ബഹിരാകാശം താണ്ടാന്‍ വീണ്ടും സുനിത വില്യംസ്

സുനിത വില്യംസ്‌ | Photo: AFP
സുനിത വില്യംസ്‌ | Photo: AFP

59-ാം വയസ്സില്‍ മൂന്നാമത്തെ ബഹിരാകാശയാത്രക്കൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. കാല്‍ നൂറ്റാണ്ടിലധികമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പ്രവര്‍ത്തിച്ചുവരികയാണവര്‍. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുനിത നടത്തുന്ന ബഹിരാകാശ യാത്രയെ ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. 

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുക. മേയ് ഏഴിന് ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍നിന്ന് യാത്ര പുറപ്പെടും. പുതിയ ബഹിരാകാശ പേടകത്തിന്റെ കന്നി ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യവനിതയെന്ന ചരിത്രവും ദൗത്യത്തിലൂടെ സുനിത കുറിക്കും. ബോയിങ്, നാസ എന്‍ജിനീയര്‍മാര്‍ക്കൊപ്പം പേടകം വികസിപ്പിക്കുന്നതിലും സുനിത പങ്കാളിയായിരുന്നു.

സുനിത വില്യംസ് സഹോദരിക്കൊപ്പം താജ് മഹലിനു മുമ്പില്‍ | PTI

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയായിരിക്കും തനിക്കെന്ന് സുനിത പറയുന്നു. മാസങ്ങളോളം നിലയത്തില്‍ കഴിഞ്ഞതിന്റെ ഓര്‍മകളിലേക്ക് തിരികെപ്പോകുന്നതിന്റെ ആനന്ദത്തിലാണവര്‍. ബഹിരാകാശത്തെ വാസം മനുഷ്യന്റെ കാഴ്ചപ്പാടുകളെ മാറ്റിമറയ്ക്കുമെന്ന് ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പറഞ്ഞിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സാധിക്കുന്ന ചില സ്വപ്‌നനിമിഷങ്ങളെപ്പറ്റിയും അവര്‍ വാചാലയായി. 'അന്താരാഷ്ട്ര ബഹിരാകാശനിലയിലെ തകരാറിലായ ഉപകരണം നന്നാക്കാനായി അതില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ഭൗമോപരിതലത്തിന് 400 കിലോമീറ്റര്‍ ഉയരത്തില്‍ തെളിഞ്ഞ ധ്രുവദീപ്തി കണ്ടനിമിഷം, അതിനപ്പുറം എന്തെങ്കിലുമുണ്ടോയെന്ന് ഞാന്‍ അതിശയിച്ചുപോയി. ആ കാഴ്ചയ്ക്കുശേഷം പ്രപഞ്ചത്തില്‍ വളരെയധികം ഊര്‍ജമുണ്ടല്ലോയെന്നും നാം പ്രഞ്ചത്തില്‍ എത്ര നിസ്സാരനാണെന്നും ഞാന്‍ ചിന്തിച്ചു'- സുനിത പറഞ്ഞു. (ഔറോറ ബൊറിയാലിസ് എന്ന പ്രകാശപ്രതിഭാസമാണ് ധ്രുവദീപ്തി എന്നറിയപ്പെടുന്നത്. വടക്കന്‍ ചക്രവാളത്തില്‍ തിളങ്ങുന്ന പച്ചനിറത്തിലോ ചിലപ്പോള്‍ മങ്ങിയ ചുവപ്പുനിറത്തിലോ ആണ് ധ്രുവദീപ്തി കാണപ്പെടുക.)

കുട്ടിയായിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ബഹിരാകാശസഞ്ചാരിയാകുമെന്ന് കരുതിയില്ലെന്ന് സുനിത പറഞ്ഞിട്ടുണ്ട്. ആകാശത്തുനിന്ന് പൂര്‍ണരൂപത്തില്‍ കണ്ട ഇന്ത്യയെ ചുറ്റിനടന്ന് കാണാന്‍ ആഗ്രഹമുണ്ടെന്നും.  

ഇന്ത്യന്‍ വംശജ
സുനിതയുടെ പിതാവായ ദീപക് പാണ്ഡ്യ ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന ഒരു ന്യൂറോ അനാട്ടമിസ്റ്റായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി, സ്ലോവേനിയക്കാരനായ ബോണിയെ വിവാഹം കഴിച്ചു. 1965-ല്‍ ദമ്പതിമാര്‍ക്ക് സുനിത പിറന്നു. 1987-ല്‍ യു.എസ്. നേവല്‍ അക്കാദമിയില്‍ നിന്ന് യു.എസ്. നാവികസേനയിലെ ഇന്‍സൈന്‍ ആയി കമ്മിഷന്‍ നേടിയ സുനിത, യു.എസ്. ഡെപ്യൂട്ടി മാര്‍ഷല്‍ മൈക്കല്‍ വില്യംസിനെയാണ് വിവാഹംകഴിച്ചത്. 1998-ലാണ് സുനിതയെ നാസ ബഹിരാകാശസഞ്ചാരിയായി തിരഞ്ഞെടുത്തത്. പിന്നീട് അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലനങ്ങള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടു. 2006 ഡിസംബര്‍-9ന് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരാകാശ യാത്രക്ക് തുടക്കമിട്ടു. 

195 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു. കല്‍പന ചൗളയ്ക്കുശേഷം ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്. 2012 ജൂലൈ 14-ന് റഷ്യന്‍ ബഹിരാകാശ പേടകമായ Soyuz TMA-05M-ല്‍ രണ്ടാമതും യാത്ര തിരിച്ചു. ദൗത്യത്തിന്റെ കമാന്‍ഡര്‍ പദവി അവര്‍ക്കായിരുന്നു. നാലുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മറ്റ് രണ്ടുപേര്‍ക്കൊപ്പം കസാഖ്‌സ്താനിലെ ബൈക്കന്നൂരില്‍ പറന്നിറങ്ങുമ്പോള്‍ സുനിതയ്ക്കത് ചരിത്രനേട്ടമായിരുന്നു. രണ്ട് ദൗത്യങ്ങളിലായി 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവിട്ടു. ഏഴുതവണയായി 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നു. ഏറ്റവുമധികം സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന നേട്ടവും അന്നവര്‍ക്ക് സ്വന്തമായിരുന്നു. പിന്നീട് പെഗ്ഗി വിറ്റ്‌സണ്‍ അത് മറികടന്നു. 

മൂന്നാംദൗത്യം മേയ് ഏഴിന്
നാസയിലെ ബുച്ച് വില്‍മോറും പുതിയ ദൗത്യത്തില്‍ സ്റ്റാര്‍ലൈനറില്‍ സുനിതയ്‌ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേര്‍ന്നുള്ള ഈ പരീക്ഷണം.
 

Content Highlights: indian-origin astronaut sunita williams set to fly into space again