പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ആശുപത്രിചെലവുകളെല്ലാം സൗജന്യം; മാതൃകയാണ് ഈ ഡോക്ടര്‍

ഓരോ കുഞ്ഞുങ്ങളും പിറന്നു വീഴുമ്പോള്‍ കുടുംബങ്ങളിലേക്ക് അവര്‍ കൊണ്ടുവരുന്ന ആനന്ദത്തിന്റെ വെളിച്ചം പറഞ്ഞറിയിക്കാനാവില്ല. എന്നാല്‍ ഇന്നും പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ അങ്ങനെ മുഖം കറുപ്പിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ഈ ഡോക്ടര്‍. വാരണാസിയിലെ ഈ ചെറിയ ആശുപത്രിയില്‍ പിറക്കുന്ന പെണ്‍കുഞ്ഞുങ്ങളെല്ലാം രാജകുമാരിമാരാണ്, അതിനുപിന്നിലെ കരങ്ങള്‍ ഡോ. ക്ഷിപ്ര ധര്‍ ശ്രീവാസ്തവ എന്ന ഗൈനക്കോളജിസ്റ്റിന്റേതും. 'പെണ്‍കുഞ്ഞുങ്ങളുടെ ജനനം അപമാനമല്ല അഭിമാനമാണ്...' ആ ബോധ്യത്തിനുവേണ്ടിയുള്ള ശ്രമമാണ് എന്റേത്. ഡോക്ടര്‍ പറയുന്നു.
2014 മുതല്‍ തന്റെ ക്ലിനിക്കില്‍ പിറക്കുന്ന ഓരോ പെണ്‍കുഞ്ഞിന്റെയും ജനനം സൗജന്യമായി നടത്തുകയാണ് ഇവര്‍. അത് സിസേറിയന്‍ ആയാലും സാധാരണ പ്രസവമായാലും. 'നിരവധി മാതാപിതാക്കള്‍ പിറന്നത് പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോള്‍ നിരാശയോടെ നെടുവീര്‍പ്പിടുന്നത് കണ്ടിട്ടുണ്ട്. അതിനൊരു മാറ്റമുണ്ടാവണം. പലപ്പോഴും സന്തോഷമോ ആഘോഷമോ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവാറില്ല. സിസേറിയനിലൂടെയും മറ്റും പെണ്‍കുഞ്ഞ് ജനിച്ചാല്‍ പണം വെറുതേ പാഴായി എന്ന മട്ടിലാവും പ്രതികരണം. ഇതെല്ലാം ഒഴിവാക്കാനാണ് ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ എല്ലാ ചെലവുകളും സൗജന്യമാക്കിയത്.' പെണ്‍കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതില്‍ ആളുകള്‍ക്ക് മാറ്റമുണ്ടാവണം എന്നാണ് ഡോ. ക്ഷിപ്രയുടെ ആഗ്രഹം.
ഡോ. ക്ഷിപ്രയും മനോജ് ശ്രീവാസ്തവയും ചേര്‍ന്ന് 500 പെണ്‍കുഞ്ഞുങ്ങളുടെ ജനനം ഒരു രൂപപോലും ഫീസായി വാങ്ങാതെ നടത്തിക്കഴിഞ്ഞു. ഇതുകൂടാതെ അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും ഇല്ലാത്ത ദരിദ്രരായ 12 പെണ്‍കുട്ടികളുടെ മുഴുവന്‍ പഠനച്ചെലവുകളും ഡോ.ക്ഷിപ്ര വഹിക്കുന്നുണ്ട്. ഇതിനൊപ്പം 25 പെണ്‍കുട്ടികള്‍ക്കായി സ്വന്തം കൈയില്‍നിന്ന് പണമടച്ച് സുകന്യസമൃദ്ധി അക്കൗണ്ടുകളും ഇവര്‍ തുടങ്ങിയിട്ടുണ്ട്.
പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അമ്മമാര്‍, കുട്ടികള്‍, വിധവകള്‍ എന്നിവര്‍ക്കായി ഒരു ഫുഡ് ബാങ്കും തന്റെ ക്ലിനിക്കിനോട് അനുബന്ധിച്ച് ഡോ.ക്ഷിപ്ര നടത്തുന്നു. വിശേഷദിവസങ്ങളില്‍ മധുരപലഹാരങ്ങളും പുത്തനുടുപ്പുകളും ഫുഡ്ബാങ്കില്‍ ഒരുക്കാറുണ്ട്.
'പലപ്പോഴും ഞങ്ങള്‍ക്ക് ഈ ചെലവുകള്‍ താങ്ങാന്‍ പറ്റാതെ വരാറുണ്ട്. ആ സമയത്ത് സഹായങ്ങളായും മറ്റും വഴികള്‍ തെളിയാറുണ്ട്. എത്ര കഷ്ടതകള്‍ വന്നാലും സമൂഹത്തിനുവേണ്ടി ചെയ്യുന്നതാണെന്ന ഓര്‍മ്മ വലിയ ഊര്‍ജ്ജം നല്‍കും. പെണ്‍കുട്ടികള്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ട് നമ്മുടെ സമൂഹത്തില്‍. അത് എത്ര വിദ്യാഭ്യാസമുള്ള മനുഷ്യരുടെ ഇടയിലാണെങ്കിലും. അതിനെല്ലാം ഒരു മാറ്റമുണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ഡോ. ക്ഷിപ്ര ഒരു അഭിമുഖത്തില്‍ പറയുന്നു.
Content Highlights: A doctor in Varanasi offers free delivery for baby girls, challenging gender bias and supporting underprivileged familie