മഹുവ ഇന്ത്യയിലേക്ക് വന്നത് രാഷ്ട്രീയം ലക്ഷ്യമിട്ട്; ഉശിരൻ പ്രസംഗങ്ങൾ കരുത്താക്കി അതിവേഗം വളർന്നു

മഹുവ മൊയ്ത്ര | പി.ടി.ഐ.
മഹുവ മൊയ്ത്ര | പി.ടി.ഐ.

“എനിക്ക് 49 വയസ്സായി, അടുത്ത 30 വർഷം പാർലമെന്റിനകത്തും പുറത്തും, തെരുവിലും നിങ്ങളോട് ഞാൻ പോരാടും, നിങ്ങളുടെ അന്ത്യം ഇവിടെ തുടങ്ങുകയാണ്. ഞങ്ങൾ തിരികെ വരുന്നു"-പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര തൊടുത്തുവിട്ട കനമുള്ള വാക്കുകളാണിത്. ചടുലമായ പ്രസംഗങ്ങളിലൂടെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൾമുനയിൽ നിർത്തിയ മഹുവ പുറത്തുപോകുമ്പോഴും ജ്വലിച്ചുതന്നെ നിന്നു. എം.പി. കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് പാർലമെന്റിൽ നിന്ന് പുറത്താകുന്നത്. ഇക്കാലമത്രയും പലതും പൊരുതിനേടിയതിന്റെ ആത്മവിശ്വാസമാണ് മഹുവയുടെ വാക്കുകളെ ഇത്രയേറെ കനപ്പെടുത്തിയതെന്ന് അവരുടെ ജീവിതം പരിശോധിച്ചാൽ കരുതേണ്ടിവരും.

മുൻപരിചയമില്ലാതെ രാഷ്ട്രീയത്തിേലക്ക്
1974 ഒക്ടോബർ 12-ന് അസമിലെ കച്ചാർ ജില്ലയിലാണ് മഹുവ ജനിച്ചത്. കൊൽക്കത്തയിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം. യു.എസിൽ ഉപരിപഠനം. മസാച്യുസെറ്റ്സിലെ (യു.എസ്.) മൗണ്ട് ഹോളിയോക് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദമെടുത്തു. യു.എസിലെ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായി കരിയർ കെട്ടിപ്പടുത്തു. ന്യൂയോർക്കിലും ലണ്ടനിലും ബാങ്കിങ് ജീവിതം. ലണ്ടനിലെ ജെ.പി. മോർഗൻ ചേസിൽ വൈസ് പ്രസിഡന്റിന്റെ സ്ഥാനം വരെയെത്തിനിൽക്കുമ്പോഴാണ് തന്റെ 30-കളിൽ മഹുവ ആ ജോലി മതിയാക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നു പയറ്റിനോക്കാനുള്ള തീരുമാനത്തിന്റെ പുറത്തായിരുന്നു ജോലി ഉപേക്ഷിക്കൽ. ബാങ്കിങ് രംഗത്തെ തന്റെ സ്വപ്നങ്ങളെല്ലാം ഒരുപക്ഷേ അവർ നിറവേറ്റിക്കഴിഞ്ഞിരിക്കാം. ഒട്ടും മുൻപരിചയമോ കുടുംബപശ്ചാത്തലമോ ഇല്ലാത്ത രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ മഹുവയ്ക്ക്  കൈമുതലായുണ്ടായിരുന്നത് താൻ പ്രവർത്തിക്കാൻ തയ്യാറാണെന്ന ആത്മവിശ്വാസം മാത്രം. രാഷ്ട്രീയം നിരീക്ഷിക്കുന്ന വ്യക്തിയായിരുന്നുവെങ്കിലും കളത്തിലിറങ്ങിയുള്ള രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ തൊട്ട് അവർക്ക് പഠിച്ചെടുക്കേണ്ടതുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ‘ആം ആദ്മി കാ സിപാഹി’ പദ്ധതിയും മഹുവയ്ക്ക് രാഷ്ട്രീയത്തിലിറങ്ങാൻ പ്രചോദനമായി.

രാഷ്ട്രീയജീവിതം
പെട്ടെന്നൊരു ദിവസം ഉശിരൻ പ്രസംഗങ്ങൾ നടത്തി പൊളിറ്റിക്കൽ സെലിബ്രിറ്റിയായ വ്യക്തിയല്ല മഹുവ. ഏറ്റവും താഴെനിന്നാണവർ രാഷ്ട്രീയം പഠിച്ചുതുടങ്ങിയത്. 2008-ൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിൽ അംഗത്വമെടുത്താണ് തുടക്കം. പശ്ചിമ ബംഗാൾ ഘടകത്തിലേക്ക് നിയോഗിക്കപ്പെട്ട മഹുവ, കോൺഗ്രസ് നേതാവ് സുബ്രത മുഖർജിയുമായി അടുത്ത് പ്രവർത്തിച്ചു. വളരെയധികം പരിശ്രമിക്കുകയും വേഗത്തിൽ ശ്രദ്ധനേടുകയും ചെയ്തു. ജനങ്ങളുമായി നേരിട്ട് ഇടപഴകാനും  പ്രസംഗിക്കാനുമുള്ള കഴിവ് മഹുവയ്ക്ക് മുതൽക്കൂട്ടായെന്നു പറയാം. പശ്ചിമ ബംഗാളിലെ അറിയപ്പെടുന്ന നേതാവും വ്യക്തിയുമായി മഹുവയ്ക്ക് മാറാൻ അധികകാലം വേണ്ടിവന്നില്ല. രാഹുൽ ഗാന്ധി മഹുവയെ അഭിനന്ദിച്ചു.
ഇടതുമുന്നണി ഭരണത്തിനെതിരായ മാറ്റങ്ങൾ പശ്ചിമ ബംഗാളിൽ അലയടിക്കുന്ന കാലം, 2010-ലെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മഹുവയും സുബ്രത മുഖർജിയും തൃണമൂൽ കോൺഗ്രസിലേക്ക് (ടിഎംസി) കൂറുമാറി. പശ്ചിമബംഗാളില്‍ കോൺഗ്രസ് ഇടതുപക്ഷവുമായി വിട്ടുവീഴ്ചകൾ ചെയ്യുന്നതിൽ മഹുവയ്ക്ക് എതിർപ്പായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ശക്തരായ വനിതാനേതാക്കളിലൊരാളായ മമത ബാനർജിയുടെ പ്രവർത്തനങ്ങളിലും മഹുവ ആകൃഷ്ടയായിരുന്നു. തിരഞ്ഞെടുപ്പിൽ മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ പാർട്ടി വിജയിച്ചു.

തൃണമൂലിലെത്തിയശേഷവും സീറ്റിനായി പിന്നെയും വർഷങ്ങൾ മഹുവയ്ക്ക് കാത്തിരിക്കേണ്ടിവന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടി ടിക്കറ്റ് നൽകിയില്ല. ക്ഷമയോടെ കാത്തിരുന്ന മഹുവ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കരിംപുർ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങി, വിജയിച്ചു. അതോടെ മഹുവയുടെ രാഷ്ട്രീയത്തിളക്കത്തിന് മാറ്റുകൂടി. സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെട്ടില്ലെങ്കിലും പ്രസംഗിക്കാനുള്ള കഴിവും സംവാദ നൈപുണ്യവും അവരെ ദേശീയ മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രധാനമുഖമാക്കി. 

സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്ത പ്രസംഗങ്ങള്‍
നിയമസഭാ കാലാവധി കഴിയുംമുമ്പേ, 2019-ൽ കൃഷ്ണനഗറിലെ ലോക്സഭാ സീറ്റും തൃണമൂൽ കോൺഗ്രസ് മഹുവയ്ക്ക് നൽകി. അവിടെനിന്ന് മത്സരിച്ച് ജയിച്ച് മഹുവ ലോക്സഭയിലുമെത്തി. 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ വിമർശകയായിരുന്നു തുടക്കം മുതൽ അവർ. തൃണമൂലിന്റെ ജനറൽ സെക്രട്ടറിയായും സംസ്ഥാന വക്താവായും സ്ഥിരമായി ടെലിവിഷനിലെ രാഷ്ട്രീയചർച്ചകളിൽ പങ്കെടുത്തും മഹുവ കരുത്തുകാട്ടി. മഹുവയുടെ പ്രസ്താവനകളും പാർലമെന്റിലേക്കുള്ള വരവും പോക്കുമെല്ലാം വലിയ ചർച്ചകളായി. 

ബി.ജെ.പി. സർക്കാരിനുകീഴിൽ ഇന്ത്യ ഫാസിസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പാർലമെന്റിലെ കന്നിപ്രസംഗത്തിൽ മഹുവ തുറന്നടിച്ചു. സാമൂഹികമാധ്യമങ്ങളിൽ മഹുവയുടെ പ്രസംഗങ്ങൾ വൈറലായി. മമത ബാനർജിയെന്ന പെൺകരുത്തിന്റെ മുഖമുള്ള പശ്ചിമബംഗാളിൽ നിന്ന്, തൃണമൂലിൽ നിന്ന്, കരുത്തിന്റെ പ്രതീകമായി മറ്റൊരു വനിതാനേതാവ്. കന്നിയംഗമായിരുന്നിട്ടും പാർലമെന്റിൽ പതറാതെ മഹുവ നടത്തിയ വികാരഭരിതമായ പ്രസംഗങ്ങൾ, അവർക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. എന്നിരുന്നാലും, വിവാദങ്ങളും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളുമെല്ലാം ഇടയ്ക്കിടെ മങ്ങലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2021-ൽ പാർട്ടിക്കുള്ളിലെ ചേരിപ്പോരിന്റെ പേരിൽ മമത മഹുവയെ പരസ്യമായി ശകാരിച്ചിരുന്നു. 



വിവാദങ്ങളിലും നിറഞ്ഞുനിന്നു
മഹുവ മൊയ്ത്രയുടെ 14 വർഷത്തെ രാഷ്ട്രീയ യാത്രയിൽ ഉയർച്ചകളേറെയുണ്ടായിട്ടുണ്ട്. ഒപ്പം വിവാദങ്ങളും. മമത ബാനർജിയുടെ പരസ്യമായ ശാസനകൾ പലതവണ കേൾക്കേണ്ടിവന്നിട്ടുണ്ട്. സംഘടനാ കാര്യങ്ങളിൽ പാർട്ടിയുമായി പലപ്പോഴും അഭിപ്രായവ്യത്യാസത്തിലായിരുന്നു മഹുവ.

മാധ്യമപ്രവർത്തകരെ ‘രണ്ട് പൈസ പത്രപ്രവർത്തകർ’ എന്ന് വിളിച്ചതടക്കമുള്ള പരാമർശങ്ങളെത്തുടർന്ന് പ്രാദേശിക ബംഗാളി മാധ്യമങ്ങൾ ഏറെക്കാലത്തേക്ക് അവരെ ബഹിഷ്കരിച്ചിരുന്നു. മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദൈവമായി കാളിയെ സങ്കൽപ്പിക്കാനുള്ള അവകാശം ഉന്നയിച്ചുകൊണ്ട്, കഴിഞ്ഞ വർഷം ഒരു കോൺക്ലേവിൽ മഹുവ നടത്തിയ  പ്രസ്താവന രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഗതി വിവാദമായതോടെ മഹുവ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിക്ക് അതിൽ പങ്കില്ലെന്നും തൃണമൂൽ തിരുത്തി. 

ലോക്സഭയിൽ തൃണമൂൽ അംഗം കകോലി ഘോഷ് ദസ്തിദാർ വിലവർധന വിഷയം അവതരിപ്പിക്കുന്നതിനിടെ തന്റെ വിലകൂടിയ ലൂയിസ് വൂറ്റൺ ബാഗ് മഹുവ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മഹുവയുടെ പ്രസംഗം കോപ്പിയടിയാണെന്ന വിവാദവും ഉണ്ടായിരുന്നു. രാജ്യദ്രോഹ നിയമത്തെ ശക്തമായി എതിർക്കുന്ന മഹുവ, സുപ്രീം കോടതിയിലെ റിട്ട് ഹർജിക്കാരിൽ ഒരാളായി സജീവമായി രംഗത്തുണ്ട്. 

മഹുവയ്ക്കെന്തുകൊണ്ട് സ്ഥാനാർഥിയായിക്കൂടാ? ഒപ്പം നിന്ന് മമത ബാനർജി
‘ജനാധിപത്യത്തിന്റെ കൊലപാതകം’-എന്നാണ് മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയ നടപടിയെ തൃണമൂൽ അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിശേഷിപ്പിച്ചത്. മഹുവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മൗനവും അകലവും പാലിച്ചുപോരുകയായിരുന്നു കുറച്ചുനാളുകളായി മമത. എന്നാൽ, പാർലമെന്റിൽ നിന്ന് പുറത്തായതോടെ അവരെ പൂർണമായും പിന്തുണയ്ക്കുകയാണ് മമത ചെയ്തത്. അത് കുറച്ചൊന്നുമല്ല മഹുവയ്ക്ക് ശക്തി പകർന്നിട്ടുണ്ടാവുക. ‘എനിക്ക് ഞെട്ടലും സങ്കടവും ഉണ്ട്. മഹുവയ്ക്കെതിരായ റിപ്പോർട്ടിന്റെ 495 പേജുകൾ (എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്) വെറും 30 മിനിറ്റുമാത്രം ചർച്ചയ്ക്ക് വെച്ചാണ് അവരെ പുറത്താക്കിയിരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ അംഗങ്ങൾക്ക് 495 പേജുകൾ എങ്ങനെ വായിക്കാനാകും? മഹുവയുടെ ഭാഗം കേൾക്കാനോ സ്വയംപ്രതിരോധിക്കാനോ അനുവദിച്ചില്ല. സ്വയരക്ഷയ്ക്കായി സംസാരിക്കാൻ പോലും അവരെ അനുവദിച്ചില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. അനീതിയാണ്’-മമത മാധ്യമങ്ങളോടു പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹുവയെ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന്, അവരെ സ്ഥാനാർഥിയാക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ലെന്ന് മമത തിരിച്ചടിച്ചു. പാർട്ടി അവർക്കൊപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് പാർട്ടിയെ പ്രതിനിധീകരിക്കുക മഹുവ തന്നെയെന്നു പ്രഖ്യാപിച്ച് പിന്തുണയ്ക്ക് മമത അരക്കിട്ടു. വിവാദങ്ങൾക്കു പിന്നാലെ മഹുവയെ മമത പാർട്ടിയുടെ ജില്ലാ പ്രസിഡന്റാക്കി (നാദിയ). സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും പിന്തുണയും മഹുവയ്ക്കുണ്ടായിരുന്നു.

പാർലമെന്റിൽ നിന്ന് പുറത്താക്കാൻ കാരണം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാർലമെന്റിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കുന്നത്. വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം. പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണറിപ്പോർട്ട് കണക്കിലെടുത്താണ് പുറത്താക്കൽ. ഗൗതം അദാനിയെ ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിച്ചതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന ആരോപണമുന്നയിച്ചത് ബിജെപി എംപി നിഷികാന്ത് ദുബെയാണ്. പണമായി രണ്ടുകോടി രൂപയും മറ്റ് ആഡംബര സമ്മാനങ്ങളും കൈപ്പറ്റിയെന്നും പാർലമെന്റ് പോർട്ടലിന്റെ ലോഗിൻ ക്രെഡൻഷ്യലുകൾ അവർ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും ആരോപണമുണ്ട്. കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾ മഹുവ നിഷേധിച്ചു. ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനുമായി പങ്കുവെച്ചെന്ന കാര്യം അവർ സമ്മതിച്ചു. എല്ലാ എം.പിമാരും ചെയ്യുന്ന കാര്യമാണിത് എന്നാണ് അവർ നൽകിയ വിശദീകരണം. ദർശനുമായുള്ള സൗഹൃദവുമായി ബന്ധപ്പെട്ട് എത്തിക്സ് പാനലിൽ നിന്ന് മോശം ചോദ്യങ്ങൾ നേരിടേണ്ടിവന്നെന്ന് മഹുവ നേരത്തേ ആരോപിച്ചിരുന്നു. 

സുപ്രീംകോടതിയെ സമീപിച്ചു
ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടി ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. പാർലമെന്‍റംഗമെന്ന പദവിയിൽ നിന്ന് പെട്ടെന്നൊരു ഇടവേളയുണ്ടായെങ്കിലും പ്രതിപക്ഷത്തിന്റെ അചഞ്ചലമായ പിന്തുണ ലഭിച്ചത് മഹുവയ്ക്ക് മുതൽക്കൂട്ടായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മൊയ്ത്രയുടെ സ്വാധീനത്തെ ഇത് അടിവരയിടുന്നു. പാർട്ടിക്കുള്ളിലും മഹുവ നില മെച്ചപ്പെടുത്തി, ഉന്നത നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ടവർക്ക്. ബി.ജെ.പിയ്ക്കെതിരെ പ്രതിഷേധമുയർത്താൻ കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയടക്കമുള്ള പ്രതിപക്ഷനേതാക്കളെല്ലാം മഹുവയ്ക്കൊപ്പം അണിനിരന്നു. കന്നി എം.പി. സ്ഥാനം അതിവേഗം നഷ്ടപ്പെട്ടതിൽ അവർ തൊടുത്തുവിട്ട വിമർശനങ്ങൾക്ക് തീർച്ചായും സ്വാധീനമുണ്ട്. ബി.ജെ.പി സർക്കാരിനെ വെല്ലുവിളിച്ചതിന്റെ പേരിലാണ് തനിക്കെതിരേയുള്ള ഭീഷണിയും നടപടിയുമെന്ന് മഹുവ തറപ്പിച്ചുപറയുന്നു. ഒപ്പം, വലിയ ജനപിന്തുണയോടെ പാർലമെന്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും.  

Content Highlights: expulsion of trinamool congress pember of parliament mahua moitra