പൂട്ടിയിട്ടും പട്ടിണിക്കിട്ടും ഭാര്യയെക്കൊണ്ട് പുസ്തകമെഴുതിച്ചു;സ്വന്തം പേരിലാക്കി പണമുണ്ടാക്കി

സിദോണി-ഗബ്രിയേല്‍ കൊലെറ്റ് / (Image credit-Wikipedia)
സിദോണി-ഗബ്രിയേല്‍ കൊലെറ്റ് / (Image credit-Wikipedia)

ഭാര്യയുടെ കഴിവുകളെ ചൂഷണം ചെയ്ത് സ്വാർത്ഥലാഭം നേടിയ ഭർത്താക്കന്മാർ ചരിത്രത്തിലങ്ങോളമുണ്ട്. ഫ്രഞ്ച് എഴുത്തുകാരി സിദോണി-ഗബ്രിയേൽ കൊലെറ്റിന്റെ കഥ തന്നെ ഉദാഹരണം. 'വില്ലി' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പത്രപ്രവർത്തകനും പ്രസാധകനുമായിരുന്ന ഹെന്റി ഗോത്തിയർ-വില്ലാർസ് എന്ന ഭർത്താവിന്റെ നിർബന്ധത്താലാണ് അവർ നോവലുകൾ എഴുതാൻ തുടങ്ങിയത്. എഴുതിത്തീരും വരെ അയാൾ അവരെ മുറിയിൽ പൂട്ടിയിട്ടു. പുസ്തകങ്ങൾ പൂർത്തിയാകുമ്പോൾ, അവ തന്റെ പേരിൽ പ്രസിദ്ധീകരിക്കുകയും ക്രെഡിറ്റും പകർപ്പവകാശവും കൈക്കലാക്കുകയും ചെയ്തു. ക്ലോഡിൻ പരമ്പര എന്നറിയപ്പെട്ട ആ പുസ്തകങ്ങൾ പെട്ടെന്ന് ബെസ്റ്റ് സെല്ലറുകളായി. പക്ഷേ, പണമുണ്ടാക്കിയത് വില്ലിയായിരുന്നു.

കോലെറ്റിന്റെ നോവലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും പ്രചാരമുള്ള ഫ്രഞ്ച് കൃതികളായി. രചനാശൈലിയും സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സമീപനവും പൊതുസമൂഹത്തെ ഞെട്ടിക്കുകയും വായനക്കാരെ ആകർഷിക്കുകയും ചെയ്തു. വില്ലി ഒരു സാംസ്‌കാരിക പ്രതിഭാസമായി മാറി. അയാളുടെ ചതി തിരിച്ചറിഞ്ഞെങ്കിലും കൊലെറ്റ് നിസ്സഹായയായിപ്പോയി. ഏറെക്കാലം അവരെ പൂട്ടിയിട്ടും പട്ടിണിക്കിട്ടും ഭീഷണിപ്പെടുത്തിയും വില്ലി സ്വന്തം പേരിൽ ഹിറ്റുകളുണ്ടാക്കി.

1906-ൽ അവർ പിരിഞ്ഞു. 1910-ൽ വിവാഹമോചനം. വിവാഹം തകർന്നിട്ടും കോലെറ്റിന് ഒന്നും ലഭിച്ചില്ല. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ വില്ലി വിസമ്മതിച്ചു. ക്ലോഡിൻ പുസ്തകങ്ങളുടെ പകർപ്പവകാശവും നിയമപരമായി വില്ലി തട്ടിയെടുത്തു. അഭിനയിച്ചും നൃത്തം ചെയ്തും കോലെറ്റ് പിടിച്ചുനിന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ അവർ നട്ടംതിരിയുമ്പോഴും വില്ലി അവരുടെ സൃഷ്ടികളിലൂടെ പണമുണ്ടാക്കുകയായിരുന്നു.

ക്രമേണ സ്വന്തം പേരിൽ കരിയർ പുനർനിർമ്മിക്കാൻ കോലെറ്റിന് സാധിച്ചു. ഒരു കലാകാരിയുടെ സ്വാതന്ത്ര്യപോരാട്ടങ്ങളെക്കുറിച്ചുള്ള 'ലാ വാഗാബോണ്ട്' എന്ന ജീവിതചരിത്ര സമാനമായ നോവൽ ശ്രദ്ധേയമായി. കൊലെറ്റിന്റെ പ്രതിഭ വായനക്കാർ തിരിച്ചറിഞ്ഞു. വില്ലി അന്നോളം പറഞ്ഞ നുണകൾ സംശയത്തിന്റെ നിഴലിലായി. 'ചെറി' പോലുള്ള പിൽക്കാല കൃതികൾ പ്രണയം, ലൈംഗികത, സ്ത്രീകളുടെ മേലുള്ള നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള മൂർച്ചയേറിയ നിരീക്ഷണങ്ങളിലൂടെ ഫ്രഞ്ച് സാഹിത്യത്തിൽ അവർക്ക്‌ ഏറ്റവും സവിശേഷ സ്ഥാനം നൽകി. അവസാനത്തെ ചെറുകഥയായ 'ജിജി'യിലൂടെ ഫ്രാൻസിന് പുറത്ത് അവരുടെ പ്രശസ്തിയെത്തി. 

ബർഗുണ്ടിയൻ ഗ്രാമക്കാരിയായ കോലെറ്റ് വില്ലിയുമായുള്ള വിവാഹശേഷമാണ് പാരീസിലെത്തുന്നത്. വിവാഹമോചനത്തിന് ശേഷം അവർ എഴുത്തുകാരിയും പത്രപ്രവർത്തകയുമായി പുതിയ ജീവിതം കെട്ടിപ്പടുത്തു. എഡിറ്റർ ഹെന്റി ഡി ജുവ്‌നെല്ലി, എഴുത്തുകാരനും ബിസിനസുകാരനുമായ മൗറിസ് ഗൗഡെകറ്റെ എന്നിവരെ പിന്നീട് വിവാഹം കഴിച്ചു. ജീവിച്ചിരിക്കെ ജന്മനാട്ടിൽ ഏറ്റവും മികച്ച എഴുത്തുകാരികളിലൊരാളായി അംഗീകരിക്കപ്പെടാനുള്ള ഭാഗ്യം കോലെറ്റിനുണ്ടായി. 

1954-ൽ അവർ മരണപ്പെട്ടപ്പോൾ ഫ്രഞ്ച് സർക്കാർ എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമാണ് കൊലെറ്റിന് സംസ്‌കാരമൊരുക്കിയത് പക്ഷേ, അവർക്ക് മതപരമായ സംസ്‌കാരത്തിന് അനുമതി നിഷേധിക്കപ്പെട്ടു. വിവാഹമോചിതയായിരുന്നു എന്ന കാരണത്താൽ. ചൂഷണത്തെയും ദാരിദ്ര്യത്തെയും അതിജീവിച്ച എഴുത്തുകാരിയുടെ കല്ലറയിലേക്ക് ഇന്ന് സാഹിത്യപ്രേമികളുടെയും മനുഷ്യാവകാശപ്രവർത്തകരുടെയും ഒഴുക്കാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Exposed the systematic exploitation of Colette by her husband, Willy., Detailed the theft of intellectual property regarding the Claudine series., Highlighted Colette's journey from domestic abuse to literary stardom., Analyzed the impact of her works like La Vagabonde and Gigi on French literature.