ഹനാന്‍ ചരിത്രം കുറിച്ചു; സൗദി സ്‌പോര്‍ട്‌സ് ക്ലബ്ബിന് ആദ്യ വനിതാ പ്രസിഡന്റ്

''വജ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി ഹനാന്‍ അല്‍ ഖുറാഷിയെ നിയമിക്കുന്നു. ഇതോടൊപ്പം താല്‍ക്കാലിക കൗണ്‍സില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയും ചെയ്യുന്നു.'' - വജ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ ഈ വാക്കുകള്‍ കുറിച്ചിടുമ്പോള്‍ സൗദി അറേബ്യ എന്ന രാജ്യം മാറ്റത്തിന്റെ പടവുകളിലൊന്നില്‍ ചരിത്രം കൊത്തിവെക്കുകയായിരുന്നു. സൗദി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അമരത്തേക്ക് ആദ്യമായി ഒരു വനിതയെത്തിയ ചരിത്ര മുഹൂര്‍ത്തം. സൗദിയിലെ മികച്ച സ്‌പോര്‍ട്‌സ് ക്ലബ്ബ് ആയ തായിഫിലെ വെജ് ക്ലബ്ബിന്റെ പ്രസിഡന്റ് പദവിയില്‍ ഹനാന്‍ അല്‍ഖുറേശി നിയമിതയായിരിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന് പ്രാധാന്യം നല്‍കുന്ന ഈ നിയമനത്തിന് സൗദി സ്പോര്‍ട്സ് മന്ത്രാലയമാണ് നേതൃത്വം നല്‍കിയത്.
'തായിഫിലെ ജനങ്ങളുടെ പിന്തുണയോടെ ക്ലബ്ബിന്റെ മികച്ച വിജയങ്ങള്‍ ഞാന്‍ മുന്‍കൂട്ടി കാണുന്നു' ക്ലബ് പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസ്താവനയില്‍ അല്‍ ഖുറേശി പ്രതീക്ഷയോടെ പറഞ്ഞ വാക്കുകളാണിത്. 2021-ല്‍ വജ് ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഖുറേശി 2022 ഓഗസ്റ്റില്‍, ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തിയിരുന്നു. നിലവിലെ ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട ശേഷമാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാന്‍ അല്‍ഖുറശിയെ മന്ത്രാലയം നിയമിച്ചിട്ടുള്ളത്.
സ്പോര്‍ട്സ് മേഖലയിലുള്ള താത്പര്യമാണ് ബിരുദധാരിയായ ഹനാന്‍ അല്‍ഖുറേശിയെ സ്പോര്‍ട്സ് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചത്. സൗദിയിലെ വ്യവസായ പ്രമുഖ കൂടിയായാണ് ഖുറേശി സ്വീഡിഷ് അക്കാദമിയുടെ അംഗീകാരമുള്ള ഡിപ്ലോമ നേടിയിട്ടുണ്ട്. പ്രൊഫഷനല്‍ ഫിറ്റ്നസ് ട്രെയിനര്‍ ലൈസന്‍സുള്ള അവര്‍ പേഴ്സണല്‍ ട്രെയിനര്‍, ന്യൂട്രീഷന്‍-സ്പോര്‍ട്സ് ഇഞ്ചുറി സ്പെഷ്യലിസ്റ്റ് എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
വജ് ക്ലബ്ബ്
തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളില്‍ ഒന്നായ വജ് സ്പോര്‍ട്സ് ക്ലബ്, 47 വര്‍ഷങ്ങള്‍ക്കുമുമ്പ് 1976-ലാണ് പിറവിയെടുക്കുന്നത്. തുടക്കത്തില്‍ തേഡ് ഡിവിഷന്‍ ക്ലബ്ബുകളുടെ കൂട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് ക്ലബ്ബ് സെക്കന്റ് ഡിവിഷന്‍ ക്ലബ്ബുകളിലേക്കും തുടര്‍ന്ന് ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബുകളിലേക്കും വജ് ഉയര്‍ന്നു. പ്രീമിയര്‍ ഡിവിഷന്‍ ക്ലബ്ബ് ലീഗിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വജ്. ആ ശ്രമത്തിന് മുന്നില്‍നില്‍ക്കാനായാണ് ഒരു വനിതാ സാരഥി വന്നിട്ടുള്ളത്.
Content Highlights: Hanan Al Qureshi, soudi sports, first women