ഷട്ടില്‍കോക്കിനെ പ്രണയിച്ച് വിജയത്തിന്റെ ആകാശങ്ങളിലേക്ക്; പ്രണോയിയുടെ തൂവൽ പ്രണയം

തിമിര്‍ത്തുപെയ്യുന്ന മഴയിലാണ് പ്രണോയ് ഹോട്ടല്‍ ഒലീവ് ഡൗണ്‍ ടൗണിലേക്ക് കയറിവന്നത്. ലോബിയിലെ സോഫയില്‍ വന്നിരിക്കുമ്പോള്‍ ആദ്യം ചോദിച്ചത് കൊച്ചിയിലെ ട്രാഫിക്‌ബ്ലോക്കിനെപ്പറ്റിയാണ്. കനത്ത മഴയും ട്രാഫിക് ബ്ലോക്കും കലൂര്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്ര വൈകിക്കുമോയെന്ന ചോദ്യം കേട്ടപ്പോള്‍തന്നെ കാര്യം പിടികിട്ടി. രാത്രി സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മത്സരം കാണാനുള്ള ആഗ്രഹത്തിലാണ് കക്ഷി. സ്റ്റേഡിയത്തിലേക്കെത്താന്‍ ഇവിടെനിന്ന് അധികം ദൂരമില്ലെന്ന് പറഞ്ഞപ്പോള്‍ നേരത്തേ സമ്മതിച്ച അഭിമുഖത്തിന് ഇത്തിരി സമയം കൂടുതലെടുത്താലും പ്രശ്‌നമില്ലെന്നായി.
യൂത്ത് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യന്‍ ബാഡ്മിന്റണില്‍ എച്ച്.എസ്. പ്രണോയ് ശ്രദ്ധേയനായത്. ലോക ചാമ്പ്യന്‍ഷിപ്പിലെയും തോമസ് കപ്പിലെയുമൊക്കെ ചരിത്രനേട്ടങ്ങളിലൂടെ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ വിജയമുഖമാണ് ഇപ്പോള്‍ ഈ തിരുവനന്തപുരത്തുകാരന്‍. തൂവലുകള്‍കൊണ്ടുള്ള ഷട്ടില്‍കോക്കിനെ പ്രണയിച്ച് വിജയങ്ങളുടെ വലിയ ആകാശങ്ങളിലേക്ക് പറക്കുമ്പോള്‍ എല്ലാത്തിനും അടിസ്ഥാനമായ പ്രിയപ്പെട്ട കുടുംബത്തിന്റെ വിശേഷങ്ങളിലൂടെ പ്രണോയ് സഞ്ചരിക്കുന്നു.
അച്ഛനമ്മമാരുടെ വിരൽത്തുമ്പിൽ
ടീച്ചറും എയർഫോഴ്സും
''ടീച്ചറായിരുന്ന അമ്മ ഹസീനയും എയര്‍ഫോഴ്‌സിലായിരുന്ന അച്ഛന്‍ സുനില്‍ കുമാറുമാണ് എന്റെ ബാഡ്മിന്റണ്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നത്. അമ്മ പിന്നീട് കെ.എസ്.എഫ്.ഇ.യിലും അച്ഛന്‍ പിന്നീട് ഐ.എസ്.ആര്‍.ഒ.യിലും എത്തിയെങ്കിലും അവര്‍ പകര്‍ന്ന ഊര്‍ജത്തിന്റെ അളവിന് ഒരു കുറവുമുണ്ടായില്ല. തിരുവനന്തപുരം ആക്കുളത്തെ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്. അച്ഛനാണ് തുടക്കകാലത്ത് കൂടുതലും ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലേക്ക് കൊണ്ടുപോയിരുന്നതെങ്കില്‍ പിന്നത്തെ കൂട്ടുകാരി അമ്മയായിരുന്നു. ഓരോ ടൂര്‍ണമെന്റിലും അമ്മ കൂടെയുണ്ടാകുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസവും ഊര്‍ജവും ഏറെയായിരുന്നു. കോര്‍ട്ടില്‍ ഞാന്‍ ഷട്ടില്‍ബാറ്റുമായി നില്‍ക്കുമ്പോള്‍ ഗാലറിയില്‍ അവരുടെ കണ്ണുകളില്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍തന്നെയായിരുന്നു ഏറെ പ്രധാനം. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഈ കോര്‍ട്ടിലുണ്ടാകുമായിരുന്നില്ല.''
ദ്രൗപദി മുര്‍മുവില്‍നിന്ന് ഏറ്റുവാങ്ങുന്നു
'
കളിക്കണോ പഠിക്കണോ
'കേന്ദ്രീയ വിദ്യാലയത്തില്‍നിന്ന് പത്താംക്ലാസ് നല്ല മാര്‍ക്കോടെയാണ് വിജയിച്ചത്. സ്വാഭാവികമായും പിന്നെ നേരിടുന്ന ചോദ്യം പ്ലസ് ടുവിന് ഏത് വിഷയം എടുക്കണമെന്നതാണ്. ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ എന്ന പതിവുസ്വപ്‌നത്തിലേക്ക് എല്ലാവരും പോകുന്ന നേരം. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ പ്ലസ്ടുവിന് പോകാതെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ പോകണമെന്നായിരുന്നു എന്റെ തീരുമാനം. കളിക്കണോ പഠിക്കണോ എന്ന ചോദ്യത്തിന് ഞാന്‍ നല്‍കിയ ഉത്തരം ആദ്യം അച്ഛനമ്മമാര്‍ക്ക് അത്ര പെട്ടെന്ന് അംഗീകരിക്കാവുന്ന ഒന്നായിരുന്നില്ല. കളിച്ചാല്‍ എന്തുകിട്ടാനാണ്, പഠനമല്ലേ പ്രധാനം എന്നുപറഞ്ഞ് ടീച്ചേഴ്‌സടക്കം എല്ലാവരും അച്ഛനെയും അമ്മയെയും സ്വാധീനിച്ചു. എന്നാല്‍ രണ്ടുവര്‍ഷം കളിക്കട്ടെ, പുരോഗതിയില്ലെങ്കില്‍ മടങ്ങിവരാം എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഒടുവില്‍ എന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കാന്‍ അവരും തീരുമാനിച്ചതോടെ പ്രശ്‌നം സോള്‍വായി. അങ്ങനെയാണ് ഞാന്‍ ഹൈദരാബാദില്‍ ഗോപീചന്ദ് അക്കാദമിയില്‍ എത്തുന്നത്.''
കശ്യപും സൈനയും
''ഗോപീചന്ദ് അക്കാദമിയില്‍ എത്തിയപ്പോള്‍ അവിടെയുള്ളത് സൈനയെയും കശ്യപിനെയുംപോലെയുള്ള താരങ്ങളാണ്. അവര്‍ക്കൊപ്പം കളിച്ചുതുടങ്ങിയപ്പോഴാണ് ബാഡ്മിന്റണില്‍ നമ്മള്‍ ഒന്നുമല്ലെന്ന യാഥാര്‍ഥ്യം കൃത്യമായി ബോധ്യമായത്. ഞാന്‍ എത്രയോ പിന്നിലാണെന്നും വിജയങ്ങളിലെത്താന്‍ എത്രയോ സഞ്ചരിക്കണമെന്നും സൈനയുടെയും കശ്യപിന്റെയുമൊക്കെ ഓരോ കളിയും എന്റെ മുന്നില്‍ തെളിയിച്ചുകൊണ്ടിരുന്നു. എക്സ്ട്രായും അതിനുമേല്‍ എക്സ്ട്രായും നല്‍കാനും കഴിഞ്ഞാല്‍ മാത്രമേ ബാഡ്മിന്റണില്‍ ലോകതലത്തിലേക്ക് ഉയരാന്‍ സാധിക്കൂവെന്ന് ബോധ്യമായത് അക്കാദമിയിലെ ജീവിതകാലത്താണ്. അവിടെനിന്നാണ് ഞാന്‍ എന്റെ കഠിനാധ്വാനത്തിന്റെ തോത് ഒരുപാട് ഉയര്‍ത്തണമെന്ന തീരുമാനമെടുത്തത്. സിംഗപ്പൂരില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തോടെയാണ് ഞാന്‍ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. അത് നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ ഉയരങ്ങളിലേക്ക് പോകണമെന്ന ആഗ്രഹത്തിനും ഫലപ്രാപ്തി വരാന്‍ ഒറ്റമരുന്നേയുണ്ടായിരുന്നുള്ളൂ, കഠിനാധ്വാനം. അതില്ലാതെ നിങ്ങള്‍ക്ക് ബാഡ്മിന്റണിലെന്നല്ല ഒന്നിലും എവിടെയുമെത്താനാകില്ല.'' പ്രണോയ് പറയുന്നു.
ശ്വേതയുടെ പരിഭവങ്ങള്‍
ഹൈദരാബാദിലെ അക്കാദമിയിലെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ് ഹൈദരാബാദില്‍നിന്ന് ജീവിതത്തിലേക്ക് പറന്നുവന്ന കൂട്ടുകാരിയെക്കുറിച്ച് പ്രണോയിയോട് ചോദിച്ചത്. ഭാര്യ ശ്വേതയുടെ വിശേഷങ്ങള്‍ ചോദിച്ചതോടെ പ്രണോയിയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു. ''കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഞങ്ങളുടെ കല്യാണം നടന്നത്. എനിക്ക് ശ്വേതയെ നേരത്തേതന്നെ അറിയാം. തിരുവല്ലക്കാരിയാണെങ്കിലും ഹൈദരാബാദിലാണ് ശ്വേത ജോലിചെയ്യുന്നത്. അമേരിക്ക ആസ്ഥാനമായ കമ്പനിയിലെ ജോലി അവള്‍ ഒരുപാട് ആസ്വദിച്ച് ചെയ്യുന്നതാണ്. അവളുടെ ആകെയുള്ള പരിഭവം ബാഡ്മിന്റണ്‍ തിരക്കുകള്‍ക്കിടയില്‍ എന്നെ കിട്ടാത്തതാണ്. അക്കാര്യം പലപ്പോഴും അവള്‍ എന്നോട് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്റെ ജീവിതം നന്നായി അറിയാവുന്ന അവള്‍ എനിക്ക് അക്കാര്യത്തില്‍ മാക്‌സിമം സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. എന്റെ തിരക്കുകള്‍ക്കിടയില്‍ നഷ്ടമാകുന്നത് അവളുടെ പ്രിയപ്പെട്ട നിമിഷങ്ങളാണ്. അത് ഉള്‍ക്കൊണ്ട് അവള്‍ കൂടെ നില്‍ക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്.''
കിറ്റ്ബാഗ് ഇല്ലാത്ത യാത്രകൾ
ബാഡ്മിന്റണ്‍ താരമെന്ന നിലയില്‍ ലോകത്തിലെ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള പ്രണോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ഏതെന്ന ചോദ്യത്തിന് അതിവേഗത്തിലായിരുന്നു മറുപടി. ''കിറ്റ്ബാഗ് ഇല്ലാത്ത യാത്ര.'' പ്രണോയ് തുടര്‍ന്നു. ''ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ക്കായുള്ള യാത്ര ഒരിക്കലും യാത്രയുടെ ഫീല്‍ മുഴുവനായി നുകരാനാകുന്ന ഒന്നല്ല. എന്നാല്‍ ഭാര്യക്കൊപ്പമുള്ള യാത്ര പ്രിയപ്പെട്ട കുറേ നിമിഷങ്ങളാണ് ജീവിതത്തില്‍ സമ്മാനിച്ചിട്ടുള്ളത്. കിറ്റ്ബാഗ് ഇല്ലാതെയുള്ള ആ യാത്രകളാണ് പ്രിയപ്പെട്ട ഒരു ബന്ധത്തിന്റെ സ്‌നേഹവും മനോഹാരിതയും ഒരുപോലെ സമ്മാനിക്കുന്നത്. മാലിദ്വീപിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് ശ്വേതയുമൊത്ത് സമീപകാലത്ത് പോയ യാത്രകള്‍. അതുപോലെ സിനിമ കാണുന്നതും എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഹോബിയാണ്. സിനിമ തിയേറ്ററില്‍തന്നെ പോയിക്കാണണമെന്ന് നിര്‍ബന്ധമുള്ള ആളാണ് ഞാന്‍. ''
കുടുംബവിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ നിറഞ്ഞ ചിരിയോടെ പ്രണോയ് ഒരു കാര്യംകൂടി പറഞ്ഞു. ''ബാഡ്മിന്റണ്‍ യാത്രയ്ക്കിടയില്‍ കുടുംബ നിമിഷങ്ങള്‍ ഒരുപാട് നഷ്ടമാകുന്നുണ്ടെങ്കിലും ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി അങ്ങനെയായില്ല. ഹൈദരാബാദില്‍ കേക്കൊക്കെ മുറിച്ച് അടിപൊളിയായിത്തന്നെയാണ് ആദ്യ വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചത്.'' നിറഞ്ഞ ചിരിയോടെ പ്രണോയ് പറയുമ്പോള്‍ അരികിലിരുന്ന ഫോണ്‍ ചിലച്ചു. പ്രണോയിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ ആ ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ആളെപ്പറ്റി ഊഹിക്കാനായി.
Content Highlights: hs pranoy, indian badminton, success story, indian sports