ഷാരൂഖിനൊപ്പമുള്ള ഗായത്രിയുടെ ആദ്യസിനിമ; അതവരുടെ അവസാനസിനിമയുമായി, വിവാഹത്തോടെ സിനിമവിട്ടു

ഒട്ടേറെ പരസ്യങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് ഗായത്രി ജോഷി. അതിനുശേഷം ബോളിവുഡിലെ സ്വപ്‌നതുല്യമായ അരങ്ങേറ്റവും. അതിനു തൊട്ടുപിന്നാലെ വിവാഹിതയായി, സിനിമയിൽനിന്ന് അകലുകയും ചെയ്തു.
നാഗ്പൂരിലാണ് ജനിച്ചതെങ്കിലും, പിന്നീട് ഗായത്രിയുടെ കുടുംബം മുംബൈയിലേക്ക് മാറി. പഠനകാലത്താണ് ഗായത്രി മോഡലിങ്ങിലേക്ക് കടക്കുന്നത്. ഗോദ്‌റെജ്, പോണ്ട്‌സ്, എൽജി, ബോംബെ ഡൈയിങ്, സൺസിൽക്ക്, ഫിലിപ്‌സ് തുടങ്ങിയ പരസ്യങ്ങളിലൂടെ മോഡലിങ് രംഗത്ത് ഗായത്രി തന്റെ പേരുറപ്പിച്ചു. അതിനൊപ്പം ജഗ്ജീത് സിങ്ങിന്റെയും ഹാൻസ് രാജ് ഹാൻസിന്റെയും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു. അങ്ങനെ ടിവി പ്രേക്ഷകർക്കും ഏറെ സുപരിചിതയായി.
1999-ൽ മിസ് ഇന്ത്യ മത്സരത്തിൽ അവസാന അഞ്ച് ഫൈനലിസ്റ്റുകളിലൊരാളായി ഗായത്രി. തൊട്ടടുത്ത വർഷം മിസ് ഇന്ത്യ ഇന്റർനാഷണൽ മത്സരത്തിൽ വിജയിയായി, ജപ്പാനിൽവെച്ചു നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗായത്രി പങ്കെടുത്തു. അതിനുശേഷം മോഡലിങ്ങിലേക്ക് തന്നെ തിരിച്ചുവന്നു. ഷാരൂഖ് ഖാനൊപ്പം ഹ്യുണ്ടായുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ബോളിവുഡിൽനിന്നും ഓഫറുകൾ വന്നുതുടങ്ങി. അപ്പോഴും സിനിമയിൽനിന്ന് അവർ അകന്നുതന്നെ നിന്നു.
എല്ലാ ഓഫറുകളും സ്വീകരിക്കാൻ അവർ തയ്യാറായില്ല. പകരം ഏറ്റവും നല്ലത് മാത്രം തിരഞ്ഞെടുത്തു. അങ്ങനെയാണ് ഷാരൂഖ് ഖാൻ നായകനായ 'സ്വദേശ്' എന്ന സിനിമയിൽ നായികയാവുന്നത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച കൾട്ട് സിനിമകളിലൊന്നായിട്ടാണ് അതിന്നും വിലയിരുത്തപ്പെടുന്നത്. ഗായത്രിയുടെ വേഷം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. സ്റ്റാർസ്‌ക്രീൻ പുരസ്‌കാരം ഉൾപ്പെടെ മികച്ച പുതുമുഖതാരത്തിനുള്ള ആ വർഷത്തെ ഒട്ടുമിക്ക പുരസ്‌കാരങ്ങളും ഗായത്രിയെ തേടിയെത്തി. അതിനൊപ്പം മുൻനിര നായകർക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളും.
എന്നാൽ, കോടീശ്വരനായ വികാസ് ഒബ്‌റോയുമായുള്ള വിവാഹത്തോടെ ഗായത്രി അഭിനയം നിർത്തുകയായിരുന്നു. അതിനെക്കുറിച്ച് ഗായത്രി പിന്നീട് പറഞ്ഞതിങ്ങനെ, ''സ്വദേശ് കഴിഞ്ഞയുടനെയാണ് ഞാൻ വികാസിനെ കണ്ടുമുട്ടുന്നത്. എന്റെ കരിയറിൽ ഞാനേറെ സംതൃപ്തയായിരുന്നു. കുറേ പരസ്യങ്ങളിൽ അഭിനയിച്ചു. ഷാരൂഖിനൊപ്പം സിനിമയിലും. വികാസിനെ കണ്ടുമുട്ടിയപ്പോൾ, കുടുംബം എന്ന ചിന്തയാണ് എന്റെ മനസ്സിലേക്ക് ആദ്യം വന്നത്. അതിനുശേഷം വേണമെങ്കിലും സിനിമയിൽ അഭിനയിക്കാമായിരുന്നു. പക്ഷേ, ഏത് കാര്യത്തിലാണെങ്കിലും എന്റെ നൂറുശതമാനവും കൊടുക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടാണ് സിനിമയിൽനിന്ന് അകലാനുള്ള തീരുമാനമെടുത്തത്''.
റിയൽ എസ്റ്റേറ്റ് മേഖലയിലെ അതികായരായ ഒബ്‌റോയ് റിയാൽറ്റി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് വികാസ്. 50,000 കോടി രൂപയാണ് ഒബ്‌റോയ് റിയാലിറ്റിയുടെ മൂല്യമായി കണക്കാക്കപ്പെടുന്നത്. വിവാഹശേഷം റിയാൽറ്റിയുടെ ഡയറക്ടറായി ഗായത്രി.
Content Highlights: gayatri joshis journey from successful model to a bollywood star