‘ലിയോ’യിൽ നിന്ന് ‘ലോക’ വരെ: വില്ലനിസം ആഘോഷമാക്കുന്ന സാൻഡി മാസ്റ്റർ

വില്ലനെന്നു പറഞ്ഞാൽ നായകനോളം പോന്ന വില്ലൻ. അടുത്തിടെ ഇറങ്ങിയ സിനിമയിലെല്ലാം തന്റെ വില്ലനിസം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ താരമാണ് സാൻഡി മാസ്റ്റർ എന്ന സന്തോഷ് കുമാർ. കൊറിയോഗ്രാഫറായി സിനിമാലോകത്തേക്ക് പ്രവേശിച്ച സാൻഡി മാസ്റ്റർ, ഇപ്പോൾ ഒരു നടനെന്ന നിലയിൽ എല്ലാ ഭാഷകളിലും നിറഞ്ഞു നിൽക്കുകയാണ്.
ലിയോയിലെ കള്ളനും ലോകയിലെ പോലീസ് ഓഫീസറും തുടങ്ങി കിട്ടിയ വേഷങ്ങളിലെല്ലാം തന്റേതായ ശെെലി കൊണ്ടുവന്നു. കിടിലൻ ട്രാൻസ്ഫർമേഷനും പേടിപ്പിക്കുന്ന മുഖഭാവവുമായി എല്ലാ ഭാഷകളിലും ഇന്ന് സാൻഡി മാസ്റ്ററുണ്ട്. തമിഴും മലയാളവും കടന്ന് തെലുഗുവിലും ഇപ്പോൾ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാൻഡി. കിഷ്കിന്ധപുരി എന്ന തെലുഗു ചിത്രത്തിലെ താരത്തിന്റെ അസാധാരണമായ രൂപവും ശക്തമായ ഭാവപ്രകടനങ്ങളും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
2005-ൽ ഒരു കൊറിയോഗ്രാഫറായാണ് സാൻഡി മാസ്റ്റർ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കത്തിൽ ഒരു തെലുഗു റിയാലിറ്റി ഷോയിൽ ഡാൻസ് മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, തമിഴ് ബിഗ്ബോസ് മൂന്നാം സീസണിലെ ഒരു മത്സരാർഥി കൂടിയായിരുന്നു. നർത്തകനിൽ നിന്നും ബിഗ് സ്ക്രീനിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ലിയോയിലെ വേഷമാണ് മറ്റുഭാഷകളിലും തനിക്ക് ശ്രദ്ധ നേടിത്തരാൻ കാരണമായതെന്ന് അടുത്തിടെ അദ്ദേഹം പറയുകയുണ്ടായി.
'ലിയോ'യുടെ 10 ദിവസത്തെ ഷൂട്ടിങ്ങിനിടെ ലോകേഷ് നൽകിയ നിർദ്ദേശങ്ങളെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. “ലിയോയുടെ ഷൂട്ടിങ് സമയത്ത് ആരോടും സംസാരിക്കരുതെന്ന് ലോകേഷ് സർ എന്നോട് പറഞ്ഞു. ഒറ്റയ്ക്ക് ഇരിക്കാനും സ്വയം സമയം ചെലവഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 'അല്ലെങ്കിൽ നിങ്ങൾ റിലാക്സ്ഡ് ആയിപ്പോകും' എന്നും പറഞ്ഞു. അതുകൊണ്ട് ഞാൻ എൻ്റെ ഹോട്ടൽ മുറിയിൽ ലൈറ്റുകൾ അണച്ച്, കഥാപാത്രത്തിൻ്റെ മൂഡ് സെറ്റ് ചെയ്യാൻ പേടിപ്പിക്കുന്ന സംഗീതം കേട്ട് ഇരിക്കുമായിരുന്നു.ലിയോയിലെ കഥാപാത്രത്തിന് ഞാൻ ലോകേഷിനോട് എന്നും കടപ്പെട്ടിരിക്കും. കാരണം, 'ലോക: ചാപ്റ്റർ 1 ചന്ദ്ര', 'കിഷ്കിന്ധാപുരി' എന്നീ ചിത്രങ്ങളുടെ സംവിധായകർ എനിക്ക് അവസരം തന്നത് ലിയോയിലെ എൻ്റെ പ്രകടനം കണ്ടതിനു ശേഷമാണ്.”
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ലോക: ചാപ്റ്റർ 1:ചന്ദ്ര’ യിലെ പ്രധാന വില്ലനാണ് സാൻഡി. ഇതിനുമുമ്പ് ദിലീപ് നായകനായ ‘ഭഭബ’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
രജനീകാന്തിന്റെ 'കൂലി' എന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറും അഭിനയിച്ച പ്രശസ്തമായ "മോണിക്ക മോണിക്ക" എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്. 'തങ്കലാൻ', 'വിക്രം', 'ആവേശം' തുടങ്ങിയ മറ്റ് ഹിറ്റ് സിനിമകളിലും പ്രവർത്തിച്ചു. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ജയസൂര്യ ചിത്രം കത്തനാരിലും നടൻ പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്.
2009-ൽ സാൻഡി, നടി കാജൽ പശുപതിയെ വിവാഹം കഴിച്ചു, എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. 2015-ൽ അദ്ദേഹം സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ഡൊറോത്തി സ്ലാവിയാനിയെ വിവാഹം കഴിച്ചു. അവർക്ക് ഇപ്പോൾ രണ്ട് കുട്ടികളുണ്ട്.
കിഷ്കിന്ധപുരിയിൽ സാൻഡിയെക്കൂടാതെ അനുപമ പരമേശ്വരും ബെല്ലംകൊണ്ട് സായ് ശ്രീനിവാസുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sandy Master`s journey from choreographer to prominent villain roles in Leo, Loki, and more.