മെഡല്‍ ഉറപ്പെന്ന് അഞ്ജന; ലോക മീറ്റിന് പോകാന്‍ കാശില്ലാതെ ഏഷ്യന്‍ ചാമ്പ്യന്‍

അഞ്ചുതവണ ദേശീയ ചാമ്പ്യന്‍, രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍, സ്‌ട്രോങ് വുമണ്‍ ഓഫ് കേരള, ഇന്ത്യ, ഏഷ്യ പട്ടങ്ങള്‍ ഒട്ടേറെ തവണ. തൊട്ടതെല്ലാം പൊന്നാക്കുകയെന്ന പ്രയോഗം 13 വയസ്സുകാരി അഞ്ജന കൃഷ്ണയെ സംബന്ധിച്ച് സത്യമാവുകയാണ്. കോയമ്പത്തൂരില്‍ വെച്ചുനടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2022 ഡിസംബറില്‍ ദുബായില്‍ വെച്ചു നടന്ന ക്ലാസിക് പവര്‍ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമണിഞ്ഞ് രണ്ടുതവണ ഏഷ്യന്‍ ചാമ്പ്യനായതോടെ റുമാനിയയില്‍വെച്ച് ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരിക്കുകയാണ് അഞ്ജന. പോയാല്‍ ഒരു മെഡല്‍ ഉറപ്പിക്കാമെന്ന കാര്യത്തില്‍ അഞ്ജനയ്ക്കും കോച്ചുകൂടിയായ അച്ഛന്‍ അനിലിനും സംശയമേയില്ല. എന്നാല്‍ പോകുന്നതിനുള്ള പണച്ചെലവാണ് വില്ലനായി ഇപ്പോള്‍ മുന്നില്‍നില്‍ക്കുന്നത്.
രണ്ടുലക്ഷം രൂപയോളമാണ് വിമാന ടിക്കറ്റും, എന്‍ട്രി ഫീയും താമസവും മറ്റു ചിലവുകളുമായി ഒരാള്‍ക്ക് വേണ്ടിവരുന്നത്. ദേശീയ കോച്ച് ഉണ്ടാകുമെങ്കിലും കുട്ടി ആയതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിനായി കോച്ച് കൂടെ പോവുന്നപതിവുണ്ട്. മെഡല്‍ ഉറപ്പിക്കുക തന്നെയാണ് അതിനുപിന്നിലെ ലക്ഷ്യം. എന്നാല്‍ കുട്ടിക്കുപോലും അര്‍ഹിക്കുന്ന പണം എങ്ങനെ കണ്ടെത്താന്‍ ആവുമെന്ന് അനിലിന് അറിയില്ല. സാധാരണ ഇത്തരം മത്സരങ്ങളില്‍ പകുതി ചെലവ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് വഹിക്കുന്നത്. എന്നാല്‍ ഇത്തവണ ഇതിനായി അപേക്ഷിച്ചപ്പോള്‍ ഫണ്ട് ക്ഷാമം ഉണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എങ്കിലും എന്ത് ത്യാഗം സഹിച്ചും മത്സരത്തിന് പോവാന്‍തന്നെയാണ് അനിലിന്റെ തീരുമാനം. എന്നാല്‍ പണം എവിടെനിന്ന് കണ്ടെത്തും എന്നകാര്യത്തില്‍ ആകെ പ്രതിസന്ധിയിലുമാണ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനും കൈയില്‍നിന്നുപണം എടുത്താണ് പോയത്. സ്‌കൂളില്‍നിന്നും ജിം ഓണേഴ്‌സ് സമിതിയില്‍നിന്നുമെല്ലാമാണ് കുറച്ചു സഹായം കിട്ടിയെന്നതു മറക്കുന്നില്ലെന്നും കോച്ച് പറയുന്നു.
പവര്‍ ലിഫ്റ്റിങ്ങിലേക്ക്
അഞ്ജനയ്ക്ക് 10 വയസ്സുള്ളപ്പോള്‍ സ്‌കൂള്‍ അവധിക്കാലത്ത് അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോച്ചിങ്ങിന് ചേരുന്നത്. രണ്ടുതവണ സ്‌റ്റേറ്റ് ടീമിലേക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. എന്നാല്‍ അവിടെയെത്തി മത്സരിക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ അല്ലെങ്കില്‍ സെമി ഫൈനല്‍ വരെയൊക്കെ എത്തുമ്പോഴേക്കും കുട്ടി ആകെ ക്ഷീണിതയായിപ്പോകുന്ന അവസ്ഥയായിരുന്നു. ശാരീരിക ക്ഷമത കുറവുള്ളപോലെ തോന്നിക്കുന്ന അവസ്ഥ. ആ സമയത്താണ് 2019-ല്‍ കോവിഡ് വില്ലനായി എത്തുന്നത്. കോച്ചിങ്ങെല്ലാം നിന്നു. ആ സമയം വെറുതെ ഇരിക്കണ്ട എന്നുകരുതി ഫിറ്റ്‌നസ് സൂക്ഷിക്കാന്‍ അച്ഛന്‍ അഞ്ജനയെ ഉപദേശിച്ചു. 2000-ല്‍ കോഴിക്കോട് തളിയില്‍ തുടങ്ങിയ ഗോള്‍ഡസ് ജിമ്മില്‍നിന്ന് അതിനകം തന്നെ നിരവധി ചാമ്പ്യന്‍മാര്‍ ഉണ്ടായിരുന്നു. അങ്ങനെ ആ ജിമ്മില്‍ത്തന്നെ കൂട്ടുകാരി ശ്വേതയ്‌ക്കൊപ്പം അഞ്ജനയും ചേര്‍ന്നു. പതിയെ അഞ്ജന പവര്‍ലിഫ്റ്റിങ് ഇഷ്ടപ്പെടാന്‍ തുടങ്ങി.
കൊറോണ കാരണം ജില്ലാ ചാമ്പ്യന്‍ഷിപ്പൊന്നും നടക്കാത്ത കാലമായിരുന്നു അത്. 2020-ല്‍ നേരിട്ട് പവര്‍ലിഫ്റ്റിങ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍വെച്ച് നടത്താന്‍ തീരുമാനമായി. ജില്ലാ മത്സരങ്ങളില്ലാതെ അഞ്ജന നേരിട്ട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പതിമൂന്നു വയസ്സുകാരിയായ അഞ്ജന സബ് ജൂനിയര്‍ തലത്തില്‍ അവിടെ രണ്ടാംസമ്മാനം നേടി. തുടര്‍ന്ന് വാരണാസിയില്‍ വെച്ചുനടന്ന ദേശീയ സബ് ജൂനിയര്‍ പവര്‍ലിഫ്റ്റിങ് മത്സരത്തിലേക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. അതായിരുന്നു അഞ്ജന എന്ന കുഞ്ഞു പവര്‍ ലിഫ്റ്ററിന്റെ തുടക്കം.
നാഷണല്‍ ലെവലില്‍ വാരണാസിയില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിച്ചില്ല. സ്‌കോട്ടിലും ബെഞ്ചിലും ഡെഡിലും ബ്രോണ്‍സ് നേടിയെങ്കിലും ടോട്ടല്‍ മെഡലില്‍ വിജയം കൈവരിച്ചില്ല. അന്നുമുതല്‍ കഠിനമായ പരിശീലനം തുടങ്ങാനായിരുന്നു അഞ്ജനയുടെ തീരുമാനം. അച്ഛന്‍ ശക്തമായ പിന്തുണയുമായി കൂടെനിന്നു. അടുത്ത ദേശീയ തല മത്സരത്തിലെ മെഡലായിരുന്നു ലക്ഷ്യം. തൊട്ടടുത്ത വര്‍ഷം സംസ്ഥാന തലമത്സരത്തില്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരള പട്ടവും സ്വന്തമാക്കി സംസ്ഥാന ചാമ്പ്യനായി അഞ്ജന വിജയക്കുതിപ്പ് തുടങ്ങി. ദേശീയ മത്സരത്തിലേക്ക് സെലക്ഷനും നേടി. രാജസ്ഥാനില്‍വെച്ചായിരുന്നു മത്സരം. അതില്‍ സ്വര്‍ണമണിഞ്ഞാണ് അഞ്ജന മടങ്ങിയത്. തുടര്‍ന്ന് ആലപ്പുഴയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടി. പിന്നീടങ്ങോട്ട് പങ്കെടുക്കുന്ന എല്ലാ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ എന്നത് അഞ്ജന ശീലമാക്കി. കോയമ്പത്തൂരില്‍ വെച്ചുനടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2022 ഡിസംബറില്‍ ദുബായില്‍ വെച്ചു നടന്ന ക്ലാസിക് പവര്‍ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലും വിജയിച്ചതോടെ രണ്ടുതവണ ഏഷ്യന്‍ ചാമ്പ്യനായും അഞ്ജന മാറി. സ്‌ട്രോങ് വുമണ്‍ ഓഫ് ഏഷ്യാ പട്ടവും അലങ്കരിച്ചു.
ഇത്തവണ ദേശീയ സ്‌കൂള്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കാര്‍ഡോടെയാണ് അഞ്ജന സ്വര്‍ണം നേടിയത്. രണ്ടാഴ്ചയ്ക്കു ശേഷം ആലപ്പുഴ നടന്ന കേരള സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണമണിയുകയും സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയാവുകയും ചെയ്തു. അതിനെത്തുടര്‍ന്ന് തെങ്കാശിയില്‍ വെച്ചു നടന്ന ദേശീയതല മത്സരത്തിലേക്ക് എത്തി. സ്‌ട്രോങ് വുമണ്‍ ഓഫ് ഇന്ത്യ പദവിയോടെ സ്വര്‍ണമണിഞ്ഞാണ് അഞ്ജന അവിടെനിന്നും മടങ്ങിയത്. അതിന്റെ അടിസ്ഥാനത്തിലാണ് 2023 ഓഗസറ്റ്് 23 മുതല്‍ സെപ്റ്റംബര്‍ 3 വരെ റുമാനിയയില്‍ വെച്ചു നടക്കുന്ന ലോക പവര്‍ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 47 കി.ഗ്രാം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 360 കിലോയാണ് ഇതുവരെ ടോട്ടല്‍ ചെയ്തതില്‍ ഏറ്റവും കൂടിയ സ്‌കോര്‍. സ്‌കോട് 155 കിലോ, ബഞ്ച് പ്രസ് 65 കിലോ, ഡെഡ് ലിഫ്റ്റ് 145 കിലോ എന്നതാണ് നിലവിലുള്ള പെര്‍ഫോമന്‍സ്.
പഠിത്തത്തിലും മിടുമിടുക്കി
എല്ലാ മത്സരങ്ങള്‍ക്കിടയിലും എസ്.എസ്.എല്‍.സി. പരീക്ഷ മുഴുവന്‍ എ പ്ലസ് നേടി വിജയിച്ച അഞ്ജന സ്‌കൂളിനും അഭിമാനമാണ്. ഏഴാംക്ലാസുവരെ ബി.എം.ഗേള്‍സ് സ്‌കൂളിലായിരുന്ന അഞ്ജന എട്ടാംതരംമുതല്‍ കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പ്ലസ് വണ്‍ പരീക്ഷയിലും ഗ്രേസ് മാര്‍ക്ക് ഒന്നുമില്ലാതെതന്നെ മുഴുവന്‍ എ പ്ലസ് നേടി ഈ കൊച്ചുമിടുക്കി. ചാമ്പ്യന്‍ഷിപ്പുകളുടെ ഇടയില്‍ നടന്ന സ്‌കൂള്‍ പരീക്ഷയിലെ ഈ മികച്ച വിജയത്തിനും തിളക്കമേറെയാണ്. ഇപ്പോള്‍ പ്ലസ് ടുവിന് പഠിക്കുന്നു. അമ്മ ഷീജയും അച്ഛമ്മയും ചേച്ചി അഞ്ജലിയും കുടുംബവും അഞ്ജനയ്ക്ക് പിന്തുണയുമായി കൂടെ നില്‍ക്കുന്നു. ഉയരങ്ങള്‍ തേടാനുള്ള കുതിപ്പിനിടയില്‍ മത്സരത്തിന് വേണ്ട പണം മാത്രമാണ് അഞ്ജലിക്ക് ഇപ്പോള്‍ തടസമാകുന്നത്. കേരളത്തിന്റെ പേര് ലോകത്തിനുമുന്നിലെത്തിക്കാന്‍ കഴിയുന്ന കായികതാരമായി ഉയര്‍ന്നുവരാന്‍ കഴിവുള്ള ഒരു പ്രതിഭയാണ് അഞ്ജലിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.