അന്ന് കജോളിന്റെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്, ഇന്ന് നാഷണൽ ക്രഷ്; അനീത് ചുവടുറപ്പിക്കുന്നു

അനീത് പദ്ദ / Instagram
അനീത് പദ്ദ / Instagram

ജെൻസികളെല്ലാം 'സൈയാര' എന്ന സിനിമയുടെ പിന്നാലെയാണ്. അതിനൊപ്പം സിനിമയിലെ താരങ്ങളായ അഹാൻ പാണ്ഡെയയും അനീത് പദ്ദയെയും പുതിയ നാഷണൽ ക്രഷായി അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. അഹാൻ സിനിമാകുടുംബത്തിൽനിന്നുള്ള അംഗമാണ്. എന്നാൽ, അനീതിന്റെ കാര്യം അങ്ങനെയല്ല.

അമൃത്സറിലാണ് ജനിച്ചത്. സിനിമയുമായൊന്നും ഒരു ബന്ധവുമില്ലാത്ത കുടുംബം. അനീതിന്റെ മനസ്സിൽ അന്നുമുതലേ അഭിനയം ഇടംപിടിച്ചിരുന്നു. പക്ഷേ അതിനുള്ള അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ബിരുദപഠനത്തിനായിട്ടാണ് ഡൽഹിയിലെത്തുന്നത്. എന്നാൽ, അവിടെത്തിയപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടി. കുറേ വൻകിട ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ തിളങ്ങി. അപ്പോഴും സിനിമ മറന്നിരുന്നില്ല. എല്ലാ സിനിമാ ഓഡിഷനുകളിലും പങ്കെടുക്കാൻ തുടങ്ങി. ക്ലാസ് കഴിഞ്ഞാലുടനെ ഓഡിഷൻ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഓടും. കോളേജുകാലത്തെ അനീതിന്റെ രീതി അങ്ങനെയായിരുന്നു.

അങ്ങനെയാണ് 2022-ൽ പുറത്തിറങ്ങിയ, കജോൾ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച 'സലാം വെങ്കി'യിലേക്ക് അവസരം ലഭിക്കുന്നത്. അതിൽ ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റായിട്ടായിരുന്നു. വളരെ ചെറിയ റോൾ. തീരെ ശ്രദ്ധിക്കപ്പെട്ടതുമില്ല. പിന്നാലെ ആമസോൺ പ്രൈമിലെ 'ബിഗ് ഗേൾസ് ഡോണ്ട് ക്രൈ' എന്ന ഷോയിൽ അഭിനയിച്ചു. ആ റോൾ അവർക്ക് ഏറെ പ്രേക്ഷകപ്രശംസ നേടിക്കൊടുത്തു.

ഗായിക കൂടിയായ അനീത്, 'മാസൂം' എന്ന സിനിമയ്ക്കായി പാടിയിട്ടുമുണ്ട്. അതേവർഷം തന്നെ 'യുവാ സപ്‌നോം കാ സഫർ' എന്ന ടിവി ഷോയിലും ഒരു വേഷം അവതരിപ്പിച്ചു. എന്നാൽ, 'സൈയാര'യാണ് അനീതിന് ഇത്ര ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. 'സൈയാര'യിലെ നായികയ്ക്കായി 100-ലേറെ പേരെയാണ് ഓഡിഷൻ നടത്തിയത്. അതിൽ അനീതിനടുത്തെത്താൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെയാണ് സംവിധായകനും നിർമാതാക്കളും അനീത് മതിയെന്ന് തീരുമാനിക്കുന്നത്. അങ്ങനെ 22 വയസ്സായപ്പോഴേക്കും പുതിയ താരോദയമായി മാറിക്കഴിഞ്ഞു ആ പെൺകുട്ടി.

പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാനാണ് അനീത് ശ്രമിക്കുന്നത്. ''സിനിമയിലേക്കുളള ഓഡിഷനുകൾ നടക്കുന്ന സമയത്തായിരുന്നു അനീതിന്റെ പരീക്ഷ. അതും അവൾ ഭംഗിയായി എഴുതി'', സിനിമയുടെ സംവിധായകൻ മോഹിത് സൂരി ചൂണ്ടിക്കാട്ടുന്നു. അവളുടെ ആത്മാർഥത തങ്ങളെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: from background artist to national crush, discover aneet padda journey to stardom