സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് ശാരിക എ. കെ

ജോബിന്‍ എസ്.കൊട്ടാരത്തിനൊപ്പം ശാരിക എ. കെ
ജോബിന്‍ എസ്.കൊട്ടാരത്തിനൊപ്പം ശാരിക എ. കെ

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി, വടകര കീഴരിയൂര്‍ സ്വദേശിനി ശാരിക എ. കെ.

ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക വീല്‍ചെയറിലിരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്. ശാരികയ്ക്ക് ഇടത് കൈയുടെ മൂന്നുവിരലുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീച്ചാണ് ശാരിക ഇപ്പോള്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്. കീഴരിയൂര്‍ എരേമ്മന്‍കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവിക സഹോദരിയാണ്. 2024-ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായി. തുടര്‍ന്ന് ജനുവരി 30-ന് ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്റര്‍വ്യൂവില്‍ മികവ് തെളിയിച്ചു. ഓണ്‍ലൈനായും, തിരുവനന്തപുരത്തെത്തി നേരിട്ടുമായിരുന്നു പരിശീലനം.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്.കൊട്ടാരം ആരംഭിച്ച 'പ്രൊജക്റ്റ് ചിത്രശലഭം' എന്ന പരിശീലനപദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കഴിഞ്ഞവര്‍ഷം വീല്‍ചെയറില്‍ നിന്നും സിവില്‍ സര്‍വീസ് ലഭിച്ച ഷെറിന്‍ ഷഹാനയും അബ്‌സൊല്യൂട്ട് അക്കാദമിയുടെ 'ചിത്രശലഭം' പദ്ധതിയുടെ ഭാഗമായിരുന്നു.

ഇന്ത്യയില്‍ മൂന്നു കോടിയോളം ഭിന്നശേഷിക്കാരായ വ്യക്തികളുണ്ട്. എന്നാല്‍ സിവില്‍ സര്‍വീസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് കണക്കിലെടുത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് മൂന്നുവര്‍ഷം മുന്‍പ് ഡോ. ജോബിന്‍ എസ്. കൊട്ടാരം 'പ്രൊജക്റ്റ് ചിത്രശലഭം' ആരംഭിച്ചത്.


 

Content Highlights: differently abled girl from kerala selected for Indian Civil Service