'നിങ്ങള്‍ ധീരുഭായ് അംബാനിയാണെങ്കില്‍ ഞാന്‍ എലിസബത്ത് ടെയ്‌ലറാണ്' അന്ന് നിത പറഞ്ഞത്

പരീക്ഷയടുക്കുന്നു, പഠനത്തിരക്കിലായിരുന്നു നിത. ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ചെന്നെടുത്തു. 'ഹലോ ഞാന്‍ ധീരുഭായ് അംബാനി' മറുതലയ്ക്കല്‍ അംബാനി സ്വയം പരിചയപ്പെടുത്തി. രണ്ടാമതൊന്നും ചിന്തിച്ചില്ല, അത് പ്രാങ്ക് കോളെന്നുറപ്പിച്ച് നിത ഫോണ്‍ കട്ട് ചെയ്തു. നിമിഷങ്ങള്‍ക്കകം വീണ്ടും കോള്‍. സാക്ഷാല്‍ അംബാനിയാണതെന്ന് ആരറിയുന്നു. 'നിങ്ങള്‍ ധീരുഭായ് അംബാനിയാണെങ്കില്‍ ഞാന്‍ എലിസബത്ത് ടെയ്‌ലറാണ്. ദയവുചെയ്ത് ഇത് നിര്‍ത്തൂ' നിതയുടെ വായില്‍ തര്‍ക്കുത്തരം വന്നു. ആരോ മനപ്പൂര്‍വം പറ്റിക്കുകയാണെന്നേ നിതയ്ക്ക് തോന്നിയുള്ളൂ. മൂന്നാമതും ഫോണ്‍ വന്നപ്പോള്‍ എടുക്കാതെ അവഗണിച്ചു. പകരം അച്ഛന്‍ ഫോണെടുത്തു. ധീരുഭായ് അംബാനിയുടെ ശബ്ദം പിടികിട്ടാന്‍ അച്ഛന് അധികംനേരം വേണ്ടിവന്നില്ല.
അച്ഛന്റെ മുഖം മാറുന്നത് മകള്‍ ശ്രദ്ധിച്ചു. നിതയെ മകന്‍ മുകേഷിന് കല്യാണം ആലോചിക്കാനാണ് വിളിച്ചതെന്ന വിവരം മുഖവുരയില്ലാതെ അംബാനി അച്ഛനോടു പറഞ്ഞു. ഞെട്ടലോടെ ഫോണിന്റെ സ്പീക്കര്‍ കൈകൊണ്ട് പൊത്തി, അദ്ദേഹം പതിയെ നിതയെ വിളിച്ചു, 'ഇത് ശരിക്കും ധീരുഭായ് അംബാനിയാണ്, അദ്ദേഹത്തോടൊന്ന് മര്യാദയോടെ സംസാരിക്കാമോ?'- ലോകമറിയുന്ന ഉയരങ്ങളിലേക്കുള്ള നിതയുടെ യാത്ര തുടങ്ങിയതങ്ങനെയാണ്. വൈകാതെ ധീരുഭായിയുടെ ക്ഷണപ്രകാരം നിത മുംബൈയിലെ ഓഫീസിലെത്തി, പിന്നീട് വീട്ടിലും. അവിടെവെച്ച് മുകേഷുമായി ആദ്യകൂടിക്കാഴ്ച.
റിലയന്‍സ് സാമ്രാജ്യത്തിന്റെ ആത്മാവും ഹൃദയവും, കുടുംബത്തെ സ്‌നേഹച്ചരടില്‍ കോര്‍ത്തുകെട്ടിപ്പോരുന്നവള്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ആളുകള്‍ നിത അംബാനിക്ക് നല്‍കാറുണ്ട്. മുംബൈയിലെ ഒരു സാധാരണ ഗുജറാത്തി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന നിതയുടെ ജീവിതം 20-ാം വയസ്സിലാണ് പൊടുന്നനെ മാറിയത്. അതിസമ്പന്നരായ അംബാനി കുടുംബത്തിലെ മരുമകള്‍ പദവിയലങ്കരിക്കാന്‍ ലഭിച്ച ക്ഷണം പിന്നീടുള്ള ജീവിതത്തില്‍ നിര്‍ണായകമായി. നിതയെ മൂത്ത മകന് വധുവായി തിരഞ്ഞെടുത്തത് ധീരുഭായ് അംബാനിയും ഭാര്യ കോകിലാബെനുമാണ്. അതിന് നിമിത്തമായത് നിതയുടെ നൃത്തവും. ഭരതനാട്യ നര്‍ത്തകിയായി വളര്‍ന്നുവരുന്നൊരു പ്രതിഭയായിരുന്നു നിതയന്ന്. ഒരു നൃത്തസദസ്സില്‍ നിറഞ്ഞാടുന്ന അവളെ ധീരുഭായും കോകിലാബെനും കാണാനിടയായി. കണ്ണിലുടക്കിയ നര്‍ത്തകിയുടെ ഊര്‍ജ്ജസ്വലതയും സൗന്ദര്യവും ഇരുവര്‍ക്കും ബോധിച്ചു. മൂത്ത മകന്‍ മുകേഷിന് ഇവള്‍ വധുവായാല്‍ നന്നാവുമെന്ന് ആഗ്രഹം തോന്നാന്‍ അധികസമയം വേണ്ടിവന്നില്ല. ഫോണ്‍നമ്പര്‍ കണ്ടുപിടിച്ച് വിവാഹാലോചനയുമായി ധീരുഭായ് അംബാനി നിതയുടെ വീട്ടിലേക്ക് നേരിട്ട് വിളിക്കുകയും ചെയ്തു.
'ഞാന്‍ വെറും അലങ്കാരമാകരുത്, ജോലി ചെയ്യാന്‍ അനുവദിക്കണം'
ആദ്യകൂടിക്കാഴ്ചയ്ക്കുശേഷം പതിയെ മുകേഷും നിതയും താത്പര്യങ്ങള്‍ പരസ്പരം തുറന്നുപറഞ്ഞു, നല്ല സുഹൃത്തുക്കളായി. പ്രണയമായി. മുംബൈയിലെ തിരക്കേറിയ നിരത്തിലൂടെ ഡ്രൈവ് ചെയ്തുപോയ ഒരു ദിവസം മുകേഷ് ചോദിച്ചു, 'എന്നെ വിവാഹം ചെയ്യുമോ?' മുംബൈയിലെ സെയിന്റ് ഫ്്‌ളവര്‍ നഴ്‌സറി സ്‌കൂളില്‍ നൃത്തംപഠിപ്പിക്കുന്നുണ്ടായിരുന്നു അന്നവര്‍. അത് തുടരാന്‍ അനുവദിക്കണമെന്ന നിബന്ധനയില്‍ നിത സമ്മതംപറഞ്ഞു. ഒരലങ്കാരമായി മാത്രം അംബാനി കുടുംബത്തിലൊതുങ്ങാന്‍ തനിക്ക് താത്പര്യമില്ലെന്ന കാര്യം നേരത്തേ അറിയിച്ചിരുന്നതാണ്.
ഇന്ത്യയിലെ ധനാഢ്യകുടുംബത്തിലെ മരുമകളായി എത്തിയപ്പോഴും സ്വന്തമായി ജോലി ചെയ്ത് സമ്പാദിക്കുന്ന നിതയെ അന്നെല്ലാവരും വാനോളം പുകഴ്ത്തി. എളിമയുള്ളവളെന്നും സമ്പത്തില്‍ അഭിരമിച്ചില്ലെന്നും പറഞ്ഞു. 1985-ല്‍ അംബാനിയുമായി വിവാഹം. നിത ജോലിതുടര്‍ന്നു. 800 രൂപയായിരുന്നു കോടീശ്വരകുടുംബത്തിലെ മരുമകളുടെ അന്നത്തെ ശമ്പളം. 'ഞാന്‍ എന്തിനാണ് ജോലി ചെയ്യുന്നതെന്ന് ആളുകള്‍ ആശ്ചര്യപ്പെട്ടു, പക്ഷേ മുകേഷ് എന്നെ പ്രോത്സാഹിപ്പിച്ചു' -നിത ഒരിക്കല്‍ പറഞ്ഞു. തന്റെ പ്രൊഫഷണല്‍ കഴിവുകളെ നിലനിര്‍ത്തണമെന്ന് അവരെന്നും ആഗ്രഹിച്ചിരുന്നു. പില്‍ക്കാലത്ത് റിലയന്‍സ് സാംസ്‌കാരികകേന്ദ്രം തുറന്നതും ആഘോഷവേദികളിലെല്ലാം നിത നൃത്തംചെയ്യുന്നതുമെല്ലാം അതിന്റെ ബാക്കി പത്രമാവാം.
ഐ.വി.എഫിലൂടെ ഇരട്ടക്കുട്ടികള്‍
വിവാഹശേഷം ദീര്‍ഘകാലത്തേക്ക് ലൈംലൈറ്റുകളിലൊന്നും നിതയുണ്ടായിരുന്നില്ല. ഐ.വി.എഫ്. ചികിത്സയിലൂടെയാണ് 1991-ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇഷയും ആകാശും. മാസം തികയും മുമ്പേ പ്രസവിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ അധ്യാപനത്തില്‍ നിന്ന് പൂര്‍ണമായും ഇടവേളയെടുത്തു നിത. പിന്നീട് മൂന്നാമത്തെ മകന്‍ ആനന്ദും പിറന്നു. റിലയന്‍സ് സാമ്രാജ്യത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മുകേഷ് വളര്‍ന്നപ്പോഴും അതിനൊപ്പം തന്റെ അധ്യാപന താത്പര്യവും സാമൂഹികസേവന താത്പര്യവും നിത നിലനിര്‍ത്തി. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപിച്ചത് നിതയാണ്. കോകില ബെന്‍ ആശുപത്രിയുള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ വേറെയും.
മധ്യവര്‍ഗകുടുംബത്തില്‍ ജനനം
മധ്യവര്‍ഗചുറ്റുപാടിലാണ് മുകേഷിനെ വിവാഹംചെയ്യുംമുമ്പ് നിത കഴിഞ്ഞത്. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രഭായ് ദലാല്‍ ആണ് അച്ഛന്‍. അമ്മ പൂര്‍ണിമ ദലാല്‍. സഹോദരി മമ്ത ദയാല്‍ അധ്യാപികയാണ്. നിത ആറാം വയസ്സില്‍ ഭരതനാട്യം പഠിച്ചുതുടങ്ങി. 20 വയസ്സുവരെ നൃത്തമഭ്യസിച്ചു. നര്‍സി മോന്‍ജി കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്ന് കൊമേഴ്സില്‍ ബിരുദംം. പ്രൊഫഷണല്‍ ഭരതനാട്യം നര്‍ത്തകിയായി വളരാനാഗ്രഹിച്ചു. കോളേജില്‍ സഹോദരിയുടെ സുഹൃത്തെന്ന നിലയില്‍ നിതയെ അറിയാമായിരുന്ന ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ പറഞ്ഞത്, 'നിതയെ സംബന്ധിച്ചിടത്തോളം ഇതൊരു എളുപ്പയാത്ര ആയിരുന്നില്ല, പക്ഷേ അവള്‍ വിവേകത്തോടെ നിലനിന്നു' എന്നാണ്. ഇന്ത്യന്‍ ബിസിനസിന്റെ ഫസ്റ്റ് ലേഡിയാവാന്‍ കഠിനശ്രമത്തിലൂടെ അവര്‍ സ്വയം പരുവപ്പെടുത്തുകയായിരുന്നു.
കുടുംബത്തിന്റെ ദൃഢത
നിതയും മുകേഷുമായുള്ള അടുപ്പവും അവരുടെ കുടുംബസ്‌നേഹവും ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷവേളയില്‍ ചര്‍ച്ചയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോയ വേളകളില്‍ അമ്മയും കുടുംബവും എന്തുമാത്രമാണ് തന്ന പിന്തുണച്ചതെന്ന് പറഞ്ഞ് ആനന്ദ് വികാരഭരിതനായി. ആ തുറന്നുപറച്ചില്‍ കുടുംബത്തിന്റെ ദൃഢതയപ്പെറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ആഴം നല്‍കി. കുടുംബത്തിലെ ഏതെങ്കിലും ചെറിയ വഴക്കിനെപ്പറ്റിപോലും പരസ്യമായി പറയുകയോ ആരോപിക്കുകയോ ചെയ്യാത്ത നിതയുടെ നിലപാടിനെയും ആളുകളിഷ്ടപ്പെട്ടു. 2007-ല്‍ നിതയുടെ 44-ാം പിറന്നാളിന് മുകേഷ് സമ്മാനമായി 240 കോടി രൂപയുടെ എയര്‍ബസ് വിമാനം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
ഏഷ്യയിലെ ശക്തയായ ബിസിനസുകാരി/വൈറ്റ്ഹൗസില്‍ വിരുന്ന്
2016-ല്‍ ഫോബ്‌സ് മാസിക പുറത്തുവിട്ട ഏഷ്യയിലെ ശക്തരായ ബിസിനസുകാരുടെ പട്ടികയില്‍ നിത അംബാനി ഒന്നാമതെത്തി. 50 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഭാര്യമാര്‍ മിക്കവരും ഭര്‍ത്താവിന്റെ തണലില്‍ കഴിയുമ്പോള്‍ നിത മുന്‍നിരയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അന്ന് ഫോബ്‌സ് വിലയിരുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആദ്യത്തെ വനിതാ ബോര്‍ഡ് അംഗമായ നിത ഒട്ടേറെ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഐപിഎല്‍ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥത ഏറ്റവും വലിയ വാണിജ്യ സംരംഭങ്ങളിലൊന്നായിരുന്നു. രാജ്യത്ത് സ്‌പോര്‍ട്‌സ് ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെ അവര്‍ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് സ്ഥാപിച്ചു. അമച്വര്‍ കായികരംഗത്ത് കാര്യമായ സ്വാധീനം ചെലുത്തി. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ചിരിക്കുന്ന മുഖമായും പിന്നീട് നിത മാറി.
കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും വൈറ്റ്ഹൗസില്‍ ഒരുക്കിയ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുത്തിരുന്നു. 2016-ല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിത അംഗമായി. ഇന്ത്യയില്‍ നിന്ന് ഐ.ഒ.സി.യിലെത്തുന്ന ആദ്യവനിതയും മൂന്നാമത്തെ വ്യക്തിയുമാണവര്‍. കായികരംഗത്ത് യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്, 2017-ല്‍ രാഷ്ട്രപതിയില്‍ നിന്ന് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ സ്വീകരിച്ചു. 2019 നവംബറില്‍ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. മ്യൂസിയത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഇന്ത്യന്‍ ട്രസ്റ്റിയാണ് നിത. യു.എസിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമായ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ പുരാതന ഈജിപ്തില്‍ നിന്നുള്ള കലാസൃഷ്ടികള്‍ അടക്കമുള്ള ശേഖരമുണ്ട്.
ഫിറ്റനെസ് ഫ്രീക്ക്/വൈ കാറ്റഗറി സുരക്ഷ
2016 മുതല്‍ നിതയ്ക്ക് വൈ കാറ്റഗറി സുരക്ഷയനുവദിച്ചു. ചിലവ് വഹിക്കുന്നത് നിത തന്നെ. 20 കമാന്‍ഡോകളാണ് സുരക്ഷാചുമതലയില്‍. മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷയുണ്ട്. ഫിറ്റ്‌നെസ് ഫ്രീക്കെന്നും നിതയെ ആളുകള്‍ വിളിക്കാറുണ്ട്. യോഗ, നീന്തല്‍, വ്യായാമം തുടങ്ങിയവയ്ക്കായി ദിവസവും സമയം നീക്കിവെക്കുന്ന നിത ഒരു ഫാഷന്‍ പ്രേമികൂടിയാണ്. ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍, ഷൂകള്‍, ആഭരണങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്.
വിവാദം
നിതയെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള നീക്കത്തിനെതിരേ വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും വിസിറ്റിങ് പ്രൊഫസറാകാനുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്നീട് പ്രസ്താവനയിറക്കി.
റിലയന്‍സ് ഫൗണ്ടേഷന്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചാരിറ്റബിള്‍ ഡിവിഷനായ റിലയന്‍സ് ഫൗണ്ടേഷന് രൂപംനല്‍കിയത് നിത അംബാനിയാണ്. ഗ്രാമ, നഗര പ്രദേശങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കല, സാംസ്‌കാരിക മേഖലകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി പ്രദേശത്ത് 2000 ഏക്കറിലായി 32 ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ അംബാനിയെ സ്വാധീനിച്ചത് നിതയുടെ ഇടപെടലാണ്. നവകേരളസൃഷ്ടിക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ കേരളത്തിന് വാഗ്ദാനം ചെയ്ത 21 കോടിയുടെ സഹായം നിത അംബാനിയെത്തി കൈമാറിയിരുന്നു. പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ തകര്‍ന്ന 567 സ്‌കൂളുകള്‍ 50 കോടി ചെലവിട്ട് പുനര്‍നിര്‍മിക്കുമെന്നും നിത ഉറപ്പുനല്‍കി.
കേരളത്തിലെ ദുരിതബാധിതപ്രദേശങ്ങളില്‍ മരുന്നുകളും പഠനകിറ്റുകളും വിതരണം ചെയ്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 38-ാം ജന്മദിനത്തില്‍ ഗുരുവായൂരെത്തി നിത വഴിപാടുകള്‍ കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പതാകയുമായിട്ടാണ് അന്നവരെത്തിയത്. 2019-ല്‍ ഹെര്‍ സര്‍ക്കിള്‍ എന്ന പേരില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. 2023 ഏപ്രിലില്‍ നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ സാംസ്‌കാരികകേന്ദ്രത്തിന് മുംബൈ ബാന്ദ്ര-കുര്‍ല കോംപ്ലക്‌സില്‍ തുടക്കമായി.
ഡയറക്ടര്‍മാരായി മക്കളെത്തുന്നു
മക്കള്‍ ഡയറക്ടര്‍മാരായി എത്തിയതോടെ 2023 ഓഗസ്റ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടമാരില്‍ നിന്ന് നിത രാജിവെച്ചു. മുകേഷ് അഞ്ചുവര്‍ഷം കൂടി തുടരും. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിതയുടെ രാജി. ഫൗണ്ടേഷന്റെ അധ്യക്ഷ എന്ന നിലയില്‍ സ്ഥിരം ക്ഷണിതാവായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് യോഗങ്ങളില്‍ തുടരും.
Content Highlights: Indian philanthropist and businesswoman nita ambani's life journey