ഇന്ത്യന്‍ വേഷത്തില്‍ ജോലിക്ക് പോവാന്‍ ലണ്ടനില്‍ പോരാടിയ 19-കാരി, റീത്തയെന്ന രഹസ്യപ്പേര് സ്വീകരിച്ചു

എയര്‍ ഇന്ത്യയില്‍ ജോലി നേടി ലണ്ടനിലെത്തിയ ആ പെണ്‍കുട്ടിക്ക് അന്ന് കമ്പം കലയോടും നാടകത്തോടുമായിരുന്നു. നാടകം പഠിക്കാന്‍ അവള്‍ ലണ്ടന്‍ ഡ്രാമാ സ്‌കൂളില്‍ ചേര്‍ന്നു. പക്ഷേ, ജീവിതം വഴിത്തിരിവുകളാണ് സമ്മാനിച്ചത്. ജോലിത്തിരക്കുകള്‍ കാരണം ഡ്രാമാസ്‌കൂളിലെ സായാഹ്ന ക്ലാസുകള്‍ പലപ്പോഴും മുടങ്ങി. വഴിത്തിരിവുകള്‍ പിന്നാലെ വന്നു. കൊല്‍ക്കത്തയിലെ പഠനകാലത്തെ കൂട്ടുകാരില്‍ ചിലരെ ലണ്ടനില്‍വെച്ച് കണ്ടുമുട്ടാനിടയായി. ബുദ്ധിജീവി സദസ്സുകളില്‍ അവര്‍ക്കൊപ്പം അവളും പങ്കുചേര്‍ന്നു. ഇതൊക്കെയും ആ കൊല്‍ക്കത്തക്കാരിയെ രാഷ്ട്രീയത്തോട് അടുപ്പിച്ചു. വിയറ്റ്നാം വിമോചനപ്പോരാട്ടത്തിന്റെ ആവേശം അലതല്ലുന്ന സമയം കൂടിയായിരുന്നു അന്ന്. ബൃന്ദയെന്ന മാര്‍ക്‌സിസ്റ്റുകാരി രൂപമെടുത്തത് അക്കാലത്താണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) പോളിറ്റ്ബ്യൂറോയില്‍ അംഗമായ ആദ്യത്തെ വനിതയെന്ന വിശേഷണമുണ്ട് ബൃന്ദാ കാരാട്ടിന്. 71-ല്‍ പാര്‍ട്ടി അംഗമായി. തൊട്ടുപിന്നാലെ അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍. തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ബൃന്ദ പാര്‍ട്ടിയെ അറിയിച്ചു. എങ്കില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് ഉപദേശിച്ചത് പി. സുന്ദരയ്യയാണ്. മാനസഗുരുവായ അദ്ദേഹത്തിന്റെ ഉപദേശം ശിരസാവഹിച്ച് റീത്ത എന്നപേരില്‍ രഹസ്യമായി ഡല്‍ഹിയിലെ തൊഴിലാളികള്‍ക്കിടയിലേക്ക്. അന്നത്തെ അനുഭവപാഠങ്ങളും പാര്‍ട്ടിയിലെ കറുപ്പും വെളുപ്പും കലര്‍ന്ന നാള്‍വഴികളും പറയുന്ന 'ആന്‍ എജുക്കേഷന്‍ ഫോര്‍ റീത്ത' എന്ന ഓര്‍മക്കുറിപ്പുകള്‍ ഈ അടുത്ത് പുറത്തിറങ്ങിയിരുന്നു.
അടിയന്തരാവസ്ഥക്കാലം, പ്രകാശ് കാരാട്ടുമായുള്ള പ്രണയം, വിവാഹം, ജീവിതാവസ്ഥകള്‍, കുടുംബം, പാര്‍ട്ടിപദവികളിലെത്തുന്ന വനിതകളോടുള്ള പൊതുസമൂഹത്തിന്റെ സമീപനം... അങ്ങനെ മനസ്സിലുള്ളതെല്ലാം തുറന്നുപറഞ്ഞ് 'ഗൃഹലക്ഷ്മി'ക്കൊപ്പം ബൃന്ദ.
1971-ല്‍ പാര്‍ട്ടി അംഗമായി. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു
55 വര്‍ഷം മുന്‍പ് ഇങ്ങനെയൊരു തീരുമാനമെടുത്തതിന്റെ പേരില്‍ ഒരു നിമിഷംപോലും എനിക്ക് ദുഃഖിക്കേണ്ടിവന്നിട്ടില്ല. എന്റെത് ഒരു രാഷ്ട്രീയ കുടുംബമായിരുന്നില്ല. പക്ഷേ, ഞാന്‍ രാഷ്ട്രീയത്തിലെത്തി. അതും കമ്യൂണിസ്റ്റ് രാഷ്ട്രീയം. പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം. ഇങ്ങനെ വേണമായിരുന്നോയെന്ന് ചിന്തിപ്പിക്കുന്ന സാഹചര്യമുണ്ടാവാം. സ്വാഭാവികമാണ്. പക്ഷേ, യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. എനിക്ക് പശ്ചാത്തപിക്കേണ്ട സാഹചര്യമേയുണ്ടായിട്ടില്ല. ഈ കാലയളവില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഈ 76-ാം വയസ്സിലും ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു തൊഴിലാളി നല്‍കിയ പേരാണല്ലോ റീത്ത. അക്കാലത്തെപ്പറ്റി പറയാമോ?
തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം രാത്രിയിലാണ് യോഗം ചേര്‍ന്നിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇത്തരം യോഗങ്ങള്‍ അനുവദനീയമായിരുന്നില്ല. അതിനാല്‍ രഹസ്യമായി വേണം ചേരാന്‍. ചെറിയ ഇരുട്ടുമുറിയിലാണ് യോഗം നടക്കുക. കൊല്‍ക്കത്തയിലെ എന്റെ ചെറിയ വാടകമുറി പോലീസ് റെയ്ഡ് ചെയ്തതായി ഒരുദിവസം യോഗത്തിനിടെ തൊഴിലാളിയൂണിയന്‍ നേതാവായ സഖാവ് ശ്രീറാം വെളിപ്പെടുത്തി. ഡല്‍ഹിയിലേക്ക് വരുന്നതിന് മുന്‍പ് അവിടെ ഞങ്ങള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. പോലീസ് തിരയുന്നതുകൊണ്ട് ഇനിയങ്ങോട്ട് മറ്റൊരു പേര് സ്വീകരിച്ചുകൊണ്ടാവണം പ്രവര്‍ത്തനം എന്ന് സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രീറാം പറഞ്ഞു. ഷീല എന്ന പേര് ഞാന്‍ പറഞ്ഞു. പക്ഷേ, ശ്രീറാമിന്റെ ഭാര്യയുടെ പേരും ഷീല എന്നാണ്. അതിനാല്‍ അത് വേണ്ടെന്നുവച്ചു. തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു ഫയല്‍വാനുണ്ടായിരുന്നു, ചന്ദ്രബാന്‍. ഹരിയാണക്കാരനാണ്. അദ്ദേഹത്തിന് എന്റെ പേര് ബൃന്ദ എന്ന് ഉച്ചരിക്കാനാവില്ലായിരുന്നു. എപ്പോഴും 'ബരിന്ദ' എന്നാണ് വിളിച്ചിരുന്നത്. പേര് മാറ്റണമെന്ന നിര്‍ദേശം യോഗത്തില്‍ ചര്‍ച്ചയായപ്പോള്‍ ഏറ്റവും സന്തോഷിച്ചത് അദ്ദേഹമാണ്. നമുക്ക് എളുപ്പത്തില്‍ വിളിക്കാവുന്ന ഒരു പേരിടാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രബാന്‍ ആണ് എനിക്ക് റീത്ത എന്ന പേര് സമ്മാനിച്ചത്.
ബാല്യം, കൗമാരം, അച്ഛനമ്മമാരുടെ വ്യത്യസ്ത പശ്ചാത്തലങ്ങള്‍. ഓര്‍മകള്‍ പങ്കുവയ്ക്കാമോ?
അച്ഛനും അമ്മയും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. അമ്മ ബംഗാളിലെ പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയായ രാജാ സുബോധ് മാലിക്കിന്റെ കുടുംബത്തിലെ അംഗമാണ്. ബംഗാളിലെ ജനങ്ങള്‍ അത്രയേറെ സ്‌നേഹിച്ചിരുന്ന വ്യക്തിയാണ്് അദ്ദേഹം. വലിയ കൂട്ടുകുടുംബമായിരുന്നു അത്. യാഥാസ്ഥിതിക പഞ്ചാബി കുടുംബത്തിലെ അംഗമായിരുന്നിട്ടും അച്ഛന്‍ പുരോഗമനവാദിയായിരുന്നു. കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളും നല്ല വിദ്യാഭ്യാസം നേടിയവരാണ്. ആ പ്രദേശത്തെ ആദ്യ ഡോക്ടര്‍ അച്ഛന്റെ കുടുംബത്തില്‍നിന്നാണ്. അമ്മയും അച്ഛനും കൊല്‍ക്കത്തയില്‍വെച്ച് കണ്ടുമുട്ടി പ്രണയത്തിലായി. ആ ബന്ധത്തെ അമ്മയുടെ അച്ഛന്‍ എതിര്‍ത്തിരുന്നു. ഒരു പഞ്ചാബി കുടുംബത്തില്‍നിന്നുള്ള വിവാഹത്തോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും കൊല്‍ക്കത്തയിലാണ്. 12 വയസ്സുവരെ അവിടെ ജീവിച്ചു. പിന്നീട് ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ന്നു. ഒരു രാഷ്ട്രീയപശ്ചാത്തലവുമില്ലാതെയാണ് വളര്‍ന്നത്.
അഭിനയത്തോട് പണ്ടേ ആഭിമുഖ്യമുണ്ടായിരുന്നല്ലോ...
എയര്‍ ഇന്ത്യയില്‍ ജോലി കിട്ടി. ഹീത്രു വിമാനത്താവളത്തില്‍ നിയമനം. അങ്ങനെ ലണ്ടനില്‍ എത്തി. അഭിനയത്തോട് താത്പര്യമായിരുന്നു. താത്പര്യമുള്ള മേഖലയിലേക്ക് തിരിയുന്നതിനെ അച്ഛന്‍ എതിര്‍ത്തില്ല. സ്ത്രീ സാമ്പത്തികമായി സ്വതന്ത്രയായിരിക്കണം എന്ന് അദ്ദേഹത്തിന് നിഷ്‌കര്‍ഷയുണ്ടായിരുന്നു. 'ആദ്യം നീ സ്വതന്ത്രയായി ജീവിക്കാന്‍ പഠിക്കൂ. അതിനുശേഷം എന്ത് വേണമെങ്കിലും ചെയ്‌തോളൂ...' എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അന്നെനിക്ക് 19 വയസ്സാണ്. ഞാന്‍ അഭിനയം വശമുള്ളയാളൊന്നുമല്ല. പക്ഷേ, തിയേറ്റര്‍ ആര്‍ട്‌സിനോട് ഇഷ്ടമുണ്ട്. ഈവനിങ് ഡ്രാമാ സ്‌കൂള്‍ ബാച്ചില്‍ ചേര്‍ന്നു. ഡ്യൂട്ടി ഷിഫ്റ്റ് കാരണം സ്ഥിരമായി ക്ലാസില്‍ പോകാനാവാതെയായി.
ലണ്ടനില്‍ എയര്‍ ഇന്ത്യാ അധികൃതരോടായിരുന്നു താങ്കളുടെ ആദ്യത്തെ പോരാട്ടം. ഇന്ത്യന്‍ വസ്ത്രമായ സാരി യൂണിഫോമാക്കണമെന്ന ആവശ്യം. മാര്‍ക്‌സിസത്തെക്കുറിച്ച് അറിയുന്നതിന് മുന്‍പുതന്നെ താങ്കളില്‍ ഒരു കമ്യൂണിസ്റ്റുകാരി ഉണ്ടായിരുന്നോ?
അങ്ങനെ അവകാശപ്പെടാനാവില്ല. ഞാനന്ന് ധൈര്യമുള്ള ചെറുപ്പക്കാരിയാണ്. എന്റെയുള്ളില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ ഉത്തരങ്ങള്‍ കിട്ടണമെന്ന വാശി ആ പ്രായത്തിലുണ്ടായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു എന്റെ ആദ്യ നിയമനം. അവിടെ സാരിയില്‍ എനിക്ക് ജോലിക്ക് പോകാമായിരുന്നു. പക്ഷേ, ലണ്ടനില്‍ അതനുവദനീയമായില്ല. ഞാന്‍ മാത്രമാണ് അവിടെ ഇന്ത്യന്‍ പെണ്‍കുട്ടി. മറ്റെല്ലാവരും ബ്രിട്ടീഷുകാരികള്‍. ആരും പിന്തുണച്ചില്ല. 'എന്തിനാണ് വെറുതേ ഇതിനായി സമയം പാഴാക്കുന്നത്?' എന്നവര്‍ ചോദിച്ചു. 'ഞാന്‍ ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയില്‍ പണിയെടുക്കുന്നു. അപ്പോള്‍ എന്തുകൊണ്ട് ഇന്ത്യന്‍ വസ്ത്രം ധരിച്ചുകൂടാ?' അങ്ങനെയൊരു ചോദ്യം എന്നിലുയര്‍ന്നു.
അതൊരു പോരാട്ടമൊന്നുമായിരുന്നില്ല. ഒരു ചെറുപ്പക്കാരിയുടെ പിടിവാശി മാത്രം. സ്‌കോട്ടിഷുകാരനായ അലന്‍ ആയിരുന്നു അന്നത്തെ എന്റെ മാനേജര്‍. മറ്റാരാണെങ്കിലും എന്നെ അപ്പോള്‍തന്നെ പുറത്താക്കും. എന്നാല്‍ എന്റെ ആവശ്യം അംഗീകരിക്കാമോ എന്നു ചോദിച്ച് അലന്‍ ബോംബെ ഓഫീസിലേക്കെഴുതി. അവര്‍ അനുവദിച്ചു. അതാണ് എന്റെ ആദ്യത്തെ രാഷ്ട്രീയസമരം എന്ന് ഞാന്‍ കരുതുന്നില്ല. കാരണം, അന്നെനിക്ക് അങ്ങനെയൊരു ബോധമില്ലായിരുന്നു. തെറ്റാണെന്ന് തോന്നിയ ഒരു കാര്യത്തെ ചോദ്യംചെയ്തുവെന്ന് മാത്രം.
വായന ഏറെയിഷ്ടമാണെന്ന് തോന്നുന്നല്ലോ...
സമയം കിട്ടുമ്പോഴെല്ലാം വായിക്കും. ഇപ്പോള്‍ എപ്പോഴും തിരക്കിലാണ്. അതുകൊണ്ട് അത്രത്തോളം വായിക്കാന്‍ സമയം കിട്ടുന്നില്ല. എങ്കിലും ഞാനേറ്റവുമധികം ആസ്വദിക്കുന്നത് വായന തന്നെയാണ്. പിന്നെ സിനിമ. പരമാവധി സമയം വീട്ടില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്റെ സഹോദരിയുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ അവര്‍ക്കൊപ്പമായിരുന്നു ഏറെനേരവും ഞാന്‍.
ജോലി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തിരുന്നല്ലോ. പിന്നീട് കുടുംബമൊന്നാകെ ആ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. അതേപ്പറ്റി...
സഹോദരിമാര്‍ എന്നെ പിന്തുണച്ചിരുന്നു. പക്ഷേ, അച്ഛന്‍ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. അദ്ദേഹം അന്നൊരു ബഹുരാഷ്ട്ര കമ്പനിയുടെ മാനേജരാണ്. പിന്നീട്, ഞാന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ പിന്തുണച്ചു.
അച്ഛന്‍ ഒരിക്കലും കമ്യൂണിസ്റ്റ് വിരുദ്ധനല്ലായിരുന്നു. അദ്ദേഹത്തിന് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഞാന്‍ പാര്‍ട്ടിയില്‍ ചേരുന്ന സമയം പാര്‍ട്ടിയെ സംബന്ധിച്ച് അത്ര നല്ല കാലമായിരുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തനത്തിന് വീടുവിട്ടിറങ്ങുന്ന ചെറുപ്പക്കാര്‍ മടങ്ങിയെത്തുമോയെന്ന കാര്യത്തില്‍ ഒരുറപ്പും പറയാനാവാത്ത സ്ഥിതി. രണ്ടായിരത്തിലധികം പേരാണ് അക്കാലത്ത് കൊല്ലപ്പെട്ടത്. പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഏടായിരുന്നു ആ തീരുമാനം. പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍തന്നെ ബംഗാള്‍പാര്‍ട്ടിയില്‍ എനിക്ക് അംഗത്വം ലഭിച്ചുവെന്നത് ഇപ്പോഴും അഭിമാനത്തോടെയാണ് ഞാന്‍ കരുതുന്നത്.
ഏത് പ്രൊഫഷനിലായാലും ഒരു ചെറുപ്പക്കാരിക്ക് കുടുംബത്തിന്റെ പിന്തുണയില്ലാതെ അതിജീവനം പ്രയാസമാണ് എന്ന് ബൃന്ദയുടെ പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്. ഈ പ്രസ്താവന ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രസക്തമല്ലേ...
പത്തുദിവസംമുന്‍പ് ഞാന്‍ കേരളത്തില്‍ സ്ത്രീകളുടെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയി. അഖിലേന്ത്യാ പാര്‍ട്ടി സ്‌കൂളാണ്. ഉത്തര്‍പ്രദേശില്‍നിന്ന് അവിടെ രണ്ട് സ്ത്രീകള്‍ പങ്കെടുക്കാനെത്തിയിരുന്നു. അവരിലൊരാള്‍ വന്നത് അവളുടെ അച്ഛന്റെ അനുവാദമില്ലാതെയാണ്. അച്ഛന്‍ അറിഞ്ഞിരുന്നെങ്കില്‍ തന്നെ വിടില്ലായിരുന്നു എന്നാണ് അവള്‍ പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് സ്ത്രീകള്‍ വരുന്നതിന് കുടുംബങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. വളരെ ബുദ്ധിമുട്ടാണ് അതിജീവിക്കല്‍.
റഷ്യന്‍വിപ്ലവത്തിന്റെ വാര്‍ഷികം കൊണ്ടാടുന്ന നവംബര്‍ ഏഴിനായിരുന്നു പ്രകാശ് കാരാട്ടുമായുള്ള വിവാഹം...
അടിയന്തരാവസ്ഥക്കാലമാണ്. പാര്‍ട്ടി കടുത്ത പോരാട്ടങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടം. പല സഖാക്കളും അന്ന് ഒളിവിലും ജയിലിലുമൊക്കെയാണ്. അപ്പോള്‍ വിവാഹം കഴിക്കണോ, പിന്നീട് മതിയോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു.
രണ്ടുപേര്‍ക്കും ആ സമയത്ത് ഒരുറപ്പുമില്ലായിരുന്നു, എങ്ങനെ മുന്നോട്ടുപോകുമെന്ന്. അടിയന്തരാവസ്ഥ എപ്പോള്‍ അവസാനിക്കുമെന്നുപോലും പറയാനാവില്ലെന്ന് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ വിവാഹമൊന്നും കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ഇന്ത്യ പൊതുവില്‍ പുരുഷാധിപത്യസമൂഹമാണ്. സ്ത്രീകള്‍ക്ക് ചില പ്രത്യേക ചുമതലകള്‍ സ്വയം ഏറ്റെടുക്കേണ്ടിവരും. ഇല്ലെങ്കില്‍ അവര്‍ എങ്ങുമെത്താതെ ഒതുങ്ങിപ്പോകും. ഇക്കാര്യം മനസ്സിലാക്കി പരസ്പരം സ്വതന്ത്രരായിരിക്കണം എന്ന തീരുമാനം ഞങ്ങളെടുത്തു.
അടിയന്തരാവസ്ഥക്കാലത്ത് പി. സുന്ദരയ്യ ഇരുവരെയും പാചകം പഠിപ്പിച്ചതിനെപ്പറ്റി കേട്ടിട്ടുണ്ട്...
അന്നെനിക്ക് മില്‍തൊഴിലാളികളുടെ യോഗങ്ങള്‍ക്ക് അതിരാവിലെ പോകണമായിരുന്നു. പ്രകാശും പി.എസും(പി.സുന്ദരയ്യ) വീട്ടിലിരിക്കും. ഒരു വൈകുന്നേരം ഞാന്‍ വീട്ടിലെത്തുമ്പോള്‍ പി.എസ്. അടുക്കളയില്‍ നിലത്തിരുന്ന് പ്രകാശിനൊപ്പം തകൃതിയായി പാചകം ചെയ്യുന്നു. ഇപ്പോഴും പ്രകാശ് ചെറിയ രീതിയിലൊക്കെ പാചകം ചെയ്യും. വീട്ടിലെ ഭക്ഷണമാണ് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇഷ്ടം.
രാഷ്ട്രീയത്തിലായാലും സ്ത്രീകള്‍ അംഗീകരിക്കപ്പെടണമെങ്കില്‍ പുരുഷനേതാക്കള്‍കൂടി അവരുടെ കഴിവിനെ അംഗീകരിക്കണമെന്ന പ്രവണതയുണ്ട്...
വനിതാപ്രസ്ഥാനങ്ങള്‍ രൂപവത്കരിച്ചത് തൊഴിലാളിവര്‍ഗ സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ്. ഡല്‍ഹിയിലെ ചേരികളിെലയും മറ്റും ദരിദ്രരായ സ്ത്രീകളെ സംഘടിപ്പിച്ചാണ് പ്രസ്ഥാനം കെട്ടിപ്പടുത്തത്. അവരില്‍ പലരും വനിതകളുടെ സമ്മേളനത്തില്‍ വളരെ നന്നായി സംസാരിച്ചിരുന്നു. പക്ഷേ, പ്രദേശത്തെ നേതാവെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്ഥിതി മാറും. അവര്‍ക്ക് വിശാലമായ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കേണ്ടിവരും. അക്കൂട്ടത്തില്‍ അവരുടെ ഭര്‍ത്താക്കന്മാരും അച്ഛന്മാരുണ്ടാകാം. അത്തരമൊരു സദസ്സിനെ നേരിടേണ്ടിവരുന്ന സാഹചര്യം വ്യത്യസ്തമാണ്. അവിടെ കൂടുതല്‍ ധൈര്യം അവര്‍ക്ക് കൈവരിക്കേണ്ടതായി വരും.
ഡല്‍ഹിയില്‍ തൊഴിലാളിവര്‍ഗ സ്ത്രീകള്‍ ചേര്‍ന്ന് എത്ര ഭംഗിയായാണ് മഹിളാപ്രസ്ഥാനം കെട്ടിപ്പടുത്തത് എന്നത് അദ്ഭുതകരമാണ്. അതും എല്ലാ സാമൂഹികകെട്ടുപാടുകളെയും മറികടന്നുകൊണ്ട്. ഇതൊരു വലിയ അനുഭവപാഠമായിരുന്നു എനിക്ക്. പ്രത്യേകിച്ച് ഈ സ്ത്രീകളുടെ ധീരത.
വനിതാ സംവരണ ബില്‍ പാസാക്കിയിരിക്കുകയാണല്ലോ. അതെന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ?
അത് വെറുമൊരു പ്രഹസനമാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് എന്തായാലും ഒരു സംവരണവും കിട്ടാന്‍ പോകുന്നില്ല. 2010-ല്‍ ഞങ്ങള്‍ പാര്‍ലമെന്റിലുണ്ടായിരിക്കെ തയ്യാറാക്കിയ ബില്‍ ഇരുസഭകളും പാസാക്കിയിരുന്നെങ്കില്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ പ്രാബല്യത്തില്‍ വന്നേനേ. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
കൂടുതല്‍ സ്ത്രീകള്‍ പാര്‍ലമെന്റില്‍ വരണമെന്നാണോ ബൃന്ദയുടെ കാഴ്ചപ്പാട്...
തീര്‍ച്ചയായും. പക്ഷേ, പുരുഷാധിപത്യസമൂഹം പുരുഷന്മാര്‍ക്ക് അനുകൂലമായേ കാര്യങ്ങള്‍ നീക്കൂ എന്നതാണ് പ്രശ്‌നം. പുരുഷാധിപത്യ കാഴ്ചപ്പാടുകളും നിലപാടുകളും സ്ത്രീകളെയും അതേ അളവില്‍ സ്വാധീനിക്കും. മാതൃകാ പത്‌നി വീട്ടിനകത്ത് അടിച്ചമര്‍ത്തപ്പെട്ട് കഴിയണമെന്ന സങ്കല്പത്തോട് പൊരുത്തപ്പെടുന്നവരാണ് വലിയവിഭാഗം സ്ത്രീകള്‍. പുരുഷാധിപത്യത്തിനെതിരായ പോരാട്ടം പുരുഷനെതിരായ സ്ത്രീയുടെ പോരാട്ടമല്ല. ഇതൊരു ആശയത്തിനെതിരേയുള്ളതാണ്.
Content Highlights: Indian marxist politician brinda karat interview