'ഗൗരിയെ മതംമാറ്റുമെന്ന് കരുതി വീട്ടുകാര്‍ക്ക് വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല': ഷാരൂഖ് ഖാന്‍

ഗൗരി ഖാന്‍, ഷാരൂഖ് ഖാന്‍ | AFP
ഗൗരി ഖാന്‍, ഷാരൂഖ് ഖാന്‍ | AFP

ബോളിവുഡിലെ ഐക്യമുള്ള ദമ്പതിമാരെന്നാണ് ഷാരൂഖ് ഖാനെയും ഗൗരി ഖാനെയും ആരാധകര്‍ വിശേഷിപ്പിക്കാറ്. ആറു വര്‍ഷത്തോളം പ്രണയിച്ച ശേഷം ഇരുവരും വിവാഹിതരായിട്ട് 33 വര്‍ഷം പിന്നിട്ടു. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരായതുകൊണ്ടുതന്നെ ഇരുവരുടെയും ബന്ധം അന്നും ഇന്നും പലരീതിയിലും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. 1991-ലായിരുന്നു വിവാഹം. വിവാഹത്തിലേക്കുള്ള യാത്ര രണ്ടുപേര്‍ക്കും അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും ഗൗരിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് ഗൗരി ജനിച്ചത്. ഷാരൂഖ് ന്യൂഡല്‍ഹിയിലെ ഒരു മുസ്ലിം കുടുംബത്തിലും.

തന്റെ കുടുംബം ഷാരൂഖിനെ ഒരു ഹിന്ദു പയ്യനായി കാണാന്‍ വേണ്ടി പേര് അഭിനവ് എന്നാക്കിയിരുന്നുവെന്ന് ഗൗരി പറയുന്നു. പക്ഷേ അത് ശരിക്കും മണ്ടത്തരവും ബാലിശവുമായിരുന്നെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു. 'ഫസ്റ്റ് ലേഡീസ്' എന്ന ഷോയില്‍ അബു ജാനിയും സന്ദീപ് ഖോസ്ലയുമായി നടത്തിയ സംഭാഷണത്തിലാണ് മതംമാറേണ്ടെന്ന തങ്ങളുടെ തീരുമാനത്തെക്കുറിച്ചുള്ള ഗൗരിയുടെ തുറന്നുപറച്ചില്‍. ഷാരൂഖ് ഗൗരിയെ മതംമാറാന്‍ നിര്‍ബന്ധിക്കുമെന്ന് വിവാഹസമയത്ത് ഗൗരിയുടെ കുടുംബത്തിലെ പലരും ഭയന്നിരുന്നു. 

ഫരീദ ജലാലുമായുള്ള അഭിമുഖത്തില്‍ ഷാരൂഖ് ഈ സംഭവത്തെ അനുസ്മരിച്ചതിങ്ങനെ. 'ഗൗരിയുടെ പരമ്പരാഗത കുടുംബം അവിടെ ഇരുന്ന് 'അവന്‍ ഒരു മുസ്ലീം പയ്യനാണ്', 'അവന്‍ അവളുടെ പേര് മാറ്റുമോ? അവള്‍ മുസ്ലീമാകുമോ?' എന്നെല്ലാം പതിയെ പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു. അപ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞു, 'ശരി ഗൗരി, ബുര്‍ഖ ധരിക്കൂ, നമുക്ക് നമാസ് വായിക്കാം.' ഞാന്‍ ഇതിനകം തന്നെ അവളെ മതം മാറ്റിയെന്ന് കരുതി കുടുംബം മുഴുവന്‍ ഞങ്ങളെ തുറിച്ചുനോക്കി. 'ഇനി മുതല്‍ അവള്‍ എപ്പോഴും ബുര്‍ഖ ധരിക്കും, അവളുടെ പേര് ആയിഷ എന്നായിരിക്കും' എന്ന് പറഞ്ഞ് ഞാന്‍ അവരെ കളിയാക്കി.'-ഷാരൂഖ് പറഞ്ഞു.

'ഞാന്‍ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു, എന്നാല്‍ അതിനര്‍ഥം ഞാന്‍ മതം മാറും എന്നല്ല. എല്ലാവരും അവരവരുടെ വിശ്വാസം പിന്തുടരണമെന്നും പരസ്പര ബഹുമാനം ഉണ്ടായിരിക്കണമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷാരൂഖ് ഒരിക്കലും എന്റെ മതത്തോട് അനാദരവ് കാട്ടില്ല. അതേസമയം, എന്റെ അമ്മ ഇപ്പോഴും ഈ സാഹചര്യവുമായി മല്ലിടുകയാണ്. ആര്യന്‍ 'ഞാനൊരു മുസ്ലീമാണ്' എന്ന് പറയുമ്പോള്‍ പലപ്പോഴും അമ്മ ആശയക്കുഴപ്പത്തിലാവാറുണ്ടെ'ന്നും നേരത്തേ കോഫി വിത്ത് കരണില്‍ ഗൗരി പറഞ്ഞിരുന്നു.

'ദീപാവലി സമയത്ത് ഞാന്‍ പൂജയ്ക്ക് നേതൃത്വം നല്‍കും, കുടുംബം പിന്തുടരും. ഈദ് ദിനത്തില്‍ ഷാരൂഖ് നയിക്കും, ഞങ്ങള്‍ പിന്തുടരും. ഇത് മനോഹരമായ ഒരു ക്രമീകരണമാണ്, കുട്ടികള്‍ രണ്ട് പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്നു. ദീപാവലിയും ഈദും അവര്‍ക്ക് അതിശയകരമാണ്.'-ഗൗരി പറയുന്നു. ചെറുപ്പത്തില്‍ രണ്ടു മതങ്ങളും ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ തങ്ങള്‍ ഏതു മതക്കാരാണെന്ന് സംശയം പ്രകടിപ്പിക്കുമായിരുന്നെന്ന് ഷാരൂഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

Content Highlights: gauri khan' relatives wondered if SRK will change her faith