മാഞ്ഞതോ അതോ മേക്കപ്പോ; ദീപികയുടെ ടാറ്റൂകൾ

നമ്മുടെ ഇഷ്ടങ്ങളെ ശരീരത്തില്‍ എന്നേക്കുമായി അടയാളപ്പെടുത്തുന്നവയാണ് ടാറ്റൂകള്‍. ഇഷ്ടമുള്ള ചിത്രമോ ഡിസൈനോ ഇഷ്ടമുള്ളവരുടെ മുഖമോ പേരോ ടാറ്റൂ ചെയ്യുന്നത് പതിവുള്ള കാര്യമാണ്. വലിയ കമ്മിറ്റ്‌മെന്റ് ആണ് ടാറ്റൂ. ഒരിക്കല്‍ അടയാളപ്പെടുത്തിയാല്‍ പിന്നെയത് മായ്ക്കുന്നതും തിരുത്തുന്നതും വേദനയും ചെലവും കൂടുതലുള്ള കാര്യമാണ്.
നദി ദീപിക പദുക്കോണിന്റെ ടാറ്റൂ എല്ലാക്കാലത്തും വാര്‍ത്തയില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. സിനിമയിലെ തുടക്കകാലത്താണ് ദീപിക രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാകുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറയാനോ പരസ്പരമുള്ള സ്‌നേഹമോ ബഹുമാനമോ മറച്ചുവെക്കാനോ ഇരുവരും മടികാണിച്ചില്ല. വൈകാതെ രണ്‍ബീറിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ദീപിക പിന്‍കഴുത്തില്‍ ആര്‍.കെ. എന്ന് പച്ച കുത്തി.
പിനീടാണ് അവരുടെ ബന്ധം ഉലയുന്നത്. ബോളിവുഡിലെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന ബ്രേക്കപ്പ്. പക്ഷേ, എന്നിട്ടും റണ്‍ബീറിന്റെ പേരിലുളള ടാറ്റൂ ഒഴിവാക്കാന്‍ ദീപിക ശ്രമിച്ചില്ല. ബ്രേക്കപ്പിനുശേഷം സോനം കപൂറുമൊത്ത് കോഫീ വിത്ത് കരണ്‍ എന്ന ഷോയില്‍ ദീപിക പങ്കെടുത്തിരുന്നു. അവതാരകനായ കരണ്‍ ജോഹര്‍ ടാറ്റൂവിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് ഇപ്പോഴും ശരീരത്തിലുണ്ടെന്ന് ദീപിക മറുപടി പറഞ്ഞു. യുദ്ധത്തിലേറ്റ മുറിവ് എന്നാണ് സോനം കപൂര്‍ ആ ടാറ്റൂവിനെ വിശേഷിപ്പിച്ചത്.
പിരിഞ്ഞതിന് ശേഷം 'യെ ജവാനി ഹി ദിവാനി' , 'തമാശ' എന്നിങ്ങനെ രണ്ട് സിനിമകളില്‍ കൂടി രണ്‍ബീറും ദീപികയും അഭിനയിച്ചിരുന്നു. അപ്പോഴേക്കും ദീപികയുടെ ജീവിതത്തില്‍ രണ്‍വീര്‍ സിങ് കടന്നെത്തിയിരുന്നു. എന്നിട്ടും ദീപികയുടെ ഓരോ റെഡ് കര്‍പ്പറ്റിലും പുറകിലെ ടാറ്റൂവില്‍ തന്നെയായിരുന്നു പാപ്പരാസികളുടെ കണ്ണ്. ഇടക്കാലത്ത് ഈ ടാറ്റൂവില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി ഒരു പൂവ് പോലെയാക്കാന്‍ ദീപിക ശ്രമിച്ചിരുന്നു. അതും വാര്‍ത്തയായി.
2024-ല്‍ തന്റെ ബേബിമൂണിന്റെ ഫോട്ടോകള്‍ ദീപിക പോസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭിണിയുടെ പൂര്‍ണരൂപം പ്രതീക്ഷിച്ചവര്‍ നിരാശരായി. പുറംതിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയാണ് ദീപിക പോസ്റ്റ് ചെയ്തത്. അതില്‍ പിന്‍കഴുത്തിലെ ടാറ്റൂ പൂര്‍ണമായും മായ്ഞ്ഞതായി കാണാമായിരുന്നു. പിന്നീട് പരസ്യവേദികളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ടാറ്റൂ അപ്രത്യക്ഷപ്പെട്ടിരുന്നു. അത് മേക്കപ്പാണോ അതോ ലേസര്‍ ചെയ്തതെന്നോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
ചെവിക്ക് തൊട്ടുതാഴെയായി ദീപിക തന്റെ ബ്യൂട്ടി ബ്രാന്‍ഡ് ആയ 82 E എന്ന് ടാറ്റൂ ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലെ 95-ാം അക്കാദമി അവാര്‍ഡില്‍ ദീപിക അവതാരകയായി ക്ഷണിക്കപ്പെട്ടിരുന്നു. ചടങ്ങിനുള്ള ലുക്ക് വെളിപ്പെടുത്തുന്നതിനിടെയാണ് ദീപികയുടെ പുത്തന്‍ ടാറ്റൂ എല്ലാവരുടെയും കണ്ണിലുടക്കിയത്.
ഇടത്തെ പാദത്തിന് ചുറ്റും ഒരു താമരവള്ളിയും താമരപ്പൂവും ദീപിക ടാറ്റൂ ചെയ്തിട്ടുണ്ട്. 'ലഫംഗേ പരിന്തേ' എന്ന സിനിമയുടെ ഷൂട്ടിങ് കാലത്താണ് ഈ ടാറ്റൂ ചെയ്തത്. ശരീരത്തില്‍ ടാറ്റൂ ചെയ്യാന്‍ ഏറ്റവും വേദനയേറിയതും പ്രയാസമേറിയതുമായ ഇടം അതാണെന്ന് ദീപിക പറഞ്ഞിട്ടുണ്ട്.
Content Highlights: deepika padukone and her tattoos