‘സ്വന്തം ശരീരത്തിൽ ഡയാനയ്ക്ക് അരക്ഷിതാവസ്ഥ വന്നു, വഴക്കിടാത്ത കുടുംബാംഗങ്ങളുണ്ടായിരുന്നില്ല’

ലോകം ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ബ്രിട്ടനിലെ ഡയാന രാജകുമാരി. സൗന്ദര്യത്തിനപ്പുറം കരുണകൂടിയാണ് ഡയാനയെ ജനങ്ങളുമായി അടുപ്പിച്ചത്. ഡയാനയെപ്പറ്റി സഹോദരൻ ചാൾസ് സ്പെൻസർ എഴുതിയ ഓർമക്കുറിപ്പിൽ, അവർ കടന്നുപോയ വേദനകൾ നിറഞ്ഞ സാഹചര്യങ്ങളെപ്പറ്റിയും അനുഭവിച്ച പല പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്.
ഡയാന തീർത്തും നിർണ്ണയിക്കപ്പെടാത്ത ഒരു അവസ്ഥയുമായി മല്ലിടുകയായിരുന്നു, പെട്ടെന്ന് തന്നെ അവളുടെ സ്വഭാവം മാറുമായിരുന്നുവെന്നും സ്പെൻസർ പുസ്തകത്തിൽ വെളിപ്പെടുത്തി. സ്വന്തം കുടുംബാംഗങ്ങളുമായി അവൾക്ക് പലപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. ഒരു സുഹൃത്തിനാൽ വഞ്ചിക്കപ്പെടുകയോ വഴിതെറ്റിക്കപ്പെടുകയോ ചെയ്താൽ ഡയാനയ്ക്ക് സാധാരണ നിലയിൽ തുടരാൻ ബുദ്ധിമുട്ടായിരുന്നു. അവർ വഴക്കുണ്ടാക്കാത്ത ഒരു കുടുംബാംഗം പോലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
“അതുകൊണ്ട് ആളുകൾ പറഞ്ഞു, 'ഓ, അവൾക്ക് മാനസിക പ്രശ്നമാണ്' എന്ന്. ഇല്ല, അവൾക്ക് അങ്ങനെയായിരുന്നില്ല. അവൾക്ക് തിരസ്കരണത്തോട് സെൻസിറ്റിവിറ്റി കൂടുതലായിരുന്നു, ആളുകൾ തന്നെ വഞ്ചിച്ചെന്നവൾക്ക് തോന്നി. അവളുടെ എഡിഎച്ച്ഡി (ADHD) കാരണവും, വ്യക്തിത്വം കാരണവും ഇത്തരം കാര്യങ്ങൾ അവൾ ആഴത്തിൽ അനുഭവിച്ചു. പൊതുജീവിതത്തിൽ തന്നെത്തന്നെ പൂർണ്ണമായി നൽകുകയായിരുന്നു അവൾ. അതുകൊണ്ടുതന്നെ ഇതവളെ കൂടുതൽ ബാധിച്ചെന്ന് ഞാൻ കരുതുന്നു."
ഡയാനയുടെ ഈറ്റിങ് ഡിസോർഡറിനെപ്പറ്റി പുസ്തകത്തിൽ പറയുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ വലിയൊരു കളങ്കമായി കണക്കാക്കപ്പെട്ടിരുന്ന സമയത്ത്, തന്റെ ഈയവസ്ഥയെപ്പറ്റി തുറന്ന് സംസാരിച്ച ആദ്യപ്രമുഖ വ്യക്തികളിൽ ഒരാളായിരുന്നു ഡയാന. ബുളീമിയ നെർവോസയെന്ന അവസ്ഥയുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് അവർ വർഷങ്ങളോളം പരസ്യമായി സംസാരിച്ചു. ഒരു "രഹസ്യ രോഗം" എന്നാണ് അവരിതിനെ വിശേഷിപ്പിച്ചത്. രാജകീയ ജീവിതത്തിലെ കടുത്ത സമ്മർദ്ദങ്ങളെ നേരിടാനുള്ള അതിജീവന മാർഗ്ഗമെന്നും.
ചാൾസ് രാജാവുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെയാണ് ഈയസുഖം പ്രകടമായത്. സ്വന്തം ശരീരത്തോടുള്ള അരക്ഷിതാവസ്ഥയാണ് ഇതിന് കാരണമായത്. അത് തന്നെ എത്രമാത്രം അസ്വസ്ഥയാക്കിയെന്ന് ഡയാന പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി അവളുടെ അരക്കെട്ട് 29 ഇഞ്ചിൽ നിന്ന് 23 ഇഞ്ചായി ചുരുങ്ങി. ചാൾസ് രാജാവുമായുള്ള സ്നേഹരഹിതമായ വിവാഹത്തിന്റെ ഫലമായാണ് ഡയാനയുടെ ഈ വൈകല്യം വഷളായതെന്ന് സ്പെൻസർ പറഞ്ഞു.
“ആരാധിച്ചിരുന്ന മനുഷ്യനാൽ താൻ സ്നേഹിക്കപ്പെടുന്നില്ലെന്ന തോന്നലിൽ നിന്നാണ് അവളുടെ ഈ പ്രശ്നങ്ങൾ ഭാഗികമായി ഉണ്ടായതെന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല.”- 'സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ' എന്ന ഓർമ്മക്കുറിപ്പിൽ അദ്ദേഹം പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi