'മലയാളം സീരിയലുകളെടുത്തുനോക്കൂ, ആവശ്യമില്ലാത്ത സങ്കീര്‍ണതകളും നാടകവും നിറഞ്ഞതാണ് പലതും'

Once you stop thinking what the world will think of you, your life become much easier to live...
ലോകം നിങ്ങളെപ്പറ്റി എന്ത് ചിന്തിക്കുന്നുവെന്ന ആശങ്ക ഉപേക്ഷിച്ചാല്‍ ജീവിതം എളുപ്പമാകും... ലേഡീസ് കൂപ്പെ എന്ന നോവലില്‍ അനിതാ നായര്‍ ഈ വരികളെഴുതിയിട്ട് വര്‍ഷം 23 കഴിയുന്നു. എ ബെറ്റര്‍ മാന്‍, മിസ്ട്രസ്, ലെസന്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ് എന്നിങ്ങനെ ഒട്ടേറെ നോവലുകള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ മുന്നിരപ്പേരുകളിലൊന്നാണ് അനിതാ നായരുടെത്. സാഹിത്യ-തിരക്കഥാ രചനകള്‍, എഴുത്തുകളരികള്‍, പൊതുപരിപാടികള്‍ ഇവയൊക്കെയായി ഏറെ തിരക്കിലാണ് എഴുത്തുകാരി. ബെംഗളൂരുവില്‍ സ്ഥിരതാമസം. എങ്കിലും നഗരത്തിരക്കുകളില്‍നിന്ന് ശാന്തതയിലേക്കൂളിയിടാന് അവര്‍ ഇടയ്ക്കിടെ പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശിയിലെ വീട്ടിലെത്തും. അവിടെവെച്ച് അനിതാ നായര്‍ ഗൃഹലക്ഷ്മിയുമായി സംസാരിച്ചപ്പോള്‍...
എപ്പോഴും ഊര്ജസ്വലയാണല്ലോ. എന്താണിതിന്റെ രഹസ്യം?
ചെറിയ പ്രായം മുതലേ മനസ്സിലാക്കിയ കാര്യമാണ് ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നത്. പ്രതീക്ഷവയ്ക്കുമ്പോഴാണ് നിരാശയുണ്ടാകുന്നത്. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍. എന്റെ സന്തോഷം ആരെയും ആശ്രയിച്ചല്ല. എനിക്കത് എന്നില്‍നിന്നുതന്നെ കണ്ടെത്താനാകും. സെല്‍ഫ് ലൗ എനിക്കില്ലെന്ന് എല്ലാവരും പറയും. എല്ലായിടത്തും പൊരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. സെല്‍ഫ് ലൗ ഉണ്ടെങ്കില്‍ അതിന് കഴിയില്ല. ഇപ്പോള്‍ ഞാന്‍ എന്നെ സ്നേഹിക്കാന്‍ പഠിക്കുകയാണ്. എനിക്ക് പുരസ്കാരങ്ങളൊന്നും വേണ്ട. മുണ്ടക്കോട്ടുകുറിശ്ശിയിലെ ഈ വീട്ടില്‍ ഒരിക്കല്‍ വന്നപ്പോള്‍ എനിക്കുലഭിച്ച, ഞാന്‍ സൂക്ഷിച്ചുവെച്ച പുരസ്കാരങ്ങളൊക്കെ ചിതലെടുത്തിരുന്നു. എല്ലാം കൂട്ടിയിട്ട് കത്തിക്കേണ്ടിവന്നു. അതാണ് ജീവിതത്തിന്റെ നിസ്സാരത.
ഒരേസമയം ഒരുപാടുകാര്യങ്ങളില്‍ കൈവയ്ക്കുന്നു. അതെങ്ങനെയാണ്?
എഴുത്തുകഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയം പാട്ടിനോടാണ്. വര്‍ഷങ്ങളായി പാട്ടുപഠിക്കുന്നു. പാചകവും ഇഷ്ടമാണ്. 70 വയസ്സുവരെയൊക്കെയേ മനുഷ്യര്‍ ആരോഗ്യത്തോടെ ജീവിക്കൂ. അക്കാലം ഉപയോഗിക്കുകയെന്നതാണ് എന്റെ പോളിസി. സന്തോഷം തരാത്ത ഒരുകാര്യവും ഞാന്‍ ചെയ്യാറില്ല. ഒരുപാട് കാര്യങ്ങളില്‍ താത്പര്യമുള്ളതുകൊണ്ടാണ് എന്തിലും എനിക്ക് സന്തോഷം കിട്ടുന്നത്. എഴുത്തുമാത്രമാണെങ്കില് ആ സന്തോഷം ഉണ്ടാകില്ല.
എന്താണ് ഈ ഗ്രാമത്തെ പ്രിയപ്പെട്ടതാക്കുന്നത്?
എന്റെ അച്ഛനും അമ്മയും ഇവിടെയാണ്. ഒരുപ്രായം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയില്‍ ഒരു സൗഹൃദം രൂപപ്പെട്ടുവന്നു. എനിക്കവരോട് എന്തും പറയാം; അവരെന്നെ ജഡ്ജുചെയ്യില്ല. ഇരുവര്‍ക്കും വയസ്സായി. അവര്‍ക്ക് എന്റെ സഹായം ആവശ്യവുമുണ്ട്. ചില ഉത്തരവാദിത്വങ്ങളുടെ ഭാഗംകൂടിയാണ് ഈ വരവ്. മുണ്ടക്കോട്ടുകുറിശ്ശിയിലെ പഴയ ഓര്‍മകള്‍ രസകരമാണ്. അന്ന് ഈ നാട്ടില്‍ വൈദ്യുതിയും ബസ്സുമൊന്നുമില്ല. രാത്രിയില്‍ ചുറ്റിനും കൂരാക്കൂരിരുട്ട്. ചെന്നൈയില്‍നിന്ന് അവധിക്കുവന്ന് രണ്ടുദിവസമൊക്കെയേ ഇവിടെ തങ്ങൂ. പക്ഷേ, ആ രണ്ടുദിവസത്തെ ഓര്‍മകള്‍ വിലപ്പെട്ടതാണ്. ഇവിടത്തെ നാടന്‍ കോഴിക്കറിയുടെ എരിവ് അങ്ങനെയൊരു ഓര്‍മയാണ്. എഴുതാനിരിക്കുമ്പോള്‍ ഈ ഓര്‍മകളൊക്കെ ഓടിവരും. ഓര്‍മകളെ വീണ്ടെടുക്കാന്‍കൂടിയാണ് ഓരോ വരവും.
എഴുതിപ്പൂര്‍ത്തിയാക്കാത്ത കടലാസുകളാണല്ലോ ചുറ്റിനും...
എനിക്ക് കൈകൊണ്ടെഴുതുന്നതാണിഷ്ടം. ടൈപ്പുചെയ്യാറില്ല. ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമയ്ക്ക് തിരക്കഥയെഴുതുകയാണ്. നാടകം, തിരക്കഥ, ക്രൈം ത്രില്ലര്‍, ചരിത്രനോവല്‍, ബാലസാഹിത്യം... ആസ്വദിച്ചാണ് എന്തും എഴുതുന്നത്. ചിന്തകളില്‍വരെ അച്ചടക്കമിഷ്ടപ്പെടുന്നയാളാണ് ഞാന്‍. ചിന്തകളെ ചിട്ടയോടെ വയ്ക്കാന്‍ വേണ്ടിയാണ് ഞാന്‍ സംഗീതം പരിശീലിക്കുന്നതുപോലും. അല്ലെങ്കില്‍ വീട്ടുകാര്യവും നാട്ടുകാര്യവും ലോകത്തിലെ വിവിധ സംഭവങ്ങളുമൊക്കെ എന്റെ ചിന്തകളെ ബാധിക്കും, വിഷാദം വരും.
എഴുത്തുകാരിയുടെ സാമൂഹിക ഉത്തരവാദിത്വത്തെപ്പറ്റി?
സാമൂഹികവിഷയങ്ങള്‍ ബാധിക്കുന്നില്ലെങ്കില്‍ നമ്മളും കുരങ്ങനും തമ്മില്‍ എന്താ വ്യത്യാസം? എല്ലാ വിഷയത്തിലും കയറി ഇടപെടണമെന്നല്ല. അനീതി കണ്ടാല്‍ പ്രതികരിക്കണം. അല്ലാതെ, ഞാനൊരു പബ്ലിക് ഫിഗറാണെന്നുപറഞ്ഞിരുന്നിട്ട് കാര്യമില്ല. ആ പദവിക്ക് ഉത്തരവാദിത്വമുണ്ട്. കേരളത്തില്‍ മരുമക്കത്തായസമ്പ്രദായമാണ്. സ്ത്രീകള്‍ക്ക് പരിഗണനയുണ്ട് എന്നൊക്കെ പറയും. പക്ഷേ, ആണ്‍മേധാവിത്വത്തിന്റെ ലോകമാണിത്. മലയാളി ആണുങ്ങളുടെത് ടോക്സിക് പാട്രിയാര്‍ക്കിയാണ്. മലയാളിപുരുഷന്മാര്‍ സ്ത്രീകളെ മൃഗതുല്യരായൊന്നും കാണുന്നില്ല. പക്ഷേ, ഞാനാണ് ഇവിടത്തെ പ്രധാനിയെന്ന് ലക്ഷക്കണക്കിന് വഴികളിലൂടെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതുകാണുമ്പോള്‍ എനിക്ക് എഴുതാതിരിക്കാന്‍ കഴിയുമോ? മലയാളം സീരിയലുകളെടുത്തുനോക്കൂ. ആവശ്യമില്ലാത്ത സങ്കീര്‍ണതകളും നാടകവും നിറഞ്ഞവയാണ് അവയില്‍ പലതും. ഇത് കണ്ടുകണ്ട് ഇങ്ങനെയുള്ള നാടകമാണ് ജീവിതമെന്ന തോന്നലിലേക്ക് ആളുകളെത്തും. ടെലിവിഷന്‍ ചാനലുകളുടെയും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുമെല്ലാം ഉള്ളടക്കത്തില്‍ ശ്രദ്ധിക്കണം.
വിദ്യാഭ്യാസമുള്ള ആളുകള്‍പോലും ആണ്‍മേല്‍ക്കോയ്മയെ അംഗീകരിക്കുകയാണോ?
അതേ. എന്റെ വീട്ടില്‍ അമ്മ ദോശയുണ്ടാക്കുമ്പോള്‍, പൊട്ടിയതോ കീറിയതോ ആയതൊന്നും അച്ഛനും ഏട്ടനും കൊടുക്കില്ല. അങ്ങനെയുള്ളത് സ്ത്രീകള്‍ക്കുള്ളതാണ്. ബഹുമാനമല്ല, ഞാന്‍ മികച്ചവളാണെന്ന് കാണിക്കാനുള്ള പിടച്ചിലാണ് അതിനുപിന്നില്‍. ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ ലിംഗഭേദമില്ല. എന്റെ ശരീരം ഇങ്ങനെ, അവന്റെ ശരീരം അങ്ങനെ എന്നേ അവര്‍ക്ക് തോന്നൂ. എങ്കിലും ആണിനും പെണ്ണിനും ഇടയിലുള്ള സൗഹൃദം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലേക്ക് ഇപ്പോഴും സമൂഹം പുരോഗമിച്ചിട്ടില്ല. ബന്ധങ്ങളുടെ കാര്യത്തില്‍ എന്തിനാണ് ഇത്ര പേടിയെന്ന് മനസ്സിലാകുന്നില്ല. കേരളം ഇങ്ങനെ ഇടുങ്ങിച്ചിന്തിക്കാന് തുടങ്ങിയിട്ട് 40-50 കൊല്ലമേ ആയിട്ടുള്ളൂവെന്നതാണ് സങ്കടം. 70-കളിലെയും 80-കളിലെയും സ്ത്രീകളുടെ കരുത്ത് ഇപ്പോഴത്തെ സ്ത്രീകള്‍ക്കില്ല എന്നുതോന്നാറുണ്ട്. വരുംതലമുറയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. ഇപ്പോഴത്തെ ആണ്‍കുട്ടികള്‍ സ്ത്രീയെ പങ്കാളിയായാണ് കാണുന്നത്, അടിമയായല്ല.
സാമൂഹികമൂല്യങ്ങളുടെ കാര്യത്തില്‍ നമ്മള് പുറകോട്ടുപോകുകയാണോ?
തീര്‍ച്ചയായും. ബെംഗളൂരുവില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ കാണാന്‍ UNHCRന്റെ ഹൈ പ്രൊഫൈല്‍ സപ്പോര്‍ട്ടര്‍ എന്നനിലയ്ക്ക് ഞാനൊരിക്കല്‍ പോയി. കഷ്ടംതോന്നി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ സ്ഥലത്താണ് അവര്‍ താമസിക്കുന്നത്. മാലിന്യശേഖരണമാണ് അവരുടെ തൊഴില്‍. താമസസ്ഥലത്തുതന്നെയാണ് മാലിന്യം സൂക്ഷിക്കുന്നത്. അവിടത്തെ കുട്ടികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ മറ്റ് രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല. ഞാനിക്കാര്യം ട്വീറ്റുചെയ്തപ്പോള് അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്.
പെണ്പക്ഷരചനകളില്നിന്നുള്ള മാറ്റം ബോധപൂര്‍വമാണോ?
എന്റെ എല്ലാ പുസ്തകങ്ങളിലും ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതാവസ്ഥ വിഷയമാണ്. ഇന്ത്യയിലെ 97 ശതമാനം സ്ത്രീകളും അടിച്ചമര്‍ത്തപ്പെട്ടവരാണ്. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഇങ്ങനെ താണുകൊടുക്കുന്നതെന്ന ചോദ്യമുണ്ട്. ക്രൈം ഫിക്ഷനിലാണെങ്കിലും ഹിസ്റ്റോറിക്കല്‍ ഫിക്ഷനിലാണെങ്കിലും ഇതേ ചിന്തതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. ഫെമിനിസ്റ്റ് ഫിക്ഷന്‍ എന്ന ഒരേ പാറ്റേണില്‍ മാത്രം എഴുതിയാല്‍ എനിക്ക് ബോറടിക്കും. ഈ ചോദ്യങ്ങള്‍ വ്യത്യസ്തമായ തരത്തില്‍ ചോദിക്കുകയാണ് ഞാന്‍.
മലയാളിവായനക്കാര്‍ മലയാളത്തിലെഴുതുന്ന മറ്റെഴുത്തുകാരെ സ്വീകരിച്ചപോലെ താങ്കളെ സ്വീകരിച്ചില്ല എന്നുതോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. പല സ്ഥലങ്ങളിലും പോകുമ്പോള്‍ ' മാതൃഭൂമി യാത്ര'യില്‍ എഴുതുന്നയാളല്ലേ എന്ന് ചോദിച്ച് ആളുകള്‍ പരിചയപ്പെടാറുണ്ട്. എന്റെ പുസ്തകത്തിലെ ഒരുഭാഗം SCERT പാഠപുസ്തകത്തിലുണ്ട്. 'വില്ലേജ് പൂരം' എന്ന ആ പാഠഭാഗം എത്രയോ കുട്ടികള്‍ പഠിച്ചു. സാധാരണക്കാര്‍ തിരിച്ചറിയുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. എന്നെ ഇംഗ്ലീഷ് എഴുത്തുകാരിയായല്ല അവര്‍ കാണുന്നത്, മലയാളത്തിലെഴുതുന്ന ആളായുമല്ല. ത്രിശങ്കുവില്‍ നില്ക്കുന്ന എഴുത്തുകാരിയാണ് ഞാന്‍!
Content Highlights: english malayalam writer and novelist anita nair interview