ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണുകളിൽ പ്രശസ്തികാരണം പാനിക് അറ്റാക്കുകളുണ്ടായി-എമിലിയ ക്ലാർക്ക്

ഒറ്റ സീരിസുകൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ബ്രിട്ടീഷ് താരമാണ് എമിലിയ ക്ലാർക്ക്. ലോകപ്രശസ്ത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലെ ‘ഡെനേറിസ് ടാർഗേറിയൻ’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പരമ്പരയിലെ പ്രകടനത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
തന്റെ പുതിയ പരമ്പരയായ 'പോണീസ്'ൽ ഹേലി ലൂ റിച്ചാർഡ്‌സണിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് താരം ഇപ്പോൾ. മിക്കപ്പോഴും പുരുഷന്മാരായ സഹതാരങ്ങൾക്കൊപ്പമാണ് തനിക്ക് കൂടുതലും അഭിനയിക്കേണ്ടി വന്നിട്ടുള്ളതെന്ന് അവർ പറഞ്ഞു. എന്നാൽ ഈ ഷോയിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള വൈകാരികമായ സഹോദരബന്ധമാണ് അവതരിപ്പിക്കുന്നത്. ഇത് തനിക്ക് വലിയ സന്തോഷം നൽകിയെന്ന് താരം പറയുന്നു.
ഹോളിവുഡിൽ ഇപ്പോഴും സ്ത്രീ-പുരുഷ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് എമിലിയ തുറന്നുപറഞ്ഞു. ‘പുരുഷന്മാർക്കും സ്ത്രീകൾക്കും നൽകുന്ന പ്രതിഫലത്തിൽ ഇപ്പോഴും വലിയ വ്യത്യാസമുണ്ട്. കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്, സ്ത്രീകൾ ചെയ്യുന്ന 'ഇമോഷണൽ ലേബർ' സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.’ ഇന്ന് വീട്ടിലിരുന്ന് കുട്ടികളെ നോക്കുന്ന അച്ഛന്മാർ വർധിക്കുന്നത് ഒരു നല്ല മാറ്റമാണെന്നും താരം നിരീക്ഷിച്ചു.
തന്റെ കഥാപാത്രമായ ഡെനേറിസ് ടാർഗേറിയന് വെള്ളിനിറത്തിലുള്ള വിഗ് ഉണ്ടായതുകൊണ്ട് തുടക്കത്തിൽ ആളുകൾക്ക് തന്നെ നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണുകളിൽ വലിയ പ്രശസ്തി കാരണം തനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടായിരുന്നു. പ്രശസ്തി വരികയും പോവുകയും ചെയ്യുന്ന ഒന്നാണെന്നും, അതുകൊണ്ട് മാത്രം ജീവിക്കാൻ ശ്രമിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Game of Thrones star Emilia Clarke opens up about ongoing sexism and the gender pay gap in Hollywood. She celebrates playing a sisterhood role in `Ponyboy`.