നൂറുവര്‍ഷം മുമ്പ് പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളി; അറിയാം ആദ്യ മലയാളി ഒളിമ്പ്യനെ

പി.ടി.ഉഷ, പി.ആര്‍.ശ്രീജേഷ്, ഷൈനി വില്‍സന്‍, മാനുവല്‍ ഫ്രെഡറിക്, കെ.എം.ബീനാമോള്‍, അഞ്ജുബോബി ജോര്‍ജ്.. തുടങ്ങി ഒളിമ്പിക്‌സില്‍ പങ്കെടുത്ത് കേരളത്തിന്റെ കായിക ചരിത്രത്തിലെ തിളക്കമുള്ള പേരുകളായ താരങ്ങള്‍ അനവധിയാണ്. കൂട്ടത്തില്‍ പി.ആര്‍.ശ്രീജേഷിനും മാനുവല്‍ ഫ്രെഡറിക്കിനും അല്‍പം തിളക്കം കൂടും, കാരണം ഒളിമ്പിക്‌സ് മെഡല്‍ നേടിയ മലയാളികള്‍ അവര്‍മാത്രമാണ്. രണ്ടുപേരും ഹോക്കി ടീമിന്റെ ഭാഗമായാണ് വെങ്കല മെഡല്‍ കഴുത്തിലണിഞ്ഞത്. 1972ലെയും 2020ലെയും ഒളിമ്പിക്‌സിലാമായിരുന്നു ആ മെഡല്‍ നേട്ടങ്ങള്‍. ഈ ചരിത്രങ്ങളെ കുറിച്ചും ചരിത്രം സൃഷ്ടിച്ചവരെ കുറിച്ചുമെല്ലാം മലയാളിക്ക് അറിയാം, അവര്‍ക്കെല്ലാം അര്‍ഹമായ ആദരം നല്‍കാന്‍ കായിക കേരളം മുന്നോട്ട് വന്നിട്ടുമുണ്ട്. എന്നാല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി ആരായിരിക്കും..? അയാള്‍ക്ക് കായിക കേരളം നല്‍കിയ ആദരം എന്തായിരിക്കും..? ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ ഭൂരിഭാഗം മലയാളികളും ഒന്നു ശങ്കിക്കും. കൃത്യമായി പറഞ്ഞാല്‍ നൂറുവര്‍ഷം മുമ്പാണ്, നിലവിലെ ഒളിമ്പിക്‌സ് നടക്കുന്ന അതേ പാരീസിലാണ് മലയാളിയുടെ ഒളിമ്പിക്‌സ് ചരിത്രം തുടങ്ങുന്നത്. കണ്ണൂര്‍ പയ്യാമ്പലം സ്വദേശി ഡോ. സി.കെ. ലക്ഷ്മണന്‍ ആണ് ഒളിമ്പിക്‌സിന്റെ ഭാഗമായ ആദ്യ മലയാളി. 110 മീ.ഹാര്‍ഡിലാണ് 1924 ലെ പാരിസ് ഒളിമ്പിക്‌സില്‍ സി.കെ.ലക്ഷ്മണന്‍ പങ്കെടുത്തത്. ഹീറ്റ്‌സില്‍ തന്നെ പുറത്തായെങ്കിലും ആ പങ്കാളിത്തം വരാന്‍ പോകുന്ന മലയാളി കായികഗാഥകളുടെ തുടക്കമായിരുന്നു.
കണ്ണൂര്‍ ടു പാരീസ്...
അന്ന് ഇന്ത്യക്ക് ഇന്ന് കാണുന്ന സ്വാതന്ത്ര്വമില്ല, അന്ന് നമ്മള്‍ ബ്രിട്ടീഷ് ഇന്ത്യക്കാരായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിക്കാരചക്രങ്ങള്‍ക്കിടയില്‍ കിടന്നകാലം, ഗാന്ധിജിയും നെഹ്‌റുവും നേതാജിയും സുഭാഷ് ചന്ദ്രബോസുമെല്ലാം ബ്രിട്ടീഷ് ചങ്ങലകളെ തകര്‍ത്തെറിഞ്ഞ് രാജ്യത്തിന് സ്വാതന്ത്ര്വം നേടിത്തരാന്‍ തെരുവിലിറങ്ങിയ കാലം. വൈക്കം ക്ഷേത്രത്തിന് മുന്നിലൂടെ വഴിനടക്കാനുള്ള അവകാശത്തിനായി നമ്മുടെ നാവോത്ഥാനനായകര്‍ സമരമിരുന്ന കാലം. ആ കാലത്താണ് മലയാളിയായ സി.കെ.ലക്ഷ്മണന്‍ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസ് ഒളിമ്പിക്‌സിലേക്ക് എത്തിയത്. 1898 ല്‍ കണ്ണൂര്‍ പയ്യാമ്പലത്തെ ചെറുവാരി കൊട്ടിയം കുടുംബത്തില്‍ കൊറ്റിയയം ചോയി ബട്‌ലറുടെയും ചെറുവാരി കല്യാണി അമ്മയുടെയും മകനായാണ് ലക്ഷ്മണന്‍ ജനിച്ചത്. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ നിന്ന് പ്രാഫമിക വിദ്യഭ്യാസത്തിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഉപരിപഠനം. തുടര്‍ന്ന് മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യപഠനം പൂര്‍ത്തിയാക്കി. തുടര്‍ പഠനങ്ങള്‍ക്കായി തെരഞ്ഞെടുത്തത് ലണ്ടനായിരുന്നു. അവിടെ നിന്ന് ഉന്നതെ മെഡിക്കല്‍ ബിരുദങ്ങള്‍നേടി. ടെന്നീസിലും ക്രിക്കറ്റിലും ഒരുപോലെ കഴിവുണ്ടായിരുന്നു ലക്ഷ്മണന്. മദ്രാസിനെ പ്രതിനിധീകരിച്ച് എട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. സൈന്യത്തില്‍ ഡോക്ടറായി സേവനം ആരംഭിച്ചതോടെയാണ് ലക്ഷ്മണന്‍ കായികരംഗത്ത് നിന്ന് പിന്‍വാങ്ങിയത്. സൈന്യത്തില്‍ മേജര്‍ ജനറല്‍ പദവി ലക്ഷ്മണന്‍ അലങ്കരിച്ചു. അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍, സെക്രട്ടറി ജനറല്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഡോ.രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് ഓണററി സര്‍ജനായി പ്രവര്‍ത്തിച്ചു.1970 ഒക്ടോബര്‍ മൂന്നിന് അന്തരിച്ചു.
പാരിസ് വിളിച്ചപ്പോള്‍...
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ മികച്ച അത്‌ലറ്റുകളെ കണ്ടെത്താനായി 1924 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടത്തിയ കായികമേളയാണ് ലക്ഷ്മണന്‍ എന്നതാരത്തെ കണ്ടെടുത്തത്. 120 മീറ്റര്‍ ഹാര്‍ഡിസില്‍ ഒന്നാമനായി എന്ന ഫിനിഷ് ചെയ്തത് ലക്ഷ്മണനായിരുന്നു. ആ വിജയം പാരിസിലേക്ക് കപ്പല്‍ കയറിയ ഏഴ് ബ്രിട്ടീഷ് ഇന്ത്യന്‍ അത്‌ലറ്റുകളില്‍ ഒരാളാക്കി ലക്ഷ്മണനെ മാറ്റി. മൂന്ന് ബ്രിട്ടീഷുകാരും നാലു ഇന്ത്യക്കാരുമാണ് അത്‌ലറ്റിക്‌സില്‍ അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 1924 ജൂലൈ എട്ടിന് പാരിസിലെ കൊളംബസ് സ്റ്റേഡിയത്തില്‍ നടന്ന 110 മീറ്റര്‍ ഹര്‍ഡിസില്‍ പങ്കെടുത്തപ്പോള്‍ തന്നെ കേരളത്തിന്റെ കായിക ചരിത്രത്തിന്റെ പുതുതുടക്കമാണെന്ന് ചിലപ്പോള്‍ ലക്ഷ്മണന്‍ അറിഞ്ഞുകാണില്ല.
മറന്നുപോയ നേട്ടം..?
മലയാളിയുടെ ആദ്യ ഒളിമ്പിക്‌സ് പങ്കാളിത്തതിന് ഒരുനൂറ്റാണ്ട് തികയുമ്പോള്‍ എന്ത് ആദരമാണ് നമ്മള്‍ നല്‍കിയത് എന്ന് പരിശോധിച്ചാല്‍ ആ യാത്ര കണ്ണൂരിലെത്തും. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിന് അരികിലെ ഒരു അര്‍ധകായ പ്രതിമ മാത്രമാണ് ഈ 100 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ജന്മനാട്ടില്‍ ലഭിച്ച ഏക ആദരം. കണ്ണൂരിലെ ഫുട്‌ബോള്‍ ഫ്രീ കോച്ചിങ് സെന്ററാണ് ഒളിമ്പ്യനോടുള്ള ആദരസൂചകമായി ആ പ്രതിമ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ പങ്കാളിത്തതിന് നൂറ് വര്‍ഷം പിന്നിടുമ്പോള്‍ അര്‍ഹമായ ആദരം നല്‍കാന്‍ കായിക കേരളത്തിന് കഴിഞ്ഞിട്ടില്ല.
ആദ്യ മെഡലും കണ്ണൂരില്‍....
ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി കണ്ണൂര്‍ക്കാരനായത് പോലെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ നേടിയ മലയാളിയും കണ്ണൂരുകാരനാണ്. ബര്‍ണ്ണശ്ശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്‌സാണ് ഒളിമ്പിക്‌സ് മെഡല്‍ ആദ്യമായി കഴുത്തലണിഞ്ഞ മലയാളി. 1972ല്‍ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു മാനുവല്‍ ഫെഡറിക്‌സ്. തൊട്ടടുത്ത വര്‍ഷം ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ വെള്ളിമെഡല്‍ നേടിയപ്പോഴും ഗോള്‍വലകാക്കാന്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു.
Content Highlights: Ck lakshmanan the first malayali olympian celebrating 100 years