സൗന്ദര്യറാണിയായി സിനിമാപ്രവേശം, ജൂഹി ചൗള ഇന്ത്യന്‍ നായികമാരിലെ ഏറ്റവും സമ്പന്നയാകുമ്പോള്‍

ഹിന്ദി സിനിമാരംഗത്ത് നായികയായി തിളങ്ങിനില്‍ക്കുന്ന കാലത്ത് ജൂഹി ചൗളയ്ക്ക് ആരാധാകര്‍ ഏറെയായിരുന്നു. കന്നഡ-തമിഴ് സിനിമയിലും മലയാളത്തിലും വേഷമിട്ട താരം, ഇന്നിപ്പോള്‍ അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ്. 2024-ലെ ഹുറൂന്‍ സമ്പന്നപ്പട്ടികയില്‍ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷാരൂഖ് ഖാന്റെ തൊട്ടുപിന്നില്‍ തന്നെയാണ് ജൂഹി ചൗളയുടെ സ്ഥാനം. 4600 കോടി രൂപയുടെ സമ്പത്തുള്ള ജൂഹി സഹതാരങ്ങളെയും ജൂനിയര്‍ താരങ്ങളെയും കടത്തിവെട്ടി.
ജൂഹിയുടെ പുറകിലായുള്ള ഏറ്റവും ധനികരായ അഞ്ചു നടിമാരുടെ സ്വത്തുക്കള്‍ ചേര്‍ത്തുവെച്ചാലും ജൂഹിയുടെ സ്വത്തിന്റെ അത്രയുമെത്തില്ലെന്നതാണ് മറ്റൊരു വസ്തുത. ഐശ്വര്യ റായിയാണ് ജൂഹി കഴിഞ്ഞാല്‍ പട്ടികയിലെ രണ്ടാമതുള്ള നടി. 850 കോടി രൂപയാണ് ഐശ്വര്യയുടെ സമ്പത്ത്. മൂന്നാംസ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയ്ക്ക് സിനിമാരംഗത്തുനിന്നും തന്റെ ബ്രാന്‍ഡുകളില്‍ നിന്നും ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ നിന്നുമായി 650 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ആലിയ ഭട്ടും ദീപിക പദുകോണുമാണ് പട്ടികയില്‍ അടുത്ത സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും സ്വന്തമായി സംരംഭങ്ങളുണ്ട്.
സിനിമയില്‍ നിന്നുള്ള വരുമാനം ജൂഹി ചൗളയെ സംബന്ധിച്ചിടത്തോളം ചെറിയ അളവില്‍ മാത്രമാണ്. 2009-ലിറങ്ങിയ 'ലക്ക് ബൈ ചാന്‍സ്' ആയിരുന്നു അവരുടെ ഒടുവിലത്തെ ബോക്‌സോഫീസ് ഹിറ്റ്. ഷാരൂഖ് ഖാനുമായി ചേര്‍ന്ന് നടത്തുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ജൂഹിയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും വരുന്നത്. സിനിമാനിര്‍മാണം, ക്രിക്കറ്റ് ടീമുകള്‍ എന്നിവയില്‍ സഹഉടമസ്ഥതയും താരത്തിനുണ്ട്. റിയല്‍ എസ്റ്റേറ്റ്, മില്യണയറായ ഭര്‍ത്താവ് ജയ് മേത്തയ്‌ക്കൊപ്പമുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവയും താരത്തിന്റെ സ്വത്ത് വലുതാക്കുന്നു.
7300 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ സമ്പത്ത്. ബോളിവുഡില്‍ നിന്നുള്ള മൂന്നാമത്ത സമ്പന്നന്‍ ഹൃത്വിക് റോഷനാണ്. 2000 കോടി രൂപയാണ് ഹൃത്വിക്കിന്റെ ആസ്തി.
ഹരിയാനക്കാരിയായ ജൂഹി ചൗള സൗന്ദര്യറാണി മത്സരത്തിലൂടെയാണ് ഇന്ത്യന്‍ സിനിമാരംഗത്തേക്കെത്തുന്നത്. 1984-ലെ മിസ് ഇന്ത്യ മത്സരത്തില്‍ വിജയിയായതോടെ സിനിമയിലേക്കും പ്രവേശിച്ചു. 'യെസ് ബോസ്', 'ബോല്‍ രാധാ ബോല്‍' തുടങ്ങിയവ പ്രസിദ്ധമായ ചിത്രങ്ങള്‍.
'സുല്‍ത്താനറ്റ്' എന്ന ഹിന്ദി സിനിമയിലൂടെയായിരുന്നു രംഗപ്രവേശം. പക്ഷേ അവര്‍ക്ക് ഒരു ബ്രേക്ക് ഉണ്ടാക്കിക്കൊടുത്ത സിനിമ 'ഖയാമത്ത് സേ ഖയാമത്ത് തക്' ആണ്. മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ഇതിലൂടെ ലഭിച്ചു. പിന്നീട് തുടരെ നല്ല സിനിമകളും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും അവര്‍ നേടി.
1995-ല്‍ വ്യവസായിയായ ജെയ് മേത്തയെ വിവാഹം ചെയ്തു. ഭര്‍ത്താവിനും ഷാരൂഖ് ഖാനുമൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സഹഉടമയാണ് ജൂഹി ചൗളയിപ്പോള്‍. ഖാനൊപ്പം ഡ്രീംസ് അണ്‍ലിമിറ്റഡ് എന്നപേരില്‍ പ്രൊഡക്ഷന്‍ കമ്പനിയുമുണ്ട്.
Content Highlights: juhi chawla becomes india's richest actress with net worth of rs 4600 cr