ഞാൻ 60 രൂപയ്ക്കു ജനിച്ചതാണ്, എന്നെ ഗർഭത്തിൽ തന്നെ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു'- ഭാർതി സിങ്

ഭാർതി സിങ്ങും ഭർത്താവ് ഹാർഷും | Instagram
ഭാർതി സിങ്ങും ഭർത്താവ് ഹാർഷും | Instagram

ഇന്ത്യയിൽ പേരെടുത്ത വളരെക്കുറച്ച് വനിതാ ഹാസ്യതാരങ്ങളേയുള്ളൂ. അതിൽ ഏറ്റവും മുമ്പിലാണ് അവതാരക കൂടിയായ ഭാർതി സിങ്. ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി കോമഡി അവതരിപ്പിച്ച് കൈയ്യടി നേടിയ ചുരുക്കം വനിതകളിലൊരാൾ. ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഭാർതി ഇന്ത്യൻ ടിവി രംഗത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരിൽ പ്രധാനിയാണ്. സാമ്പത്തികബുദ്ധിമുട്ടുകളെത്തുടർന്ന് തന്നെ ഗർഭത്തിൽ തന്നെ നശിപ്പിച്ചുകളയാൻ അമ്മ തീരുമാനിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് അവരിപ്പോൾ.

അടുത്തിടെ രാജ് ശമാനിയുടെ പോഡ്‌കാസ്റ്റിലാണ് ഇക്കാര്യം അവർ വിശദമാക്കിയത്. 'ഞാൻ മൂന്നാമത്തെ കുട്ടിയായിരുന്നു. എന്റെ അച്ഛൻ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തത്. അമ്മ വീട്ടമ്മയും. എനിക്ക് മുകളിൽ രണ്ട് കുട്ടികളുണ്ടായിരുന്നു. പണ്ടൊക്കെ ഗർഭിണിയാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് അമ്മ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്.

ഇതോടെ അമ്മ പല സിദ്ധന്മാരിൽ നിന്നും പച്ചമരുന്നുകൾ വാങ്ങിക്കഴിച്ചു. കാൽമുട്ടിലിരുന്ന് തറ തുടച്ചു, പപ്പായയും ഈന്തപ്പഴവും പോലുള്ള ഭക്ഷണങ്ങൾ കഴിച്ചു, ഈ കുഞ്ഞ് വേണ്ടെന്ന് വെക്കാൻ വേണ്ടിയായിരുന്നു അതെല്ലാം. പക്ഷേ ഞാൻ ജനിക്കേണ്ടവളായിരുന്നു. എന്റെ അമ്മ ഒറ്റയ്ക്കാണ് എന്നെ പ്രസവിച്ചത്. അവർ വീട്ടിൽ തനിച്ചായിരുന്നു അന്ന്, അച്ഛൻ രാത്രിജോലിക്ക് പോയതായിരുന്നു.'

അമ്മയൊറ്റയ്ക്ക് പ്രസവിച്ചു, പൊക്കിൾക്കൊടി മുറിക്കാൻ ഒരു വയറ്റാട്ടിയെ വിളിച്ചു, അവർ 60 രൂപയാണ് വാങ്ങിയത്. ഞാൻ 60 രൂപയ്ക്ക് ജനിച്ചവളാണ്. ഞാൻ 60 രൂപയുടെ കുട്ടിയാണ്. ഇപ്പോൾ നോക്കൂ, ഞാൻ അമ്മയ്ക്ക് 1.60 കോടി രൂപയുടെ വീട് വാങ്ങിക്കൊടുത്തു. ഞാൻ ആരും ആഗ്രഹിക്കാത്ത കുട്ടിയായിരുന്നു. എനിക്കുമുമ്പേ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായിരുന്നതിനാൽ അതുമതിയെന്ന് അവർ കരുതി, കാരണം കുട്ടിയെ ആര് വളർത്തും എന്നതായിരുന്നു പ്രശ്നം. പക്ഷേ അവരെനിക്ക് ഒരുപാട് സ്നേഹം നൽകി'-ഭാർതി സിങ് പറഞ്ഞു. 

സാമ്പത്തിക സ്ഥിതി മോശമായതുകാരമാണ് അമ്മയ്ക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്, പിന്നീട് ആ തീരുമാനത്തിൽ നിന്ന് അവർ പിന്മാറുകയായിരുന്നെന്നും ഭാർതി പറയുന്നു. ജനനശേഷം അമ്മ ഒരുപാട് സ്നേഹം നൽകിയാണ് വളർത്തിയത്. കരിയറിനെ എപ്പോഴും പിന്തുണച്ചു. അച്ഛൻ മരിച്ചപ്പോൾ തന്നെയും സഹോദരങ്ങളെയും ബുദ്ധിമുട്ടുകളറിയിക്കാതെ വളർത്തിയെന്നും ഭാർതി ഓർത്തു. സ്വന്തം നിലയിൽ പണം സമ്പാദിക്കാറായപ്പോൾ അമ്മയ്ക്ക് എല്ലാവിധ ആഡംബരങ്ങളും നൽകി അവർ തന്റെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

കൂ ടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi