവള് ജീവിച്ച 738 ദിവസങ്ങള്‍

ഒരു മരത്തിനു വേണ്ടി മണ്ണില്‍ത്തൊടാതെ ജൂലിയ ചിലവഴിച്ചത് ഒന്നും രണ്ടുമല്ല 738 ദിവസങ്ങളാണ്. മൂന്ന് മഞ്ഞുകാലങ്ങളും കൊടുംവേനലും പേമാരികളും കൊടുങ്കാറ്റുകളും അവര്‍ ചിലവിട്ടത് ഒരു മരമുകളിലായിരുന്നു. വെട്ടിവീഴ്ത്താന്‍ കരാര്‍ എഴുതപ്പെട്ട വയസ്സന് മരത്തിന്റെ ആകാശത്തെത്തൊടുന്ന ചില്ലയില്‍. മരമുകളിലെ ജൂലിയയുടെ ജീവിതം ആ മരത്തിന്റെ ആയുസ് നീട്ടി. അതിന് നേരെ വീശപ്പെട്ട ഈര്ച്ചവാള് ലക്ഷ്യത്തെത്താതെ പിന്മാറി. ഇത് അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തക ജൂലിയ ബട്ടര്‍ ഫ്ളൈ ഹില്ലിന്റെയും ലൂണ എന്നവര്‍ വിളിക്കുന്ന ആയിരം വയസ്സുള്ള റെഡ് വുഡ് മരത്തിന്റെയും കഥയാണ്. ജൂലിയയുടെ ജീവിതത്തിന്റെ തണലിലാണ് ലൂണ അതിജീവിച്ചത്.
സഞ്ചാര ജീവിതം
നിതാന്തസഞ്ചാരികളുടെ കുടുംബത്തിലായിരുന്നു ജൂലിയയുടെ ജനനം. പിതാവായ ഡെയ്ലിനും അമ്മ കാത്തിക്കും സഹോദരങ്ങളായ മൈക്കിനും ഡാനിക്കുമൊപ്പം ഇടതടവില്ലാത്ത യാത്രകളില്‍ ജൂലിയ കുട്ടിക്കാലം ചിലവിട്ടു. പത്തുവയസ്സുവരെ ഒരു കാരവനായിരുന്നു ജൂലിയയുടെ വീട്. പലദേശങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കിടയില്‍ അവര്‍ നദീതടങ്ങളില്‍ അന്തിയുറങ്ങി. പ്രകൃതിയെ അറിഞ്ഞുള്ള ജീവിതം.
അക്കാലത്തൊരിക്കല്‍ സകുടുംബം നടത്തിയ മലകയറ്റത്തിനിടെ ഒരു പൂമ്പാറ്റ ജൂലിയയുടെ വിരല്‍ത്തുമ്പില്‍ ഇരിപ്പുറപ്പിച്ചു. മലകയറിയിറങ്ങും വരെ പൂമ്പാറ്റ ആ വിരല്‍ത്തുമ്പില്‍ നിന്ന് ഇറങ്ങിയതേയില്ല. അതോടെ ജൂലിയയ്ക്ക് ബട്ടര്‍ഫ്ളൈ എന്നൊരു വിളിപ്പേര് വന്നു. പോകെപ്പോകെ ജൂലിയ ലൊറേന് ഹില്‍ എന്ന പേര് ജൂലിയ ബട്ടര്‍ഫ്ലൈ ഹില്‍ എന്ന് പരിണമിച്ചു.
മരണ മുനമ്പില്‍
ജൂലിയ മിഡില്‍ സ്കൂളില്‍ എത്തിയപ്പോള്‍ കുടുംബം സഞ്ചാരം നിര്‍ത്തി അമേരിക്കയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ അര്‍ക്കന്‍സാസില്‍ താമസം തുടങ്ങി. പഠനത്തിനൊപ്പം വെയ്ട്രെസായും റസ്റ്റോറന്റ് മാനേജരായുമൊക്കെ ജൂലിയ ജോലിനോക്കി. ഇരുപത്തിരണ്ടാം വയസ്സില്‍ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം ജൂലിയയ്ക്ക് തൊട്ടരികില്‍ എത്തി. തലയോട്ടി തകര്‍ന്ന് പൂര്‍ണമായും കിടക്കയില്‍ അകപ്പെട്ട നാളുകള്‍. പതിയെയെങ്കിലും ജൂലിയ ആരോഗ്യസ്ഥിതി വീണ്ടെടുത്തു. മരണത്തില്‍ നിന്നുള്ള മടങ്ങിവരവ് ജൂലിയയുടെ ചിന്തകളെ അടിമുടി മാറ്റി. അവര്‍ പരിസ്ഥിതിവാദിയായി. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ചില സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി.
മരങ്ങളുടെ മരണകാലം
ജൂലിയ മരണത്തെ അതിജീവിച്ച തൊണ്ണൂറുകള്‍ കാലിഫോര്‍ണിയയെ സംബന്ധിച്ച് വനനഷ്ടത്തിന്റെ കാലമായിരുന്നു. കാലിഫോര്‍ണിയയുടെ പലമേഖലകളിലും വനങ്ങള്‍ കൂട്ടത്തോടെ വെട്ടിനിരത്തപ്പെട്ടു. തടിവ്യവസായം വളരുകയായിരുന്നു. വനനശീകരണം തുടര്‍കഥയായി. പസഫിക് ലുംബര്‍ കമ്പനി എന്ന മരവ്യവസായ സ്ഥാപനം കാലിഫോര്‍ണിയയുടെ പല പ്രദേശങ്ങളിലും സ്ഥലം പാട്ടത്തിനെടുത്ത് അവിടങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതി നേടിയെടുത്തു. റെഡ്വുഡ് മരങ്ങളാണ് അവരുടെ വാളിന് ഇരയായതിലേറെയും. ഇതിനെതിരെ പോരാടാനായിരുന്നു ജൂലിയയുടെ തീരുമാനം.
ഇര ആ മരം
വനസംരക്ഷണത്തിനായി ഫണ്ട് റൈസിങ് ഉള്‍പ്പെടെയുള്ള ക്യാംപയിനുകളുടെ ഭാഗമായി ജൂലിയയും. പസഫിക് ലുംബര്‍ കമ്പനിയുടെ പരിസ്ഥിതി നശീകരണത്തിനെതിരെ ചില സംഘടനകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. മരത്തിന് കാവലായി മനുഷ്യര്‍ ഊഴമിട്ട് മരച്ചില്ലകളില്‍ തങ്ങുന്ന വ്യത്യസ്തമായ പ്രതിഷേധി രീതി അതിലൊന്നായിരുന്നു. ആ ചെറുത്തുനില്‍പ്പ് ചെറിയ തോതില്‍ ഫലംകണ്ടുതുടങ്ങി. അതിനിടെ സ്റ്റാഫോര്‍ഡ് മേഖലയില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേ തുടര്‍ന്ന ഒരു വലിയ പ്രദേശം വാസയോഗ്യമല്ലാതായി. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഈ ദുരന്തത്തിനിടയില്‍ വനപ്രദേശത്തെ പഴക്കം ചെന്ന റെഡ്വുഡ് മരങ്ങളിലൊന്ന് വെട്ടിവീഴ്ത്താന്‍ കമ്പനി തീരുമാനിച്ചു. പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ കമ്പനി തീരുമാനവുമായി മുന്നോട്ടുപോയി.
മരത്തിന് കാവല്‍
സ്റ്റാഫോഡ് ജയന്റ് എന്ന് വിളിപ്പേരുള്ള ആ പടുകൂറ്റന്‍ മരത്തിന് ജൂലിയ കാവലായി. അവര്‍ ആ മരത്തില്‍ താമസം തുടങ്ങി. തന്നെ കൊല്ലാതെ ആ മരത്തിനു നേരെ വാളോങ്ങാനാവില്ല എന്ന നിശബ്ദ പ്രഖ്യാപനമായിരുന്നു അത്. തന്റെ വീടായി മാറിയ ആ റെഡ്വുഡ് മരത്തെ ജൂലിയ ലൂണ എന്നുവിളിച്ചു. ആയിരം വര്‍ഷം പഴക്കവും 180 അടി ഉയരവുമുള്ള മരത്തിന്റെ മുകളിലെ കവരങ്ങളില്‍ ഒന്നിലായിരുന്നു ജൂലിയയുടെ താമസം.
മരച്ചില്ലകളില്‍ രണ്ട് തടിപ്പലകകള്‍ ചേര്‍ത്തുകെട്ടി താമസസൗകര്യം ഒരുക്കി. മഞ്ഞും മഴയും ഏല്ക്കാതെ ആ തടിപ്പലകമേല്‍ സ്ലീപ്പിങ് ബാഗിനുള്ളില്‍ ഉറങ്ങി. മരത്തിനുമുകളിലേക്ക് കയറുകെട്ടി ഭക്ഷണം എത്തിക്കും. അത്യാവശ്യം ഭക്ഷണം പാകം ചെയ്യാന്‍ ഒരു സ്റ്റൗവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും അവിടെ ഉണ്ടായിരുന്നു. ആ മരമുകളിലിരുന്ന് റേഡിയോ അഭിമുഖങ്ങളും കേബിള്‍ ടെലിവിഷന്‍ ഷോകളും ജൂലിയ നടത്തി. പസഫിക് ലുംബര്‍ കമ്പനി ജൂലിയയെ തുരത്താന്‍ പലവഴികള്‍ നോക്കി. അവരുടെ ഹെലികോപ്റ്ററുകള്‍ ഭീഷണിയുടെ സൂചനകളുമായി ലൂണയ്ക്ക് മുകളിലൂടെ പലകുറി പറന്നു. ജൂലിയയുടെ ചെറുത്തുനില്‍പ്പ് 780 ദിവസങ്ങള്‍ നീണ്ടു. അത്രയും ദിവസം ആ മരമുകളിലായിരുന്നു പൂര്‍ണമായും അവരുടെ ജീവിതം. ഒടുവില്‍ കമ്പനി തോറ്റു. ലൂണ ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 200 അടി ബഫര്‍ സോണ്‍ ചുറ്റളവില്‍ മരം മുറി നടത്തുകയില്ലെന്ന് കമ്പനി അവര്‍ക്ക് ഉറപ്പുകൊടുത്തു.
നിലംതൊട്ട നാള്
781-ാം നാള് മരംകോച്ചുന്ന ശൈത്യത്തില്‍ ജൂലിയ നിലംതൊട്ടു. വീണ്ടും പിച്ചവെക്കാന്‍ പഠിക്കുന്നതുപോലെ ഒരനുഭവമായാണ് ജൂലിയ ആ നിമിഷങ്ങളെ ഓര്‍ക്കുന്നത്. മരത്തിനു മുകളിലെ ജീവിതം മുന്‍നിര്‍ത്തി
ദ ലെഗസി ഓഫ് ലൂണ എന്നൊരു പുസ്തകവും അവര്‍ പുറത്തിറക്കി. സര്‍ക്കിള്‍ ഓഫ് ലൈഫ് ഫൗണ്ടേഷന് എന്നൊരു സംഘടനയ്ക്കും അവര്‍ രൂപംകൊടുത്തു. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്വഡോറിലടക്കം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ജൂലിയയ്ക്ക്. 2003ല്‍ ടാക്സ് റീഡിറക്‍ഷന്‍ മുന്നേറ്റങ്ങളിലും ജൂലിയ പങ്കുകൊണ്ടു. ഫെഡറല്‍ നികുതി അടയ്ക്കേണ്ടതില്ലെന്നും ആ തുക പരിസ്ഥിതി സംരക്ഷണത്തിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കുമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാടായിരുന്നു അവരുടേത്.
Content Highlights: julia butterfly hill's efforts to protect a tree