ജീവിതത്തിലാദ്യമായി കാണുന്ന ആ കാഴ്ചകള്‍ അവരില്‍ കൗതുകം നിറച്ചു

മാതൃഭൂമി രാമനാട്ടുകര ഓഫീസിലേക്ക് കയറുമ്പോള്‍ അവരുടെ മുഖത്ത് നിറയെ പുഞ്ചിരി മാത്രം. ജീവിതത്തില്‍ ആദ്യമായി കാണുന്ന കാഴ്ചകള്‍ അവര്‍ കൗതുകത്തോടെ നോക്കിനിന്നു. പത്രവും മാഗസിനുകളും പ്രിന്റ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടറിഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം ഇരട്ടിയായി. ഒരുനിമിഷം എല്ലാം മറന്നു അവര്‍ ആസ്വദിച്ചു. വ്യാഴാഴ്ചയായിരുന്നു കോഴിക്കോട് കുന്ദമംഗലം പരിസരത്തെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമടക്കമുള്ള 50 അംഗ സംഘം രാമനാട്ടുകരയിലുള്ള മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചത്. ലീഡര്‍ കെ. കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഭിന്നശേഷിക്കാര്‍ക്കുള്ള യാത്ര സംഘടിപ്പിച്ചത്. ട്രസ്റ്റിന്റെ ചെയര്‍മാന്‍ തെക്കേയില്‍ നൗഷാദും ജോയിന്റ് കണ്‍വീനര്‍ ടി.വി. മനോജും യാത്രയ്ക്ക് നേതൃത്വം നല്‍കി.
വ്യാഴാഴ്ച ബേപ്പൂര്‍ ഫെസ്റ്റിനാണ് ആദ്യം ഈ സംഘം യാത്രതിരിച്ചത്. അവിടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സന്ദര്‍ശിച്ചു. അതിനുശേഷം മാതൃഭൂമിയിലെത്തിയത്.
''ഭിന്നശേഷിക്കാരായത് കൊണ്ട് മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഇവര്‍. എല്ലാം ആസ്വദിക്കണം. ഇവര്‍ക്കായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ആഗ്രഹം. ഒപ്പം വലിയ യാത്രയും ഒരുക്കണമെന്ന് ആലോചനയുണ്ട്''- ട്രസ്റ്റ് ചെയര്‍മാന്‍ തെക്കേയില്‍ നൗഷാദ് പറഞ്ഞു.
ഈ ട്രസ്റ്റിന്റെ കീഴില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇടയ്ക്കിടെ യാത്രകളും നടത്തും. 2017-ല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികളും ഇവര്‍ കൊച്ചിയിലെ ഗ്രൗണ്ടിലെത്തി കണ്ടിട്ടുണ്ട്. ഇതിനുപുറമെ ഇവര്‍ക്കായി വിവിധ മേളകളും സംഘടിപ്പിക്കാറുണ്ട്.
Content Highlights: differently abled students visited Mathrubhumi