'ഏറ്റവും സെക്‌സിയായ മനുഷ്യൻ'; സ്വവർഗാനുരാഗിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞത് വർഷങ്ങൾക്കുമുമ്പ്

അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ മാസികകളിലൊന്നായ 'പീപ്പിൾ' എല്ലാ വർഷവും 'സെക്‌സിയസ്റ്റ് മാൻ എലൈവ്' ലിസ്റ്റ് പുറത്തുവിടാറുണ്ട്. വളരെ സുന്ദരന്മാരായ, തങ്ങളുടെ മേഖലകളിൽ കഴിവുതെളിയിച്ചവരാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ആ ലക്കത്തിലെ കവറും ആ താരത്തെ ഉൾപ്പെടുത്തിയായിരിക്കും. ഇത്തവണ ആ ലിസ്റ്റിന്റെ 40-ാം വാർഷികമാണ് ആഘോഷിക്കുന്നത്. അതിനായി അവർ തിരഞ്ഞെടുത്തതും പ്രത്യേകതകളേറെയുള്ള ഒരു താരത്തെയാണ്, ജൊനാഥൻ ബെയ്‌ലിയെ. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ സ്വവർഗാനുരാഗി കൂടിയാണ് ജൊനാഥൻ.
''37 വയസ്സുള്ള ഇംഗ്ലീഷ് നടൻ, ആകർഷണീയത, ബുദ്ധിശക്തി, അസാധാരണമാംവിധം സുന്ദരമായ രൂപം എന്നിവയാൽ നിറഞ്ഞുനിൽക്കുന്നു. ഹോളിവുഡിലെ ഏറ്റവും അപ്രതിരോധ്യമായ താരങ്ങളിൽ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്'', മാഗസിനിലെ കുറിപ്പ് പറയുന്നു.
നാടകങ്ങളിലൂടെയും ടെലിവിഷനിലൂടെയും പിന്നീട് സിനിമകളിലൂടെയും ആസ്വാദകമനസ്സിലിടം നേടിയ താരമാണ് ജൊനാഥൻ ബെയ്‌ലി. എട്ടാമത്തെ വയസ്സിൽ റോയൽ ഷേക്‌സ്പിയർ കമ്പനിയിലൂടെ ബാലതാരമായിട്ടാണ് അദ്ദേഹം അഭിനയം തുടങ്ങുന്നത്.
പതുക്കെപ്പതുക്കെ നല്ല കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ടുപോയി. സിനിമയിലെത്തിയതോടെ സെക്‌സ് സിംബൽ എന്നാണ് ജൊനാഥൻ വിശേഷിപ്പിക്കപ്പെട്ടത്. 2022-ൽ ടൈം മാഗസിൻ തയ്യാറാക്കിയ 'നെക്സ്റ്റ് ജനറേഷൻ ലീഡേഴ്‌സ്' ലിസ്റ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. ഹോളിവുഡിന്റെ ഹൃദയസ്പന്ദനത്തെ പുനർനിർവചിക്കുന്നുവെന്നാണ് അദ്ദേഹത്തെക്കുറിച്ച് 'ടൈം' എഴുതിയത്. 2025-ൽ ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള, വളർന്നുവരുന്ന 100 താരങ്ങളുടെ പട്ടികയിലും ജൊനാഥൻ ഉൾപ്പെട്ടു. ജുറാസിക് വേൾഡ്: റീബർത്ത്, വിക്കഡ് എന്നിവയിലൂടെയാണ് അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. നെറ്റ്ഫ്‌ളിക്‌സ് പീരീഡ് ഡ്രാമയായ 'ബ്രിഡ്ജർട്ടണി'ലെ ആന്റണി ബ്രിഡ്ജർട്ടണിനെ അവതരിപ്പിച്ചതിലൂടെ ജൊനാഥൻ കൂടുതൽ ജനപ്രീതിയും പ്രശസ്തിയും നേടി.
എന്നാൽ, അതിനപ്പുറം അദ്ദേഹം ശ്രദ്ധനേടിയത് സ്വന്തം സ്വത്വം മറ്റുള്ളവർക്ക് മുന്നിൽ തുറന്നുപ്രകടിപ്പിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ 20-കളിൽ തന്നെ ജൊനാഥൻ സ്വവർഗാനുരാഗിയാണെന്ന കാര്യം കുടുംബത്തിനും സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. 2018-ലാണ് അത് പൊതുസമൂഹത്തിനുമുന്നിൽ തുറന്നുപറയുന്നത്.
ജീവകാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. 2019-ൽ, മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷന്റെ സ്‌കോട്ടിഷ് ബ്രാഞ്ചിന് പണം സ്വരൂപിക്കുന്നതിനായി 'നാഷണൽ ത്രീ പീക്ക്‌സ് ചലഞ്ചി'ൽ പങ്കെടുത്തു. ഏറ്റവും ഉയരം കൂടിയ മലനിരകളിൽ 24 മണിക്കൂറിനുള്ളിൽ കയറുന്നതാണ് ഈ ചലഞ്ച്. എൽജിബിടിക്യു യുവാക്കളെ സഹായിക്കുന്നതിനായുള്ള 'ജസ്റ്റ് ലൈക്ക് അസ്' എന്ന സംഘടനയ്ക്കുവേണ്ടി ഹാക്ക്‌നേ ഹാഫ് മാരത്തണിലും അദ്ദേഹം ഭാഗമായി.
2024-ൽ 'ദ ഷെയിംലെസ് ഫണ്ട്' ആരംഭിച്ചു. ലോകമെമ്പാടുമുള്ള ക്വിയർ സമൂഹത്തിനെ ജീവിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹമിത് തുടങ്ങിയത്. പല ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അദ്ദേഹം ഇതിനായി പണം കണ്ടെത്തുന്നത്. സൊസൈറ്റി ഓഫ് ലണ്ടൻ തിയേറ്റർ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾക്ക് നൽകുന്ന ലോറൻസ് ഒലീവിയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Jonathan Bailey, People magazine`s `Sexiest Man Alive`, is the first openly gay recipient. Discover his journey from child actor to Hollywood heartthrob and LGBTQ+ advocate