ഷോക്ക് ട്രീറ്റ്‌മെന്റ്, മദ്യാസക്തി; സ്വയം വെടിവെച്ചു മരിച്ച വിശ്വസാഹിത്യകാരന്‍

'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല.' ചുമരെഴുത്തുകളിലൂടെ നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയ ഈ വാചകം അമേരിക്കന്‍ എഴുത്തുകാരന്‍ ഏണെസ്റ്റ് ഹെമിങ്വേയുടെ പുസ്തകത്തില്‍ നിന്ന് പ്രചോദിതമാണ്. ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കൊന്നുകളയാം. പക്ഷേ, അയാളെ തോല്‍പ്പിക്കാനാവില്ല- എന്നുപറയുന്നത് ഹെമിങ്വേയുടെ 'കിഴവനും കടലും' എന്ന നോവലിലെ നായകനായ സാന്റിയാഗോയാണ്. ഈ വരികളെഴുതിയ ഹെമിങ്‌വേ സ്വയം കൊല്ലുകയായിരുന്നു. ആ പ്രതിഭയെ ഇന്നോളം ആർക്കും തോൽപ്പിക്കാനുമായിട്ടില്ല.
1961 ജൂലൈ 2-നാണ് ഹെമിങ്വേ ആത്മഹത്യ ചെയ്യുന്നത്. വീടിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന തോക്കുകളുടെ സ്വകാര്യശേഖരത്തില്‍ നിന്നും പ്രിയപ്പെട്ട തോക്കെടുത്തു കൊണ്ടുവന്ന് വീടിന്റെ മുഖ്യ വരാന്തയില്‍ വന്നുനിന്നു അദ്ദേഹം. എന്നിട്ട് തോക്ക് വായ്ക്കുള്ളിലേക്ക് നീട്ടി കാഞ്ചി വലിച്ചു. തലച്ചോര്‍ തകര്‍ന്ന് തല്‍ക്ഷണം മരിച്ചു. സംസ്‌കാരം കഴിഞ്ഞ് ഏറെക്കാലം അതൊരു അപകടമരണമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മേരി എല്ലാവരോടും പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് ആത്മഹത്യയാണെന്ന് അവര്‍ സമ്മതിക്കുന്നത്.
നൊബേലും പുലിറ്റ്‌സറുമടക്കം പേരുകേട്ട എല്ലാ ബഹുമതികളും നേടിയ, വിശ്വപ്രശസ്തിയാര്‍ജിച്ച, അതിസമ്പന്നനായ, പ്രണയം നിറഞ്ഞ ദാമ്പത്യമുണ്ടായിരുന്ന ഊര്‍ജസ്വലമായ എഴുത്തുകാരന്‍ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചു. അതിന്റെ പൊരുളറിയാന്‍ ശ്രമങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ മനോനിലയിലുണ്ടായ തകര്‍ച്ചയാണ് മരണകാരണം എന്നായിരുന്നു ഉത്തരം.
ഹെമിങ്വേയുടെ കുടുംബത്തിന് ആത്മഹത്യയുടെ പാരമ്പര്യമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തയാളാണ്. അദ്ദേഹത്തിന് ഹെമോക്രൊമാറ്റോസിസ് എന്ന അവസ്ഥയുണ്ടായിരുന്നു. കോശങ്ങളില്‍ ഇരുമ്പിന്റെ അംശം ഉയര്‍ന്ന തോതില്‍ അടിഞ്ഞുകൂടി മാനസികവും ശാരീരികവുമായ ശക്തിക്ഷയം സംഭവിക്കുന്ന അവസ്ഥയാണിത്. ഇത് പാരമ്പര്യവുമാണ്.
അച്ഛന്റെ അതേ പെരുമാറ്റരീതികളായിരുന്നു അവസാനകാലത്ത് ഹെമിങ്‌വേയും കാണിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒരു സഹോദരനും സഹോദരിയും മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്റേതും ആത്മഹത്യയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹെമിങ്വേയുടെ പേരമകളും സ്വയം ജീവനൊടുക്കി.
മൂന്ന് യുദ്ധങ്ങളില്‍ മുന്‍നിരയില്‍ നിന്നിട്ടുള്ളയാളാണ് ഹെമിങ്വേ. ഒന്നാം ലോകമഹായുദ്ധകാലത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്നു അദ്ദേഹം. ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തോളമെത്തിയാണ് അന്നദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയത്. വാരിയെല്ലുകള്‍ പൊടിയുകയും തലയോട്ടി പൊട്ടുകയും ചെയ്തു. സ്പാനിഷ് യുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും അദ്ദേഹം മാധ്യമപ്രവര്‍ത്തകനായി പങ്കുകൊണ്ടു. യുദ്ധമുഖത്ത് നിന്ന് ഓരോ വട്ടവും പരിക്കുകള്‍. അദ്ദേഹത്തിന്റെ തലയ്ക്ക് 9 വട്ടമാണ് മാരകപരിക്കേറ്റത്. ഒരു മുറിവ് നെറ്റിയില്‍ എന്നേക്കുമായി പതിയുകയും ചെയ്തു. ഈ ആഘാതങ്ങള്‍ അദ്ദേഹത്തിന്റെ മനസികനിലയ്ക്ക് വില്ലനായെന്ന് പില്‍ക്കാലത്ത് ഡോക്ടര്‍മാര്‍ വിലയിരുത്തി.
അത്യുന്മാദവും കൊടുംവിഷാദവും മിന്നിമായുന്ന ബൈപോളാര്‍ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ചുറ്റിലുമുള്ള എല്ലാവരെയും എല്ലാത്തിനെയും അദ്ദേഹം സംശയിക്കുന്ന ഘട്ടത്തിലെത്തി. താന്‍ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലാണ് എന്നൊക്കെ വിടാത്ത ആശങ്ക. ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചെയ്തുതുടങ്ങി. അദ്ദേഹത്തിന് ഇലക്ട്രിക് ഷോക്ക് ചികിത്സയും നടത്തി. ആശുപത്രിയില്‍ മടങ്ങിയെത്തി ഒന്നര ദിവസത്തിന് ശേഷമാണ് അദ്ദേഹം സ്വന്തം ജീവനെടുത്തത്.
നേരത്തെയുണ്ടായിരുന്ന പരിക്കുകളും ബൈപോളര്‍ രോഗവും വഷളാക്കിയത് ഹെമിങ്വേയുടെ മദ്യപാനമാണ്. മദ്യത്തിന് അടിമയായിരുന്നു അദ്ദേഹം. നിരന്തരമായ ലഹരി ഉപയോഗം തലച്ചോറിന്റെ ഏകോപനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലവട്ടം ലഹരിവിമുക്തി തേടാന്‍ അദ്ദേഹത്തെ അടുപ്പമുള്ളവര്‍ നിര്‍ബന്ധിച്ചു. അദ്ദേഹം ശ്രമിക്കുകയും ചെയ്തു. പക്ഷെ അവസാനം വരെയും മദ്യത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ അദ്ദേഹത്തിനായില്ല.
പോര്‍മുഖത്തെ ജീവിതവും യാത്രകളും നിരന്തരവായനയും ഹെമിങ്വേ കൃതികളെ അനുഭവങ്ങളുടെ അക്ഷയഖനിയാക്കി. ചെറുവാചകങ്ങള്‍ക്കുള്ളില്‍ ആകാശങ്ങള്‍ നിറച്ചുവെച്ച എഴുത്തുകാരന്‍. മാനസികപ്രശ്‌നങ്ങളും ശാരീരികാസ്വാസ്ഥ്യങ്ങളും അറുപത്തിയൊന്നാം വയസ്സില്‍ ഭൂമിയില്‍ നിന്ന് അടര്‍ത്തിമാറ്റിയിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഇനിയും എഴുത്തില്‍ അതിശയങ്ങള്‍ സ്രഷ്ടിക്കാന്‍ കഴിയുമായിരുന്നു.
Content Highlights: mental illness suffered by writer ernst hemingway that pushed to him to suicide