സംഗീതമില്ലാതെ എനിക്ക് ജീവിക്കാനാവില്ല, ഡോക്ടര്‍ കുപ്പായവും അത്രതന്നെ പ്രിയമാണ്

'എലവത്തൂര് കായലിന്റെ കടയ്ക്കലുണ്ടൊരു കൈത'... മൂന്നുവര്‍ഷം മുന്‍പ് കപ്പ ടി.വിയുടെ മ്യൂസിക് മോജോയില്‍ അവതരിപ്പിക്കപ്പെട്ട കവര്‍ സോങ്ങാണിത്. സോങ്ങിന്റെ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഒരു കോടിയിലേക്കടുക്കുന്നു. തമിഴും മലയാളവും ചേര്‍ത്തൊരുക്കിയ ഗംഭീര മിക്‌സെന്ന് കമന്റ് ബോക്‌സില്‍ സ്‌നേഹപ്രവാഹം. ആ ഗായിക തിരക്കിലാണ്. തൃശ്ശൂരിലെ അവിണിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറാണ് ബിനീത രഞ്ജിത്. സംഗീതം മരുന്നാണെന്ന് പറയാറുണ്ട്. സംഗീതവും ചികിത്സയും ഒരുപോലെ വഴങ്ങുമെങ്കില്‍ അത് പുണ്യമെന്ന് പറയാനാണ് ഡോക്ടര്‍ക്കിഷ്ടം. ''സംഗീതമില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഡോക്ടറുടെ ജോലി ചെയ്യാതെയും. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഉപേക്ഷിക്കാനാവില്ല. രണ്ടും അത്രമേല്‍ പ്രിയപ്പെട്ടത്. '' ഡോ. ബിനീത പറഞ്ഞു തുടങ്ങി...
റിയാലിറ്റി ഷോ തന്ന ഭാഗ്യം
കാട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം. ആദ്യ വര്‍ഷം പഠനത്തിന്റെ സമ്മര്‍ദം കാരണം സംഗീതം ഏതാണ്ട് ഉപേക്ഷിച്ചപോലെയായിരുന്നു. പിന്നീട് ആ ട്രാക്കിലേക്ക് വന്നപ്പോള്‍ രണ്ടും ഒന്നിച്ചുകൊണ്ടുപോകാമെന്നായി. കലാപ്രവര്‍ത്തനങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന കാമ്പസായിരുന്നു അത്. 'കോളേജില്‍ ഒരു നാഴിയരി കൂടുതലിട്ടാല്‍ അന്ന് ബിനീതയുടെ പാട്ടുണ്ടായിരിക്കും' എന്ന് കൂട്ടുകാര്‍ തമാശ പറയും.
എം.ബി.ബി.എസ്. കഴിഞ്ഞ് റൂറല്‍ മേഖലയില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യണം. ആ സമയത്താണ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും സംസാരിക്കാന്‍ വരുന്നതുമെല്ലാം സ്വപ്നംപോലെ തോന്നി. ഇന്നും പുറത്തിറങ്ങുമ്പോള്‍ ചിലരൊക്കെ ഓടി വന്ന് സുഖവിവരങ്ങള്‍ അന്വേഷിക്കും. മക്കളെവിടെയെന്ന് സ്വന്തം വീട്ടിലെ ആളോടെന്നെ പോലെ ചോദിക്കും. ആ സ്‌നേഹത്തിന് തരിമ്പുപോലും കുറവുവന്നിട്ടില്ല. സംഗീതം തന്ന അനുഗ്രഹമാണത്.
റിയാലിറ്റി ഷോയ്ക്ക് ശേഷമുള്ള തിരക്കിനിടയിലായിരുന്നു വിവാഹം. വിവാഹശേഷം കുറേക്കാലം ഹൈദരാബാദിലായിരുന്നു. രണ്ടാമത്തെ മകനെ പ്രസവിച്ചശേഷമാണ് വീണ്ടും പാട്ടിലേക്ക് വരുന്നത്. കുഞ്ഞുങ്ങള്‍ മുതിര്‍ന്നതോടെ സംഗീതലോകത്ത് സജീവമാകാനായി.മറ്റുള്ളവരെപ്പോലെ സംഗീതത്തിന് ഇത്ര സമയം എന്ന് കൃത്യമായി മാറ്റിവെക്കാനാകാറില്ല. പെട്ടെന്നാകും ആശുപത്രിയില്‍നിന്നോ ഫീല്‍ഡില്‍നിന്നോ വിളിയെത്തുന്നത്. കിട്ടുന്ന സമയം പരമാവധി സംഗീതത്തിനായി ഉപയോഗിക്കുക. അതാണ് രീതി. റെക്കോഡ് ചെയ്യാന്‍ കൊടുത്തിട്ടുള്ള പാട്ടുകള്‍ക്ക് രാത്രി പതിനൊന്നോ പന്ത്രണ്ടോ മണിക്കൊക്കെയാകും മാറ്റങ്ങളോ തിരുത്തലുകളോ ഒക്കെ വരുത്തുക. പാട്ടായാലും ജോലിയായാലും രണ്ടിലേക്കും വളരെപ്പെട്ടെന്ന് സ്വിച്ച് ചെയ്യാന്‍ പറ്റുമെന്നത് വലിയ അനുഗ്രഹമാണ്.
റിയാലിറ്റി ഷോയില്‍ പഴയ ഹിന്ദി പാട്ടുകള്‍ പാടേണ്ട റൗണ്ടില്‍ 'അജി രൂഠ്കര്‍' എന്ന് തുടങ്ങുന്ന ലതാ മങ്കേഷ്‌കറുടെ പാട്ടാണ് ഞാന്‍ പാടിയത്. അത് ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞ് ഒരു ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് യൂസഫലി കേച്ചേരി സാറിന്റെ ഫോണ്‍ വന്നു. ചാനലില്‍നിന്ന് നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതാണ്. വളരെയിഷ്ടമുള്ള പാട്ടാണെന്നും കുറേനാള്‍ കൂടിയാണ് അത് കേട്ടതെന്നും ഞാന്‍ നന്നായി പാടിയെന്നും പറഞ്ഞു. അതിന് മലയാളം വരികളൊരുക്കാന്‍ ആഗ്രഹമുണ്ടെന്നും അപ്പോള്‍ ബിനീത തന്നെ പാടണമെന്നും പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. എന്നെ സംബന്ധിച്ച് ആദ്യത്തെ അനുഭവമാണ്. പാട്ടൊരുക്കാന്‍ നില്‍ക്കാതെ അദ്ദേഹം പോയി. ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു, ഗുരുതുല്യനായ അദ്ദേഹത്തില്‍നിന്ന് ലഭിച്ച നല്ല വാക്കുകള്‍.
'ഇരുവറി'ലെ പാട്ടിന് കവര്‍ സോങ് ചെയ്തപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാല്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചതാണ് മറക്കാനാകാത്ത മറ്റൊരു അനുഭവം. സിനിമയില്‍ അധികം പ്രശസ്തമാകാതിരുന്ന 'പൂകൊടിയിന്‍ പുന്നഗൈ' എന്ന പാട്ടായിരുന്നു അത്. എന്റെ ഒരു സുഹൃത്ത് പാട്ടിന്റെ വീഡിയോ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. അതിന് മറുപടിയായി അദ്ദേഹം പാട്ട് നന്നായിട്ടുണ്ടെന്നും ഗൗരവമായി മുന്നോട്ടുപോകണമെന്നുമെല്ലാം പറഞ്ഞ് ഒരു വോയ്സ് ക്ലിപ്പ് അയച്ചിരുന്നു. അത് കിട്ടിയപ്പോള്‍ തന്നെ അവാര്‍ഡ് കിട്ടിയപോലെ തോന്നി. പിറ്റേന്ന് പതിവുപോലെ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്തുപോകുന്ന സമയത്താണ് ഒരു ഫോണ്‍ കോള്‍ വരുന്നത്. അറ്റന്‍ഡ് ചെയ്തപ്പോള്‍ 'ഞാന്‍ മോഹന്‍ലാലാണ്' എന്ന ശബ്ദമായിരുന്നു മറുതലയ്ക്കല്‍. പാട്ടുകേട്ടപ്പോള്‍ പഴയ കുറേ ഓര്‍മകള്‍ മനസ്സിലേക്കുവന്നു എന്നുപറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: dr. bineetha ranjith share her dreams about her career and music