'ദിവസം ഒരു നേരം മാത്രം ഭക്ഷണം'; 38 കിലോ കുറച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസറുടെ മാസ് മേക്കോവർ

ജെഫിനും ഭാര്യയും | Instagram
ജെഫിനും ഭാര്യയും | Instagram

ജീവിതശൈലീ രോഗങ്ങളും അമിതഭാരവും വില്ലനാകുമ്പോൾ എന്തുചെയ്യണമെന്നറിയാതെ പലരും പതറാറുണ്ട്. എന്നാൽ നിശ്ചയദാർഢ്യമുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ ജെഫിൻ. 147 കിലോയിൽ നിന്നാണ് 38 കിലോ കുറച്ച് 109-ൽ ജെഫിൻ എത്തിയത്. ആ യാത്ര ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.

അച്ഛനാകണമെന്ന ആഗ്രഹം
അമിതമായി ആഹാരം കഴിക്കുന്ന ശീലവും അനാവശ്യമായ സ്നാക്കിങ്ങുമായിരുന്നു ജെഫിന്റെ ഏറ്റവും വലിയ പ്രശ്നം. 2018-ൽ 35 കിലോ കുറച്ചെങ്കിലും വീണ്ടും ഭാരം പഴയപടിയായി. 2022-ൽ വിവാഹത്തിനായി ഭാരം കുറച്ചെങ്കിലും ഹൈദരാബാദിലേക്ക് മാറിയതോടെ കടുത്ത സ്ട്രെസ് കാരണം ഭാരം വീണ്ടും ഉയർന്നുകൊണ്ടിരുന്നു.

കഴിഞ്ഞ വർഷം ഭാരം 147 കിലോയിലെത്തിയതോടെ ടൈപ്പ് 2 പ്രമേഹവും കണ്ടെത്തി. സ്ട്രോക്ക് വരാനുള്ള സാധ്യത പോലും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഭാവിയിൽ പിറക്കാൻ പോകുന്ന കുഞ്ഞിന് ആരോഗ്യവാനായ ഒരു അച്ഛനാകണം എന്ന ചിന്തയാണ് ജെഫിന്റെ ജീവിതം മാറ്റിമറിച്ചത്. ഭാര്യ റിൻസിയും ജെഫിന് പൂർണ്ണ പിന്തുണയുമായി ഒപ്പം ചേർന്നു.

വിട്ടുവീഴ്ചയില്ലാത്ത ഡയറ്റ്
ഭാരക്കുറവിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്നാണ് വൺ മീൽ എ ഡേ (OMAD). തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണിത്. പ്രധാന ഭക്ഷണത്തിന് പുറമേയുള്ള സ്നാക്കുകളും ജങ്ക് ഫുഡുകളും പൂർണ്ണമായും ഒഴിവാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

എന്താണ് OMAD ഡയറ്റ്?
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ തീവ്രമായ രൂപമാണ് 'വൺ മീൽ എ ഡേ'. ദിവസത്തിലെ 23 മണിക്കൂറും ഉപവസിച്ച്, 1 മണിക്കൂറിനുള്ളിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്ന രീതിയാണിത്. ഇത് ശരീരത്തിൽ കലോറി കുറയ്ക്കാനും (Calorie Deficit), രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ഹൃദ്രോഗ സാധ്യത തടയാനും ഫലപ്രദമാണ്.

ലക്ഷ്യങ്ങളിലേക്ക് ഇനിയും എത്താനുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടന്ന് ഒരുമിച്ച് ആരോഗ്യകരമായ ഭാവിയിലേക്ക് നടന്നു കയറാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ.

(ശ്രദ്ധിക്കുക: OMAD എല്ലാവർക്കും അനുയോജ്യമായ ഡയറ്റല്ല. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ നിർദ്ദേശമില്ലാതെ ഡയറ്റുകൾ പിന്തുടരരുത്.)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jefin reduced his weight from 147kg to 109kg by losing 38kg., Adopted the One Meal A Day (OMAD) diet and stopped snacking and junk food., Driven by the motivation to be a healthy father and overcome type 2 diabetes risks., Supported by his wife Rinsi, together they lost 48kg.