തെരുവുനായയുടെ ആക്രമണത്തില്‍ ഒരുകണ്ണിന്റെ കാഴ്ചപോയ പെണ്‍കുട്ടി;ഇന്ന് തിരക്കുള്ള ഫോട്ടോഗ്രാഫര്‍

2011 ഫെബ്രുവരി 16. സ്‌കൂള്‍വിട്ടുവന്ന് പതിവുപോലെ വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു പത്മപ്രിയ എന്ന ഒന്നാംക്ലാസുകാരി. പറമ്പിലാകെ പടര്‍ന്നു നില്‍ക്കുന്ന മാവിന്‍കൊമ്പിലേക്ക് നോക്കിയതും അവള്‍ക്കൊരു മോഹം. പൊഴിഞ്ഞു വീണ കണ്ണിമാങ്ങകള്‍ പെറുക്കിയെടുക്കണം. വീട്ടുകാരറിയാതെ അവള്‍ പമ്മിപ്പമ്മി നടന്നു. മാവിന്‍ചോട്ടില്‍ മെത്തവിരിച്ചപോലെ കിടപ്പുണ്ട് കണ്ണിമാങ്ങകള്‍. അവള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഉടുപ്പ് മടക്കി അതില്‍ കൂട്ടിവെച്ചു. പെട്ടെന്ന് പിറകില്‍ നിന്നൊരു ശബ്ദം. പേടിയോടെ തിരിഞ്ഞുനോക്കി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ വെപ്രാളത്തില്‍ മലര്‍ന്നുവീണ അവള്‍ക്കുമുകളിലേക്ക് ഒരു തെരുവുനായ ഓടിക്കയറി. ഉറക്കെ നിലവിളിച്ചും കൈകൊണ്ട് തടുത്തും അവള്‍ ആവുംപോലെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. പക്ഷേ, നായയുടെ പല്ലുകള്‍ അവളുടെ വലതു കണ്ണില്‍ ആഴ്ന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആരൊക്കെയോ ഓടിയെത്തി. നായയെ തുരത്തി അവളെ വാരിയെടുക്കുമ്പോഴേക്കും വലതുകണ്ണിനെ ഇരുട്ടും ചോരയും മറച്ചിരുന്നു.
കാലം കടന്നു. പത്മപ്രിയ വളര്‍ന്നു. ജീവിതത്തെ ചൂഴ്ന്ന പാതി ഇരുട്ടിലും സ്വപ്‌നങ്ങള്‍ അവശേഷിച്ചു. ഒരുകണ്ണുമാത്രം ഉപയോഗിച്ച് ചെയ്യാന്‍പറ്റുന്ന തൊഴിലുമായി അവള്‍ ഇണങ്ങി-ഫോട്ടോഗ്രഫി. ക്യാമറ അവള്‍ക്ക് വെളിച്ചമായി. ഇന്ന് പത്മപ്രിയയുടെ പാഷനും പ്രൊഫഷനും ഫോട്ടോഗ്രഫിയാണ്. സേവ് ദ ഡേറ്റിന്റെയും വിവാഹങ്ങളുടെയും നവജാതശിശുക്കളുടെയും ചിത്രങ്ങളെടുത്ത് അവള്‍ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്നു. എറണാകുളം ചെറായിയിലെ വീട്ടില്‍ പത്മപ്രിയ ആത്മവിശ്വാസത്തിലാണ്. അപ്രതീക്ഷിതമായി തേടിയെത്തിയ ഇരുട്ടിനെ വെളിച്ചംകൊണ്ട് മറികടന്നതിനെപ്പറ്റി അവള്‍ പറഞ്ഞുതുടങ്ങി.
മറക്കില്ല ആ ദിനം
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിരിക്കുന്നു. പക്ഷേ, ആ നായയുടെ കിതപ്പും അന്നറിഞ്ഞ വേദനയും ഇന്നലെയെന്നപോലെ പത്മപ്രിയ ഇന്നും ഓര്‍ക്കുന്നു. ''ഇടുങ്ങിയ വഴിയായിരുന്നു അത്. നായയെ കണ്ടപ്പൊത്തന്നെ എനിക്ക് വെപ്രാളമായി. നായയുടെ വായില്‍ നുരയും പതയുമുണ്ട്. നായ എന്നെ പൊതിരെ കടിക്കാന്‍ തുടങ്ങി. ആവുംപോലെ ഞാന്‍ തടയാന്‍ നോക്കി. പക്ഷേ, അതിന്റെ പല്ലുകള്‍ എന്റെ കണ്ണില്‍ തറച്ചു. കണ്ണ് കടിച്ചെടുക്കാനായിരുന്നു ശ്രമം. അപ്പോഴേക്ക് കരച്ചിലും ബഹളവും കേട്ട് ആളുകള്‍ ഓടിയെത്തി. അവര്‍ എത്ര ശ്രമിച്ചിട്ടും നായ പിടിവിട്ടില്ല. കൂട്ടത്തിലൊരാള്‍ ഇഷ്ടികകൊണ്ട് നായയുടെ തലയ്ക്കടിച്ചതോടെ അത് ഓടിപ്പോയി.'' സംഭവം ഓര്‍ത്തെടുക്കുമ്പോള്‍ പത്മപ്രിയയുടെ മുഖത്ത് സങ്കടം കൂടുകൂട്ടി.
കടിയേറ്റ് വലംകണ്ണ് തൂങ്ങി. ആദ്യം പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പ്രാഥമികചികിത്സയ്ക്കുശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും. ''ഒപ്റ്റിക് നെര്‍വിനായിരുന്നു പ്രശ്‌നം. വലംകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. കാഴ്ച വീണ്ടെടുക്കാനായി ആശുപത്രികളില്‍ കയറിയിറങ്ങി. പല ഡോക്ടര്‍മാരെ കണ്ടു. രണ്ട് പ്ലാസ്റ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെ ആറ് സര്‍ജറികള്‍ ചെയ്തു. ചില സര്‍ജറികള്‍ ചെയ്താല്‍ കാഴ്ച തിരിച്ചുകിട്ടുമെന്ന് പലരും പറഞ്ഞു. ഇനിയും അനസ്‌തേഷ്യ ചെയ്യേണ്ടിവരുമെന്നാലോചിപ്പോള്‍ വേണ്ടെന്നു തോന്നി. അതുവരെ ചെയ്ത അനസ്‌തേഷ്യകള്‍ എന്നെ തളര്‍ത്തിയിരുന്നു.''
വിടാത്ത ദുരന്തം
ദുഃസ്വപ്‌നമായും സങ്കടപ്പെടുത്തുന്ന ഓര്‍മ്മയായും ആ സംഭവം പത്മപ്രിയയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ''മാനസികാഘാതമായിരുന്നു ഏറ്റവും കഠിനം. ആ സ്ഥലം കാണുമ്പോഴും ഏതെങ്കിലും നായയുടെ കുര കേള്‍ക്കുമ്പോഴും ഞാന്‍ അലറിവിളിച്ചു. അസുഖവും ചികിത്സയുമായി ഏറെക്കാലം സ്‌കൂളിലും പോകാനായില്ല. നീണ്ടനാളത്തെ കൗണ്‍സിലിങ്ങുകള്‍ വഴിയാണ് ചെറിയ ആശ്വാസം കിട്ടിയത്. ഇപ്പോഴും നായയെ കാണുമ്പോള്‍ പേടിയാണ്.'' പത്മപ്രിയ പറയുന്നു.
ആ സംഭവം കുടുംബത്തിനും വലിയ ആഘാതമായി. അമ്മ ജിഷയ്ക്കുംയും അച്ഛന്‍ സുധീറിനും ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉടല്‍ വിറയ്ക്കും. ''അന്ന് വീട്ടില്‍ എന്റെ അമ്മ വന്നിരുന്നു. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്, അപ്പുറത്തെ വീട്ടിലെ കുട്ടിയാണോ എന്ന് അമ്മ എന്നോടു ചോദിച്ചു. ആ കുട്ടി എപ്പോഴും കരച്ചിലാണെന്ന് ഞാന്‍ മറുപടി നല്‍കി. പക്ഷേ, അലറിവിളിക്കുന്നത് എന്റെ മോളാണെന്ന് അറിഞ്ഞില്ല. കുറച്ചുകഴിഞ്ഞ് ഒരു ചേട്ടന്‍ കുട്ടിയെയും എടുത്തുവന്നു. അപ്പോഴാണ് ഇവളാണെന്ന് മനസ്സിലാകുന്നത്. അവളെ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ തലകറങ്ങി വീണു. അടുത്തുള്ളവരാണ് മോളെ ആശുപത്രിയില്‍ കൊണ്ടുപോയത്,'' അമ്മ ജിഷ ഓര്‍ത്തെടുത്തു. ''സംഭവസ്ഥലം ഇനി അവള്‍ കാണരുതെന്ന് ഒരു കൗണ്‍സലര്‍ ഉപദേശിച്ചു. അതോടെ ഞങ്ങള്‍ പഴയ വീട് വിറ്റു. കുറച്ചപ്പുറത്ത് പുതിയ വീടുവെച്ചു,'' അച്ഛന്‍ സുധീര്‍ പറയുന്നു.
ഫോട്ടോഗ്രഫി ഇഷ്ടം
പ്രതിസന്ധികള്‍ ഒട്ടേറെയുണ്ടായെങ്കിലും പത്മപ്രിയ അതിനെയെല്ലാം അതിജീവിച്ചു. പത്താംക്ലാസും പ്ലസ് ടുവും നല്ല മാര്‍ക്കോടെ ജയിച്ചു. ഇപ്പോള്‍ എസ്.എന്‍.എം. കോളേജ് മാല്യങ്കരയില്‍ ബി.കോം. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. അതിനിടെ എപ്പോഴോ ഫോട്ടോഗ്രഫി മനസ്സില്‍ കയറി. ''അമ്മയ്ക്ക് തയ്യലറിയാം. പല മോഡലിലുള്ള വസ്ത്രങ്ങള്‍ തുന്നും. ആ വസ്ത്രത്തിനൊപ്പം അനിയത്തിയെ മോഡലാക്കി ഞാന്‍ ഫോട്ടോയെടുക്കും. ആദ്യം മൊബൈല്‍ഫോണില്‍ എടുത്തു, പിന്നീട് വാടകയ്‌ക്കെടുത്ത ക്യാമറയിലും. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും. അതുകണ്ട് ചിലര്‍ അവരുടെ ഫോട്ടോ എടുത്തുകൊടുക്കുമോ എന്ന് ചോദിച്ചു. അങ്ങനെയെടുത്ത ഫോട്ടോകള്‍ അവര്‍ക്ക് ഇഷ്ടമായി. 'നന്നായി' എന്ന കമന്റുകള്‍ കേട്ടതോടെ ആത്മവിശ്വാസം വന്നു. എന്തുകൊണ്ട് ഫോട്ടോഗ്രഫി പ്രൊഫഷനാക്കിക്കൂടാ എന്ന് തോന്നി. സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ഒരു കണ്ണടച്ചാണല്ലോ ഫോട്ടോ എടുക്കുക. എനിക്ക് അതിന്റെ ആവശ്യവുമില്ല. അങ്ങനെ ഒരു ക്യാമറ വാങ്ങാന്‍ തീരുമാനിച്ചു. പണമായിരുന്നു പ്രശ്‌നം. അമ്മയുടെ താലിമാലയും മറ്റും പണയംവെച്ചു. സോണിയുടെ എ സെവന്‍ എം ത്രീ മോഡല്‍ ക്യാമറ വാങ്ങി.
ഇപ്പോള്‍ എല്ലാവരും എന്നെ അംഗീകരിച്ചുതുടങ്ങി. കല്യാണത്തിന്റെയും സേവ് ദ ഡേറ്റിന്റെയും ഷൂട്ടുകള്‍ കിട്ടുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൂടുതല്‍ വര്‍ക്കും ലഭിക്കുക. ഇടയ്ക്ക് മറ്റു ഫോട്ടാഗ്രാഫര്‍മാരും വര്‍ക്ക് തന്ന് സഹായിക്കും. പണയംവെച്ച ആഭരണങ്ങള്‍ ആ വരുമാനംകൊണ്ട് തിരിച്ചെടുത്തു.'' അത് പറയുമ്പോള്‍ പത്മപ്രിയയുടെ മുഖത്ത് സന്തോഷത്തിന്റെ തിരിതെളിഞ്ഞു. കുടുംബമാണ് പത്മപ്രിയയുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്നത്. അച്ഛന്‍ സുധീര്‍ ആര്‍ട്ടിസ്റ്റാണ്. മുന്‍പ് പരസ്യക്കമ്പനിയില്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ ഫ്രീലാന്‍സായാണ് പ്രവര്‍ത്തിക്കുന്നത്. അമ്മ ജിഷ ഓണ്‍ലൈന്‍ ബൊട്ടീക് നടത്തുന്നു. അനിയത്തി ദേവപ്രിയ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
Content Highlights: girl who lost her eye in stray dog attack is a photographer now