വിമാനത്തിലെ 174 യാത്രക്കാരുടെ ജീവന് തുണയായ ഒരാൾ, രക്ഷാപ്രവർത്തനത്തിന് സഹായിച്ചത് അദ്ദേഹം കണ്ട സീരീസും

സ്മിത് മച്ചാർ, യാനിവ് ഹായുൻ | Instagram
സ്മിത് മച്ചാർ, യാനിവ് ഹായുൻ | Instagram

ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് (flydubai) വിമാനത്തിൽ, കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന ഭീതിജനകമായ നിമിഷങ്ങളായിരുന്നു. കോപൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുകയും ക്യാപ്റ്റനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതോടെ 174 യാത്രക്കാരുടെ ജീവൻ അപകടത്തിലായി. എന്നാൽ, ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലും മറ്റൊരു യാത്രക്കാരന്റെ ധൈര്യവും വൻ ദുരന്തം ഒഴിവാക്കി.

വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ വെച്ച് കോപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. കടുത്ത വേദനയിലും ചോര വാർന്നൊഴുകുമ്പോഴും മനോധൈര്യത്തോടെ ക്യാപ്റ്റൻ സെക്യൂരിറ്റി സ്വിച്ച് അമർത്തി കോക്പിറ്റിന്റെ വാതിൽ അൺലോക്ക് ചെയ്തു. ചില യാത്രക്കാർ അകത്തുകടന്ന് ക്യാപ്റ്റനെ ശുശ്രൂഷിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

ഈ സമയം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിച്ചുതുടങ്ങിയിരുന്നു. ഈ പ്രതിസന്ധിയിലാണ് ഇസ്രായേലുകാരനായ യാനിവ് ഹായുൻ (Yaniv Hayun) രക്ഷകനായത്. വർഷങ്ങളായി 'മേയ്ഡേ' (Mayday) എന്ന പ്രശസ്തമായ ഏവിയേഷൻ ഡോക്യുഡ്രാമ സ്ഥിരമായി കാണുന്ന ആളായിരുന്നു യാനിവ്. അതിൽ നിന്ന് ലഭിച്ച അറിവുകൾ വെച്ച് വിമാനത്തിന്റെ പ്രൈമറി ഫ്ലൈറ്റ് കൺട്രോളുകൾ വേഗത്തിൽ തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചു.

ഉടൻതന്നെ വിമാനത്തിന്റെ കൺട്രോൾ കോളം (Yoke) പിന്നോട്ട് വലിച്ച് താഴേക്ക് പതിക്കുകയായിരുന്ന വിമാനത്തെ അദ്ദേഹം നേരെയാക്കി നിലനിർത്തി. അടിയന്തര നടപടികൾ സ്വീകരിക്കുന്നതുവരെ വിമാനത്തിന്റെ മുൻഭാഗം ഉയർത്തിപ്പിടിച്ച് നിയന്ത്രണം വീണ്ടെടുക്കാൻ അദ്ദേഹത്തിനായി. "വിമാനത്തിന്റെ താഴേക്കുള്ള വീഴ്ച തടയാനാണ് ഞാൻ യോക്ക് പിന്നോട്ട് വലിച്ചത്. 'മേയ്ഡേ' പരമ്പര കണ്ടതിലൂടെ ഏവിയേഷനെക്കുറിച്ച് അടിസ്ഥാനപരമായ ചില അറിവുകൾ ഉണ്ടായത് ഭാഗ്യമായി," അദ്ദേഹം പിന്നീട് വ്യക്തമാക്കി.

കാനഡയിലെ സിനിഫ്ലിക്സ് പ്രൊഡക്ഷൻസ് 2003-ൽ ആരംഭിച്ച ജനപ്രിയ പരമ്പരയാണ് 'മേയ്ഡേ'. യഥാർത്ഥ വിമാനാപകടങ്ങൾ, ഹൈജാക്കിങ്ങുകൾ, കോക്പിറ്റ് വോയ്സ് റെക്കോർഡിങ്ങുകൾ, വിദഗ്ധ അഭിമുഖങ്ങൾ എന്നിവ വിശകലനം ചെയ്യുന്ന ഈ പരമ്പര നാഷണൽ ജിയോഗ്രാഫിക് ചാനലിലൂടെ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' (Air Crash Investigation) എന്ന പേരിലും പ്രശസ്തമാണ്.

തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരുടെയും യാത്രക്കാരുടെയും സഹായത്തോടെ അക്രമിയായ കോപൈലറ്റിനെ കീഴടക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് ലാൻഡ് ചെയ്യുകയും ചെയ്തു. നിലവിൽ സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെയും യാനിവ് ഹായുന്റെയും ധീരതയെ പുകഴ്ത്തുകയാണ് ഇപ്പോൾ ലോകം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Co-pilot attempted to crash a flydubai flight from Dubai to Tel Aviv., Captain Smith Machhar managed to unlock the cockpit despite severe injuries., Passenger Yaniv Hayun used knowledge from the 'Mayday' TV series to stabilize the aircraft., The flight was safely diverted to Tabuk, Saudi Arabia, preventing a major disaster.