അന്ന് റഹ്മാന് കിട്ടിയ പ്രതിഫലം 50 രൂപ; ഇന്നത് രണ്ടുകോടി മുതല്‍ പത്തുകോടി വരെ

എ.ആര്‍.റഹ്മാന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
എ.ആര്‍.റഹ്മാന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

ചെറുപ്രായത്തില്‍ തന്നെ ഒട്ടേറെ സംഗീതസംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ച എ.ആര്‍.റഹ്മാന്‍. 'റോജ' എന്ന സിനിമയിലൂടെയാണ് റഹ്മാന് ബ്രേക്ക് കിട്ടുന്നത്. അവിടുന്നങ്ങോട്ട് 'റഹ്മാന്‍' തരംഗമായിരുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എത്രയോ സിനിമകള്‍ക്കായി അദ്ദേഹം മാന്ത്രികസംഗീതമൊരുക്കി. 

കണക്കുകള്‍ പ്രകാരം ഇന്ന് ഒരു പാട്ടുപാടുന്നതിന് റഹ്മാന്‍ വാങ്ങുന്ന പ്രതിഫലം മൂന്നുകോടി രൂപയാണ്. സംഗീതമൊരുക്കുന്നതിന് പത്തുകോടിയാണ് പൊതുവെ അദ്ദേഹം വാങ്ങുന്നത്. ലൈവ് പരിപാടികള്‍ക്ക് ഒരുകോടി മുതല്‍ രണ്ടുകോടി വരെയും. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികളായിരിക്കും അദ്ദേഹത്തിന്റേത്. ഇന്ത്യയിലെ മറ്റ് ഗായകര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി വരുമിത്. എല്ലാ സംഗീതസംവിധായകരും തന്നെ സമീപിക്കാതിരിക്കാന്‍ ആണത്രേ റഹ്മാന്‍ ഇത്ര വലിയ തുക ഈടാക്കുന്നത്. താന്‍ സംഗീതം കൊടുക്കുന്ന പാട്ടുകളാണ് അദ്ദേഹം അധികവും പാടുന്നത്. എന്നാല്‍, മറ്റൊരാളുടെ സംഗീതത്തില്‍ പാടുമ്പോഴും ഇതേ തുക തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് പറയപ്പെടുന്നു. 

കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടുകളുടെയും നാളുകള്‍ താണ്ടിയാണ് റഹ്മാന്‍ ഇന്നീ കാണുന്ന നിലയിലെത്തിയത്. കീബോര്‍ഡ് പ്ലെയറായി തന്റെ കരിയര്‍ തുടങ്ങിയ റഹ്മാന്‍. അന്ന് പതിനൊന്ന് വയസ്സേയുള്ളൂ. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 50 രൂപയായിരുന്നുവെന്ന് ഒരഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. റെക്കോഡ് പ്ലെയര്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചപ്പോഴാണ് ആ പ്രതിഫലം കിട്ടിയത്. ''ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജോലിചെയ്തു തുടങ്ങി. ആദ്യശമ്പളം കിട്ടിയതും ആ സമയത്തുതന്നെയാണ്''. 'റോജ'യ്ക്കായി സംഗീതം നല്‍കിയപ്പോള്‍ കിട്ടിയത് 25,000 രൂപ. 

റഹ്മാന്റെ സംഗീതം കാലങ്ങളെ അതിജീവിക്കുന്നതായി, അതിന് ആരാധകരുമേറി. അവിടുന്നു തുടങ്ങിയ യാത്രയാണ്, ഇപ്പോള്‍ കാണുന്ന റഹ്മാനിലെത്തി നില്‍ക്കുന്നത്. ഇന്ന് 1748 കോടി രൂപയാണ് റഹ്മാന്റെ ആസ്തി. 



 

Content Highlights: ar rahman richest singer in indian cinema