'ബീഫ് കഴിക്കുന്നവള്‍, അഭിസാരിക, മിശ്രബീജത്തിന്റെ ഉദാഹരണം' അതിഷി അന്ന് ലഘുലേഖ വായിച്ച് പൊട്ടിക്കരഞ്ഞു

അതിഷി | ANI
അതിഷി | ANI

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ വക്താവും മന്ത്രിയുമായ അതിഷി മാര്‍ലെനയെത്തുകയാണ്. സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത. നിലവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം തന്നെയാണ് അതിഷിയെ പുതിയ മുഖ്യമന്ത്രിയായി ശുപാര്‍ശ ചെയ്തത്. പാര്‍ട്ടി ഒന്നടങ്കം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടിയിലെ ശക്തയായ നേതാവായി ഈ 43-കാരി ഉയര്‍ന്നുവന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പിറവിതൊട്ട്, അതിന്റെ പ്രധാനമുഖങ്ങളിലൊന്നായി അവര്‍ ഒപ്പമുണ്ട്. 2013-ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ടാണ് രാഷ്ട്രീയയാത്ര തുടങ്ങുന്നതും. അഴിമതിയെ തുടച്ചുകളയാന്‍ ആഹ്വാനം ചെയ്ത് ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നയരൂപീകരണത്തില്‍ അതിഷിക്കുമുണ്ട് നിര്‍ണായകപങ്ക്. 

വിപ്ലവനാമം
അതിഷി മാര്‍ലെന എന്നാണ് അച്ഛനമ്മമാര്‍ അവര്‍ക്കിട്ട പേര്. പ്രൊഫസര്‍മാരായ വിജയ് സിങ്ങും ത്രിപ്ത വാഹിയും തങ്ങളുടെ രാഷ്ട്രീയ ചിന്താഗതി മകള്‍ക്ക് പേരായി നല്‍കിയതാവണം. മാക്‌സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്ത് അതിഷിക്കൊപ്പം 'മാര്‍ലെന' എന്നുകൂടി ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സജീവമായതോടെ ദൈനംദിന ഉപയോഗങ്ങളില്‍ നിന്ന് മാര്‍ലെന എന്ന ഭാഗം അവര്‍ ഒഴിവാക്കി, അതിഷി എന്നു മാത്രമാക്കി.   
ഏഴ് വര്‍ഷത്തോളം മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ ചെലവിട്ട കാലമാണ് അതിഷിയിലെ പൊതുജീവിതത്തെ പരുവപ്പെടുത്തിയത്. അവിടെ ജൈവകൃഷിയിലും പുരോഗമനപരമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ഭാഗമായി. അവിടുത്തെ സുഹൃദ്‌വലയങ്ങളില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളില്‍ താത്പര്യം തോന്നുന്നതും അതിന്റെ ഭാഗമാകാന്‍ തീരുമാനിക്കുന്നതും.  

ജലസത്യാഗ്രഹം
2015-ല്‍, മധ്യപ്രദേശിലെ ഖാണ്ട്‌വ ജില്ലയില്‍ നടന്ന ചരിത്രപ്രസിദ്ധമായ ജല സത്യാഗ്രഹത്തില്‍ അതിഷി പങ്കെടുത്തിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലും നിയമപോരാട്ടങ്ങളിലും നേതാവും പ്രവര്‍ത്തകനുമായ അലോക് അഗര്‍വാളിന് പിന്തുണ നല്‍കുകയും ചെയ്തു. ഇത് അവരുടെ രാഷ്ട്രീയജീവിതത്തില്‍ പ്രധാനപ്പെട്ട സംഭവമായിരുന്നു. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ അതിഷി സിസോദിയയുടെ ഉപദേശകയായി (പ്രധാനമായും വിദ്യാഭ്യാസമേഖലയില്‍) സേവനമനുഷ്ഠിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കിഴക്കന്‍ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ചുമതലക്കാരിയായിരുന്നു അവര്‍. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരെ ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും 4.5 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 

മന്ത്രിയാവുന്നു
ലോക്‌സഭയില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 11,000 വോട്ടുകള്‍ക്കാണ് അവര്‍ ബി.ജെ.പി.യുടെ ധരംബീര്‍ സിങ്ങിനെ തോല്‍പ്പിച്ചത്. അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെയും രാജിയെത്തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ ക്യാബിനറ്റ് മന്ത്രിയായി. ഡല്‍ഹി ഗവണ്‍മെന്റില്‍ വിദ്യാഭ്യാസ, പി.ഡബ്ല്യു.ഡി, സാംസ്‌കാരിക, ടൂറിസം മന്ത്രിയായി അവര്‍ ചുമതലയേറ്റു. 2022-23 കാലയളവില്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി സേവനമനുഷ്ഠിച്ചു, കൂടാതെ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷക്ഷേമം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് നിരവധി കമ്മിറ്റികളില്‍ പങ്കാളിയായിരുന്നു. 

വ്യക്തിഹത്യ നടത്തിയ തിരഞ്ഞെടുപ്പുപ്രചാരണം
കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരിക്കെ എതിര്‍സ്ഥാനത്തുള്ള ഗൗതം ഗംഭീറുമായി ഒട്ടേറെ വാദപ്രതിവാദങ്ങളില്‍ അതിഷി ഏര്‍പ്പെട്ടിരുന്നു. ഒരിക്കല്‍ പത്രസമ്മേളനത്തില്‍ അതിഷി പൊട്ടിക്കരഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ നേരിടാവുന്ന ഏറ്റവും വലിയ അപവാദപ്രചാരണം തനിക്കെതിരേ നടക്കുന്നതില്‍ മനംനൊന്തിട്ടായിരുന്നു അത്. വര്‍ത്തമാനപത്രങ്ങള്‍ക്കൊപ്പം അതിഷിയെ 
വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ലഘുലേഖകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. എ.എ.പി. സ്ഥാനാര്‍ഥി ബീഫ് കഴിക്കുന്നവരാണെന്നും അഭിസാരികയാണെന്നും മിശ്രിതബീജത്തിന്റെ ഉദാഹരണമാണെന്നുമൊക്കെയുള്ള അസഭ്യപരാമര്‍ശങ്ങളാണ് ലഘുലേഖകളില്‍ ഉണ്ടായിരുന്നത്. 

'അതിഷി മാര്‍ലെന, നിങ്ങളുടെ സ്ഥാനാര്‍ഥിയെ അറിയുക' എന്ന തലവാചകത്തോടെയുള്ള ലഘുലേഖകളില്‍ കെജ്‌രിവാളിനെ തെറിവിളിക്കുകയും സിസോദിയക്കെതിരേ ജാതിപരാമര്‍ശം നടത്തുകയും ചെയ്യുന്നുണ്ട്. 'ആന്ധ്രാപ്രദേശില്‍ ഒരു ചെറിയ സ്‌കൂളില്‍ ടീച്ചറായിരുന്നു അതിഷി, അവിടെയുള്ള ക്രിസ്ത്യാനിയെയാണ് വിവാഹം കഴിച്ചത്, ഒരു അധ്യാപകനുമായി അവിഹിതബന്ധം പുലര്‍ത്തി' എന്നൊക്കെ നീളുന്നു പരാമര്‍ശം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പം പ്രവര്‍ത്തിച്ചതിനെയും മോശമായി ചിത്രീകരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് പത്രസമ്മേളനം വിളിച്ച് കണ്ണീരോടെ മാധ്യങ്ങള്‍ക്കു മുമ്പില്‍ അതിഷി ആ ലഘുലേഖ വായിച്ചുകേള്‍പ്പിച്ചു. ഗംഭീര്‍ ഇത്രയും തരംതാണ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ അവര്‍ ദേശീയവനിതാ കമ്മിഷനില്‍ പരാതി നല്‍കി.
ആരോപണം ഗംഭീര്‍ നിഷേധിക്കുകയായിരുന്നു. താനാണ് ഇത് ചെയ്തതെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാമെന്നും പരസ്യമായി തൂങ്ങിച്ചാവുമെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി, അല്ലാത്ത പക്ഷം, കെജ്‌രിവാളും അതിഷിയും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും. 

വിദ്യാഭ്യാസരംഗത്തെ സംഭാവന
ഡല്‍ഹിയുടെ വിദ്യാഭ്യാസരംഗത്ത് അതിഷി നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസ അവകാശനിയമത്തിന് അനുസൃതമായി സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലും സ്വകാര്യ സ്‌കൂളുകളുടെ അനിയന്ത്രിതമായ ഫീസ് വര്‍ധന തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിലും അതിഷി നിര്‍ണായക പങ്ക് വഹിച്ചു. കുട്ടികളിലെ വൈകാരികതലം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള 'ഹാപ്പിനെസ്സ്' പാഠ്യപദ്ധതിയും അവര്‍ അവതരിപ്പിച്ചു. 
1981-ലാണ് അതിഷി ജനിച്ചത്. ഡല്‍ഹിയിലെ സ്പ്രിങ്‌ഡേസ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും.
 

Content Highlights: atishi's journey from activist to the chief minister