മുടിക്കൊപ്പം ആത്മവിശ്വാസവും പോയിത്തുടങ്ങി, പരിഹാസം കൂടിവന്നതോടെയാണ് ആ തീരുമാനമെടുത്തതെന്ന് ജോൺ സീന

ലോകമെമ്പാടുമുള്ള റെസ്‌ലിങ് ആരാധകരുടെ പ്രിയതാരമാണ് ജോൺ സീന. ജോൺ സീന എന്ന പേരിൽ അറിയപ്പെടുന്ന ജോൺ ഫെലിക്‌സ് ആന്റണി സീന ഗുസ്തിയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ഒരു അമേരിക്കൻ നടനാണ്. ഡബ്ല്യുഡബ്ല്യുഇ റിങ്ങുമായോ ഹോളിവുഡ് സെറ്റുകളുമായോ യാതൊരു ബന്ധവുമില്ലാത്ത, തികച്ചും വ്യക്തിപരമായ ഒരു മാറ്റത്തെക്കുറിച്ചു തുറന്നു പറയുകയാണ് ആദ്ദേഹമിപ്പോൾ. പീപ്പിൾ മാഗസിന് നൽകിയ പുതിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2023-ൽ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്റ് ട്രീറ്റ്‌മെന്റിനെക്കുറിച്ചാണ് അത്. തന്റെ ജീവിതത്തിന്റെ ഗതിയെ ഇത് പൂർണ്ണമായും മാറ്റിമറിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
ജോൺ സീന എപ്പോഴും ഒരു തൊപ്പി ധരിച്ചിരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. നടന്റെ ഈ രീതി സ്‌റ്റൈലിഷ് ആയി തോന്നുമെങ്കിലും, മുടി കൊഴിച്ചിലായിരുന്നു യഥാർത്ഥ കാരണം. അദ്ദേഹത്തിന്റെ ആരാധകരിൽ പലരും അദ്ദേഹത്തെ 'കഷണ്ടിയുള്ള ജോൺ സീന' എന്ന് വിളിക്കാൻ തുടങ്ങി. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ വരെ ബാധിച്ചു. 'ഞാൻ എന്റെ മുടികൊഴിച്ചിൽ മറയ്ക്കാൻ ശ്രമിച്ചപ്പോൾ, പ്രേക്ഷകർ അത് വെളിച്ചത്തു കൊണ്ടുവന്നു. 'കഷണ്ടിയുള്ള ജോൺ സീന' എന്ന് എഴുതിയ അവരുടെ ബോർഡുകൾ ഞാൻ കണ്ടു.' 48-കാരൻ പങ്കുവെച്ചു. ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കാൻ അതിനുശേഷമാണ് അന്വേഷണം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്കിപ്പോൾ ഒരു ദിനചര്യയുണ്ട്. റെഡ്-ലൈറ്റ് തെറാപ്പി, മിനോക്‌സിഡിൽ, വിറ്റാമിനുകൾ, ഷാംപൂ, കണ്ടീഷണർ, കൂടാതെ കഴിഞ്ഞ നവംബറിൽ ഞാൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുകയും ചെയ്തു. ഞാൻ തനിച്ചാണെന്നാണ് കരുതിയിരുന്നത്, എന്നാൽ പത്തിൽ ഏഴോ എട്ടോ പുരുഷന്മാർ മുടി കൊഴിച്ചിലോ കഷണ്ടിയോ അനുഭവിക്കുന്നുണ്ട്. ചികിത്സയിൽ നിങ്ങളുടെ മുടി ഓരോന്നായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.' ഹെയർ ട്രാൻസ്പ്ലാന്റ് പ്രക്രിയയെ ലളിതമായി വിശദീകരിച്ചുകൊണ്ട് ജോൺ സീന പങ്കുവെച്ചു.
മുടികൊഴിച്ചിൽ ഒരു സാധാരണ പ്രശ്‌നമാണ്, ഇത് 60 ശതമാനം പുരുഷന്മാരെയും 50 ശതമാനം സ്ത്രീകളെയും ബാധിക്കുന്നു. മുടിയുടെ കനം കുറയുകയും കഷണ്ടി വരികയും ചെയ്യുന്ന ഭാഗങ്ങളിൽ കൂടുതൽ മുടി ചേർക്കാനാണ് ഈ ചികിത്സ ഉപയോഗിക്കുന്നത്. തലയോട്ടിയിലെ കട്ടിയുള്ള ഭാഗങ്ങളിൽ നിന്നോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നോ മുടി എടുത്ത്, പ്രശ്‌നമുള്ള ഭാഗത്ത് വെച്ചുപിടിപ്പിക്കുകയാണ് ഇതിൽ സാധാരണയായി ചെയ്യുന്നത്.
ഈ മാറ്റം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലും നേരിട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. തന്റെ പുതിയ രൂപം സ്‌ക്രീനിൽ കൂടുതൽ വൈവിധ്യമുള്ള നടനാക്കിയെന്നും, പുതിയ വേഷങ്ങളിലേക്ക് വാതിലുകൾ തുറന്നുവെന്നും സീന പറഞ്ഞു. നിലവിൽ ഡബ്ല്യുഡബ്ല്യുഇയുടെ വിടവാങ്ങൽ പര്യടനത്തിലായ സീന 2025 ൽ വിരമിക്കാനൊരുങ്ങുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: john cena opens up about his hair transplant and how it changed his life and career. Read more about his inspiring story.